Wednesday, 20 November 2024

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന135
18.11.2024

മണ്ഡലത്തിൻകാലമാകയാലെയിന്നുകോവിലിൽ
പഞ്ചഗവ്യമാടിനില്ക്കയാണുനന്ദബാലകൻ
ചന്ദനത്താൽമെയ്ചമച്ചു,പൂജയേറ്റു,കാളിയൻ-
പന്നഗത്തിന്മേലെനൃത്തമാടിനില്പുമാധവൻ

പൊന്നുതളയുണ്ടുകാലിൽ,കങ്കണങ്ങൾപാണിയിൽ
ഉണ്ടുവീർത്തകുമ്പമേലെകിങ്ങിണിയുംഞാത്തുമായ്
കോണകമൊന്നുണ്ടുകാണ്മു,ചേലുചേർന്നുടുത്തതും
കോമളന്റെമാറിലുണ്ടുകാനനപ്പൂമാലയും

തോൾവളയുംകാതിപ്പൂവുംമോഹനമാംനെറ്റിയിൽ,
ഗോപിയുംവരഞ്ഞതുണ്ടു,ചുണ്ടിൽമന്ദഹാസവും
പീലിമൂന്നതിന്റെമേലെയുണ്ടുമുടിമാലയും
മോടികൂടിടുന്നമാലതൂങ്ങിടുന്നുവേറെയും

കോലക്കുഴലുണ്ടുവലംകയ്യിലിടംകയ്യിലോ
നാഗവാലുമുണ്ടു,രാഗഭാവമാണുകണ്ണിലും
മാനസത്തിലുള്ള കാളകൂടമാം മദത്തിനെ
വേരറുത്തുമാറ്റുവാനനുഗ്രഹിക്ക!മാധവാ!

ഗിരിജ ചെമ്മങ്ങാട്ട്

Sunday, 17 November 2024

 വായ്ക്കരി....കവിത


എത്രയോപ്രാവശ്യംഞാൻകേറിയപടിക്കെട്ടാ-
ണെത്രവത്സരംകഴിഞ്ഞാണിന്നുചവിട്ടുമ്പോൾ
മുറ്റത്തെജനാവലിക്കിടയിൽക്കൂടേ,മെല്ലെ-
യെത്തിയൊരകത്തളംമൃത്യുശോകത്താൽമൂകം

കാറ്റിനെപ്പേടിക്കാതെയുലയാൻകൂട്ടാക്കാതെ
മേല്പോട്ടുയർന്നീടുന്നദീപനാളത്തിൻചാരെ
കൂപ്പുകയ്യുമായെന്റെമാതുലി,ശയിക്കുന്നു
നേർത്തൊരുമൃദുഹാസംചുണ്ടത്തുമിന്നീടുന്നോ!

കാല്ക്കലഞ്ജലിയുമായ്നില്ക്കവേ,മനതാരൊ-
ന്നാർത്തിപൂണ്ടുവോമിഴി,യശ്രുവാൽ നനഞ്ഞുവോ
കൂർത്തതാ,മപരാധബോധത്തിൻമുനകളെൻ
മാർത്തട്ടിൽ,നോവിച്ചുംകൊണ്ടങ്ങനെയിറങ്ങിയോ?

പണ്ടൊരുകാലം,ഞാനാണെന്തൊരുചപലയാം
പുള്ളിദാവണിക്കാരികൗമാരച്ചാട്ടക്കാരി
ചെന്നുതാമസിച്ചല്ലോമാതുലഗൃഹത്തില-
ന്നഞ്ചാറുമാസംപഠിച്ചീടുവാനായിക്കൊണ്ടേ

*ജ്ഞാതികളൊത്തെന്നാളുംമേളിച്ചുകഴിഞ്ഞുഞാൻ
മൂവരാണല്ലോ സമപ്രായക്കാർ പ്രിയം ചേർന്നോർ
രാഗപൂർണ്ണയാണെന്റെയമ്മായി,യമ്മാമനോ
പേടിയാണെനിക്കല്പംസ്നേഹരൂപനെന്നാലും

പേരുകേട്ടൊരുകവിസാമൂഹ്യപ്രവർത്തകൻ
നാടിനുഗുണംചെയ്വോനെന്റെമാതൃകൻ ദിവ്യൻ!
അതിഥീസൽക്കാരത്താൽനല്ലൊരാതിഥേയനും
സഹധർമ്മിണിതാനോപിന്തുണയേകുന്നോളും

അന്നൊരുനാളിൽ,ആരുമോരാതെയൊരുരാവിൽ
വന്നു,മൂന്നുപേരത്താഴത്തിന്റെനേരത്തല്ലോ
തെല്ലുനീരസംകൂടാതാ,ഗൃഹസ്ഥയാളപ്പോ-
ളുള്ളതുപോലെല്ലാതുമുണ്ടാക്കീതിടുക്കത്തിൽ

സംതൃപ്തർ,വിരുന്നുകാരെല്ലാരുംമടങ്ങവേ
പങ്കിട്ടെടുത്തൂഞങ്ങൾബാക്കിവന്നഭോജ്യങ്ങൾ
ഉണ്ടത്,പോരെന്നാലുമുറങ്ങാൻകിടന്നുഞാ-
നെങ്കിലുമുണർന്നുപോയ്രാത്രിപാതിചെന്നപ്പോൾ

വിശപ്പുമാറാതല്ലേകിടന്നേനുദരത്തിൽ
വിശപ്പിൻവിളിവന്നുവേദനിപ്പിക്കുന്നേരം
ഉറങ്ങാനാവാതങ്ങുതിരിഞ്ഞുംമറിഞ്ഞുമായ്
കുഴങ്ങേ,മനസ്സിന്റെ താളങ്ങൾ തെറ്റിപ്പോയി

ഒരുപുസ്തകത്താളുംപേനയുമായിക്കൊണ്ട-
ന്നിരവിൽ,മെഴുതിരിനാളക്കുഞ്ഞുവെട്ടത്തിൽ
എഴുതിപ്പോയല്ലോഞാൻമൂത്തസോദരിക്കൊരു
ലിഖിതം,പൊട്ടത്തങ്ങൾചേർന്നൊരു നിവേദനം

പലതായ്മടക്കിയക്കൊച്ചുലേഖനം,പിന്നെ
തിരുകിയൊളിപ്പിച്ചൂപാഠപുസ്തകമൊന്നിൽ
അറിയാതുറങ്ങിപ്പോയുണരാൻവൈകിപ്പോയി
പഠനാലയത്തിലേയ്ക്കോടിഞാൻ,തിടുക്കത്തിൽ

വൈകീട്ടുവീട്ടിൽചെന്നുകേറവേ, മുഖംവാടി
വേദനയോടെ കാത്തിരിക്കുന്നെൻപൊന്നമ്മായി
കായിതം നീട്ടിക്കാണിച്ചാളയ്യോ!പരിഭവ-
ഭാവത്തിലെന്തെല്ലാമോപുലമ്പിക്കൊണ്ടേനിന്നു

"പെൺകിടാവാണല്ലോനീ,യെന്തോകുരുത്തക്കേടിൽ
ചെന്നുപെട്ടെന്നാൽനിന്റെയമ്മയോടെന്തോതീടും
എന്റെകൈകളിൽനിന്നെയേൽപ്പിച്ചതല്ലേ,യതുകൊണ്ടാണുഭയന്നുംകൊണ്ടെഴുത്തുവായിച്ചൂഞാൻ"

അത്താഴംകഴിക്കാതെക്കിടന്നാൾ,അമ്മാമനും
മക്കളുംസമാശ്വാസവാക്കേറെച്ചൊന്നെന്നാലും
പെട്ടു,ഞാനബദ്ധമായെന്നോർത്തുകരഞ്ഞല്ലോ
വിഡ്ഢിത്തംകാട്ടിക്കൂട്ടീട്ടെന്തിനീവിലാപങ്ങൾ !

കാല്ക്കലായ്കൈകൾകൂപ്പിനിൽക്കവേയെല്ലാവരും
വായ്ക്കരിയിടാനായിട്ടൊരുങ്ങിച്ചെല്ലുന്നേരം
കൂട്ടത്തിൽക്കൂടീഞാനുമത്താഴംമുടക്കിയ-
വീട്ടാക്കടങ്ങൾതീർക്കാനാവില്ലെന്നറിഞ്ഞിട്ടും...

           ********
*ജ്ഞാതി=ബന്ധു

ഗിരിജ ചെമ്മങ്ങാട്ട്










Saturday, 16 November 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 134

15.11.2024

ചോന്നതാമരയ്ക്കകത്തുനല്ക്കളഭേമോടിയിൽ
കാൽപിണച്ചുനില്പുകണ്ണനിന്നുശ്രീലകത്തതാ
കാൽത്തളകൾമിന്നിടുന്നുതൃപ്പദേ,കരങ്ങളിൽ-
ചാർത്തിയതായ്കാണ്മുപൊന്നുകാപ്പുകളുംചന്തമായ്

കുമ്പമേൽവിളങ്ങിടുന്നുകിങ്ങിണിയും,കോണകം-
പൊന്നുനൂലിലാണുടുത്തുകാണ്മുചേലുചേർന്നതായ്
കുഞ്ഞുമാറിലുണ്ടുവന്യമാലയും,കഴുത്തിലോ
ഭംഗിയോടണിഞ്ഞതുണ്ടുപൊന്നുമാലയൊന്നതും
ഉണ്ടുചെവിപ്പൂക്കൾ,തോളിലംഗദങ്ങളും,മുഖേ-
കണ്ടിടുന്നുഗോപിശോണവർണ്ണമൊത്തുഭംഗിയിൽ
ചന്ദനേമെനഞ്ഞപീലിയോടുചേർന്നു,വൃന്ദയാ-
ലുണ്ടമാല്യമുണ്ടുകേശമാലകേശവന്നുഹാ!

പുഞ്ചിരിത്തിളക്കമാർന്നചെഞ്ചൊടിയിൽവേണുവാ-
ലിമ്പമായൊഴുക്കിടുന്നഗീതകങ്ങൾകേട്ടിടാൻ
വെമ്പലോടണഞ്ഞിടാം,മുരാരിതന്റെയന്തികേ
ചെന്നുകൈവണങ്ങിടാംപിണച്ചപാദമിന്നുനാം...

ഗിരിജ ചെമ്മങ്ങാട്ട്

Sunday, 10 November 2024

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 133
10.11.2024

ശ്രീലകത്തിന്നുഭൃഗു-
രാമന്റെവേഷത്തിലാ-
യോതിക്കൻകളഭത്തിൽ
ചമച്ചൂമുരാരിയെ
കരുത്തേറിനതൃപ്പാ-
ദങ്ങളിൽ തളകാണാം
നടക്കാനായുന്നൊരാ
മട്ടിൽനില്പതായ്കാണാം

ഇണമുണ്ടിനാൽചേലിൽ
തറ്റുടുത്തതായ്കാണാം
ഇണങ്ങുംമട്ടിൽപൊന്നിൻ
കാഞ്ചിയും മിന്നിക്കാണാം
കഴുത്തിൽവളയത്തിൻ
മാലയോടൊത്തുനല്ല
വനപുഷ്പത്താൽകോർത്ത
മാലയുംനന്നായ്കാണാം
മാറിലെകനകത്തിൻ
മാലയ്ക്കുമേലെക്കാണാം
ഗോമയഭസ്മക്കുറി
നനച്ചുവരച്ചതായ്
തോളത്തുംകാണാംഭസ്മ-
ത്താലുള്ളവിരൽക്കുറി
കാതുരണ്ടിലുംചൂടി-
ക്കാണുന്നുചെവിപ്പൂക്കൾ

മാലേയത്താലെചന്തം
ചേർന്നൊരുമുഖംകാണാം
ഫാലത്തിൽവിഭൂതിയാൽ
തൊട്ടൊരുകുറികാണാം
ജടചേർന്നൊരുമുടി-
കൊണ്ടൊരുകുടുമയും
കുടുമക്കെട്ടിൽ,മുടി-
മാലയുംചുറ്റിക്കാണാം

വലത്തേക്കരത്തിലായ്
വെണ്മഴുകാണാമിടം-
കരത്തിൽകമണ്ഡലു
തൂക്കിയിട്ടതും കാണാം
കരുത്തനായിത്തന്നെ
നില്പു,രേണുകാജാതൻ
മരുത്പുരത്തിൽ,ഭക്ത-
വൃന്ദത്തെ രക്ഷിച്ചീടാൻ

കൃഷ്ണ!കൃഷ്ണ!ഹേകൃഷ്ണ!
കൃഷ്ണ!കൃഷ്ണ!ഹേകൃഷ്ണ!
കൃഷ്ണ!കൃഷ്ണ!ഹേരാമാ !
കൃഷ്ണകൃഷ്ണഹേരാമാ!
കൃഷ്ണ!കൃഷ്ണ!ഹേകൃഷ്ണ!
കൃഷ്ണ!കൃഷ്ണ!ഹേകൃഷ്ണ!
കൃഷ്ണ!കൃഷ്ണ!ഹേരാമാ!
കൃഷ്ണ!കൃഷ്ണ!ഹേരാമാ!

ഗിരിജ ചെമ്മങ്ങാട്ട്







Friday, 1 November 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 132

31.10.2024

താമരസുമത്തിലായ്
കാൽപിണച്ചല്ലോ,നീല-
ത്താമരവിലോചനൻ
ശ്രീലകേ വിളങ്ങുന്നു!
വേണുവൊന്നല്ലോകാണ്മു
പാണിരണ്ടിലുംമായാ-
ഗീതംമന്ദമായ്കേൾപ്പൂ-
വാനിലെമ്പാടും ഹൃദ്യം !

പൊൻതള തിളങ്ങുന്ന 
തൃപ്പദങ്ങളെക്കാൺകെ
മണ്ടിപ്പോമഹങ്കാര-
മെല്ലാമേയുള്ളിൽനിന്നും
ഉണ്ടുവീർത്തൊരക്കുഞ്ഞു-
കുമ്പകണ്ടീടുന്നേരം
കിങ്ങിണിപോലെത്തുള്ളി-
വന്നീടുമാമോദവും

പൊന്മാലയണിഞ്ഞൊരാ
കുഞ്ഞുമാറിടംകാൺകേ
ചെന്നൊന്നുപുണർന്നീടാ-
നാർക്കുമേ തോന്നിപ്പോകും
ഉണ്ടമാലയാൽശോഭി-
ച്ചീടുമാതിരുവുടൽ
കണ്ണിമയ്ക്കാതേനോക്കി-
നിൽക്കേണമെന്നേതോന്നും

കാപ്പുകളണിഞ്ഞൊരാ
തൃക്കൈയ്യിൽ,മുരളിക
ചേർത്തതുകാണുന്നേരം
പാട്ടിനായ് ചെവിയോർക്കും
ഗോപിപ്പൊട്ടണിഞ്ഞൊരാ
തോൾഭംഗികാണുന്നേരം
ലോകചിന്തകൾമായും
'ഞാനി'ല്ലാതായിപ്പോകും

കാരുണ്യബാഷ്പംതൂകും
നീൾമിഴി കാണുന്നേരം
പോയകാലവു,മിന്നും
നാളെയുംമങ്ങിപ്പോകും !
മാലേയത്തിരുനെറ്റി-
ത്തിലകം കാണുന്നേരം
മാഞ്ഞിടുംമനസ്സിനെ-
നീറ്റുന്ന ദുശ്ചിന്തയും

പീലിയും കിരീടവും-
ചേർന്നമൗലികാണുമ്പോൾ
ആപാദചൂഡംനോക്കി
പുളകംകൊള്ളാൻ തോന്നും
ദീപപ്രകാശേ,വിള-
ങ്ങീടുംകണ്ണനെയെന്നും
കാണുവാൻ മരുത്പുരേ
ചെന്നു,പാർക്കുവാൻ തോന്നും

കൃഷ്ണ!കൃഷ്ണഗോവിന്ദാ
കൃഷ്ണ!മാധവാ,കൃഷ്ണാ
കൃഷ്ണ!ഗോകുലബാലാ
കൃഷ്ണ!ദീനബാന്ധവാ
കൃഷ്ണ!നന്ദജാ,ഗോപീ-
നായകാ,കൃപാനിധേ
കൃഷ്ണ!സങ്കടഹരാ
കൃഷ്ണ!പാഹിമാം ഹരേ!

ഗിരിജ ചെമ്മങ്ങാട്ട്




Friday, 25 October 2024

 



വവ്വാലിന്റെ കൂട്ടുകാരൻ 

വെക്കേഷൻകാലംതുടങ്ങിയല്ലോ
കുട്ടന്റെചിത്തംതുടിച്ചുവല്ലോ
അമ്മതൻവീട്ടിലേയ്ക്കോടിയെത്തി
കണ്ണനുത്സാഹവുംകൂട്ടിനെത്തി

ഉണ്ണിയെത്തുന്നതുംകാത്തു,ഞാനാ-
മമ്മമ്മ,യോരോന്നൊരുക്കിവെച്ചു
ചക്കവറുത്തതും മാമ്പഴവും
ഇഷ്ടംപോൽതിന്നാൻനിരത്തിവെച്ചു

ഉച്ചതിരി,ഞ്ഞന്തിനേരമായി
കുട്ടൻനടന്നൂ പുരയ്ക്കുചുറ്റും
തുമ്പികളോടൊരു"ഹായ്"പറഞ്ഞു
കുഞ്ഞിക്കിളിയോടുപുഞ്ചിരിച്ചു

അമ്മമ്മ നട്ടുനനച്ചിടുന്ന
കുഞ്ഞുവാഴത്തോട്ടംകണ്ടുനിന്നു
കായക്കുലകളുംനോക്കിനിന്നൂ
ഓമനക്കുട്ടനുകൺകുളിർന്നു

കായക്കുടപ്പന്മധുനുകരാൻ
*വാവൽപറന്നുവരുന്നകണ്ടു
തേൻകദളിക്കുലമേലിരുന്നു
തേൻകുടിക്കുന്നതുംനോക്കിനിന്നു
"അമ്മമ്മേ,ബാറ്റെ"ന്നുകൂടെക്കൂടെ
കുഞ്ഞുണ്ണി,യാമോദമാർന്നുചൊന്നു
"ബാറ്റിനെയാണെനിക്കേറെയിഷ്ടം
ബാറ്റാണെനിക്കെന്നും കൂട്ടുകാരൻ
ശീലക്കുടപോലെ,യെന്തുഭംഗി!
കാണുന്നുവല്ലോചിറകുരണ്ടും"

കണ്ണെടുക്കാതവൻ നോക്കിനിന്നു
മന്നിലിരുട്ടുവന്നെത്തിയിട്ടും

രാത്രിയാ,യങ്ങേതോദിക്കിൽനിന്നും
ഓർക്കാതെവന്നൊരുമിന്നലെത്തി
കൂട്ടത്തിൽപെട്ടെന്നിടിയുമെത്തി
കാറ്റുമായ് പേമാരികൂടെയെത്തി
പേടിച്ചുപോയൊരക്കണ്ണനുണ്ണി
മൂടിപ്പൂതച്ചുകിടപ്പുമായി
വാവുറങ്ങീടുന്നനേരത്തുമാ,
വാവലാണല്ലോകിനാവിൽവന്നു!

രാമഴതീർന്നു,പകലുണർന്നു
ഓമൽക്കിടാത്തനും കൺതുറന്നു
മാരിക്കുളിരിൽ തനുവിറച്ചാ-
ബാലകൻ മുറ്റത്തിറങ്ങിനിന്നു

വാവലിന്നോർമ്മവന്നോരുനേരം  വാഴക്കുടപ്പനിൽകണ്ണുചെന്നു
വാഴയില്ലിന്നലെക്കാറ്റിനാലെ
താഴേയ്ക്കുവീണോ,കുലയൊടിഞ്ഞോ?

തെക്കേപ്പുറത്തുനിന്നെന്തുശബ്ദം?
കാക്കകളല്ലേ കരഞ്ഞിടുന്നു ?
വൈദ്യുതക്കമ്പിക്കുചുറ്റുമല്ലോ
കൂട്ടമായെല്ലാം പറന്നിടുന്നു!

ഉണ്ണിയൊന്നങ്ങോട്ടുനോക്കിയപ്പോൾ
ദണ്ണമേകുന്നൊരു കാഴ്ചകണ്ടു !
കമ്പിമേലങ്ങതാവാവലല്ലോ
തങ്ങിക്കിടപ്പൂചിറകുനീർത്തി

"അമ്മമ്മേ"യെന്നുകരഞ്ഞുകൊണ്ടാ-
കുഞ്ഞൻ വിളിച്ചൂമനംകലങ്ങി
ചെന്നുഞാനെന്തെന്നുനോക്കിടാനായ്
കണ്ണന്റെചാരത്തുചേർന്നുനില്പായ്

"അമ്മമ്മേ,ബാറ്റതാതൂങ്ങിനില്പൂ
കമ്പിമേലാഹാ!ചലനമറ്റ്
ശണ്ഠക്കാർ കാക്കകൾ കൂട്ടമായെൻ ചങ്ങാതിയെച്ചെന്നുകൊത്തുമാവോ?"

മേലോട്ടുനോക്കുന്നനേരമെന്റെ
മാനസമയ്യോ!പിടഞ്ഞുപോയി
"കേഴൊല്ല തങ്കമേ,യെന്തുചെയ്യാം"
മാറോടണച്ചുഞാൻചൊല്ലി,പിന്നെ

"ഇന്നലെരാത്രിമഴക്കുമുമ്പേ
നല്ലോരിടിവെട്ടി,യോർമ്മയില്ലേ?
പേടിച്ചുവവ്വാൽപറന്നുപോകേ
വീണുപോയ്,കമ്പിമേലെന്നുമാകാം

വൈദ്യുതിപോകുന്നകമ്പിയല്ലേ
ഷോക്കേറ്റു പാവം മരിച്ചതാകാം
പോട്ടെ,വാ,പല്ലുതേയ്ക്കാം കുളിക്കാം
*ശാസ്താവിനെച്ചെന്നുകൈവണങ്ങാം"

കെട്ടിപ്പിടിച്ചു ഞാൻ ചൊന്നനേരം
പൊട്ടിക്കരഞ്ഞുപോയെൻകുമാരൻ
കുട്ടനുസാന്ത്വനവാക്കുനൽകാ-
നൊക്കാതെഞാനുംതളർന്നുപോയി!
     
                  *******
ഗിരിജ ചെമ്മങ്ങാട്ട്

*നാടൻ ഭാഷയിൽ വവ്വാലിന് വാവലെന്നാണല്ലോ പറയാറുള്ളത്

Wednesday, 23 October 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 130

23.10.2024

അമ്പാടിപ്പൈതലായിന്നുഗുരുവായൂർ
ചെന്നാലക്കണ്ണനെക്കാണാം
അമ്മ,യശോദയണിയിച്ചൊരുക്കിയ
പൊന്നുണ്ണിക്കൃഷ്ണനെക്കാണാം

തങ്കത്തളയണിക്കാലും,വളയിട്ട
കുഞ്ഞിക്കരങ്ങളും കാണാം
കുമ്പമേലൊട്ടിക്കിടക്കുന്നകാഞ്ചിയും
ചെമ്പട്ടുകോണവും കാണാം

മാറത്തണിഞ്ഞപൊന്മാലയും,കാനന-
പ്പൂമാലയോടൊത്തുകാണാം
കേയൂരം,കാതിപ്പൂ,ഫാലക്കുറികളും
കോമളവിഗ്രഹേ കാണാം

കാറൊളിത്തൂമുടിക്കെട്ടിൽമയിൽപ്പീലി
മൂന്നെണ്ണമുണ്ടതുംകാണാം
പീലിയോടൊത്തുവെളുത്തപൂവാൽ,മുടി-മാലയും കെട്ടീട്ടുകാണാം

വേണുവലംകയ്യിൽചേർത്തും,മറുകയ്യിൽവേലൊന്നുമായിട്ടു,കൃഷ്ണൻ
വേലായുധനാണുതാനെന്ന ഭാവേന
കോവിലിൽ വന്നിതാനില്പൂ!

സ്വാമിയാണെന്നുനിനച്ചോ,മയൂരവും
ചാരത്തണഞ്ഞതായ്കാണാം
നീലമയില്പുറത്തേറാമെന്നോർത്തിട്ടോ
ബാലകൻനിന്നുചിരിപ്പൂ..

കൃഷ്ണാഹരേകൃഷ്ണ
കൃഷ്ണാഹരേകൃഷ്ണ
കൃഷ്ണാഹരേകൃഷ്ണ!കൃഷ്ണാ
കൃഷ്ണാഹരേകൃഷ്ണ!
കൃഷ്ണാഹരേകൃഷ്ണ!
കൃഷ്ണാഹരേകൃഷ്ണ!കൃഷ്ണാ

ഗിരിജ ചെമ്മങ്ങാട്ട്