Wednesday, 24 October 2012

അമ്മയാകുന്നു വീണ്ടും !!!

അമ്മയാകുവാന്‍ വീണ്ടു-
മൊരുക്കം തുടങ്ങുന്നെ-
ന്നമ്മുവിന്നായ്ക്കൊണ്ടിന്നീ
നാല്പതിന്‍ മദ്ധ്യത്തില്‍ ഞാന്‍
അമ്മയായൊരാ ഭൂത-
കാലത്തിന്‍ സ്മരണക-
ളിന്നിമിഷത്തിന്‍ മാറ്റു-
 കൂട്ടുവാനായെത്തുമ്പോള്‍


അമ്മിഞ്ഞപ്പാല്‍ മാധുര്യം
 തോല്‍ക്കുംവണ്ണമെന്‍ മകള്‍
ചെമ്മണിച്ചുണ്ടാലാദ്യ-
മെന്നോടുചിരിച്ചതും
പിന്നെന്നോകമിഴ്ന്നുംമു-
ട്ടിന്മേല്‍നിന്നിഴഞ്ഞുംപി-
ന്നുമ്മറമാകെ കുഞ്ഞു-
കാലിനാല്‍ നിറഞ്ഞതും


വര്‍ഷങ്ങള്‍ പോകെ ബാല്യ-
കൌമാരം കടന്നവള്‍
മുഗ്ദ്ധ,പുഷ്പത്തെപ്പോലെ
 താരുണ്യമാര്‍ജിക്കവേ
ഒത്തുള്ള യുവാവോടു 
ചേര്‍ത്തുവേളിയാലാശി-
സ്സര്‍പ്പിച്ചുവിയോഗത്തിന്‍
 നോവുകള്‍ മറച്ചു ഞാന്‍


കാലമഞ്ചാറാണ്ടായി-
ക്കാണുമാമുഖം നിത്യം
മാലാര്‍ന്നു വാടാനെന്തേ
 പിണഞ്ഞൂ,വൈഷമ്യങ്ങള്‍?
താലോലം നിറഞ്ഞൊരീ
മാനസത്തിലും,വ്യഥ
കോലുവാന്‍ തുടങ്ങി,ഞാ-
നാധികള്‍ക്കധീനയായ്


അമ്മയാകാനാവില്ലെന്‍
 നന്ദിനിക്കൊരിക്കലു-
മെന്നത്രെ ഭിഷഗ്വര-
വൃന്ദം വിധിച്ചീടുന്നു
അമ്മൂമ്മയാകാന്‍ മോഹം
 പൂണ്ടു കാത്തിരിക്കുമീ-
യമ്മ തന്നുള്ളും തെല്ലു
 ചഞ്ചലപ്പെടാതാമോ?


ഗര്‍ഭിണിയാകാന്‍ യോഗ്യ-
യാണിവളെന്നാല്‍ സ്വന്തം
ഗര്‍ഭത്തെ വളര്‍ത്തുവാ-
നുദരം വഴങ്ങാത്തോള്‍
മറ്റൊരാള്‍ ,പരീക്ഷണ-
 നാളിയില്‍ നിന്നീപ്പുതു -
മുത്തിനെ,സ്വദേഹത്തില്‍
സ്വീകരിച്ചെന്നാല്‍ഭാഗ്യം!

ശാസ്ത്രനൈപുണ്യത്തിന്ടെ-
യുത്ഘോഷം ചെവിക്കൊണ്ട-
മാത്ര ഞാന്‍ സ്വയം മന-
സ്സോടു സംവദിച്ചു പോയ്‌
ഗാത്രം പണിഞ്ഞും സ്നേഹം-
 നല്‍കിയും വളര്‍ത്തിയൊ-
രാര്‍ത്തയാം ശരീരജ-
യ്ക്കായേറ്റമുയര്‍ന്നുപോയ് 

പുത്രിതന്‍ സന്തോഷങ്ങ-
ളാണല്ലോഭൂവില്‍,ജന-
യിത്രിക്കുസാഫല്യവും
ജീവിത സായൂജ്യവും 
പുത്രസൌഭാഗ്യത്തിന്ടെ
 സൌഖ്യങ്ങളേകാന്‍,ജന്മ,
പാത്രത്തെ,ദ്ദൌഹിത്രത്വ
കര്‍മ്മത്തി,ന്നൊരുക്കി,ഞാന്‍

ഭാരത മാതൃത്വത്തിന്‍
 ത്യാഗ ഗാഥകള്‍ പണ്ടു
ബാലയായിരുന്നപ്പോള്‍
 കേട്ടറിഞ്ഞതാണല്ലോ
സാപത്ന്യപ്പോരോര്‍ക്കാതെ-
ദ്ദേവകീകിശോരനെ
ദ്വാപര യുഗത്തിങ്കല്‍ 
രോഹിണി,യുള്‍ക്കൊണ്ടില്ലേ?

അമ്മയാകുവാന്‍ പോക-
യാണു,ഞാന്‍ വീണ്ടും!നിന്ടെ-
യമ്മക്കായ് !ഉള്ളില്‍ കിട
ന്നിക്കിളി കൂട്ടും കുഞ്ഞേ
പിഞ്ചിളം പാദം കൊണ്ടീ
 പാവമാം മുത്തശ്ശിയെ
പിന്നെയും കുറുമ്പുപൂ-
ണ്ടിമ്പമായ് നോവിക്കാതെ.

***************************************

(ഇന്ത്യക്കാരിയായ അമ്മ ലണ്ടനിലുള്ള മകളുടെ കുട്ടിക്ക് ജന്മം നല്‍കുന്നു,എന്ന പത്ര വാര്‍ത്തയെ അവലംബമാക്കിഎഴുതിയത്.(2004 ഫെബ്രുവരിയിലെ ജ്വാല എന്ന ബോംബെയില്‍ നിന്ന് ഇറങ്ങുന്ന  മാസികയില്‍ പ്രസിദ്ധീകരിച്ചു) 

Thursday, 2 August 2012

മൂഷിക ചരിതം ഓട്ടന്‍ തുള്ളല്‍

മൂഷിക വാഹനനായി വിളങ്ങും
സാക്ഷാല്‍ ഗണപതി തുണയരുളേണം
മൂഷിക ചരിതം കഥനിര്‍മ്മിക്കാന്‍
ഭാഷയില്‍ വിഘ്നം കൂടാതേതും

നീരജ സംഭവ ദേവനു സഖിയായ്
വീണാവാദിനിയായൊരു ദേവീ
ശാരദ നീ കൃപ,യെന്നില്‍ ചൊരിയൂ 
നൂതന,മാമി,ക്കവിത രചിക്കാന്‍

എന്നാലിനിയൊരു കഥയുരചെയ്യാം 
വന്നവരൊക്കെ,യിരുന്നു കഴിഞ്ഞാല്‍
നന്നായില്ല,യിതെങ്കില്‍,ദയവായ് 
നല്ലവര്‍ നിങ്ങള്‍ ക്ഷമിച്ചീടേണം 

അഞ്ചെ,ട്ടാണ്ടുകള്‍ മുന്പാ,ണൊരു നാള്‍ 
ഇന്ത്യയിലു,ള്ളൊരു വന്‍ നഗരത്തില്‍ 
ഉന്നത,തലമൊരു യോഗം ചേര്‍ന്നു 
സംഗതി ഭകഷ്യ വിചാരം തന്നെ 

ഭക്ഷണ സാങ്കേതിക വൈദഗ്ദ്ധ്യം 
ശിക്ഷണ,മാക്കിയ ശാസ്ത്രജ്ഞന്മാര്‍  
ദക്ഷിണ,പൂര്‍വ,പടിഞ്ഞാറ,ല്ല 
വടക്കന്‍ ദിക്കില്‍ നിന്നു,മണഞ്ഞാര്‍‍
 ‍  
ഭക്ഷണ,മെന്നൊരു വസ്തുവുമായി 
പ്രത്യക്ഷത്തില്‍ ബന്ധം ചേരും 
കര്‍ഷകരുടെ പ്രതിപുരുഷ നൊരാളെ,വി-
ചിത്രം!ചര്‍ച്ചയില്‍ ചേര്‍ത്തേയില്ല 

ഭക്ഷണമല്ലേ വിഷയം നാട്ടിലെ 
സദ്യകളൊന്നും പാഴാക്കാതെ 
വെട്ടി വിഴുങ്ങും ശാപ്പാടന്മാ-
രെത്തിയതില്ല കൊഴുപ്പേകീടാന്‍ 

ചര്‍ച്ചയി,ലേറെ,പ്പൊങ്ങിയതാ,യൊരു 
തട്ടുതകര്‍പ്പന്‍ വിഷയം,വിളയുടെ -
യെട്ടി,ലൊരംശം ധാന്യം തിന്നു മുടിപ്പോര്‍ 
ലോകത്തെ,ലി,രാജാക്കള്‍ 

എലിയെ,ക്കൊല്ലാ,നെന്തൊരു പോംവഴി 
പല പല സൂത്രം പലരു പറഞ്ഞു 
അറിവുള്ളവനൊരു ചീനക്കാരന്‍ 
പരിപാവന,മൊരു കാര്യം ചൊന്നു 

കര്‍ഷകര,ധ്വാനിച്ചുണ്ടാക്കും 
ഭക്ഷണ,സാധന,മിഷ്ടം പോലെ 
ഭക്ഷണ,മാക്കുന്നവയെ,ക്കൊന്നിനി-
ഭക്ഷിച്ചീടുക നാമെല്ലാരും 
ഭക്ഷണ നാശമൊടുങ്ങും നാട്ടിലെ 
ഭകഷ്യ ക്ഷാമം പാടേ നീങ്ങും 
ചര്‍ച്ച യില്‍ മുഴുകിയ യോഗ്യന്മാരോ 
കേട്ടുധരിച്ചതു ശരിയായ് വെച്ചു 

എലിയെ പ്പേടിച്ചി,ല്ലം ച്ചുടുകെ-
ന്നൊരു മൊഴി പണ്ടേ കേട്ടറിവൂ നാം 
എലിയെ,ത്തിന്നു നശിപ്പിക്കാമെ -
ന്നൊരു പുതുമൊഴിയിനി കേട്ടു പഠിക്കാം 

സമ്മേളന,മാമാങ്കം തീര്‍ന്നതി-
സമ്മോദിതരായ് മാന്യര്‍ പിരിഞ്ഞു 
കൊന്നോ തിന്നോ എലികള്‍ കുറഞ്ഞോ 
പിന്നൊരു ചോദ്യം വന്നേയില്ല 

ഉദ്യോഗസ്ഥ,ന്മാര്‍ക്കെ,ന്താണിനി -
യുദ്വേഗത്തിനു കാര്യമതുണ്ടോ 
സര്‍ക്കാരിന്‍ ഖജനാവിന്‍ ചെലവില്‍ 
ചക്കാത്തായൊരു ടൂറു തരായി      


എന്നാല്‍ മറ്റൊരു കഥ കേട്ടോളിന്‍
നമ്മുടെ നല്ലൊരു കേരള നാട്ടില്‍
നെല്ലറ,യായൊരു പഞ്ചായത്തില്‍
വന്നു കെണി,ഞ്ഞെലി,ശല്യം വലുതായ്

നെല്ലരി,പയറും,പച്ചക്കറിയും
നല്ലൊരു ചേമ്പും ചേനയു,മെല്ലാം
ഒന്നൊഴിയാതെ,ച്ചെന്നു കരണ്ടവര്‍
പോല്ലാപ്പങ്ങനെ പലതും ചെയവൂ

കൊല്ലാനവയെ,ക്കിട്ടില്ലവയുടെ-
'യില്ലം,'കേരള നാട്ടിലതല്ലോ!
വില്ലന്മാരുടെ ചെയ്തികള്‍ കണ്ടു-
'വിളഞ്ഞ' വളര്‍ച്ച യാതുണ്ടാമല്ലോ 

കണ്ടന്‍ കത്തിര,യൊന്നില്‍ തേങ്ങ-
ക്കണ്ടം ചുട്ടതു കെണി വച്ചെന്നാല്‍ 
വല്ലഭ,നെലിയത് തട്ടി മറിക്കും 
മെല്ലെ,പ്പ്രണയിനി തേങ്ങയെടുക്കും 

ഷോക്കേ,ല്പ്പിക്കാ,മെന്നു നിനച്ചതി-
രൂക്ഷത,യേറിയ കമ്പി കൊടുത്താല്‍ 
സൂത്ര ക്കാരങ്ങെത്തും സമയം 
നോക്കി 'പവര്‍ കട്ടെ 'ത്തും നേരം 

പാഷാണം ചേര്‍ത്ത,ല്പം ഭക്ഷണ-
മാശിപ്പിച്ചൊരു മൂലയില്‍ വച്ചാല്‍ 
മൂഷിക ര തു  കണ്ടെന്നു നടിക്കാ 
വാശി മനുഷ്യനു സ്വന്തമതാമോ?  

എലിയെക്കൊല്ലാനുള്ളൊരു സൂത്ര-
പ്പഴുതുകളാലോചിക്കാനായി 
പ്രസിഡണ്ടിന്‍ തിരു നേതൃത്വത്തില്‍ 
 ജനസഭ കൂടി പഞ്ചായത്തില്‍ 

 പലതാം മാര്‍ഗം പലരു പറഞ്ഞു 
പലരതു പലപോല്‍ തള്ളിപ്പോന്നു 
ഒടുവില്‍ കാപ്പി ശിപായിക്കാണൊരു 
കിടിലന്‍ മാര്‍ഗം മനമതില്‍ വന്നു 

എലിയെ,ക്കൊന്നാ,ലൊന്നിനു നല്കാ-
മലവന്സായി,ട്ടഞ്ചോ പത്തോ 
തൊഴിലില്ലാത്ത ചെറുപ്പ ക്കാര്‍ക്കൊരു 
തൊഴിലാകും നാടുയരും വേഗം 
അലസത,കൊല,കളവല്ലെന്നങ്ങനെ 
പലവിധ കേടുകള്‍ മാറിപ്പോകും 
പെരുകിയ പെണ്‍ പീഡന വാര്‍ത്തകളും 
മറയും മദ്യ ദുരന്തം പോലും 


രാംലാലെന്നൊരു നാമം പേറും 
കേന്ദ്രഗവര്‍മെണ്ടു,ദ്യോഗസ്ഥന് 
മൂന്നു ദശാബ്ദം കാത്തിട്ടൊടുവില്‍ 
നേടാനൊത്തൊരു സര്‍ക്കാര്‍ ഭവനം 

നല്ലൊരു നാളു  കുടുംബവുമൊത്ത്
സന്തോഷിച്ഛതില്‍ കേറിപ്പാര്‍ക്കെ 
മുന്നും പിന്നും നോക്കാതെത്തി 
മുന്കുടിയേറ്റക്കാരാ,മെലികള്‍ 

തിന്നാന്‍ വെച്ചതു കട്ടുമുടിച്ചും 
തുന്നിയ തുണികള്‍ വെട്ടി രസിച്ചും 
അങ്ങോട്ടി,ങ്ങോട്ടോടി നടന്നും 
തൊല്ലകള്‍ പലതും കാട്ടുന്നെലികള്‍ 

ഹിന്ദിയില്‍,പഞ്ചാബിയിലും രാംലാല്‍
ശുണ്ഠി യെടുത്തു പുലഭ്യം ചൊന്നാന്‍
എന്തേതെല്ലാം ബഹളം കേട്ടി-
ട്ടില്ലൊരു കൂസലു,മെലികള്‍ക്കെന്നാല്‍

(മട്ടുമാറി)

തൊട്ടയല്പക്കത്തായി താമസമായിട്ടുള്ള
ചാറ്റര്‍ജിയോടിക്കാര്യം ചൊല്ലീടാന്‍ ചെന്നൂ പിന്നെ
അപ്പോഴാ,ണറിയുന്നൂ മുന്‍പൊരു തമിഴനാ-
ണാ ഗൃഹം വാണിരുന്നൂ !ഗുട്ടന്‍സും പിടി കിട്ടി!

(മട്ടുമാറി)

ഹിന്ദിയെ മാധ്യമ മാക്കീട്ടുള്ളൊരു
ഗ്രന്ഥം തമിഴില്‍ വരുത്തീ രാംലാല്‍ 
പിന്നെത്തമിഴില്‍ പലപല രൂക്ഷത-
തിങ്ങിയ വാക്ശര മങ്ങു പൊഴിച്ചു 

ഇല്ലം ചുട്ടില്ലെലിയെ,പ്പേടി-
ച്ചില്ലം വിട്ടിട്ടെലികള്‍ പറന്നൂ 
'പുല്ലെ' ന്നോര്‍ത്തു മദിച്ചവര്‍,മാര്‍ഗേ-
പുല്ലു,മുളക്കാ,ത്തോട്ടം തീര്‍ത്തു 

(മട്ടുമാറി)

ഏറിയോരെ,ലിക്കൂട്ടം ഓടിപ്പോയെന്നാകിലും 
പോയില്ലൊ,രുവന്‍ മാത്രം!ആളൊരു താന്തോന്നിയോ
ഏറെക്കാലമായവന്‍ വാണു പോല്‍ പലപല-
താമസക്കാരോടൊത്തു,തീറധികാരിയെപ്പോല്‍ 
തന്നധികാരങ്ങളെ സ്ഥാപിച്ചു കിട്ടാനവന്‍ 
ഉന്നതങ്ങളിലൊരു ഹര്‍ജിയുമായ്‌ ചെന്നാകില്‍ 
ഒന്നുമേ സമാധാന,മില്ലാതെ രാംലാലിന്നു  
തന്നുടെ വീടൊഴിഞ്ഞു നല്‍കുക തന്നെ ഗതി!
ഭൂമിതന്നവകാശം മാനുഷര്‍ക്കുള്ളതെന്ന 
ബാലിശ വിചാരങ്ങള്‍ രാംലാലിന്നു,ണ്ടായ് വന്നു 
നാനാ ദേശങ്ങള്‍ ചുറ്റി,ക്കണ്ടൊരു ബഷീറി,ന്നുല്‍-
ബോധനങ്ങ,ളൊന്നുമേ പാവ,മറിഞ്ഞതില്ല!

(മട്ടുമാറി)

എലിയുടെ ശല്യം കാരണ,മിരവില്‍
ഇമപൂട്ടാതെ കിടന്നൂ രാംലാല്‍
പലപല പോംവഴി,യന്വേഷിച്ചി-
ട്ടൊടുവി,ലയാളൊരെലിക്കെണി വാങ്ങി

മുളകു കരിച്ചിട്ടിരയായ് തൂക്കി
കെണിയൊരു മൂലയിലുചിതം വച്ചു
ദിനമതു രണ്ടു കഴിഞ്ഞൊരു വേളയില്‍ 
വിരവൊടു മൂഷിക,നൊന്നു കുടുങ്ങി.

അന്നു പുലര്‍ച്ചെ സവാരിക്കായി 
തിങ്ങിന മോദ മൊരുങ്ങീ രാമന്‍ 
കൊണ്ടു കളഞ്ഞര,നാഴിക ദൂരെ 
ശല്യ,മതില്ലിനി യെന്നു സുഖിച്ചു 

മൂന്നോ നാലോ നാളുകള്‍ പോകേ 
കാണായ് വന്നൂ വീണ്ടുമൊരുത്തന്‍ 
കൂടുമൊരുക്കി,യിരുന്നൂ രാമന്‍ 
മൂഢന്‍,‍ മൂഷിക,നന്നും പെട്ടു 

പിറ്റേന്നതിനെ കൊണ്ടുകളഞ്ഞു 
മറ്റേന്നാളോ  വന്നാനിതരന്‍ 
കൂട്ടില്‍ പെടലും ദൂരേക്കളയലു-
മേറ്റം കൃത്യതയോടെ നടന്നു 

ഒറ്റ,യൊരുത്തന,താണോ വീണ്ടും 
നിഷ്ഠ വിടാതെ വിരുന്നു വരുന്നു 
പെട്ടെന്നാണൊ,രു സംശയ മങ്ങനെ 
പൊട്ടി,മുളച്ചു മനസ്സില്‍ താനേ 

ശങ്കയെ സൂക്ഷ്മ,മതാക്കണ,മെന്നൊരു 
ചിന്തയില്‍ മുഴുകിയ നേരം മെല്ലെ 
ചെന്നൊരു തുള്ളി 'ഉജാല' എടുത്തു 
ചിഹ്ന,വുമിട്ട,തി ദൂരെയെറിഞ്ഞു 

നീളന്‍ വാലനെ രാത്രിയില്‍ വീണ്ടും 
കാണായ് വന്നിതു,ജാല,യണിഞ്ഞ് 
(കേരള മക്ക,ളൊരിക്കല്‍ കെണിയില്‍ 
വീണാല്‍ പിന്നെ,യടുക്കുകയില്ല)

എലിയുടെ ശല്യ,മകറ്റാനായി-
ട്ടൊടുവി,ലയാളൊരു പൂച്ചയെ വാങ്ങി 
പുതു പൂച്ചക്കു കുടിക്കാനായി-
ട്ടൊരു ലിറ്റര്‍ പാല്‍ പുറമേ വാങ്ങി 

നാളു,കളേറെ,ച്ചെന്നൊരു കാലം 
പാലുകുടിച്ചു കൊഴുത്തു പൂച്ച!
'ഇര' യോ,തീറ്റകള്‍ തിന്നു തടിച്ചു 
വിവര,മറിഞ്ഞ,വനങ്ങു മെലിഞ്ഞു 

വോട്ടു,പിടിക്കാനായി,ശ്ശത്രുത-
യേറ്റം കൂടിയ പാര്‍ട്ടികള്‍ പലതും 
കൂട്ടു പിടിപ്പതു കണ്ടു വളര്‍ന്നവര്‍
"പൂശക മൂഷിക സഖ്യ",മതാവാം!!

നാണക്കേടും,ധനനഷ്ടങ്ങളു-
മേറി,വരുന്നത,റിഞ്ഞൊരു നാളില്‍
ദൂരെ 'ബദര്‍ പൂര്‍'എന്നൊരു ദിക്കില്‍
ശീമ,പ്പൂച്ചയെ വിട്ടു രാംലാല്‍

പിറ്റേന്ന,ന്തി,മയങ്ങിയ നേരം
വറ്റല്‍ മുളക,തൊരെണ്ണം ചുട്ടു
തട്ടിന്‍ മുകളിലെ കെണിയില്‍ വച്ചു
ചട്ടത്തെ,പ്പോ,ലെലിയും പെട്ടു

ദൂരെ,ക്കളയുക,യെന്നൊരു കാര്യം
നേരെച്ചൊവ്വെ നടാക്കാഞ്ഞ,തിനാല്‍
വേറൊരു,പായം തോന്നിയ,തുടനെ
പ്രാവര്‍ത്തിക,മാക്കാമെന്നായി

ചേട്ടത്തങ്ങള്‍ ചെയ്തി,ട്ടേറിയ
കോട്ടം തീര്‍ത്തൊരു ദുഷ്ടന്‍ തന്നെ
പട്ടിണി,യിട്ടതി,നിഷ്കാരുണ്യം
തട്ടി,ക്കളയുക,യാണിനി നല്ലൂ!!

കെട്ടിയ പെണ്ണ,വളോടും,പിന്നെ-
ക്കുട്ടികളോടും ചൊല്ലി,യിതെല്ലാം 
നഷ്ട സമാധാനങ്ങള്‍ തിരികെ-
ക്കിട്ടി,യൊരാ,ശ്വാസത്തില്‍ വാണു 

പെട്ടിയി,ലെലിയുടെ പാര്‍പ്പു,തുടങ്ങീ-
ട്ടിപ്പോ,ഴേക്കൊരു മാസമതായി 
അത്ഭുതമെന്നേ പറയേണ്ടു തടി-
യൊട്ടും മെലിയാ,തിന്നും കാണ്മൂ!!

എന്താണി,തിനുടെ കാരണ,മെന്നങ്ങ-
ന്തം വിട്ടവ,നിരവും പകലും
സ്വന്തം ദിനകൃത്യങ്ങള്‍ പലതും
മന്ദതയോടെ കഴിച്ചു പാവം!!

(സ്വകാര്യം പറയുന്ന അഭിനയം)

ഇരുചെവി,യറിയരു,തെന്നാല്‍ ഞാനതു-
പറയാം രസികത ചേര്‍ന്ന രഹസ്യം
പരദൂഷണ,മാണെന്നു ധരിച്ചൊരു
പരിഭവ,മെന്നില്‍ നിനച്ചീടായ്ക

കൊച്ചു,മൃഗങ്ങളില്‍ കൌതുകമേറിന-
കുട്ടികള്‍,കാപട്യങ്ങള്‍ കുറഞ്ഞോര്‍ 
അച്ഛനു,മമ്മയു,മറിയാ,തല്പം
ഭക്ഷണ,മെന്നും നല്‍കിപ്പോന്നു!!

(മട്ടുമാറി)

മാസങ്ങള്‍ പോയി വീണ്ടും മൂഷിക ദേഹത്തൊട്ടും
വാട്ടമില്ലെന്നു കണ്ടു, നാട്ടാര്‍ക്കു,മാശ്ചര്യമായ് 
ഒറ്റപ്പെട്ടുള്ളതാമീ സംഭവം ലോകത്തിന്ടെ 
ശ്രദ്ധയില്‍,പ്പെടുത്തീടാന്‍ താമസമൊട്ടും വേണ്ട
നൂറ്റിപ്പതിനെട്ടു നാളോളവും നിരാഹാര -
നേര്‍ച്ച കഴിച്ചി,ട്ടൊരാള്‍ കേറിനാന്‍ ഗിന്നസ് ബുക്കില്‍ 
പൊട്ടിക്കാം റെക്കോഡതു സംശയ,മില്ല തെല്ലും 
ബുക്കുകാര്‍ക്കായി വേഗം  കത്തൊന്നു വിട്ടു രാമന്‍ 

(മട്ടുമാറി)

കൃത്യം വാരം രണ്ടായ്,ഗിന്നസ്-
ബുക്കില്‍ നിന്നും മറുപടി വന്നു 
ഒട്ടൊന്നാലോചിക്കേണം പല-
ദുര്‍ഘട,മീ വിഷയത്തിലിരിപ്പൂ ! 

മാനുഷ വീരത മാത്രം ഞങ്ങള്‍
നാളിന്നോളം ചേര്‍ത്തിട്ടുള്ളൂ
നേരാ,ണെന്നതു ബോദ്ധ്യപ്പെട്ടാല്‍
നേരായ് പരിഗണനക്കും വെക്കാം

ആദ്യം വേണ,മെലിക്കൊരു നാമം
നാട്ടിലെ,ഐഡന്ടിറ്റി കാര്‍ഡും
മറ്റും പലപല രേഖകള്‍ പിന്നെയു-
മറ്റസ്റ്റാക്കി അയച്ചീടേണം 

നല്ല മുഹൂര്‍ത്തം നോക്കി രാംലാല്‍ 
'വില്ല',നെലിക്കൊരു നാമം നല്‍കീ 
തന്നുടെ പേരൊടു ചേര്‍ന്നു വരുന്നൊരു 
സുന്ദര പദമതു കേള്‍പ്പിന്‍ 'റാറ്റ്ലാല്‍' !!

റേഷന്‍ കാര്‍ഡില്‍ ചേര്‍ത്താലല്ലേ 
വീട്ടിലൊ,രയ്ഡന്ടിറ്റി ലഭിപ്പൂ 
വോട്ടര്‍ പട്ടികയില്‍ ചേര്‍ന്നാലേ 
നാട്ടിലെ,യാളുകള്‍ മാനിക്കുള്ളൂ 

(മട്ടുമാറി )

പിന്നെ "തിരിച്ചറിയാ കാര്‍ഡി" നായ് കൂടും തൂക്കി 
ഉന്നത,ന്മാരെ,ച്ചെന്നു കണ്ടല്ലോ നിത്യം നിത്യം 
ഉണ്ടായില്ലൊരു കാര്യം ഓഫീസു പലതിലും 
കിമ്പളം കൊടുത്തിട്ടും ഒന്നുമേ നടന്നില്ല 

(മട്ടുമാറി)

എണ്ണം തീരാ പ്പലപല നിയമ-
ക്കണ്ണികള്‍ ചേര്‍ക്കാന്‍ വയ്യാതൊടുവില്‍ 
ഗിന്നസ് ബുക്കെന്നുള്ളൊരു സ്വപ്നം 
 ഉള്ളില്‍ നിന്നു കളഞ്ഞു രാംലാല്‍ 

എലിയുടെ,യീദൃശ,കഴിവുകള്‍ കണ്ടി-
ട്ടഭിമാനത്തെ വരിച്ചതുമൂലം 
പലപാടാ,ലോചിച്ചി,ട്ടൊടുവില്‍ 
'വധ ശിക്ഷ' യില്‍ നിന്നിളവുവരുത്തി

പിന്നെയൊ,രൊഴിവു,ദിനത്തില്‍ കെണിയൊടു-
ചെന്നൂ നാഷണല്‍ ബസ്‌ സ്ററാന്ടിങ്കല്‍ 
മെല്ലെ,യൊളിഞ്ഞു,'ഹരിദ്വാര്‍'പോകും 
വണ്ടിയില്‍ മേല്‍പ്പുര തന്നില്‍ കേറ്റി

കൊന്നില്ലല്ലോ പീഡിപ്പിച്ചു,ക-
ളഞ്ഞില്ലല്ലോ വല്ലേടത്തും 
പുണ്യപുരത്തില്‍ ചേര്‍ത്തു താനൊരു-
പുണ്യം ചെയ്തെന്നാഹ്ലാദിച്ചു 

അല്ലലു കൂടാതേറിയ നാളുകള്‍ 
നല്ല രസത്തിലിരുന്നു രാമന്‍ 
ഇല്ലിനി,ബാധകളൊന്നും മൂഷിക-
ശല്യമൊഴിഞ്ഞതി,ലാഘവമോടെ 

അങ്ങനെയൊരുനാള്‍ മദ്ധ്യാഹ്നത്തില്‍ 
വന്നു തപാലു ശിപായി പടിക്കല്‍ 
തന്നൊരു,ക്ഷണപത്രം,പോകേണം 
നല്ല സുഹൃത്തിനു ചേര്‍ന്ന വിവാഹം 

'ഗിഫ്റ്റ്'കൊടുക്കാനായി,ഗ്ഗണപതി-
ശില്‍പം കടയില്‍ നിന്നും വാങ്ങി 
ഇസ്തിരി,യിട്ടു മടക്കിയ കോട്ടു -
പുറത്തേ മുറിയിലെ ഷെല്‍ഫില്‍ മിനുങ്ങി 

കല്യാണത്തിനു പോകാനായി 
നല്ല വെളുപ്പി,നെണീറ്റു രാമന്‍ 
പല്ലും തേച്ചു കുളിച്ചൂ,ക്ഷൌരം 
മുന്നം ചെയ്തു മടുപ്പില്ലാതെ 

കോട്ടു,ധരിക്കാനായിട്ടേറ്റം 
തുഷ്ടി,യൊടൊത്തു തുനിഞ്ഞൂ രാമന്‍ 
ഞെട്ടിപ്പോയി !കാണായ് വന്നൊരു
വട്ടം!കുപ്പായത്തിന്‍ പിറകില്‍ 

കഷ്ടം!രാംലാലോര്‍ത്താ,നീവക-
ദുഷ്ടത റാറ്റ് ലാലേ ചെയ്യുള്ളു 
ശിഷ്ടം ജീവിത മതിനെ,ക്കൊന്നെന്‍
ക്രുദ്ധത തീര്‍ക്കണ,മെന്നു ശഠിച്ചു 

"നല്ലൊരു കോട്ടു മടക്കിയതിന്നലെ 
കണ്ടിച്ചല്ലോ ശുംഭന്‍ റാറ്റ് ലാല്‍ 
കല്യാണത്തിനു ഞാനില്ലെ"ന്നവ-
നിന്റര്‍‍ നെറ്റി,ലൊരീമെയി,ലിട്ടു 

പിറ്റേന്ന,വധി ദിനാലസ്യത്താല്‍ 
പത്തുമണിക്കെഴുനേറ്റേയുള്ളൂ 
ഒട്ടുമടിച്ചു കുളിക്കാനായി 
തോര്‍ത്തു മെടുത്തു കുളപ്പുര യേറി 

ബക്കറ്റിന്ടെ യിടുക്കില്‍ നിന്നൊരു 
ശബ്ദം കേട്ടു തിരിഞ്ഞു രാം ലാല്‍ 
കൊച്ചുമിടുക്കന്‍ മൂഷികവീരന്‍ 
പാത്തുപതുങ്ങി,യിരിപ്പതു കണ്ടു!!

സ്നാനപ്പുരയുടെ വാതില്‍ പുറത്തു-
ന്നാവേശത്തി,ലടച്ചൂ നന്നായ് 
കോണി ച്ചോട്ടിലെ ഹോക്കി സ്റ്റിക്കതു 
വേഗം കയ്യിലെടുത്തൂ പിന്നെ 


മുന്‍‌കൂര്‍ കരുതലിനായി,ത്തലയില്‍ 
ഹെല്‍മറ്റൊന്നു ധരിച്ചു,കാലില്‍ 
നല്ല കനത്ത ചെരിപ്പും,കയ്യില്‍ 
കയ്യുറ രണ്ടും ചേലില്‍ ധരിച്ചു 

(വര്‍ഷം പലതിനു മുന്‍പൊരു ഹോക്കീ-
വിദ്വാന്‍ ചെറു ചില മാച്ചില്‍ ചാമ്പ്യന്‍ 
ചിത്രം!ഭൂമി കുരുക്ഷേത്രത്തിനു-
പുത്രന്‍ ,താനൊരു യുദ്ധ നിയോഗന്‍ !)

എലിയെ,ക്കൊല്ലാനായ,ദ്ദേഹം 
രണ സന്നാഹം ചെയ്‍വത,റിഞ്ഞ് 
അയല്‍വക്ക,ക്കാരോടി,യണഞ്ഞു 
പൊരുതിനു പിന്തുണ നല്കീടാനായ് 

കതകു തുറന്നിട്ട,തിവേഗത്തില്‍ 
അടികള്‍ തുടങ്ങീ ഭട വീര്യവുമായ് 
കരണം കുത്തി മറഞ്ഞെ,ലിയപ്പോള്‍
അടികളില്‍ നിന്നു,മൊഴിഞ്ഞീടാനായ്‌ 

ഒന്നുകുതിച്ചാന്‍ പോര്‍വിളിയോടെലി -
യങ്ങൊരു മൂലയില്‍ ചെന്നു മറഞ്ഞു 
ഓടിച്ചെന്ന,വനോങ്ങിയ നേരം 
പേടിച്ചെ,ലിയും പാഞ്ഞുനടന്നു

വാലില്‍ ബൂട്ടിട്ടൊന്നു ചവിട്ടിയ-
നോവില്‍ പ്രാണ ഭയത്താലാവാം 
കാലില്‍ ചെന്നവ,നാഞ്ഞു കടിച്ചു 
ഓരാത,ങ്ങേരൊന്നു തളര്‍ന്നു 

പതിനെട്ടാം ദിന മന്നാ പാണ്ഡവര്‍ 
പട കൂടീട്ടു ജയിച്ചതു പോലെ
പതിനെട്ടടവു പയറ്റീ,ട്ടൊടുവില്‍ 
പടയില്‍ ജയിച്ചു വീരന്‍ രാം ലാല്‍ 

എലിവധ,മങ്ങു കഴിഞ്ഞൂ,പിന്നീ-
ടതിനുടെ സംസ്കാരാദി കഴിച്ചു 
'എലിവിഷ 'ദീര്‍ഘ ചികിത്സകള്‍ ചെയ്യാന്‍ 
അവധിയില്‍ ആതുര ഭവനേ ചേര്‍ന്നു 

(മട്ടുമാറി)

കല്പിത സംഭവങ്ങള്‍ കേട്ടു മനതാരിങ്ക-
ലല്പവും നീരസങ്ങ,ളില്ലാതെ,യിത്ര നേരം 
മല്ക്കാവ്യ സംരംഭങ്ങള്‍ ശ്രദ്ധയോടാസ്വദിച്ച 
ഹൃദ്യരാം സദസ്യരെ നിങ്ങള്‍ക്കു നമസ്കാരം !

(ശുഭം)

(ഇ.എം.ആദിത്യന്ടെ 'മൂഷിക ചരിതം'എന്ന നര്‍മ്മ ലേഖനത്തോട് കടപ്പാട്') 

      


    

Thursday, 7 June 2012

പത്തുരൂപ

സ്വര്‍ഗ്ഭൂമിയായ് ലോകമെണ്ണുന്ന 
പുഷ്പ രാജ്യത്തു ജീവിത-
വൃത്തി തേടി,യിരുപതാണ്ടുമുന്‍-
പെത്തി ദൈവേച്ഛയാലെ ഞാന്‍ 

 സ്വപ്ന സുന്ദര വര്‍ണ്ണ മോഹന-
ദൃശ്യ സമ്പന്നയെങ്കിലും
ഹൃദ്യ ഭൂമിതന്‍ മക്കള്‍ ദാരിദ്ര്യ-  
ദു:ഖിതരായിരുന്നുപോല്‍ 

കൊച്ചുകുഞ്ഞിനെ തോളിലിട്ടന്നൊ-
രുച്ച നേരത്തു മത് ഗൃഹേ 
ഒച്ച വെയ്ക്കാതെ ശങ്കയോടെ വ-
ന്നെത്തിനോക്കുന്നൊരമ്മയെ
മുറ്റുമാതിഥ്യഭാവമോടെ-
ത്തടുക്കില്‍,വൈകാതിരുത്തി ഞാന്‍ 
വീട്ടുകാര്യങ്ങള്‍ പേര്‍‍ത്തുമാരാഞ്ഞു
കൂട്ടുകാരിയോടെന്നപോല്‍ 
മെല്ലെ സൌഹൃദ ഭാഷണങ്ങളാല്‍  
തെല്ലു ധൈര്യം പകർന്നവൾ  
അല്ലല്‍ പൂണ്ടോതി, 'ദീദി'യെന്‍ മകന്‍
നല്ലപോല്‍ ദീനപീഡിതന്‍
ചില്ലറത്തുട്ടുപോലുമെന്‍ കയ്യി-
ലില്ലൊരല്പം മരുന്നിനായ് 
ഇല്ല വീട്ടുകാരന്നു വേലയി-
ന്നില്ല റൊട്ടിക്കുപാധികള്‍ 
ഹൃത്തിലുണ്ടുകാരുണ്യമെങ്കില്‍ നീ 
പത്തുരൂപ നല്കീടുമോ 
ഒത്തു കിട്ടുകില്‍ നേരുപോല്‍ കട-
മൊട്ടു വൈകാതെ വീട്ടിടാം 
ബുദ്ധിമുട്ടുകളേറെയുണ്ടെന്നി-
രിക്കിലും പണം നല്‍കി ഞാന്‍ 
അച്ഛനൊ ത്തു സമൃദ്ധിയില്‍ വാണ 
സ്വച്ഛബാല്യത്തെയോര്‍ക്കവേ 

വത്സരമൊന്നു തീര്‍ന്നു മുന്‍പെന്ന-
മട്ടകലേക്കു പോകുവാന്‍-
കിട്ടി വീണ്ടും നിയോഗമാ-
നാടുവിട്ടു പോരേണ്ട നേരമായ് 
കെട്ടു ഭാണ്ഡങ്ങള്‍ പേറി വണ്ടിക്കു-
കാത്തു നില്‍ക്കുന്ന വേളയില്‍ 
എത്തി വേര്‍ത്തും വ്യഥയൊതുക്കിയും 
സത്യമുള്ളോരാ പെണ്‍കൊടി 
വൃത്തി ഹീനമാം ചേല തന്‍ തുമ്പില്‍ 
ഭദ്ര മായിപ്പൊതിഞ്ഞൊരാ-
പ്പത്തു രൂപ തന്‍ നോട്ടെടുത്തവ-
ളൊട്ടു നാണിച്ചു നീട്ടിനാള്‍
ബുദ്ധിമുട്ടുകളേറെയുള്ളതെന്‍
ബുദ്ധികേടായ് ഭവിക്കയാല്‍ 
കുറ്റബോധത്തൊടെങ്കിലും പണ-
മേറ്റുവാങ്ങാന്‍ തുനിഞ്ഞു ഞാന്‍ 

************

എത്ര വര്‍ഷങ്ങള്‍ പോയ്‌ മറഞ്ഞു പി-
ന്നെത്ര ജീവിതം കണ്ടു ഞാന്‍
ലക്ഷ്മി തന്‍ മടിത്തട്ടിലാണിന്നു
കത്തു,മൈശ്വര്യ ദീപമായ് 
എത്ര സൌഭാഗ്യ മുണ്ടു,ചുറ്റിലു-
മെത്ര സന്തോഷമെങ്കിലും 
വ്യര്‍ത്ഥമായ് നൊന്തുപോകയാണെന്തി-
തര്‍ത്ഥമില്ലാത്ത ചിന്തയാല്‍ 
സ്വര്‍ഗഭൂമിയായ് ലോകമുള്‍ക്കൊണ്ട 
പുഷ്പ രാജ്യത്തിനിന്നിതാ 
യുദ്ധഭൂമിയായ്‌ മാറുവാനുള്ള 
ദുര്‍ഗതിക്കുള്ള യോഗമായ് 
പുത്രനെ,ത്തോളി,ലേറ്റി വന്നൊര-
പ്പട്ടിണിക്കാരി തന്‍ സ്ഥിതി-
യ്ക്കെത്ര മാറ്റങ്ങള്‍ വന്നുവോ മകന്‍ 
രക്ഷകനായ് വളര്‍ന്നുവോ 
തത്ര,യാതങ്ക വാദി തന്‍ തോക്കില്‍ 
നിശ്ചലനായി വീണുവോ 
നിശ്ചയം വരാതി,ങ്ങിരിപ്പു,മാ-
പ്പല്‍പ്പമേകു നീ സോദരീ 

***************

(കണ്ണാടി കാണുമ്പോള്‍ എന്ന കവിതാ സമാഹാരത്തില്‍ നിന്ന്)  





























































































































































































































  
   ‍ 
    ‍

















































































































   

Tuesday, 5 June 2012

ഭൂതകാലത്തിന്ടെ മൂന്നു മുഖങ്ങള്‍

രണ്ടാം,വേളിയാ,ണുണ്ണി,ക്കെന്നച്ഛന്‍,‍മറുത്തൊന്നു 
മിണ്ടുവാ,നാകാതെ ഞാന്‍ സ്തബ്ധനാ,യിരുന്നുപോയ് 
പെണ്കൊട നടത്തുവാന്‍ മാര്‍ഗമിതല്ലാതില്ല -
യെന്നെനി,ക്കറിവുള്ള,തായിരുന്നെന്നാകിലും 

വേളി നിശ്ചയം കഴിഞ്ഞന്നുതൊട്ടി,ന്നേവരെന്‍ 
വേളിതന്‍ നേത്രത്തിലെ,ക്കണ്ണീരു,തോര്‍ന്നിട്ടില്ല 
നീളുന്നു പരാതികള്‍ രാവുകള്‍ തോറും ചിത്തം-
കാളുന്നു സമാശ്വസിപ്പിക്കുവാനായീടാതെ 

ഞാനൊരു യുവാവായി വളരുന്നതിന്‍ മുന്പെന്‍
ജീവിത,പങ്കാളിയായ് വന്നൊരീക്കുമാരിയെ
യാതൊന്നു പറഞ്ഞാണു സാന്ത്വനിപ്പിക്കേണ്ടതെന്‍ 
ജീവനാം പുത്രന്മാര്‍ക്കു മാതാവായ് തീര്‍ന്നുള്ളോളെ 

പ്രേമാഭിഷേകം കൊണ്ടുവീര്‍പ്പുമുട്ടിക്കും പ്രിയ-
പ്രേയസിക്കെന്നേ,ഞാനെന്‍ ഹൃദയം സമര്‍പ്പിച്ചു 
വേറൊരു തരുണി യെന്‍ കാമിനിയായ് വന്നെന്നാ-
ലേതെടുത്തേകും,മന,മൊന്നല്ലി,യെനിക്കുള്ളൂ 

അച്ഛനോ,ടി,ടഞ്ഞീടാനാവില്ലെ,ന്നാലോ ധര്‍മ്മ-
പത്നിതന്‍ കണ്ണീര്‍,ക്കണ്ണ്,കണ്ടു നില്‍ക്കാനും വയ്യ 
ബുദ്ധി കെട്ടുപോം വണ്ണം വൈരുദ്ധ്യ ഭാവങ്ങളില്‍ -
പ്പെട്ടു,ഞാന്‍ വിധിക്കെന്നെ തന്നെത്താന്‍ സമര്‍പ്പിച്ചു.

******************

രണ്ടാം വേളി,യാണു,ണ്ണി,ക്കെന്നൊരു വൃത്താന്തത്തെ-
യമ്മമാര്‍ തമ്മില്‍ത്തമ്മില്‍ മന്ത്രിക്കെ,നടുങ്ങി,ഞാന്‍
തൊണ്ടയില്‍ കുടുങ്ങിയ തേങ്ങ,ലടക്കീ,യുടു-
മുണ്ടിനാല്‍ മുഖം പൊത്തി,ക്കണ്ണുനീര്‍ മറയ്ക്കുവാന്‍

ഞാനൊരു,കുമാരികയായിരുന്നപ്പോള്‍ പണ്ടീ
യാലയ നടുമുറ്റം തന്നിലായ് കുടിവെച്ചു
പോയതില്ലൊരിക്കലും പിന്നെ,ഞാനില്ലത്തേക്കെന്‍ 
പ്രേയാന്ടെ,യസാമീപ്യം താങ്ങുവാനാകായ്കയാല്‍ 

കാലം കടന്നു,ദേഹം താരുണ്യ,മാര്‍ന്നൂ ,പ്രിയ-
മേറുന്ന തനൂജര്‍ക്ക് ചേരു,മമ്മ,യായ്‌ തീര്‍ന്നൂ 
സ്നേഹം പകര്‍ന്നൂ ഗുരുക്കന്മാര്‍ തന്‍ മനം കവര്‍-
ന്നീ,പ്രിയ ഭവനത്തിന്‍ നെയ്‌ വിളക്കായി,ത്തീര്‍ന്നൂ 

അല്ലലു,മലച്ചി,ലു,മില്ലാതെ യഥേഷ്ടമെന്‍ 
വല്ലഭ,നോടൊ,ത്തതി മോദമായ് വാണിട്ടിപ്പോള്‍ 
തെല്ലല്ലാതൊരു ദുഃഖം വന്നു പെട്ടതെന്തിനാ-
യല്ലി,സൌഖ്യങ്ങള്‍ നശ്വരങ്ങളെന്നു കാട്ടാനോ

എങ്ങനെ നല്‍കീടും ഞാന്‍ മറ്റൊരു പെണ്ണിന്നായി-
ട്ടെന്‍ പ്രേമ സൌഭാഗ്യങ്ങള്‍ ത്യാഗഭാവങ്ങള്‍ കാട്ടി
എങ്ങനെ പകുത്തേ,കുമെന്‍ പ്രേമസ്വരൂപനെ-
യെങ്ങനെ,യുറങ്ങും,ഞാനെന്‍ നാഥ,നൊത്തല്ലാതെ

'പെങ്ങളെ,ക്കൊടുക്കു,വാ,നേട്ടന്‍,താന്‍ വേട്ടീടണ-'
മെന്ന,നിശ്ചയങ്ങളെ മാറ്റുവാന്‍ കാലം വൈകി 
ചിന്നിടും കുടുംബങ്ങള്‍ 'ദേവരര്‍' വെട്ടാല്‍,മനം-
ചിന്നും പ്രേമികള്‍ തന്ടെ സ്വപ്നങ്ങള്‍ തകര്‍ന്നാലും

നാരിയെ,പ്പൂജിക്കുന്ന പാരമ്പര്യമുള്ളോരീ-
യൂരിലെപ്പെണ്ണിന്‍  വാക്കു മൂല്യമില്ലത്തൊന്നാണോ 
രാമനെ പ്രകീര്‍ത്തിച്ച രാജ്യത്തെ,പ്പൌരര്‍,ക്കേക 
ഭാനിനീ വ്രതം തീരെ ബ്ബാധകമല്ലെന്നാണോ 

**********
രണ്ടാം വേളി,യാണെന്നാ,ലില്ലൊരു തരക്കെടു-
മുന്നതകുലജാതന്‍ നന്നേ ചെറുപ്പക്കാരന്‍
ഉണ്ടേറെ കേമത്തങ്ങള്‍  സമ്പത്തും കുറച്ചല്ല
രണ്ടാമതാലോചിക്കാ,നെന്നച്ഛനോര്‍,ത്തേയില്ല 

കാമദേവനെ,പ്പോലെയാണ്,തമ്പുരാ,നെന്ടെ-
 യോമന,ക്കേറെ,ചേരുന്നാളെന്നു,സ്വകാര്യമായ്-
നാലാം ദിനത്തില്‍ നീരാട്ടിന്നു പോയിടുന്നേരം
തോഴിയാമടിയാത്തി,പ്പെണ്ണെന്നോടുരയ്ക്കവേ 
ഞാനേറ്റ,മുയര്‍ന്നുപോയ് ബന്ധുഗേഹത്തില്‍,ചെല്ലും-
കാല,സങ്കല്പങ്ങളില്‍ തന്നെത്താന്‍ മറന്നുപോയ്‌
ലോഭം,കൂടാ,താ,ശീര്‍വാദങ്ങള്‍ നല്‍കിടും  ഭാഗ്യ-
ദേവിതന്‍ ദയാവായ്പു,കണ്ടു സന്തോഷിച്ചുപോയ്

വെളിച്ചടങ്ങെല്ലാം,തീര്‍,ന്നെന്നെ,യ,ത്തറവാട്ടി- 
      ലാഘോഷപൂര്‍വ്വം കുടിവെക്കു,മന്നുതൊട്ടേ ഞാന്‍
   ഗേഹത്തിന്‍ വെളിച്ചമായ് മാറു,മമ്മമാര്‍ക്കെല്ലാം
സ്നേഹാദരങ്ങള്‍ നല്‍കി,പ്പ്രീതിയെ,സ്സമ്പാദിക്കും
ചന്തമുള്ളോരെന്‍ നാഥ,ന്നിഷ്ടങ്ങ,ളറിഞ്ഞു ഞാന്‍ 
സ്വന്ത,താല്‍പര്യങ്ങളെ,പ്പുല്ലുപോല്‍ നിനച്ചിടും വന്ദ്യയാമേടത്തിയെ,യുള്ളഴിഞ്ഞാരാധിക്കും
കുന്തിദേവിയെ,പ്പണ്ടു മാദ്രി കൈ കൂപ്പുംപോലെ  

 വേളിയെക്കുറിച്ചുള്ള സ്വപ്നങ്ങളെല്ലാം തെല്ലു-
നാളേയ്ക്കേ,യുള്ളെന്നുള്ള കാര്യം പിന്നറിഞ്ഞു ഞാന്‍ 

'വേളിശ്ശേഷ'ത്തിന്ടന്നു മ്ലാനചിത്തനായ് 'പ്പുത്തന്‍
വേളി'യ്ക്കു മുഖം നല്കാതിരിക്കുന്നാളെ കാണ്‍കെ
 
രണ്ടുനാള്‍ കഴിഞ്ഞെന്നെ കുടിവെച്ചപ്പോഴമ്മ  
രണ്ടാമൂഴക്കാരിയായ് മച്ചലേയ്ക്കെത്തിക്കവേ 
ഉള്ളില്‍ നിന്നടച്ചുള്ള വാതിലിന്‍ പിറകില്‍ നീ-

ന്നല്ലി! സല്ലാപസ്വര,മേടത്തി,യകത്തുണ്ടോ?
ഇന്നെന്ടെ ദിവസമെ,ന്നേടത്തിക്ക,റിയില്ലെ-
യെന്നു,ഞാനെന്നോടായി,ട്ടുള്ളത്തി,ലാരായവേ

എന്‍,മുന്‍പില്‍ പരുങ്ങിക്കൊണ്ടൊന്നുമേ,യുരിയാടാ-
തമ്മ സാവധാനത്തില്‍ കോണിക,ളിറങ്ങിപ്പോയ്


നേരമെത്രയോ കാത്തിരുന്നു,ഞാനറിയാത-
ക്കോണിമേല്‍ തല ചായ്ച്ചു തെല്ലൊന്നു മയങ്ങിപ്പോയ്

ദൂരെ,യല്ലി,ടിശബ്ദം!ഞാന്‍ ഞെട്ടി,ഞാ,നുണര്‍‍ന്നുപോ-
യേണിമേല്‍ ചവുട്ടി,ക്കൊ,ണ്ടേടത്തി,യകന്നുപോയ്



മെല്ലെ ഞാന്‍ തുറന്നിട്ട വാതില്‍ കടന്നും കൊണ്ടെന്‍
കല്യാണച്ചെറുക്കന്ടെ,യന്തിക,ത്തെത്തീടവേ  

ഇല്ലൊരു ഭാവം!ഞാനങ്ങെത്തിയത,റിഞ്ഞതാ-
യുള്ളൊരു മാറ്റം ഞാനാ,കണ്‍കളില്‍ കണ്ടേ യില്ല!



പിന്നെയുമിടവിട്ട നാള്‍കളിലെല്ലാം ഞാനീ-
യമ്മമാരെ പേടിച്ചു കോണിത്തലക്കല്‍ നിന്നു

തെല്ലു കാരുണ്യം പോലും നല്‍കാത്ത സപത്നി തന്‍
കൊല്ലുന്ന നോട്ടങ്ങളെ നേരിടാന്‍ ഭയപ്പെട്ടു.
എന്നാണെന്‍ പ്രിയനെന്നെ സ്വാഗതം ചെയ്തീടുന്ന,
തെന്നാണെ,ന്നേടത്തി തന്‍ മാനസം മാറുന്നതു-
മെന്നാണു,ഞാനും മക്കള്‍ക്കമ്മ,യാവുകയെന്നു-

മെന്നും ഞാന്‍ ദൈവത്തോടു പ്രാര്‍ഥിച്ചിങ്ങിരിക്കുന്നു.
(പണ്ട് ഇല്ലങ്ങളില്‍ ആദ്യത്തെ  മകന്‍ മാത്രമേ വേളി കഴിക്കുക പതിവുള്ളു.അനുജന്മാര്‍ വേട്ടാല്‍   കുടുംബം ഭാഗിച്ചു പോകുമല്ലോ.)


**************
   (കണ്ണാടി കാണുമ്പോള്‍ എന്ന കവിതാ സമാഹാരത്തില്‍ നിന്ന്)










      
     

  

Monday, 23 April 2012

കുറെ വേനല്‍ക്കാല സത്യങ്ങള്‍

ഇവിടെ നഗരത്തിലുഷ്ണക്കാറ്റ്
നെറുക കാണാത്തൊരു വന്‍ 'എടുപ്പ്'
അതിനുള്ളി,ലുണ്ടോരിടുക്കു,ഫ്ലാറ്റ്
അവിടെ ഞാന്‍ വാഴ്വൂ കുടുംബമൊത്ത്‌

അകലെയകലെയെന്‍ കൊച്ചുഗ്രാമം
ചെറു,പുര,യൊന്നുണ്ട,ല്ലോടുമേഞ്ഞ്
അവിടെ,പ്പോകാം നമുക്കൊഴിവുകാലം
അവിടെ,പ്പാര്‍ക്കാം നമുക്കൊട്ടുകാലം

അരികത്തുണ്ടല്ലോ മനപ്പറമ്പ്
തല പൊക്കി നില്‍ക്കുന്നോ,രെട്ടുകെട്ട്
പടുകൂറ്റന്‍ മാവുകളേറെ,യുണ്ട്
പുളി,നെല്ലി,മുള പിന്നെ തേന്‍ വരിക്ക
ഗണപതി ഹോമപ്പുക പരക്കും  
കുളിര്‍ കാറ്റുണ്ടെന്നും മനപ്പറമ്പില്‍ 
അയല്‍വക്കത്തേക്കും വരുന്ന കാറ്റ്
അതുമേറ്റ് രാവില്‍ സുഖിച്ചുറങ്ങാം 

പുലരിയില്‍ കുഞ്ഞിക്കിളികള്‍ പാടും
പുതുപാട്ടു, കേട്ടു നമുക്കുണരാം
പുഴയില്‍ പോയ്‌ മുങ്ങി,ക്കുളിച്ചുകേറാം
മണലില്‍ മണ്ണപ്പങ്ങള്‍ ചുട്ടുവാങ്ങാം 

വയല്‍ വരമ്പത്തൂടെ പാട്ടും പാടി 
വഴുതാതെ മെല്ലെ തിരിച്ചുപോരാം 
അരികിലെ കുണ്ടനിടവഴിയില്‍ 
മണികിലുക്കി,പ്പോകും കാളവണ്ടി 
വഴിയോര,പ്പച്ചകള്‍ കണ്ടുകണ്ട് 
മണിയനോടൊത്തു നടന്നുനീങ്ങാം 
പുതു മണ്ണിന്‍ മണമുള്ള ശീലു കേട്ട്‌
കൊതുകടിയേറ്റെന്‍ മകനുറങ്ങി 

****************
ഒരുനാളില്‍ ഞാനുമെന്‍ വീട്ടുകാരും 
മറുനാട്ടില്‍ നിന്നിതാ വന്നിറങ്ങി 
പഴ മണ്ണു മോഹിച്ചു വന്നിറങ്ങി 
പുതുപച്ച മോഹിച്ചു വന്നിറങ്ങി

എവിടെപ്പോയെന്ടെ മനപ്പറമ്പ്
കുളിര്‍ കാറ്റു വീശും മനപ്പറമ്പ്
മനയെല്ലാം തമ്പുരാ,'ണ്ടു'വിറ്റു
ചുളുവിലക്കാരന്നു കൊണ്ടുവിറ്റു
തലപൊക്കി,നില്‍ക്കുന്നോ.രെട്ടുകെട്ട്
കൊതിയന്‍ തരംപോല്‍ പൊളിച്ചു വിറ്റു
മരമായ മരമൊക്കെ വെട്ടി വിറ്റു 
പുരയിടം കഷ്ണം മുറിച്ചു വിറ്റു 
അവിടെയിന്നഞ്ചാറു കൂട്ടക്കാര്
പുരയും പണിഞ്ഞങ്ങു പൊറുതി,യാണേ 
ഗണപതി ഹോമപ്പുകയില്ലിപ്പോള്‍
കരിമീന്‍ വറുക്കുന്ന നാറ്റം മാത്രം
പുലരിക്കിളി,പ്പാട്ടുകേട്ടു,ണരാന്‍   ‍
തരമില്ലൊ,രമ്പല'ക്കോളാമ്പി'യില്‍ 
ചലച്ചിത്ര ഭക്തിപ്പാട്ടുച്ചഘോഷം!
പറയടി,തിറയടി പക്കമേളം!
(അതുകേട്ടു ഞെട്ടി,യുണര്‍ന്നു,പാവം!
ഭഗവാനു,മെങ്ങോട്ടോ നാടുവിട്ടു!) 
പുഴയില്‍,ചെന്നോടി,ക്കുളിച്ചു,കേറാന്‍
കഴിയില്ലൊരുതുള്ളി വെള്ളമില്ല 
കരയിലെന്നു,ണ്ണിക്കു,മണ്ണപ്പങ്ങള്‍ 
 ചുടുവാ,നൊ,രിരുനാഴി മണലുമില്ല
മണലൊക്കെ ലോറി കയറിപ്പോയി 
പുതുപുത്തന്‍ പുരകളായ് മാറിപ്പോയി
കുളികഴിഞ്ഞീറനുടുത്തുപോരാന്‍
വയലില്ല,വഴുതും വരമ്പുമില്ല
വയലെല്ലാം മണ്ണിട്ടുതൂര്‍ത്തുവല്ലോ
അവിടിപ്പം നല്ലൊര,'പ്പാര്ട്ടുമെന്റ്റ്'
വയലെല്ലാം തൂര്‍ന്നുവരുന്ന കണ്ട്
മഴവെള്ളം  കെറുവോടൊലിച്ചു പോയി
പുഴവെള്ളം തുണയായി കൂടെപ്പോയി
കിണറെല്ലാം വറ്റി,വരണ്ടുപോയി
ഇടവഴി തോറും മണികിലുക്കി
വരവില്ല മണിയന്ടെ കട്ടവണ്ടി
അരികിലെ പച്ചയില്‍ ചോപ്പു,തൂളി
ഇടവിടാതോടുന്നു,മണ്ണുവണ്ടി
******
ഇവിടെയെന്‍ ഗ്രാമത്തില്‍ ചുട്ടുചുട്ട്
കുടിവെള്ളം കിട്ടാതെ പൊറുതി കെട്ട്
കദനം നിറഞ്ഞു മനസ്സുകെട്ട്‌
നഗരത്തിലേക്കായ്‌ പൊതിഞ്ഞു 'കെട്ട്'

**********
(കണ്ണാടി കാണുമ്പോള്‍ എന്ന കവിതാ സമാഹാരത്തില്‍ നിന്ന്)

   ‍