Friday, 10 May 2013

പെണ്ണ്

രംഗം ഒന്ന്, അകത്തളം 
നോവുന്നു, ഗർഭ ഗൃഹ -
ത്തിങ്കലംഗനാ ക്രന്ദം
പെണ്‍ കുഞ്ഞാണ്,ആർക്കേണ്ടാരും
ഭംഗമോഹനായ്ത്തീർന്നു 
മുത്തശ്ശൻ,നൽപൌത്രനെ -
യങ്കത്തിൽ കൊണ്ടാടുവാ,
നത്രക്കങ്ങാശിക്കയാൽ 

പുത്ര ഭാര്യയോടെന്നും
 നീരസം നടിച്ചുള്ള 
മുത്തശ്ശി മുഖം കറു-
ത്തെന്തിനോ വക്കാണിച്ചു 
കെട്ടിച്ചയക്കാൻ വേണം
 സ്ത്രീധനമേറെ,പിന്നെ 
കെട്ടിക്കാൻ പണ്ടങ്ങളും ! 
അച്ഛനാധിയിൽ പെട്ടു !

രംഗം രണ്ട്,എല്ലാവരു-
മകലെ ,ക്കാലിത്തൊഴു-
ത്തിങ്കലേയ്ക്കോടിച്ചെന്നു 
നില്ക്കയായ് സജിജ്ഞാസം 
അൻപുചേർത്തേകും കഞ്ഞി
ച്ചെമ്പു,പിണ്ണാക്കുംവൈക്കോൽ -
ത്തുമ്പും രുചിക്കാതെയ-
പ്പയ്യു നൊമ്പരം കൊൾവൂ 

കൊമ്പിക്കു കടിഞ്ഞൂലായ്
 കുത്തുന്നു മണ്ണിൽ മൂക്കും 
കൊമ്പും കൊണ്ടവൾ മെല്ലെ
കിടന്നു ,മെണീ റ്റുമായ് 
ചന്തം തികച്ചും ചേർന്ന
 പൈക്കിടാവിനെപ്പെ റു-
ന്നന്തികത്തു ള്ളോർക്കെല്ലാ,
മൗൽസുക്യം ചേർന്നീടവേ  

ചുറ്റും നിന്നിടുന്നോർക്കു 
സന്തോഷം !പശുക്കുട്ടി 
മുറ്റും വളർന്നീടും ര-
ണ്ടാണ്ടുകൾ ചെല്ലുന്നേരം 
പെറ്റമ്മ പ്പയ്യിൻ മൂന്നാം 
പേറിന്ടെ കറവെന്നു -
വറ്റുമന്നി പ്പൈക്കുട്ടി,
യമ്മയായ് ചുരത്തീടും 

പാലിന്നു സമൃദ്ധിയാ 
മെന്നാളുമെന്നുത്സാഹം 
കോലുന്ന തൊഴുത്തിങ്കൽ 
പെണ്‍പിറപ്പാഘോഷിക്കേ 
ബാലികയ്ക്കേകീ ജന്മ,
മെന്നുള്ള കുറ്റം സ്വന്തം 
കാല ദോഷ മായോർത്തു
 മാനുഷി വിങ്ങിപ്പൊട്ടി !

          **************

4 comments:

  1. നന്നായി എഴുതി ആശംസകൾ

    ReplyDelete
  2. കാലം മാറട്ടെ.. പെണ്‍കുഞ്ഞിനെ വെറുക്കുന്ന സമൂഹത്തിന്‍റെ ദുഷിച്ച ചിന്താഗതികളും.. 'പെണ്ണ്' വെറും 'പെണ്ണായി'മാറാതിരിക്കട്ടെ.. :)

    ReplyDelete
  3. ആപേക്ഷിക സിത്ധാന്തം നന്നായിരിക്കുന്നു!

    ReplyDelete
  4. കൊള്ളാട്ടോ ..





    അസ്രൂസാശംസകള്‍
    http://asrusworld.blogspot.in/

    ReplyDelete