ഭീതി പൂണ്ടന്ത്യത്തിന്ടെ
കാലൊച്ച കേട്ടും കൊണ്ടീ
ഗൂഢമാം കശാപ്പുശാ-
ലക്കകം നിൽപാണു ഞാൻ
യാതൊരു മാർഗേനയൊ-
ന്നറിയിച്ചിടും പുതു -
ജീവനൊന്നുള്ളിൽ സുപ്തി-
കൊണ്ടിരിപ്പതാം കാര്യം
പുല്ലുമേയുവാൻ പോയ-
താണെന്നാ,ലാരും കണ്ടി-
ല്ലുന്നത,നാരോഗ്യവാ-
നായുള്ള വൃഷാര്യനെ
ഗംഭീര ഭാവം ചേർന്ന
കൊമ്പുകൾ, മൃദുമേനി
ചന്തമുള്ളവന്നൊത്ത-
പൂഞ്ഞ, ഭംഗിയുള്ള വാൽ
കോൾമയിർ കൊണ്ടീടുക-
യാണു ഞാൻ പ്രേമം കൊണ്ടീ-
യോർമ്മ വന്നിടും നേരം
,മൃത്യു കാത്തു നില്ക്കിലും
ചോർന്നുപോം കാലം വീണ്ടു-
കിട്ടില്ല ,ജീവൻപോലു -
മൂർന്നു പോകാറായ് നാളു-
ണ്ടെത്ര !അല്ല നാഴിക !
കണ്ണുനീർ പൊഴിക്കുവാ-
നാകില്ല നരവർഗ-
പ്പെണ്ണല്ല , നാവോ മർത്യ-
ഭാഷയ്ക്കു വഴങ്ങില്ല
ഉള്ളം വിങ്ങിടും നെരി-
പ്പോടുപോ,ലെരിഞ്ഞാകെ -
പ്പൊള്ളുവാൻ മാത്രം വിധി-
പ്പെട്ടുള്ള മിണ്ടാപ്രാണി
എത്ര പേറു പെറ്റു ഞാൻ
പാലെത്ര ചുരത്തിയെൻ
കർഷക വൃത്തൻ യജ-
മാനന്നു വേണ്ടിപ്പണ്ടേ
"വൃദ്ധയായിവൾ ഇനി-
യൊന്നിനും കൊള്ളാത്തോളായ്
വിറ്റു കാശാക്കാ"മെന്നു
നിർദ്ദയം വിചാരിച്ചോ
ജീവനെ,പ്പേറീടുമെ-
ന്നു,ദരം വീർക്കാൻ ഹേതു
ജീവാവസാനത്തിന്നു
വന്ന രോഗമായോർത്തോ
ദൂരങ്ങളെമ്പാടും ഞാൻ
താണ്ടി യാതനയെന്തു -
മാതിരി യനുഭവി,ച്ചി-
വിടം വരേക്കെത്തി !
ആരും കേൾക്കുവാനില്ലെൻ
രോദന,മെന്നുള്ളൊരെൻ-
രോദനം വിധാതാവിൻ
കർണ്ണത്തിൽ പതിഞ്ഞുവോ
നോവുണർന്നുവോ പുറം-
തടവാനദൃശ്യയായ്
ദേവി പാർവതി ദയാ-
വായ്പോടെ വന്നെത്തിയോ
ദിവ്യത്വം നിറഞ്ഞൊരാ-
സ്പർശ സാന്ത്വനങ്ങളിൽ
നവ്യമാ മുണർവ്വോടു-
മൽപവേദനയോടും
മഞ്ജുള സ്വരൂപനാം
മൂരിക്കുട്ടനെ,പ്പെറ്റി-
തമ്പരപ്പുമായ് ചുറ്റു-
മാരാച്ചാരാന്മാർ നില്കെ
പിച്ച വെച്ചുമീ കുഞ്ഞി-
ക്കുളമ്പു വഴുക്കുമ്പോൾ
വേച്ചുമെൻ പാലൂറീടു-
മകിടിൽ മുട്ടിക്കൊണ്ടും
അച്ഛന്ടെ,യാകാരത്തിൽ
വന്നവൻ നീയമ്മക്കു
തുച്ഛമായെന്നാകിലു-
മായുസ്സു നീട്ടിത്തന്നു
***************
(കശാപ്പിന് കൊണ്ടുവന്ന പശു പ്രസവിച്ചു എന്ന പത്രവാർത്തയെ ആസ്പദമാക്കി എഴുതിയത്.മിണ്ടാപ്രാണികൾക്ക് പ്രസവവേദന വരുമ്പോൾ ശ്രീപാർവതി പുറം തടവാനെത്തും എന്ന് ഗ്രാമീണ സങ്കൽപം.)
എന്റെ അമ്മ 6 വര്‍ഷം മുമ്പ് മരിച്ചു
ReplyDeleteഅതുവരെ തൊഴുത്തില്‍ പശുക്കളും കിടാവുകളും ഉണ്ടായിരുന്നു
വളര്‍ത്തുവാനല്ലാതെ കശാപ്പിന് ഒരു മൃഗത്തെപ്പോലും അമ്മ കൊടുത്തിട്ടില്ല. (ഇപ്പോള്‍ തൊഴുത്ത് വിറകുപുരയാണ്. കാലികളോട് സ്നേഹമുള്ള അമ്മയില്ല. പുതിയ തലമുറയ്ക്കാണെങ്കില്‍ പാല്‍ വാങ്ങുന്നതാണിഷ്ടവും എളുപ്പവും)
കവിതകളെല്ലാം വളരെ നന്നായിരിയ്ക്കുന്നു!
prolsaahanatthinu nandi!
Deleteഈ വിശ്വാസം എനിക്ക് അറിയില്ലായിരുന്നു. കവിത നന്നായിട്ടുണ്ട് .
ReplyDeletesanthosham,Hema.
ReplyDeleteസഹജീവിയോടുള്ള സ്നേഹം.... കവിതകളിലെല്ലാം...
ReplyDelete