വർച്ചസ്സ്
ഊഴിയിൽ മാനുഷജന്മമെടുക്കുവാൻ
പോയീടുമിപ്പൊഴീ,യിന്ദുസൂനു
നോവുംമനസ്സുമായ് കണ്ണുനീർവാർക്കുന്നു
താരകാനാഥൻ വിഷാദമോടെ
ഭാരതയുദ്ധ,മനിവാര്യമായെന്ന
നേരറിയുന്നുണ്ടു ദേവവൃന്ദം
നാരായണൻതാനു,മാദ്യമേവന്നിതാ
യാദവനായിപ്പിറന്നുവല്ലോ
ഇന്ദ്രസൂര്യന്മാർ യമധർമ്മരാജനും
കുന്തിക്കു മക്കളെ നൽകിയല്ലോ
ചന്ദ്രന്നുമാത്രമൊഴിഞ്ഞുമാറീടുവാൻ
വയ്യെന്നകാര്യമറിഞ്ഞതല്ലോ
മോഹിച്ചുലാളിച്ചുകൊണ്ടാടിടുംനല്ലൊ-
രോമനപ്പുത്രനെ വിട്ടുനിൽക്കാൻ
വേദനയാണോ,നിശാരാജനിപ്പൊഴും
തേങ്ങലടക്കയാണെന്തുചെയ്യാം
"തെല്ലും വിഷാദിക്കവേണ്ട പതിനാറു
കൊല്ലമേ പുത്രൻ ഭുവിവസിക്കൂ
വന്നീടുമെത്രയുംവേഗമിവിടേയ്ക്കു-"
മെന്നു,നാകേശൻ ചിരിച്ചു ചൊന്നാൻ
വർച്ചസ്സെ,ന്നുള്ളപേരിട്ടുവിളിപ്പോനെ
വക്ഷസ്സിൽ ചേർത്തുപുണർന്നുതാതൻ
മർത്ത്യശിശുവായിവന്നൂകുമാരകൻ
അർജ്ജുനപുത്രനായ് കൃഷ്ണഗേഹേ
സുന്ദരബാലൻ വളർന്നു,പിതാവിന്നു-
മമ്മസുഭദ്രയ്ക്കുമോമനയായ്
വില്ലാളിവീരനായ് ശൂരനായ് കാണ്മോർക്കു
സുന്ദരാകാരനായ് ധീരനായി
കുട്ടന്റെ ഭാവവും രുപവും കണ്ടിട്ടു
പൊക്കത്തിരുന്നു തോഷിച്ചു തിങ്കൾ
(ചിത്രം!മരിക്കാത്ത ദേവകൾക്കുള്ളിലു-
മിത്രമേൽരാഗമെന്താശ്ചര്യമേ!)
വത്സരംപോകവേ യുദ്ധത്തിനായ് കുരു-
ക്ഷേത്രമൊരുങ്ങീ തിടുക്കമോടെ
ജ്യേഷ്ഠാനുജന്മാ,രിരുപക്ഷമായതാ
കേൾക്കുന്നു കൃഷ്ണന്റെ പാഞ്ചജന്യം
ആയിരം യോദ്ധാക്കൾ നാലുചുറ്റുംനിന്നു
പോരിനായ് നിൽക്കയാണെങ്കിലെന്തേ
ചക്രവ്യൂഹത്തിൽ കടന്നാനഭിമന്യു
യുദ്ധവീര്യത്തോടെ ഭീതിയെന്ന്യേ
മുമ്പിലായെത്തും ശിരസ്സുകൾ വേഗേന-
യൊന്നായറുത്തൂ കിരീടീസുതൻ
ആയുധംകൈവിട്ടുപോകേ യുവാവിന്റെ
നേരെവന്നെത്തീ,യധാർമ്മികന്മാർ
വീരർക്കുചേർന്നുള്ള മൃത്യുവാൽ മാനത്തു
താതനായ് ചേരുവാൻ യാത്രയായി
ദേവകൾ പുഷ്പവർഷത്താൽ ശശാങ്കന്റെ
ജീവന്റെ ജീവനെ സ്വീകരിച്ചു
തന്മുന്നിൽവന്നുനമിക്കും തനൂജനെ
കണ്ണുനിറച്ചങ്ങുകണ്ടനേരം
എന്തോ വലുതായ് കനത്തപോലെത്തിയോ
ചന്ദ്രദേവന്നുള്ളിൽ കുറ്റബോധം
ഭൂമിയിൽ നോവാർന്നിരിക്കുന്നൊരച്ഛനും
മാതാവുമുണ്ടീ,യുവാവിനിപ്പോൾ
തോരാത്ത കണ്ണീരുമായൊരുപെണ്മണി-
യാരുമറിഞ്ഞില്ല,വീണുപോയി !
താനാം,ജനകനെന്നോർത്താത്മജാതന്റെ
കോമളഗാത്രത്തെയോമനിക്കേ
പാപിയാകുന്നുവോ,ഞാനിത്ര സ്വാർത്ഥത
കാണിച്ചുവെന്നതു കഷ്ടമായോ?
*********
ഗിരിജ ചെമ്മങ്ങാട്ട്
ചന്ദ്രന്റെ മകൻ വർച്ചസ്സ് ആണ് അഭിമന്യു ആയി ജനിച്ചത്.