Tuesday, 13 October 2026

 സുഹൃത്തിന്റെ സമ്മാനം


സൗഹൃദസന്ദർശനം
കഴിഞ്ഞുമടങ്ങവേ-
യാമോദത്താലെന്നുള്ളം തുള്ളുവാനൊരുങ്ങയായ്
പോരുന്നനേരം ഭാര്യ-
യ്ക്കായൊരുതുണിസ്സഞ്ചി
തോഴനെൻകയ്യിൽവച്ചു
തന്നതുകൊണ്ടായീടാം

കൂട്ടുകാരനെക്കാണാൻ
പോകുന്നനേരം വീട്ടിൽ
കൂട്ടുകാരിയോമുഖം
വീർപ്പിച്ചുകാട്ടുംനിത്യം
"വീട്ടുകാര്യങ്ങൾതെല്ലും-
നോക്കേണ്ട,കറങ്ങലാ-
ണേട്ടനിഷ്ടമാണെന്നും
ഞാനായ് മുടക്കുന്നില്ല"

ഇന്നെന്തായാലും കൊള്ളാം
പിണക്കം മാറ്റാനെന്റെ
കയ്യിലുണ്ടൊരു കാര്യം
പാചകപ്രിയയ്ക്കായി
ചെന്നുകേറിയവാറെ
വിളിച്ചൂ,കിഴിയങ്ങു
കയ്യിൽ കൊടുത്തിട്ടല്പം
തണ്ടോടെയുരച്ചൂ ഞാൻ

"നിനക്കുസമ്മാനമായ്
തന്നതാണയാൾ,പല
ഗുണങ്ങൾനിറഞ്ഞതാ-
ണീനാടൻഫലം,ധന്യേ
പരിപ്പ്,കൊപ്പക്കായ
ചേർത്തുവച്ചീടാം സ്വാദു-
പെരുക്കും കൂട്ടാൻ,പിന്നെ
മറ്റൊന്നുംവേണ്ടാചോറിൽ

ഉപ്പുചേർത്തുണക്കീടാ-
മച്ചാറും തീർക്കാം നല്ല-
തത്രെ!യാരോഗ്യത്തിന്നു-
മിരുമ്പിൻ സമൃദ്ധിയാൽ "
ഇത്തരത്തിലുള്ളൊരെൻ
വീരവാദങ്ങൾകേൾക്കെ,
കക്ഷിയാ തുണിസ്സഞ്ചി
കെട്ടഴിച്ചുത്സാഹമായ്

"നന്നുനന്നിതുനല്ല-
കാര്യമാണല്ലോ,നാളെ-
യുണ്ടാക്കാംസ്വാദേറീടും
കറിയെന്നത്തെപ്പോലെ
പോന്നാലുമെന്നോടൊപ്പം
കാണിച്ചുതരാമെന്നായ്"
വാതില്ക്കലെത്തീയവൾ
ദൂരേയ്ക്കുവിരൽചൂണ്ടി

"കണ്ടുവോ ചെറുപ്പത്തിൽ
മാതാവുനട്ടൂവൃക്ഷ-
മൊന്നിത് പേരോകേൾക്ക-
യിരുമ്പൻപുളിയത്രെ!
മഞ്ഞുകാലമെത്തുമ്പോൾ
പൂത്തിടും കായ്കൾനല്കു-
മന്നതുപറിച്ചിട്ട-
ങ്ങൊരുക്കും കറിക്കൂട്ടം"

ഞാനൊന്നുനോക്കേ,കാണ്മു
മേനിയിലരഞ്ഞാണു-
പോലല്ലോതൂങ്ങീടുന്നു
നൂറുകായകളാഹാ!
പാകമായ് പഴുത്തിട്ടു-
താഴേയ്ക്കുപതിച്ചതു
ചീയുവാൻഭാവിയ്ക്കയാ-
ണാർക്കുമേ വേണ്ടേവേണ്ടാ

അച്ചാറും,കൂട്ടാനുമായ്
വെട്ടിവിഴുങ്ങുമ്പോഴും
ശ്രദ്ധിച്ചില്ലിതേവരെ-
യിച്ചെറുമരത്തെഞാൻ
ലജ്ജിച്ചുമുഖംതാഴ്ത്തി-
നില്ക്കവേ വലുതായ
കുറ്റബോധമെന്നുള്ളിൽ
തിക്കിത്തിരക്കീട്ടെത്തി.
   
ഗിരിജ ചെമ്മങ്ങാട്ട്






















Friday, 9 October 2026

 ഇനിയും കവിതകൾ


1,നരച്ചനമ്പൂരി
2,ഗുണപാഠം
3,ചെരിപ്പ്
4,ഉണ്ണിയേശു
5,ഫുട്ട് ബോൾ
6,വിനോദവിജയം
7,പേടിത്തൊണ്ടി
8,ഈശ്വരൻ വീണ്ടും വന്നാൽ
9,ദശപുഷ്പമാല
10,മുട്ടയും കുട്ടിയും
11,ഇരട്ടമധുരം...നഷ്ടബോധം
12,ലോക്ക്ഡൗൺ
13,പുഴ വഴിമാറിയപ്പോൾ
14,പുഴ വീണ്ടും പുഴയായപ്പോൾ
                  *********
15,ഗന്ധർവ്വഗായിക
16,കാക്കക്കൂട്
17,പൊത്തുള്ള ചെരിപ്പ്
18,വായ്ക്കരി
19,അവധി
20,വവ്വാലിന്റെ കൂട്ടുകാരൻ
21,മത്തങ്ങ
22,അമ്മിയും കുട്ടിയും
23,ജ്വരബാക്കികൾ
24,പനിക്കിനാവുകൾ
25,കർണ്ണവേധം
26,ഒരു കറിക്കുറിപ്പ്
27,നായേടെ വാല്
28,ചുരയ്ക്ക
29,കിളിക്കൂട്
30,ചൊല്ലുകൾ
31,മേഥിറൊട്ടി
32,ചാമ്പയ്ക്ക
33,പൂച്ച
34,ഏട്ടൻ
35,വേളി
36,നനുത്ത ശിക്ഷ
37,ഐസ്ക്രീം
38,ഞണ്ടിന്റെ വീട്
39,ചിരിക്കിളുന്നുകൾ
40,കുട്ടനും മുത്തശ്ശ്യമ്മേം
41,പെരുവനം പൂരം
42,കിണർവല
43,ഇത്തിൾക്കണ്ണി
44,മാണ്ഡവി (2)
45,വർച്ചസ്സ്
46,സ്ത്രീധനം
47,പൗർണ്ണമി
48,പ്രജാപതിയുടെ കൈപ്പിഴ
49,കുഞ്ഞിപ്പേടി
50,കണ്മണിക്ക്
51,സമന്വയം 2025
52,ബർത്ത്ഡേ ഗിഫ്റ്റ്
53,ആയിരത്തിരി
54,വനിതാദിനം
55,അടുപ്പ്
56,അയലത്തെ ലഹള
57,ക്യാമറക്കണ്ണ്
58,കരവിരുതൻ
59,എളവൻ
60,മറക്കാത്ത നമ്പർ
61,ഞാൻ ശാന്ത അയോദ്ധ്യയുടെ മകൾ
62,വീണ്ടും കുചേലവൃത്തം
63,സതീർത്ഥ്യസംഗമം
64,കവിത ഷൂസ് ഇട്ടപ്പോൾ
65,അതിഥി
66,സ്തംഭനം
67,ആണ്ടി
68,കണ്ണാ ഞാൻ മറന്നതല്ല
69,സ്നേഹബന്ധം
70,ഒരു സ്വപ്നം മാത്രം(ശ്യാമവർണ്ണൻ)
71,സുഹൃത്തിന്റെ സമ്മാനം

Friday, 4 September 2026

 എളവൻ


കുളമാവിന്റെ ചോട്ടിലൊരിക്കൽ
അരിയുംതോലുമെറിഞ്ഞൂഞാൻ
പുതുമഴപെയ്തൊരുനേരമൊരാളാ
ചെളിയിൽനിന്നും തലനീട്ടി
പിരിയൻ കയ്യാലങ്ങുപിടിച്ച-
ച്ചെറുവള്ളിച്ചെടിയായല്ലോ
തനുമൂത്തപ്പോളങ്ങിങ്ങായി
പലപെൺപൂക്കൾ ചേലായി
അവയുടെയിടയിലൊരാൺപൂവിപ്പോൾ
എളവൻ ചേലിലണഞ്ഞാഹാ!
കറിവച്ചീടാനരിയണമിപ്പോൾ
ചിരകാംതേങ്ങയുമതിനായി...

ഗിരിജ ചെമ്മങ്ങാട്ട്

കുളമാവ്...കുളത്തിന്റെ അടുത്തുള്ള മാവ്

 മറക്കാത്ത നമ്പർ


ആദ്യമായൊറ്റയ്ക്കു യാത്രപോകുന്നുഞാൻ
കൂട്ടിനായാരെയും കിട്ടിയില്ല
പോക്കിനിടയ്ക്കു മൊബൈലങ്ങുകൈവിട്ടു
പോക്കണക്കേടെന്നുചൊല്ലിടട്ടെ

ആരെയാണെങ്ങനെയൊന്നറിയിക്കണ-
മാധിപൂണ്ടേവം ഭ്രമിച്ചുനില്ക്കേ
പാവമാണെന്നായ്,ദയപൂണ്ടൊരു*സഹ-
ചാരിയെനിക്കേകി തന്റെ യന്ത്രം

നന്ദിച്ചുഞാനങ്ങെടുത്തു കീപാഡിലായ്
നമ്പറുകുത്താൻ തുനിഞ്ഞീടവേ
ഹന്ത!യെനിക്കോർമ്മവന്നില്ലൊരാളുടെ
നമ്പറും,ഞാനിനിയെന്തുചെയ്യും?

അന്തിച്ചുനില്ക്കവേ പണ്ടെന്റെവീട്ടിലെ
ലാന്റ്ഫോണിലേയ്ക്കെന്റെ ചിന്തയെത്തി
അന്നത്തെ മേൽവിലാസങ്ങളുംനമ്പറു-
മുള്ളത്തിലല്ലോകുറിച്ചുവച്ചൂ!

അങ്ങനെയുള്ളൊരുനമ്പറുടനെയെ-
ന്നന്തരംഗത്തേയ്ക്കിരച്ചുവന്നു
പിന്നെയെന്തിന്നായമാന്തം,ഡയൽചെയ്തു
സംഗതിസെറ്റപ്പിലാക്കിവച്ചു....

ഗിരിജ ചെമ്മങ്ങാട്ട്

* സഹചാരി...സഹയാത്രിക(സഹയാത്രികൻ)

കൗമുദി ചാനലിലെ "അളിയൻസ്"എന്ന ഹാസ്യപരമ്പരയോട് കടപ്പാട്





Monday, 31 August 2026

 




ഓണംവരുന്നതിനുമുമ്പുവിരുന്നുവന്നു
കേമത്തമുള്ളജലദോഷമെനിക്കുകഷ്ടം!
ആവുന്നപോലെയതുമൂടി,മിടുക്കുകാട്ടി
നാലുംചമച്ചു പലമട്ടുരുചിക്കുവേണ്ടി..

ഗിരിജ ചെമ്മങ്ങാട്ട്

 അത്തംമുതലുത്രാടംവരെയും

ചിത്തംകുളിരും പൂക്കളവും
തൃക്കാക്കരെയപ്പനുമായാഹാ!
പൂത്തിരുവോണം ഗ്രൂപ്പോണം...🩷🩷

എല്ലാവർക്കും എന്റെ ഹൃദയംനിറഞ്ഞ ഓണാശംസകൾ...
ഗിരിജ ചെമ്മങ്ങാട്ട് 

Saturday, 18 July 2026

   ഞാൻ ശാന്ത അയോദ്ധ്യയുടെ മകൾ


ഞാനൊരുരാജാവിന്റെ
സീമന്തസന്താനമെ-
ന്നാകിലും,വ്യഥയേറും
ജീവിതം നയിച്ചവൾ
കേമനാം ദശരഥരാജന്നു
കൗസല്യയിൽ
ജാതയായവൾ,ശാന്ത!
ശാന്തസ്വഭാവം ചേർന്നോൾ
പുത്രിയുണ്ടായാൽ വംശം
നശിയ്ക്കും,അശുഭങ്ങ-
ളൊട്ടേറെ ഭവിയ്ക്കുമെ
ന്നാ രാജഗുരുവാക്കാൽ
ദത്തായിനൽകീ താതൻ
*അനപത്യതദു:ഖാൽ
ചുട്ടുനോവീടും,സുഹൃ
ത്തംഗരാജാവിന്നായി
പെറ്റമ്മതന്നീടുന്ന
സ്നേഹംഞാനറിഞ്ഞീല
ഉത്തമം മുലപ്പാലിൻ
സ്വാദുഞാനോർക്കുന്നീല
കൊട്ടാരക്കെട്ടിൽധാത്രി
മാരാലെ പരിചരി-
ച്ചത്രെ,ഞാൻ വളർന്നതും
യൗവ്വനംപ്രാപിച്ചതും!
മാരിയില്ലാതെ രാജ്യം
വരൾച്ച നേരിട്ടപ്പോൾ
ചേടിമാരോടൊത്തന്നു
കാട്ടിലേയ്ക്കയച്ചെന്നെ
ഋഷ്യശൃംഗനാം മുനി
യുവാവെയാകർഷിച്ചു
പട്ടണത്തിലെത്തിയ്ക്കാൻ
വർഷമുണ്ടാക്കാനുമായ്
സ്വന്തംരക്തത്തിൽ പിറ
ന്നവളാണുഞാനെങ്കിൽ
ഹന്ത!താതന'ങ്ങഴി
ഞ്ഞാടുവാ'നയയ്ക്കുമോ!
സ്വന്തമച്ഛനും,ഉപേ
ക്ഷിയ്ക്കുന്നകാലം,പിന്നെ-
യെന്തെല്ലാം വളർത്തുന്ന
താതനുമായിക്കൂടാ !വൃഷ്ടിവന്നൊരാസന്തോ
ഷത്തിലാമുനിവര്യ-
നിഷ്ടമായ് കന്യാദാനം
ചെയ്തുടൻ രാജാവപ്പോൾ
ദുർഘടമാകും കാട്ടു
ജീവിതമെനിയ്ക്കേകി
പട്ടുചേലയും പൊന്നും
കാണാത്തകിനാവായി
ചൊൽപ്പൊങ്ങുമയോദ്ധ്യയിൽ
മക്കൾ ജനിയ്ക്കാതാകേ
പുത്രകാമേഷ്ടീയാഗം
നിർവ്വഹിച്ചീടാനായി
അച്ഛനെൻ ഭർത്താവിനെ,
യാദരപൂർവ്വം,ക്ഷണി-
ച്ചെത്രയും വിനീതനാ
യെന്നതുമോർക്കുന്നൂഞാൻ
"ദൈവികമാകും പായ
സത്തിന്റെപേരുംപറ-
ഞ്ഞന്നത്തെക്കാലംനാട്ടു
നടപ്പാം*"നിയോഗ"ത്താൽ
അമ്മമാരുമായ്ചേർന്നു രമിപ്പാനെൻനാഥനെ
യെന്തുനിർഭാഗ്യം!താത-
സമ്മതമെന്തത്ഭുതം!
മറ്റൊരുനാരിയ്ക്കായി
പങ്കുവച്ചീടാൻ,തന്റെ
ഭർത്താവിനെയേതു
പെണ്ണുസമ്മതിച്ചീടും
പെറ്റമ്മയോടും, ചെറി
യമ്മമാരോടും സന്ത-
ത്യർത്ഥമൊത്തുചേരാനാ
യെങ്ങനെനല്കീടുംഞാൻ
സീതയെവാഴ്ത്തീനിങ്ങൾ
വീരമാതാവാം കുന്തീ
ദേവിയെ,പാഞ്ചാലിയെ
താരയെ,അഹല്യയെ
രാവണരാജാവിന്റെ
ജായയെ,കഷ്ടംകഷ്ട-
മീ,ദു:ഖവതിയെന്നെ
യോർത്തില്ലയാരുംതന്നെ...!

ഗിരിജ ചെമ്മങ്ങാട്ട്
*അനപത്യത =കുട്ടികളില്ലാത്ത അവസ്ഥ

* പഴയകാലത്ത് "നിയോഗ"എന്നൊരു സമ്പ്രദായമുണ്ടായിരുന്നു എന്ന് വായിച്ചറിഞ്ഞിട്ടുണ്ട്.മഹാഭാരതത്തിൽധൃതരാഷ്ട്രർ,പാണ്ഡു,വിദുരർ എന്നിവരുടെ ജനനം ഇങ്ങനെയായിരുന്നല്ലോ.