Tuesday, 14 January 2025

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 144

14.01.2025

കാളിയന്റെനീർന്നപത്തി
മേലെയേറിനിന്നതാ
വീരനൃത്തമാടിടുന്നു 
ശ്രീലകത്തുമാധവൻ
കാലിലുണ്ടുപൊൻചിലമ്പു,
പാണിതന്നിൽകങ്കണം
ശോണവർണ്ണമാർന്നപട്ടു-
ചേലയാണരയ്ക്കുമേൽ

കാഞ്ചിയൊന്നണിഞ്ഞുകാണ്മു
പൊന്നുഞാത്തുതൂങ്ങിയും
മേലെ,മാറിലുണ്ടുമുല്ല-
മാലയൊന്നുമിന്നിയും
കണ്ഠകാന്തിയോടിണങ്ങി
കാണ്മുവൃത്തമാലയും
രണ്ടിനുംനടുക്കുസ്വർണ്ണ-
ഗോപിയുംവരഞ്ഞതായ്
തോൾവളയും,പൊൻതിലകം
കൊണ്ടുകർണ്ണഭൂഷയും
ഫാലദേശഭംഗിചേർന്നു
നല്ലപൊന്നുഗോപിയും
പീലിമൂന്നുകാണ്മു,മൗലി-
മേലെ,കേശമാലയും
തോരണങ്ങളായിവേറെ
കാനനപ്പൂമാലയും

കുഞ്ഞുവലംകയ്യിലുണ്ടു-
വേണുവിടംകയ്യിലോ
പന്നഗേന്ദ്രവാലുമുണ്ടു
തെല്ലമർത്തിയെന്നപോൽ
കൺകുളിർന്നുകണ്ടുഭക്തി-ചേർത്തുനിന്നുകൂപ്പിടാം
ഉള്ളിലേറിടുംമദങ്ങൾ
മാറിടാനിരന്നിടാം

കൃഷ്ണ!കുഷ്ണ!വാസുദേവ!
കൃഷ്ണ!ഗോപബാലകാ,
കൃഷ്ണ!കൃഷ്ണ!മേഘവർണ്ണ!
കൃഷ്ണ!ലോകരക്ഷകാ,
കൃഷ്ണ!കൃഷ്ണ!ലോകനാഥ!
കൃഷ്ണ!ലോകപാലകാ,
കൃഷ്ണ!കൃഷ്ണ!നിൻപദേ
നമസ്ക്കരിപ്പു!കേശവാ!

ഗിരിജ ചെമ്മങ്ങാട്ട്






Sunday, 12 January 2025

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 143

12.01.2025

നൂറ്റെട്ടുവെറ്റിലയെണ്ണിവെച്ചീടണം
നൂറിലോനെയ്യുകലർത്തിവെച്ചീടണം
പാതിരാപ്പൂ ചൂടുവാനായൊരുക്കണം
നാളേയ്ക്കുവേണ്ടുന്നതെല്ലാമൊരുക്കണം
നൂറുനൂറോളം തിരക്കിലാണെങ്കിലും
മാതാവുമോദിച്ചൊരുക്കിതൻപുത്രനെ
കാലിൽതളയിട്ടു,പൊന്നിന്റെകിങ്ങിണി
മോടിയിൽകുഞ്ഞിക്കൊളുത്തിട്ടുകെട്ടിയും
പൊന്നുനൂലിൽപട്ടുകോണകം,കൈകളിൽ
മിന്നിത്തിളങ്ങുന്നകാപ്പുകൾ,മാറത്തു-
മുല്ലമൊട്ടിൻകുഞ്ഞുമാലയും,കന്ധരേ,
നല്ലതായുള്ളവളയത്തിന്മാലയും
തോളത്തുതോൾവള,കാതിലോപൂവുകൾ
മാലേയനെറ്റിയിൽ,പൊൻഗോപി,പീലികൾ
അമ്മയശോദയണിയിച്ചുകാണുന്നു
പങ്കജനേത്രനിന്നെന്തൊരുസുന്ദരൻ!

കണ്ണനെനന്നായൊരുക്കി,തളിരിടം-
കയ്യിലൊരുവേണു,നല്കി,വലംകയ്യിൽ
നല്ലൊരുതെച്ചിക്കുലയുമേകിക്കൊണ്ടു-
മമ്മ,മറഞ്ഞുനില്ക്കുന്നുണ്ടുകോവിലിൽ

മന്ദസ്മിതം തൂകിനില്ക്കുന്നകണ്ണനെ
നന്ദിച്ചുചെന്നുവണങ്ങിടാമിക്ഷണം കണ്ണുമടച്ചുജപിച്ചിടാംനാമങ്ങൾ
കണ്ഠംതളർന്നിടുംനേരംവരേയ്ക്കുമേ...
    
         ഗിരിജ ചെമ്മങ്ങാട്ട്






Friday, 10 January 2025

 ശ്രീ ഗുുരുവായൂരപ്പന്റെ 

ഉച്ചപ്പൂജാലങ്കാരവർണ്ണന 142

10.01.2025


പിച്ചവെച്ചുതുടങ്ങുന്നൊ-
രുണ്ണിയായിന്നുമാധവൻ
കളഭംചാർത്തിനില്ക്കുന്നു
ശ്രീലകത്തതിഭംഗിയിൽ

വേച്ചീടും കുഞ്ഞുകാലിന്മേ-
ലണിഞ്ഞിട്ടുണ്ടുകാൽത്തള
പിണച്ചുവെച്ചില്ലെന്താവാം
കാലുറയ്ക്കാത്തമൂലമോ?

അരയിൽപൊന്നരഞ്ഞാണ-
മതിന്മേൽപട്ടുകോണകം
കുഞ്ഞുമാറത്തുമിന്നുന്നു
മുല്ലമൊട്ടിന്റെ മാലയും

കണ്ഠത്തിൽചാർത്തിയിട്ടുണ്ടു
ഭംഗ്യാ,വളയമാലയും
മാലകൾക്കുനടുക്കല്ലോ
ഗോപിക്കുറിവരഞ്ഞതും

പൊന്നുവേണുപിടിച്ചുള്ള
കുഞ്ഞിക്കൈകളിൽകാപ്പുകൾ
തോളത്തണിഞ്ഞതാണിന്നു
കേയൂരം മിന്നിയങ്ങനെ

കാതിപ്പൂവോടുചേർന്നിട്ടു
കാണുന്നൂസ്വർണ്ണഗോപികൾ
മാതാവിന്നണിയിച്ചല്ലോ
ഫാലേ,തിലകമൊന്നതാ

പീലിയുണ്ടുമുടിക്കെട്ടിൽ
ചേരുമ്പോൽ മുടിമാലകൾ
തനുവിൽ കാണ്മുചേലോടെ
ചെറുതാമുണ്ടമാലകൾ

മൃദുഹാസംപൊഴിക്കുന്ന
ചെറുചുണ്ടിലുണർന്നതാം
വേണുനാദത്തിലുണ്ടെന്നു-
തോന്നുന്നു,കൊഞ്ചലല്ലയോ!

മനസ്സിലുള്ളൊരാരൂപം
മടിയിൽ വന്നിരിക്കവേ
മുത്തശ്ശിക്കുളിരാലുള്ളം
മോഹാലസ്യത്തിലാണ്ടുവോ !!

കൃഷ്ണ!കൃഷ്ണ!ഹരേകൃഷ്ണ!
കൃഷ്ണ!ഗോവിന്ദ!മാധവാ,
കൃഷ്ണ!കൃഷ്ണ!ഹരേകൃഷ്ണാ
കൃഷ്ണ!ലോകൈകനായകാ!

ഗിരിജ ചെമ്മങ്ങാട്ട്


Saturday, 4 January 2025

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 141

04.01.2025

കാളീന്ദിതീരത്തെനീലക്കടമ്പിന്മേൽ
കാൽതൂക്കിയിട്ടങ്ങിരിപ്പുകണ്ണൻ
വേണുവിരുകയ്യാൽചുണ്ടോടുചേർത്തിട്ടു
പ്രേമരാഗങ്ങൾ പൊഴിച്ചുകൊണ്ട്

മഞ്ഞക്കസവുനൂലാടമേൽപൊന്നിന്റെ
കിങ്ങിണിചന്തത്തിൽകെട്ടിക്കൊണ്ടും
സ്വർണ്ണപ്പതക്കത്തിന്മാലയുംചേലുള്ള
മന്ദാരപ്പൂമാലചാർത്തിക്കൊണ്ടും

കൈവള,തോൾവള,കാതിലെപ്പൂക്കളും
ചന്ദനനെറ്റിയിൽപൊട്ടുതൊട്ടും
പീലിക്കിരീടവും,കേശപ്പൂമാലയും
ശ്രീലകംവൈകുണ്ഠമെന്നേതോന്നും

മാമരക്കൊമ്പിന്മേലങ്ങോളമിങ്ങോളം
തൂങ്ങിക്കിടക്കുന്നുപൂഞ്ചേലകൾ
ഗോപികമാരല്ലോനീരാടുംനേരത്ത്
മോദിച്ചുതീരത്തുവെച്ചതാകാം

പല്ലവപാണിയാലങ്ങോട്ടുമിങ്ങോട്ടും
വെള്ളംതെറിപ്പിച്ചുമാർത്തുകൊണ്ടും
ഉല്ലസിച്ചീടുകയാണല്ലോകന്യമാർ
സംഗതിയൊന്നുമറിഞ്ഞിടാതെ

നീരാട്ടുതീർന്നു,കരയിലേയ്ക്കെല്ലാരു-
മോടിക്കയറുന്നനേരമപ്പോൾ
ആടകളെങ്ങുമേകാണാഞ്ഞുഗോപിമാ-
രേവരുംകേഴുന്നകാഴ്ചകാൺകേ
ഊറിച്ചിരിതൂകുംകണ്ണനോർത്തില്ലെന്നോ
നാളത്തെക്കാര്യങ്ങളൊന്നുംതന്നെ
പോയകാലങ്ങളു,മിന്നു,മിനിവരും
കാലവുമെല്ലാമറിവെന്നാലും!

"മാനഭയംകൊണ്ടുപാണ്ഡവപത്നി,നിൻ
നാമംവിളിച്ചന്നുമാഴ്കീടുമ്പോൾ
ആയിരംപട്ടിനാൽവീട്ടേണ്ടിവന്നീടു-
*മായാർനാരീകടമെന്നു,തെല്ലും?"

മാനംകവരുമെന്നോർത്തുഭയക്കുന്നു
മാനിനീവർഗ്ഗങ്ങളങ്ങുമിങ്ങും
ചേലയുംകൊണ്ടുനീയോടിവന്നീടണം
മായാകുമാരകാ രക്ഷയേകാൻ

കൃഷ്ണാഹരേജയ!കൃഷ്ണാഹരേജയ!
കൃഷ്ണാഹരേകൃഷ്ണാ കൃഷ്ണകൃഷ്ണ!
കൃഷ്ണാഹരേജയ!കൃഷ്ണാഹരേജയ!
കൃഷ്ണാമുകിൽവർണ്ണ!നന്ദബാലാ

ഗിരിജ ചെമ്മങ്ങാട്ട്

*ആയാർനാരി=ഗോപസ്ത്രീ
(ദ്രൗപദിക്ക് പട്ടുചേലകൾ നൽകി,ഗോപസ്ത്രീകളുടെ കടം വീട്ടി എന്നൊരു കഥ കേട്ടിട്ടുണ്ട്.)




Thursday, 2 January 2025

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 140

02.01.2025

പൊൻകളഭപ്പടിയിട്ടൊരൂയലിൽ
കണ്ണനുണ്ണി വിളങ്ങുന്നു ശ്രീലകേ
പൊൻപദങ്ങളിൽ കാണ്മൂതളകളും
കുഞ്ഞുകുമ്പക്കുമേലൊരുകാഞ്ചിയും

പട്ടുകോണകമുണ്ടേ,ചെറുകൈകൾ
ചേർത്തിരിക്കയാണൂഞ്ഞാലുവള്ളിയിൽ
മാറിലുണ്ടൊരുമാങ്ങമാല,ചേർന്നു
കാണ്മു,കണ്ഠേ,വളയത്തിന്മാലയും

ഹാരങ്ങൾക്കുനടുവിൽ,തിലകവും
കാണുന്നുണ്ടു കനകത്തിലാണതും
പൊൻകയറിൽ പിടിച്ചതാംപാണികൾ
തങ്കക്കാപ്പുമണിഞ്ഞുകാണുന്നിതാ

തോൾവളകളും കാതിലെ പൂക്കളും
ശ്യാമവർണ്ണനുചേരുന്നപോലെയാം
വേണുവല്ലോതെളിഞ്ഞുകാണാകുന്നു
*ശ്രോണിനൂലിൽതിരുകിയമട്ടിലായ്

ചന്ദനംകൊണ്ടു ചാർത്തിയനെറ്റിയിൽ
സ്വർണ്ണഗോപി തിളങ്ങുന്നു ഭംഗിയിൽ
പീലിക്കെട്ടും,മകുടവും,മാല്യവും,
ദീപശോഭയിൽകാണ്മൂതിളക്കമായ്

ചെഞ്ചൊടിയിൽചിരിയും,മിഴികളി-
ലുല്ലസിക്കുംകുസൃതിയുമായിഹാ!
കണ്ണനുണ്ണിവാഴുന്നുണ്ടുമന്ദിരേ
ദെണ്ണമെല്ലാമൊടുക്കുന്നപോലവേ!

കൃഷ്ണ!കൃഷ്ണാ,മുകുന്ദാ,ജനാർദ്ദനാ
കൃഷ്ണ!മാധവാ,വാസുദേവാ,ഹരേ
കൃഷ്ണ!വൈകുണ്ഠനാഥാ,ജഗത്പതേ
രക്ഷയേക!നീയാശ്രിതവത്സല!
                                    
*ശ്രോണി=അരക്കെട്ട്

ഗിരിജ ചെമ്മങ്ങാട്ട്