Monday, 22 July 2013

കുട്ടിച്ചെമ്പിലെ കഞ്ഞി

ഒട്ടല്ലനവധി കൊല്ലം മുന്പെൻ
  കുട്ടിക്കാലത്തില്ലത്തേ-
യ്ക്കരെ നിന്നും പൂവും കൊണ്ടൊരു 
കുട്ടിപ്പെ ണ്ണു വരാറുണ്ട്   

തെച്ചി പ്പൂങ്കുലയൊന്നൊരണ്ടോ
പച്ചത്തുളസീ ഗളമഞ്ചോ
മച്ചിലെ ദേവനു ചാർത്താനായവ-
ളെത്തും വെയിലു കനക്കുമ്പോൾ 

പട്ടിണിയുണ്ടുവളർന്നൊരു പെണ്ണി-
ന്നറ്റുകിടക്കും വയർ കണ്ടാൽ 
കഷ്ടം തോന്നി കഞ്ഞി കൊടുക്കും 
കെട്ടിൽ വിളിച്ചിട്ടെന്നമ്മ 

കുട്ടിച്ചെമ്പിലെ കഞ്ഞി കുടിച്ചൊരു 
കുട്ടിപ്പെണ്ണിൻ കഥ കേൾക്കാൻ 
കുട്ടികൾ ഞങ്ങൾ ചുറ്റും കൂടും 
മുറ്റത്തുള്ളൊരു മാഞ്ചോട്ടിൽ 

ഉച്ചക്കൊടുവെയിൽപോയാലിടവം 
കൊട്ടും കുരവയുമായ് വന്നാൽ 
കുട്ടിപ്പെ ണ്ണു വരാതാകും പുഴ 
യറ്റം മുട്ടെ യിരച്ചാർത്താൽ 

കർക്കിടകത്തിൻ കെടുതിയിൽ മുണ്ടു-
മുറുക്കി യുടുത്തൊരു കഥ ചൊല്ലാൻ 
എത്തും ചിങ്ങമണഞ്ഞാൽ വീണ്ടും 
തെച്ചിപ്പൂവിൻ കുമ്പിളുമായ്

പത്തു പണത്തിനു കൊള്ളരുതാത്തൊരു 
കുട്ടിപ്പെണ്ണോടന്നൊരു നാൾ 
കുട്ടിത്തത്തിനിളക്കം കൊണ്ടൊരു 
ദുശ്ചോദ്യം ഞാൻ ചോദിച്ചു 

"കുട്ടിപ്പെണ്ണേ നീയൊരു രൂപ കൊ-
ടുത്തൊരു ഭാഗ്യക്കുറി ചേർന്നാൽ 
പത്തല്ല മ്പതിനായിരമായ്പണ-
മൊത്താലെന്തതു ചെയ്തീടും ?"


പൊട്ടച്ചോദ്യമതെന്നാകിലുമ-
ക്കുട്ടി പ്പെണ്ണതറിഞ്ഞില്ല 
ഒട്ടും വൈകാതവളിൽ നിന്നും 
കിട്ടീ മറുപടി യീമട്ടിൽ 
   

"കുട്ടി ക്കാവിനു* സംശയമെന്തേ 
കിട്ടും ലോട്ടറി യെന്നാകിൽ 
കുപ്പാട്ടീന്നു* മനപ്പടി വരെയും 
കെട്ടും പാലം കട്ടായം 
കർക്കടകങ്ങൾ തകർത്താലും പുഴ-
മത്തു പിടിച്ചിഹ വന്നാലും 
മുട്ടില്ല ,ടിയനു* കഞ്ഞി മനക്കലെ 
കുട്ടിച്ചെമ്പിൽ നിന്നെന്നും "

പത്തുപണത്തിനുകൊള്ളരുതാത്തൊരു 
കുട്ടിപ്പെണ്ണിൻ വർത്താനം
കുട്ടികളൊത്തു കളിക്കുന്നെൻ ചെവി-
പൊട്ടും മട്ടുള്ളിടിയായി 

പൊട്ടിയിടിഞ്ഞു വിഴാറായുള്ളൊരു
പൊട്ടപ്പുര നന്നാക്കാനോ
പത്തു പറക്കണ്ടം മേടിച്ചതിൽ
മുപ്പൂവൽ കൃഷി ചെയ്യാനോ 
പട്ടും പൊന്നും വാരിയണിഞ്ഞു
പണത്തിൻ മേനിയിൽ ഞെളിയാനോ
കുട്ടിപ്പെണ്ണു കൊതിച്ചില്ല,വളിലെ
നിഷ്കാപട്യ ത്തികവാലെ 

കുട്ടിപ്പെണ്ണിൻ ചെറുമോഹത്തിൽ
ചിത്തം പാരമലിഞ്ഞിട്ടോ
ചെത്തിപ്പൂവുകൾ നിത്യം ചൂടിയ 
സൌഖ്യം നെറുകകുളിർത്തിട്ടോ
പത്തര മാറ്റിൻ വില കണ്ടിട്ടോ 
തൃപ്തി യടഞ്ഞൊരു ദേവന്മാർ 
സ്വത്തും പണവും വാരിയെറിഞ്ഞു 
ലക്ഷ്മീ ദേവിയുമൊത്തൊരു നാൾ 

ഒട്ടല്ലനവധി കൊല്ലം പിൻപീ
കുട്ടിപ്പെണ്ണിൻ നിനവിങ്കൽ 
കുട്ടിച്ചെമ്പും കെട്ടും മനയും 
സത്യത്തികവൊടു മിന്നുന്നു!

**************  


കുട്ടിക്കാവ് -  നായർസ്ത്രീകൾ നമ്പൂതിരി പെണ്‍കുട്ടികളെ വിളിക്കുന്ന പേര്
കുപ്പാട് ,കുപ്പമാടം- വീട് (ആചാരവാക്ക്)
അടിയൻ- ഞാൻ (ആചാരവാക്ക് ) 



20 comments:

  1. ഇത്തരം കവിതകൾ വായിക്കുമ്പോൾ ഒരു പ്രത്യേക സന്തോഷമാണ്.. ബാല്യത്തിലേക്ക് തിരികെയിറങ്ങി ചെന്ന്, പുൽവിരൽത്തുമ്പിലെ നിർമ്മലശീതം കണ്ണിലെഴുതുമ്പോഴുള്ള സുഖം..

    ഇനിയും ഏറെ നാളെഴുതാനാവട്ടെ..

    ReplyDelete
  2. നന്നായിട്ടുണ്ട്, വളരെ ഇഷ്ടായി ഈ കവിത...:)

    ReplyDelete
  3. കവിത്വവും സഹൃദയത്വവും തെളിയുന്നു കവിതയില്‍.
    വളരെ ഇഷ്ടപ്പെട്ടു

    ReplyDelete
  4. നന്നായിട്ടുണ്ട് - കുട്ടിപ്പെണ്ണിന്റെ ലോകം മുഴുവനും മനയായിരുന്നു, അല്ലെ?

    ReplyDelete
  5. വളരെ നന്ന് - കുട്ടിപ്പെണ്ണ്‍ കൊതിപ്പിച്ചു -ആ നിഷ്കളങ്കത....

    ReplyDelete
  6. കുട്ടിപ്പെണ്ണും, കുട്ടിച്ചെമ്പും മനസ്സിൽ മായാത്ത ചിത്രം വരച്ചു. ഗിരിജ എന്നെ പഴയകാലത്തേക്കു കൈപിടിച്ചുകൊണ്ടുപോയി. ആശംസകൾ


    ReplyDelete
  7. ഞാൻ ചൊല്ലികൊണ്ടേ ഇരിക്കുന്നൂ

    ReplyDelete
  8. കവിത ... കവിത ... ബ്ലോഗിൽ കവികളുണ്ട് ..
    വളരെ ഇഷ്ടമായി .. സന്തോഷം തോന്നുന്നു .

    ReplyDelete
  9. ഗിരിജേടത്തി, കുട്ടിച്ചെമ്പിലെ കഞ്ഞികുടിച്ച് കുട്ടിപെണ്ണിനെ നേരിട്ടു കണ്ടതിനു ശേഷം കവിത വീണ്ടും വായിച്ചു. ഇപ്പോൾ എല്ലാം നേരിട്ടു കണ്ട പോലെ തോന്നുന്നു. കുട്ടിപെണ്ണിന്ടെ നിഷ്കളങ്കതയും തെച്ചിപൂക്കളും കുട്ടിച്ചെമ്പും.

    മാലിനി

    ReplyDelete
    Replies
    1. malinee, kavitha vaayichu abhipraayam ariyichathil santhosham.ee kavitha Lathayude aniyatthi Prabhayude makalude aayani ooninu njaan cholli.ellaavarkkum ishtaayi.prathyekichu Punnappuratthe ammakku.aa ammayaanallo chodyam chodichathu.njaan malayalatthil oru mail ayachu,kittiyo?Girijedatthi.

      Delete
  10. ഗിരിജേടത്തി എനിക്കും കവിത ചൊല്ലി കേൾക്കാൻ മോഹമാകുന്നുണ്ട്. അടുത്ത തവണ കാണുമ്പോൾ ആകാം അല്ലെ.
    എനിക്ക് മലയാളത്തില്ലുള്ള mail കിട്ടിയില്ല ട്ടോ .
    My mail id is malinirajesh@gmail.com

    ReplyDelete
  11. ഓര്‍മ്മകള്‍ക്കൊപ്പം നടക്കുന്നു......

    ReplyDelete