Saturday, 18 July 2026

   ഞാൻ ശാന്ത അയോദ്ധ്യയുടെ മകൾ


ഞാനൊരുരാജാവിന്റെ
സീമന്തസന്താനമെ-
ന്നാകിലും,വ്യഥയേറും
ജീവിതം നയിച്ചവൾ
കേമനാം ദശരഥരാജന്നു
കൗസല്യയിൽ
ജാതയായവൾ,ശാന്ത!
ശാന്തസ്വഭാവം ചേർന്നോൾ
പുത്രിയുണ്ടായാൽ വംശം
നശിയ്ക്കും,അശുഭങ്ങ-
ളൊട്ടേറെ ഭവിയ്ക്കുമെ
ന്നാ രാജഗുരുവാക്കാൽ
ദത്തായിനൽകീ താതൻ
*അനപത്യതദു:ഖാൽ
ചുട്ടുനോവീടും,സുഹൃ
ത്തംഗരാജാവിന്നായി
പെറ്റമ്മതന്നീടുന്ന
സ്നേഹംഞാനറിഞ്ഞീല
ഉത്തമം മുലപ്പാലിൻ
സ്വാദുഞാനോർക്കുന്നീല
കൊട്ടാരക്കെട്ടിൽധാത്രി
മാരാലെ പരിചരി-
ച്ചത്രെ,ഞാൻ വളർന്നതും
യൗവ്വനംപ്രാപിച്ചതും!
മാരിയില്ലാതെ രാജ്യം
വരൾച്ച നേരിട്ടപ്പോൾ
ചേടിമാരോടൊത്തന്നു
കാട്ടിലേയ്ക്കയച്ചെന്നെ
ഋഷ്യശൃംഗനാം മുനി
യുവാവെയാകർഷിച്ചു
പട്ടണത്തിലെത്തിയ്ക്കാൻ
വർഷമുണ്ടാക്കാനുമായ്
സ്വന്തംരക്തത്തിൽ പിറ
ന്നവളാണുഞാനെങ്കിൽ
ഹന്ത!താതന'ങ്ങഴി
ഞ്ഞാടുവാ'നയയ്ക്കുമോ!
സ്വന്തമച്ഛനും,ഉപേ
ക്ഷിയ്ക്കുന്നകാലം,പിന്നെ-
യെന്തെല്ലാം വളർത്തുന്ന
താതനുമായിക്കൂടാ !വൃഷ്ടിവന്നൊരാസന്തോ
ഷത്തിലാമുനിവര്യ-
നിഷ്ടമായ് കന്യാദാനം
ചെയ്തുടൻ രാജാവപ്പോൾ
ദുർഘടമാകും കാട്ടു
ജീവിതമെനിയ്ക്കേകി
പട്ടുചേലയും പൊന്നും
കാണാത്തകിനാവായി
ചൊൽപ്പൊങ്ങുമയോദ്ധ്യയിൽ
മക്കൾ ജനിയ്ക്കാതാകേ
പുത്രകാമേഷ്ടീയാഗം
നിർവ്വഹിച്ചീടാനായി
അച്ഛനെൻ ഭർത്താവിനെ,
യാദരപൂർവ്വം,ക്ഷണി-
ച്ചെത്രയും വിനീതനാ
യെന്നതുമോർക്കുന്നൂഞാൻ
"ദൈവികമാകും പായ
സത്തിന്റെപേരുംപറ-
ഞ്ഞന്നത്തെക്കാലംനാട്ടു
നടപ്പാം*"നിയോഗ"ത്താൽ
അമ്മമാരുമായ്ചേർന്നു രമിപ്പാനെൻനാഥനെ
യെന്തുനിർഭാഗ്യം!താത-
സമ്മതമെന്തത്ഭുതം!
മറ്റൊരുനാരിയ്ക്കായി
പങ്കുവച്ചീടാൻ,തന്റെ
ഭർത്താവിനെയേതു
പെണ്ണുസമ്മതിച്ചീടും
പെറ്റമ്മയോടും, ചെറി
യമ്മമാരോടും സന്ത-
ത്യർത്ഥമൊത്തുചേരാനാ
യെങ്ങനെനല്കീടുംഞാൻ
സീതയെവാഴ്ത്തീനിങ്ങൾ
വീരമാതാവാം കുന്തീ
ദേവിയെ,പാഞ്ചാലിയെ
താരയെ,അഹല്യയെ
രാവണരാജാവിന്റെ
ജായയെ,കഷ്ടംകഷ്ട-
മീ,ദു:ഖവതിയെന്നെ
യോർത്തില്ലയാരുംതന്നെ...!

ഗിരിജ ചെമ്മങ്ങാട്ട്
*അനപത്യത =കുട്ടികളില്ലാത്ത അവസ്ഥ

* പഴയകാലത്ത് "നിയോഗ"എന്നൊരു സമ്പ്രദായമുണ്ടായിരുന്നു എന്ന് വായിച്ചറിഞ്ഞിട്ടുണ്ട്.മഹാഭാരതത്തിൽധൃതരാഷ്ട്രർ,പാണ്ഡു,വിദുരർ എന്നിവരുടെ ജനനം ഇങ്ങനെയായിരുന്നല്ലോ.











Sunday, 21 June 2026

 വീണ്ടും കുചേലവൃത്തം


പരീക്ഷാഫലം വന്നി-ട്ടൊന്നാമതായെന്മകൾ
തുടർന്നുപഠിപ്പിയ്ക്കാൻ
മാർഗ്ഗമോകാണുന്നില്ല
കയ്യിലില്ലൊരുചില്ലി-
ക്കാശുമേ,യച്ഛന്നയ്യോ!
ശമ്പളംകിട്ടീട്ടാറു-
മാസങ്ങൾകഴിഞ്ഞിപ്പോൾ

ബന്ധുവുണ്ടൊരാളിങ്ങു
കോടീശനെന്നാകിലും
കയ്യൊന്നുകമിഴ്ത്തുവാ-
നൊട്ടുമേയൊരുങ്ങാത്തോൻ
കണ്ടുനോക്കീടാമൊരു
പെൺകുഞ്ഞിൻഭാവിയ്ക്കല്ലേ
ഉള്ളൊന്നുകനിഞ്ഞാലോ
പോകുവാൻ തുനിഞ്ഞുഞാൻ

പുതുതായ് ചായംതേച്ച
മതിലോടുറപ്പിച്ച
നെടുനീളനാം ഗേറ്റു
തുറന്നുകേറീടുമ്പോൾ
ഇറയത്തൊരുചാരു
പീഠത്തിലിരിയ്ക്കയാ-
ണളകാപുരീനാഥ
നെന്നപോലെൻബാന്ധവൻ

"ഇരിയ്ക്കൂ,കണ്ടിട്ടെത്ര
കാലമായ് വിശേഷങ്ങൾ
മുഴുക്കെ ചൊല്ലിത്തരൂ
കേൾക്കട്ടെയൊന്നൊന്നായി "
ആതിഥേയനീവണ്ണം
ചൊല്ലവേപരുങ്ങിക്കൊ
ണ്ടോതിഞാൻ,സ്വരംതാഴ്ത്തി-
യെന്റെ,ദർശനോദ്ദേശം

ചിന്താമഗ്നനായൊട്ടു
നേരമദ്ദേഹംനിന്നു
ചൊല്ലിനാനൊടുവിലായ്
നിർദ്ദോഷഭാവത്തോടെ

"പെങ്ങളേനീയിങ്ങോട്ടു
വന്നതീനേരത്തായി
എന്നുടെകാര്യംതെല്ലു
ഞരുക്കംകൂടുംകാലം"

വിത്തിടാറായീ,കണ്ടം
പൂട്ടണം,പെണ്ണുങ്ങൾക്കു
കൃത്യമായന്നന്നത്തെ
കൂലിയും കൊടുക്കേണം
തെക്കേപ്പറമ്പിൽ തെങ്ങിൻ
കടവാങ്ങണം പിന്നെ
പച്ചച്ചാണകംപൊന്നിൻ
വിലയ്ക്കുവാങ്ങീടണം

തേങ്ങ കക്കുവാനോരോ
ചോരന്മാരെത്തീടുന്നു
വേലികെട്ടണം കമ്പി
മുള്ളാലെയെല്ലാടവും
നീയിപ്പോൾനിന്നിട്ടൊരു
കാര്യവുമില്ലാകുട്ടീ
ഞാനിന്നുവിചാരിച്ചാ
ലൊന്നുമേനടക്കില്ല "

ഇച്ഛാഭംഗവുമായി
തിരിഞ്ഞുനടന്നുഞാ-
നെത്തിയെൻവീട്ടിൽ,കാത്തു
നില്ക്കുന്നൂഗൃഹനാഥൻ
"ഒത്തുകിട്ടിയോ,കാര്യ
മെന്തായി" ചോദിച്ചായാ-
ളുത്തരമിതേവിധം
ചൊല്ലിനേൻ പതുക്കവേ

ഇത്രയും ദാരിദ്ര്യത്തി
ലാണെന്നകാര്യം,പാവ
മച്ചുവേട്ടനെപ്പറ്റി
മുമ്പേയറിഞ്ഞെന്നാകിൽ
മച്ചിലെ കുട്ടിച്ചെമ്പിൽ
റേഷനായ് കിടച്ചതാം
പച്ചരിയിടങ്ങഴി
കൊണ്ടുപോയേനെ,കഷ്ടം!

ഗിരിജ ചെമ്മങ്ങാട്ട്










Friday, 19 June 2026

 യഥാർത്ഥ ഗദ്യകവിത


എല്ലാവരോടും മര്യാദയോടെ പെരുമാറുകയും,നിർദ്ദോഷമായ നേരമ്പോക്കുകൾ പറഞ്ഞ് രസിപ്പിയ്ക്കുകയും ചെയ്യുന്ന എല്ലാവരുടേയും മുമ്പിൽ ഞാനൊരു ഭദ്രദീപമാകാം...❤️❤️
സ്വന്തം കണ്ണിലെ കോലുകൊണ്ട് അന്യരുടെ കണ്ണിലെ കരടെടുക്കുന്ന,എല്ലാവരേയും പരിഹസിക്കുന്ന(പ്രത്യേകിച്ച് നേരെവാ..നേരെപോ..വ്യക്തിത്വങ്ങളെ)പരദൂഷണക്കാരുടെ മുമ്പിൽ ഇനിമുതൽ ഞാനൊരു ഭദ്രകാളിയും...ഹ..ഹ.👹👹

ഗിരിജ ചെമ്മങ്ങാട്ട്

Friday, 5 June 2026

 റീത്ത്... ഒരു ആസ്വാദനം


       റീത്ത് എന്ന ഹ്രസ്വചിത്രം കണ്ടു.വളരെ ഇഷ്ടപ്പെട്ടു.ഒരു സ്കൂളിലെ  പ്രധാനാദ്ധ്യാപകനും,ആറ് അദ്ധ്യാപകരും,ഒരുഡ്രൈവർ,ഒരു പ്യൂൺ
എന്നിവരുംചേർന്ന ഒരു കൊച്ചു വിസ്മയം.അന്നൊരു ശനിയാഴ്ച.അവധിദിവസം.(ചിലർമാത്രം എന്തിനാണ് അന്ന് സ്കൂളിൽ വന്നത്...അറിയില്ല.കഥയിൽ ചോദ്യമില്ല)ഹെഡ്മാസ്റ്റർ അന്നത്തെ പത്രത്തിലെ ചരമക്കോളത്തിൽ ഒരു വാർത്ത വായിയ്ക്കുന്നു. സ്കൂളിലെ മുൻ അദ്ധ്യാപകൻ കുമാരൻ നായർ മാസ്റ്ററുടെ മരണവൃത്താന്തം.അവിടം ഒന്ന് സന്ദർശിയ്ക്കണം,അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിയ്ക്കണം. എല്ലാവരും കൂടി പോകാമെന്ന് മാഷ് തീരുമാനിച്ചു.കുമാരൻ നായർ മാഷ്ടെ മകനെ വിളിച്ച് വഴി ചോദിയ്ക്കുന്നു.പരേതനെ പുതുതലമുറയ്ക്ക് അറിയില്ല.അവരെല്ലാം ജോലിയിൽ പ്രവേശിയ്ക്കുന്നതിനുമുമ്പേ അദ്ദേഹം അടുത്തൂൺ പറ്റിയിരുന്നു.വിവരം പറഞ്ഞപ്പോൾ എല്ലാവർക്കും ഓരോ അസൗകര്യങ്ങൾ.ഒരാൾക്ക് കാലുവേദന.മറ്റൊരാൾക്ക് അവധിയ്ക്കുവന്ന മകളുടെ അടുത്തെത്താനുള്ള മോഹം,വേറൊരാൾക്ക് വീടുപണിയുടെ തിരക്ക്,ഇനിയും പിന്നൊരാൾക്ക് അനധികൃതമായി ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ വെപ്രാളം...അങ്ങനെ...അങ്ങനെ..
എങ്കിലും മനസ്സില്ലാമനസ്സോടെ എല്ലാവരും പോകാനൊരുന്നു.കർക്കശക്കാരനായഹെഡ്മാസ്റ്ററെ പേടിച്ച്.അവധിയാഘോഷിച്ച് നിദ്രാദേവിയെ സേവിച്ച് സുഖിയ്ക്കുന്ന പാവം ഡ്രൈവറെ വിളിച്ചുണർത്തി.മഞ്ഞബസ്സിൽ എല്ലാവരും കേറി.ഡ്രൈവറടക്കം ഒമ്പതുപേർ.അതിൽ ചെറുപ്പക്കാരായ ഒരു പുരുഷനും സ്ത്രീയുമുണ്ട്.ഒന്നുകിൽ കമിതാക്കൾ...അതല്ലെങ്കിൽ വിവാഹം നിശ്ചയിച്ചവർ.സ്ത്രീ കുറച്ച് ഇടഞ്ഞ മട്ടാണ്.പോകുന്നവഴിയ്ക്ക് റീത്തും വാങ്ങി അവർ യാത്ര തുടരുന്നു.എല്ലാവർക്കും വിശപ്പുണ്ട്.ഒരാൾ തന്റെ ബാഗിൽനിന്ന് മിഠായി വിതരണം ചെയ്തു.എല്ലാവരും സ്വീകരിച്ചു.ഹെഡ്മാസ്റ്ററൊഴിച്ച്..('പഞ്ചാര' ഉള്ളതുകൊണ്ടോ,'പഞ്ചാര'തന്റെ ഗൗരവത്തിന് ചേരില്ലെന്നുവച്ചോ..?)ഒരു കോഴിവളർത്തുകേന്ദ്രത്തിനുമുമ്പിൽ വണ്ടിനിർത്തുന്നു.അവിടെ വഴികാട്ടിയെ നിർത്താമെന്നാണ് കുമാരൻ മാസ്റ്ററുടെ മകൻ പറഞ്ഞിരുന്നത്.(ഗൂഗിൾ കുട്ടിയ്ക്ക് അജ്ഞാതമായിരിയ്ക്കാം ആ ഗ്രാമീണവീഥി.)അവിടെ ആരേം കണ്ടില്ല.തുടർന്ന് വഴിചോദിച്ച് പോകാൻ തീരുമാനിച്ചു.ഒരു കലുങ്കിന്റെ വക്കത്ത് ഒരാൾ കിടന്നുറങ്ങുന്നകണ്ട് അയാളോട് ചോദിച്ചപ്പോൾ ഉത്തരം പറയാഞ്ഞ് (അയാൾ മദ്യപാനിയാവാം)അയാളെ ഒന്നുപദേശിയ്ക്കാൻ ഹെഡ്മാസ്റ്റർ പുറപ്പെടുകയാണ്.ഡ്രൈവർ ഉടനെ വണ്ടിയെടുക്കുന്നതുകണ്ടപ്പോൾ ഉള്ളിൽ ചിരിപൊട്ടി.തുടർന്ന് സ്കൂട്ടറിൽ പോകുന്ന രണ്ടുപേരോടുചോദിയ്ക്കലും സ്കൂട്ടർ മറിയലും.യുവാദ്ധ്യാപകൻ ഇറങ്ങി,ചായക്കാശുകൊടുത്ത് ഒത്തുതീർപ്പാക്കി.അതിലൊരാൾ ഇടത്തോട്ടും മറ്റേയാൾ വലത്തോട്ടും വഴികാണിച്ചു.ഒരു അദ്ധ്യാപികയുടെ വലതുപക്ഷം നിഷേധിച്ച് മേധാവി വണ്ടി ഇടത്തോട്ട് തിരിയ്ക്കാൻ ആജ്ഞാപിച്ചു.വഴി അവസാനിച്ചപ്പോൾ പറമ്പും പാടവും കടന്ന് നടന്നുക്ഷീണിച്ച് ലക്ഷ്യസ്ഥാനത്തെത്തി.അവിടെച്ചെന്നപ്പോഴാണ് അബദ്ധം പറ്റിയെന്ന് മനസ്സിലായത്.കുരിശും,മെഴുകുതിരികളും കണ്ട്  "കുമാരൻ നായർ മാസ്റ്റർ കൃസ്ത്യാനിയാണ്ല്ലേ എന്ന ഒരുടീച്ചറുടെ ചോദ്യവും,ഹെഡ്മാസ്റ്ററുടെ ജാള്യതയും നന്നായി.റീത്ത് വച്ച് തിരിച്ചുപോരാനൊരുങ്ങുമ്പോൾ ജോസഫ് മാസ്റ്ററുടെ മകന്റെ പിടിച്ചുനിർത്തലും അപ്പന്റെ സഹാദ്ധ്യാപകനെ ബന്ധുക്കൾക്കുപരിചയപ്പെടുത്തലും-(ഒരിടത്ത് അച്ചൻ എന്നുപറഞ്ഞത് നമുക്ക് കേട്ടില്ലെന്ന് നടിയ്ക്കാം)അപ്പനെക്കുറിച്ച് നാലുവാക്ക് പറയാനപേക്ഷിച്ചപ്പോൾ പ്രഭാകരൻ സാറിന് (അപ്പോഴാണ് നമ്മൾ ഹെഡ്മാസ്റ്ററുടെ പേര് മനസ്സിലാക്കുന്നത്)വിക്ക് വന്നതും അദ്ദേഹം തലചുറ്റിവീഴുന്നതും....ഞാനൊന്ന് സംശയിച്ചു,കോമഡിയായി തുടങ്ങിയത് ട്രാജഡിയാകുമോ എന്ന്!ഒന്നും സംഭവിച്ചില്ല.
പ്രഭാകരൻ സാർ തെറ്റ് സമ്മതിയ്ക്കുന്നു.മറ്റുള്ളവരുടെ ചുണ്ടിൽ നേരിയ ചിരി.(ഉള്ളിൽ പരിഹാസം..  വിജയാഹ്ലാദം...)അതങ്ങനെയാണ്.....ഒരുസ്വേച്ഛാധിപതിയുടെ തോൽവിയിൽ,അടിച്ചമർത്തപ്പെട്ടവർ സന്തോഷിയ്ക്കുമല്ലോ...
'റീത്തില്ലാതെ കുമാരൻനായർ മാസ്റ്ററുടെ വീട്ടിൽ എങ്ങനെ പോകും 'എന്ന ചോദ്യത്തിലുമുണ്ട് ആ പരിഹാസം.
തിരിച്ച് സ്കൂളിലേയ്ക്ക് പോരുമ്പോഴും മിഠായി വിതരണമുണ്ടായി.ഇപ്രാവശ്യം പ്രഭാകരൻ മാഷും  വാങ്ങി.യുവാദ്ധ്യാപികയുടെ പിണക്കവും മാറി.(ഇപ്പോൾ അദ്ദേഹം കാമിനിയെ അനുനയിപ്പിയ്ക്കാൻ തിരക്കുകൂട്ടുന്നു...വിവാഹശേഷം തിരിച്ചാവുമോ...അങ്ങനെ ആവാതിരിയ്ക്കട്ടെ എന്ന് ആശിച്ചുപോകുന്നു...കഥാപാത്രങ്ങളാണെങ്കിൽക്കൂടി...)

തിരിച്ചുപോരുമ്പോൾ വീടുപണിയുടെ തിരക്കുള്ള ടീച്ചർക്ക് സഹായിയുടെ ശുഭസന്ദേശം കിട്ടുന്നു...

                    രാത്രി എല്ലാവരും താന്താങ്ങളുടെ താവളത്തിൽ.
സ്നേഹമയിയായ അമ്മട്ടീച്ചർ മൊബൈലിൽ തോണ്ടിക്കൊണ്ടിരിയ്ക്കുന്ന മകൾക്ക് മാമ്പഴം പൂളിക്കൊടുക്കുന്നു...ഓൺലൈൻ ക്ലാസുകാരി സമാധാനത്തോടെ പഠിപ്പിയ്ക്കുന്നു...
കാലുവേദനയുളള ടീച്ചർ മകനെക്കൊണ്ട് കുഴമ്പിട്ടുതടവിയ്ക്കുന്നു...ഡ്രൈവർ ഉറക്കം സുഖമാവാൻ കുടിയ്ക്കുനീർ വീഴ്ത്തി,അമൃതപാനം ചെയ്യുന്നു.പ്യൂൺ ആർത്തിയോടുകൂടി അത്താഴം കഴിയ്ക്കുന്നു...എല്ലാം ശാന്തം....പ്രഭാകരൻ മാഷ് അന്നത്തെ സംഭവങ്ങളും,അബദ്ധങ്ങളും ഭാര്യയോട് വിവരിയ്ക്കുന്നു...അപ്പോൾ ഒരു ഫോൺകോൾ...അന്തരിച്ച കുമാരൻമാസ്റ്ററുടെ മകന്റെ...!പ്രഭാകരൻമാഷക്ക് അപ്പോഴും വാക്കുകൾ മുറിയുന്നു... മൗനിയാകുന്നു...ഫോണിന്റെ മറുതലയ്ക്കൽ...അപ്പോഴും കാത്തുനില്പ്....!

അവിടെ ചിത്രം പൂർണ്ണമാകുന്നു...
നല്ല കഥ,നല്ല സംഭാഷണം,നല്ല ഛായാഗ്രഹണം...നല്ല സംവിധാനം...അഭിനയം ആണെന്ന് തോന്നിയില്ല.തന്മയത്വം...ഒരിടത്ത്,ജോസഫ് മാസ്റ്ററുടെ മൃതദേഹത്തിനരികിൽ മാത്രം ഒരു ദു:ഖാഭിനയം...അതോ മരിച്ചുകിടക്കുന്നിടത്തുചെന്നാൽ എല്ലാവരിലും ഉണ്ടാകുന്ന ഭാവമാറ്റമോ?മാസ്റ്ററുടെ മകന്റെ അഭിനയം കുറച്ച് കൂടിപ്പോയതോ ഹാസ്യത്തിനുവേണ്ടി
അങ്ങനെ ചെയ്തതോ?എന്തായാലും നല്ല ഒരു കഥവായിച്ച,കണ്ടറിഞ്ഞ അനുഭവം...
അരങ്ങിലും,അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...ഇനിയും പ്രതീക്ഷിയ്ക്കുന്നു...

             ഗിരിജ ചെമ്മങ്ങാട്ട്

Saturday, 30 May 2026

 സതീർത്ഥ്യസംഗമം


ഭഗവാൻശ്രീകൃഷ്ണന്റെ
നാമധേയത്തിലാറു-
ദശകംമുന്നേമമ്മി-
യൂരുള്ളവിദ്യാലയേ
പിറവിയെടുത്തതാ-
മുന്നതകലാലയം
*ഹരികന്യകാപുരി
തന്നിലായ്കാണാമിപ്പോൾ

അന്നത്തെയാദ്യ*ഗണ-വിദ്യാർത്ഥീസുഹൃത്തുക്ക-
ളൊന്നായിച്ചേരുന്നൊരു
യോഗത്തിൽസംബന്ധിയ്ക്കാൻ
വന്നെനിയ്ക്കൊരുഭാഗ്യം
ഓരാതിരിയ്ക്കുന്നേരം
ചെന്നെത്തീമോദത്തോടെ
"പവിഴം റീജൻസി"യിൽ

എത്രയോവർഷങ്ങൾക്കു-ശേഷമായ്കാണുന്നവ-
രത്ഭുതത്തോടേ സ്നേഹ-ഹസ്തദാനങ്ങൾ ചെയ്യേ
ചെറ്റെന്നെൻചിത്തം,ഐതി-ഹാസികമൊരുരംഗേ
എത്തിയോ,സാന്ദീപനീ-
ശിഷ്യരിലെന്താശ്ചര്യം!

തീപ്പെട്ടിക്കോലാൽമീശ-ത്തെല്ലല്പംകറുപ്പിച്ചും
കേശഭാരങ്ങൾചീകി-യൊതുക്കിഗമചേർത്തും
വായ്ക്കുന്നകൗമാരങ്ങ-ളന്നവ,രിന്നിപ്പോളോ
വാർദ്ധക്യം ബാധിച്ചവ-
രുള്ളിലോ യുവാക്കളും!

ഓർമ്മകൾപുതുക്കുന്നു,
വേദിയിൽതാന്താങ്ങൾത-
ന്നോർമ്മകൾസദസ്യരായ്
പങ്കുവയ്ക്കുന്നൂമോദാൽ
തമ്മിൽതമ്മിലായ് വീണ്ടും
ചൊല്ലുന്നൂപലപല
സന്ദർഭം എല്ലാവർക്കും
വളർത്തും കൗതൂഹലം

എത്രയും ലളിതമാ-
മുച്ചഭക്ഷണം,മധു-
രത്തിനായവസാനം
പാലടപ്രഥമനും
സ്നേഹമായ് വിളമ്പീടു-
*മാദ്യാവസാനക്കാരും
ചേതനയ്ക്കിനിയെന്തു-
വേണമിന്നാഘോഷിയ്ക്കാൻ

വിട്ടുപോന്നീടുന്നേര-മെന്നുള്ളിലൊരുനോവും
പോട്ടെ,പിന്നെയുംകൂടാ-മെന്നുള്ളൊരാശ്വാസവും
ഇനിയുംകാണാമെന്ന-
മോഹനസങ്കല്പങ്ങ-
ളിനിയുംവരുംനാളെ
യെന്നുള്ളകിനാവുമായ്...

                                ഗിരിജ ചെമ്മങ്ങാട്ട്

*ഹരികന്യാപുരം=അരിയന്നൂർ
*ഗണം =ബാച്ച്
*ആദ്യാവസാനക്കാർ=ഭക്ഷണം വിളമ്പുന്നവർ











Monday, 25 May 2026

 കവിത ഷൂസിട്ടപ്പോൾ


അടുത്തവീട്ടിലുണ്ടല്ലോ
പ്രവാസിക്കുട്ടിയൊന്നവൾ
അണിഞ്ഞ ഷൂസുകൾകാണ്കേ-
യുള്ളിൽതോന്നിടുമാഗ്രഹം

രണ്ടുവാറിൽ ചരിച്ചീടും
ചെരിപ്പേയന്നു ദുർല്ലഭം
ഷൂസ് ധരിച്ചുനടന്നീടാൻ
നാടൻകിടാവിനാകുമോ

വളർന്നുവലുതായിട്ടും
തളർന്നില്ലെന്റെയാശകൾ
മറക്കുംചിലനേരത്തു
വീണ്ടുംവന്നിടുമോർമ്മയായ്

അറിഞ്ഞുതന്നതായീടാം
വിധി,നല്ലൊരുകാരണം
മകനൊത്തുവിദേശത്തു
പോകാനുള്ളൊരുസംഗതി
മഞ്ഞുപെയ്യുന്നനാടാണ്
വേണം കരുതലൊക്കെയും
കോട്ടുംസൂട്ടുമെടുക്കേണം
കാലിൽ ഷൂകൾ ധരിയ്ക്കണം

("വൈദ്യൻ കല്പിച്ചു,പാലെന്നു")
മോദിച്ചല്ലോ സ്വകാര്യമായ്
പാദങ്ങൾപൊതിയാനായി
വാങ്ങിച്ചൂ സോക്സുമങ്ങുടൻ

വ്യോമമാർഗ്ഗത്തിൽശീമയ്ക്കു
ചെന്നെത്തീയെന്തൊരത്ഭുതം!
നാടും നഗരവുംകണ്ടു
നേടിയുല്ലാസമങ്ങനെ

നാളുപത്തുകഴിഞ്ഞില്ല
വേദനിയ്ക്കുന്നുകാലുകൾ
പാദാംഗുലത്തിലാണല്ലോ
നോവിന്നാരംഭമെന്തു,ഹാ!

ഒരിടത്തൊന്നിരുന്നിട്ടു
വിസ്തരിച്ചുതലോടവേ
കാണുന്നൂ പോളരണ്ടെണ്ണം
*'പാണൽപ്പഴ'വലുപ്പമായ്
      
         ഗിരിജ ചെമ്മങ്ങാട്ട്
പാണൽ =ഒരു കുറ്റിച്ചെടി










Thursday, 16 April 2026

 കര'വിരുതൻ'


അലക്കുവാനായ് തുണികുറെയെണ്ണം
കുടഞ്ഞുയന്ത്രത്തിൽ
കുറച്ചുസോപ്പിൻപൊടിയതുമിട്ടു
ജല,ലവലും ചെയ്തു

തിടുക്കമോടെ സ്വിച്ചുകളിട്ടു
കാതോർത്തതുനേരം
അനക്കമില്ലതിനുള്ളിൽചെറുതാം മൂളക്കം മാത്രം

തുറന്നുനോക്കവെ കാണുന്നില്ല
വെള്ളത്തിൻ വരവ്
"ഇതെന്തുഞായം രാവിലെയൊരുവക
യടിച്ചതാണല്ലോ"

ഇടയ്ക്കുവന്നൊരുവെളിപാടതിനാൽ
തിരഞ്ഞുഞാൻപിറകിൽ
അടച്ചുവെന്നോവിരുതനൊരാളാ
വെള്ളഗ്ഗതിസൂത്രം....

ഗിരിജ ചെമ്മങ്ങാട്ട്.

Thursday, 2 April 2026

 ക്യാമറക്കണ്ണ്


ഞാനൊരു സി.സി.ടി.വി.
ക്യാമറ,വഴിയോര-
ത്തായൊരുകമ്പിക്കാലിൽ
നോക്കുകുത്തിയായ്നില്പൂ
രാവെന്നോ പകലെന്നോ
ഭേദമില്ലാതെ ചുറ്റും
കാണുന്നതെല്ലാമുള്ളിൽ
ഭദ്രമായ് സൂക്ഷിയ്ക്കുന്നു

അന്നൊരുദിനമുച്ച
നേരത്തു,വഴിവക്കി-
ലങ്ങനെമുഷിഞ്ഞുഞാൻ
നില്ക്കവേ,സമീപത്തെ
സുന്ദരമായുള്ളൊരു
വീട്ടിലേയ്ക്കറിയാതെൻ
കണ്ണുകളുടക്കിപ്പോയ്
കണ്ടുഞാനൊരുരംഗം

ഉമ്മറത്തച്ഛൻ,കൂടെ
പൊന്മകൻ,ഇരുവരും
അമ്മയെ *കളിമ്പമായ്
കളിയാക്കീടുന്നേരം
അമ്മയോ പിണങ്ങിപ്പോയ്
ചിരിച്ചൂ മരുമക
ളങ്ങുചെന്നനുനയി-
പ്പിച്ചതാ വിരുതോടെ
മാതാവിൻ മുഖത്തുണ്ടാ-
യാനന്ദമതിനൊപ്പം
നേരിയകള്ളച്ചിരി-
യച്ഛനുംമക്കൾക്കുമേ
കൂടുമ്പോളിമ്പംചേരും
കുടുംബബന്ധംകാൺകെൻ
മാനസത്തിലുമുണ്ടാ
യാമോദമധികമായ്

പിന്നീടെൻനോട്ടം,അയ-
ല്പക്കത്തെഗൃഹത്തിലാ-
യുമ്മറത്തല്ലോ താതൻ
ഗർവ്വിച്ചങ്ങിരിയ്ക്കുന്നു
വിമ്മിട്ടത്തോടെ പുത്രൻ
ദൂരത്തൊതുങ്ങീടുന്നു
അമ്മയോവിങ്ങിപ്പൊട്ടും
ഭാവത്തിൽ നിന്നീടുന്നു
എന്തുചെയ്തീടേണംഞാ-
നെന്നോർത്തുപരുങ്ങുന്നു
ഇന്നലെവലതുകാൽ
വച്ചൊരുനവവധു
നിന്ദ്യമീരംഗംകാൺകെ
കാർക്കിച്ചുതുപ്പാൻതോന്നി-
യെങ്കിലും,എനിയ്ക്കാവ-
തൊപ്പിയെടുക്കൽ മാത്രം !

ഗിരിജ ചെമ്മങ്ങാട്ട്

*കളിമ്പം=വിനോദം,കുസൃതി











Monday, 23 March 2026

 അയലത്തെ ലഹള


അടുത്തുപാർപ്പിനായെത്തി
അയല്ക്കാർ രണ്ടുവീട്ടുകാർ
ചെവിയ്ക്കു സ്വൈരമേകാത്ത
വഴക്കാളികളാണവർ

ഇരുട്ടുവീണിടുംമുമ്പെ
തുടങ്ങും രണകാഹളം
അറിഞ്ഞിട്ടെന്തിനെന്നോർത്തു-
മേനിഭാവിച്ചുനിന്നുഞാൻ

നിത്യയുദ്ധം പൊറുക്കാഞ്ഞു
കച്ചകെട്ടിയിറങ്ങവേ
മുറ്റത്തെൻ നിഴൽ കണ്ടിട്ടോ
സത്യമൂർത്തികളായവർ

"തമ്പുരാൻ വന്നുനില്ക്കുന്നു
മിണ്ടാൻപാടില്ല"യെന്നതോ..?
ഉള്ളിലിപ്പൊഴുമുണ്ടെന്നോ
തമ്പുരാനെന്നൊരാദരം!!

പിറ്റേന്നുംകേട്ടുസന്ധ്യയ്ക്ക്
പൊട്ടലും ചീറ്റലും തഥാ
പറമ്പിൽ ചെന്നുനിന്നൂ,ഹാ! വെടിനിർത്തുകയായുടൻ

രണ്ടുനാളുകഴിഞ്ഞില്ല
പിന്നെയുംകേട്ടുപോർവിളി
എന്തുമൂലമിതെന്നോർത്തു
രണ്ടുംകല്പിച്ചൊരുങ്ങി ഞാൻ

മരങ്ങൾ മറയാക്കീട്ടു
സമീപത്തു പതുങ്ങവേ
ലഹളയ്ക്കിടയിൽകേട്ടു
സമരോത്ഭവകാരണം

"മനയ്ക്കൽ കായ്ച്ചുനില്ക്കുന്ന
തെങ്ങിൽനിന്നുകൊഴിഞ്ഞിടും
തേങ്ങ ഞാനിന്നെടുത്തീടാം
നാളത്തേതുനിനക്കുമാം"

കരാറുവച്ചുസൂത്രക്കാ-
രെന്നാൽ,തെറ്റിയ്ക്കുമെപ്പൊഴും
അതിന്റെവകയാണെന്നും
അരങ്ങേറുന്നു സംഗരം

തലയ്ക്കൊരടിയേറ്റയ്യോ!
ഒന്നുതീർച്ചപ്പെടുത്തിഞാൻ
അടുത്തനാളുതൊട്ടെന്നും
പറമ്പിൽ ചുറ്റിടാമിനി...

ഗിരിജ ചെമ്മങ്ങാട്ട്

Wednesday, 18 March 2026

 അടുപ്പ്


റേഷൻകടയിൽനിന്നല്പം
കിട്ടുംമണ്ണെണ്ണ,വേണ്ടപോൽ-
ശേഖരിച്ചൊരുടിന്നിൽഞാൻ
എടുക്കാൻകാലമെത്തിയോ..?

" എന്തിനായിത്രമണ്ണെണ്ണ
കരുതീടുന്നിതെൻസഖേ
കമ്പിറാന്തലൊരേടത്തും
കാണുന്നില്ലിഹ,യത്ഭുതം!'
ചിരിച്ചുംകൊണ്ടൊരാൾമെല്ലെ-
യാരാഞ്ഞെന്നോടുകൗതുകാൽ
പകരംനല്കിനേ,നന്നു-
മൗനംചേർത്തൊരുസുസ്മിതം

ആരുമോരാത്തനേരത്തു
രണഭേരിമുഴങ്ങവേ
വ്യോമമാർഗ്ഗത്തിൽ വന്നെത്തി
തീഗോളങ്ങൾ വിതയ്ക്കവേ
ഭീതിയിൽ ജനലക്ഷങ്ങ-
ളാധിപൂണ്ടുവസിയ്ക്കവേ
ലോകംസ്തംഭിക്കവേ,ദൂര-
സാഗരപ്പാതപൂട്ടവേ
പാചകത്തിനുവേണ്ടുന്നൊ-
രിന്ധനം കമ്മിയാകവേ
നാടെല്ലാം വിറകിന്നായി
നെട്ടോട്ടപ്പട നീക്കവേ
ഭദ്രം!മച്ചിനകത്തുള്ള
മണ്ണെണ്ണസ്റ്റൗവ്വെടുത്തുടൻ
തുടച്ചുതിരിയുംനീട്ടി
നീലദ്രവമൊഴിച്ചു,ഹാ!
തിളച്ചുതുള്ളുംവെള്ളത്തി-
ലരിയിട്ടുതെരുക്കനെ
തീകൂട്ടിവേകുവാൻകാത്തി-
ങ്ങിരിപ്പൂ,ശങ്കയെന്യെഞാൻ...

ഗിരിജ ചെമ്മങ്ങാട്ട്


Thursday, 12 March 2026

 അടുക്കളരഹസ്യം അങ്ങാടിപ്പാട്ട്...


കഷ്ണംവെന്തതുപോരയൊരുവട്ടംകൂടിസ്റ്റീമേകുവാൻ
തത്രപ്പെട്ടുടനങ്ങുതിരികൾമേലോട്ടുകേറ്റീടവേ
പെട്ടെന്നെന്റെമൊബൈലുബഹളംകൂട്ടീട്ടുവെയ്റ്റൊട്ടിടാൻ-
വിട്ടേ,നയ്യ!കരിഞ്ഞുയിനിയിന്നെന്തുണ്ടുശാപ്പാടിനായ്...

ഗിരിജ ചെമ്മങ്ങാട്ട് (മന്ദാക്രാന്താ)

Sunday, 8 March 2026

 വനിതാദിനം


രാവിലെ കണ്ണുമിഴിയ്ക്കവേ ആധിയായ്
പ്രാതലിനെന്തൊരുക്കേണം
വാഴപ്പഴമുണ്ട് പുട്ടുപൊടിയൊരു-
നാഴിയോളംബാക്കിയുണ്ട്
പാചകംചെയ്യാനെളുപ്പമാണെന്നോർത്തു
നാളികേരമൊന്നുടുച്ചു
ആവിയിൽവേവിച്ചു ചൂടോടെതട്ടിയ-
ങ്ങാലോചനയിലായ് വീണ്ടും

ഉച്ചയ്ക്കുചോറുവിളമ്പുമ്പോളെന്തൊന്നു തൊട്ടുകൂട്ടാൻ ചമയ്ക്കേണം
നല്പരിപ്പോടൊത്തു പച്ചമാങ്ങാക്കഷ്ണം കുക്കറിൽവേവിച്ചിടേണം
തേങ്ങ,മുളകോടുചേർത്തരച്ചീടണം
ആയത്തിൽചേർത്തിളക്കേണം
പപ്പടംചുട്ടതുംവറ്റലുംമോരുമായ്
സദ്യയെന്നായുണ്ടിടേണം

ഊണുകഴിഞ്ഞുനടുനീർത്തി,കഷ്ടമേ!
വേവലാതിയ്ക്കുണ്ടോ പഞ്ഞം
ചായയ്ക്കുതിന്നുവാനൊന്നുമില്ലെങ്കിലോ
ചായക്കോപ്പയ്ക്കും മടുക്കും
ഏവംനിരൂപിച്ചിരിക്കവേ,നല്ലൊരു
ബോധംമനസ്സിലുദിച്ചു
നാടനവിലുകുഴച്ചി*ടനേരവുമീവിധ- മാഘോഷക്കാം

'അത്താഴപ്പൂജ'കഴിഞ്ഞുകിടക്കവേ
ഞെട്ടലോടോർത്തുപോയയ്യോ..!
പച്ചരിനന്നായ് കുതിർത്തരച്ചീടുവാൻ
വിട്ടുപോയെന്തിനിച്ചെയ് വൂ...!
ഓരോദിനവുമിതുപോലെയായുസ്സു,
ഹോമിച്ചിടുന്നവർ നമ്മൾ
നാരിമാർക്കുള്ളദിനമാണിതെന്നല്ലോ
മാലോകർ വാഴ്ത്തുന്നു ചിത്രം...!!

ഗിരിജ ചെമ്മങ്ങാട്ട്
*ഇടനേരം=ഉച്ചതിരിഞ്ഞസമയം

Tuesday, 10 February 2026

 ആയിരത്തിരി


ഇന്നുഞാൻ*ഋതുസ്നാത
യായവൾ,അന്തിച്ചോപ്പിൻ-
ഭംഗിയുംനോക്കിക്കൊണ്ട
ങ്ങിരിക്കും വൈകുന്നേരം
വന്നൊരാളരികത്ത്
തോന്നലായീടാമൊരു-
മന്ദ്രമാംവിളി"ഭദ്രേ..."
കാതിനിമ്പമാമീണം !

ചുറ്റിലും നോക്കീടവേ
ആരുമില്ലരികത്തു
തെച്ചിപ്പൂങ്കുലയൊന്നു
പുഞ്ചിരിപ്പതായ് കണ്ടു
കൊച്ചുതെന്നലാവഴി
യെങ്ങോട്ടോപോകുന്നേരം
തട്ടിയതാണോ,കവി
ളത്തൊരുമൃദുസ്പർശം!

എന്നിലുണ്ടായോചെറു
തായൊരുമാറ്റം!ചിന്തി-
ച്ചങ്ങനെയുറങ്ങാതെ
ശയ്യയിൽകിടക്കവേ
പിന്നെയുംസ്വകാര്യമായ്
വന്നെന്റെകാതിൽ,ചിത്ത-
മൊന്നുലയ്ക്കുമ്പോലാണാ
നിസ്വനംസ്നേഹാർദ്രമായ്

"കന്യകേ,പേടിയ്ക്കായ്ക
ഞാനൊരുഗന്ധർവ്വനാ
ണെല്ലാരുമെന്നെ"വിശ്വ
വസു"വായ് വിളിക്കുന്നു
വന്നുഞാൻ രജസ്വല
യായനിൻചാരത്തിപ്പോൾ
ഗന്ധർവ്വരാജാവിന്റെ
കല്പനപ്രകാരമായ്

നിന്നിൽമോഹങ്ങൾ,പ്രേമ
ഭാവങ്ങളുണർത്തുവാൻ
നിന്റെയൗവ്വനത്തിന്നു
പൂർണ്ണതനല്കീടുവാൻ
തിണ്ണംഞാനശരീരി
യായിതാമനോഹരീ
മുന്നിൽനില്ക്കുന്നൂ,കാവ
ലാളായി,യുറക്കാംഞാൻ"

മൃദുവായ്തലോടിയെൻ
മേനിയിലവൻ,മിഴി-
യറിയാതടഞ്ഞുപോയ്
പാതിയുറക്കത്തിലായ്
അറിയാതേതോസ്വർഗ്ഗ-
ലോകത്തിലെത്തിപ്പോയി
മധുരക്കിനാവിന്റെ-
യൂഞ്ഞാലിലാടിപ്പോയി

പുലരുന്നേരം കണ്ണു-
തുറക്കേ,യുണർന്നോരോ
ദിനകൃത്യങ്ങൾനിത്യ-
മെന്നപോൽചെയ്യുന്നേരം
നവമാമൊരുലോല
ഭാവത്തിന്നടിമയായ്
അറിയാതെഞാനനു-
രാഗിണിയായീമന്ദം

ഗന്ധർവ്വപ്രണയത്തി-
ലലിഞ്ഞു,മോദംപൂണ്ടൊ-
രഞ്ചാറുസംവത്സര-
മങ്ങനെകൊഴിഞ്ഞപ്പോൾ
ബന്ധുതതേടീട്ടോരോ
നമ്പൂരിയുവാക്കൾത-
ന്നില്ലത്തുനിന്നുംവന്നൂ
ജന്മപത്രികയ്ക്കായി

സുന്ദരനൊരാളുടെ
ജാതകം ചേർന്നൂ,പിന്നെ
പെങ്കൊടമുഹൂർത്തവും
നല്ലൊരുനാളിൽ വന്നൂ
എന്നുമെൻസമീപത്തു-
വന്നീടു,മശരീര-
ഗന്ധർവ്വവിയോഗംഞാ
നോർത്തുസന്താപംപൂണ്ടു

ആയനൂണുനാൾ,കുളി
ച്ചകത്തുചെന്നൂ,അട-
നേദിച്ചൂകൈകാലിന്മേൽ
മൈലാഞ്ചിയണിഞ്ഞൂഞാൻ
ആയിരത്തിരിതെറു
ത്തീടുമ്പോളടുത്തെത്തി
കാതിലൊന്നോതീമെല്ലെ
സഖിയാമന്തർജ്ജനം

"ആയിരത്തിരികളാ
ലുഴിയുംസങ്കല്പംഞാ-
നീയിടെയറിഞ്ഞതു
ചൊല്ലുന്നു നിന്നോടിപ്പോൾ
നാളെനീ,ചിരകാലം
നീണ്ടുനിന്നീടും,പുതു
ജീവിതത്തിനായൊരു-
ങ്ങീടുകയല്ലേതോഴീ

കോമളനാകുംനിന്റെ
നാഥനൊത്തിരിക്കുമ്പോൾ
വേറൊരാളിടയ്ക്കേറി
വന്നെന്നാൽശോഭിക്കില്ല"
ശുദ്ധമായലക്കിയ
ശീലയാൽതെറുത്തതാ-
മീ,തിരിയെല്ലാമൊതു
ക്കീടുമീയിണങ്ങത്തി

ആയിരത്തിരിയുമാ
യടിയാനെത്തീടുമാ
വേളിച്ചടങ്ങിൻനേരം
നീകുമ്പിട്ടിരിക്കുമ്പോൾ
ഏറെനാളായീനിന്നിൽ
ചേർന്നൊരുഗന്ധർവ്വനെ
പൂജിച്ചുഴിഞ്ഞുംകൊണ്ടു
പ്രീതനായയച്ചീടും"

ബന്ധുക്കളെല്ലാവരു
മുറങ്ങി ദേഹണ്ഡക്കാ-
രങ്ങിങ്ങൊതുങ്ങിക്കൂടി
പാതിരാക്കിളിപാടി
ശയ്യയിൽസമീപത്ത
റിഞ്ഞേനാമൃദുസ്വര-
മെന്നുള്ളംനൂറായ്നുറു
ങ്ങീടുന്നുനോവാൽ കഷ്ടം!

മന്ദമായ്മനസ്സിൽഞാ
നോതിയന്നേരം,ദേഹ
മില്ലയെങ്കിലും,കേൾക്കു-
ന്നുണ്ടാമെന്റെയീസ്വനം
"എന്നെവിട്ടുപോകേണം
നാളെയാ തിരിവെട്ടം
കണ്ടിടുന്നേരം,ഭവാൻ
വേദനയുണ്ടിപ്പോഴും!

എന്നെന്നേയ്ക്കുമായ്ഭൂവിൽ
നിന്നങ്ങുവിടവാങ്ങാൻ
സമ്മതിയ്ക്കയില്ലല്ലോ
നിന്നെ,നിൻവിധാതാക്കൾ
അങ്ങേയില്ലത്തേയ്ക്കൊന്നു
ചെല്ലുക,കിടാവൊരാ-
ളിന്നലെ ഋതുസ്നാനം
ചെയ്തു ! നീയറിഞ്ഞില്ലേ....?

ഗിരിജ ചെമ്മങ്ങാട്ട്

* ഋതുസ്നാത=ഋതുസ്നാനം ചെയ്തവൾ














Sunday, 18 January 2026

 അതിഥി


അന്യഗൃഹത്തിലതിഥിയെത്തീടവേ-
യെല്ലാർക്കുമന്നവൻ "താര"മാകും
രണ്ടുനാൾപോകിലോ മാറീടുമദ്ദേഹ-
മെന്തൊരു'ഭാര'മിതെന്നമട്ടിൽ

നാലുനാൾചെന്നെന്നുവച്ചാൽപതുക്കവേ
'കീട'മായീടുമേ,ശങ്കവേണ്ട
ഏറെപ്പഴകവേ വെണ്ണയും നാറിടും
കേറിവന്നോനുമതേവിധത്തിൽ

ദേവനെപ്പോലാം*ഗൃഹാഗതനെന്നത-
ന്നോലയിലാരോ കുറിച്ചതത്രെ!
ഓർക്കേണമെന്നുംവിരുന്നുപോംനേരമീ-
വാക്കുകൾ,മൂത്തവർചൊല്ലതെന്നായ്...🤭😅😂

ഗിരിജ ചെമ്മങ്ങാട്ട്

(അതിഥിയും വെണ്ണയും പഴകുന്തോറും അഴുകും)
*ഗൃഹാഗതൻ=അതിഥി

Wednesday, 14 January 2026

 ബർത്ത്ഡേ ഗിഫ്റ്റ്...


കുട്ടന്റെ ജന്മനാളിങ്ങു-
വന്നെത്തീപൊടിപൂരമായ്
വർണ്ണചിത്രങ്ങളോടൊപ്പം
ബലൂണുകളുമേറെയാം

പേരുകൊത്തിയകേയ്ക്കെത്തി
തിരിയഞ്ചുമതുംശരി
സമ്മാനപ്പൊതിയുംകൊണ്ടു
വന്നെത്തീകൂട്ടുകാരഹോ!

മൂർച്ചയില്ലാത്തപ്ലാസ്റ്റിക്കിൻ-
കത്തിയാലതിമോദമായ്
മുറിച്ചൂ കേയ്ക്കു,മറ്റുള്ളോർ
പാടീയാശംസ,തല്ക്ഷണം

അമ്മയ്ക്കുമച്ഛനും പിന്നെ
വന്നോർക്കുംകേയ്ക്കുനല്കയായ്
തിരിച്ചും വാങ്ങിനാൻമെല്ലെ-
യതല്ലോപതിവെപ്പൊഴും

ലഘുഭക്ഷണമെല്ലാരും
കഴിച്ചൂരുചിയോടുടൻ
പിരിയാൻകാലമായപ്പോൾ
കൈകൊടുത്തുകുലുക്കയായ്

വിരുന്നുവന്നോർപോയപ്പോ-
ളെടുത്തൂ ഗിഫ്റ്റുപായ്ക്കുകൾ
തുറന്നുനോക്കീ,തോഷത്താ-
ലോതീ,അച്ഛനൊടിങ്ങനെ
"പത്തുസമ്മാനമുണ്ടച്ഛാ
കാണാൻഭംഗിയെഴുന്നതായ്
കാറും,തീവണ്ടിയും,ബൈക്കും
റോബോട്ടും,ലോറിയൊന്നതും"

എല്ലാംനോക്കിരസിക്കുമ്പോൾ
വന്നൂ,കുട്ടനൊരൈഡിയ
"അടുത്തകൊല്ലമാവട്ടെ
നൂറുപേരെ വിളിച്ചിടാം!! "
🤭😅😂

ഗിരിജ ചെമ്മങ്ങാട്ട്