Sunday, 4 May 2014

കാണാൻ പോണ പൂരം.

(പത്തു വയസ്സുള്ള ഒരു ബാലൻ,അര നൂറ്റാണ്ടിനു ശേഷം തന്ടെ കൊച്ചുമകനേയും കൊണ്ട് തൃശ്ശൂർ പൂരം കാണാൻ  പോകുന്ന രംഗം.)

പുത്രിതൻ കൊച്ചു പുത്രനോടൊത്തിന്നു 
തൃശ്ശിവപുരി തന്നിൽ വന്നെത്തി ഞാൻ 
ശക്തൻ, നൂറ്റാണ്ടുകൾ മുൻപു കൽപിച്ചൊ-
രുത്സവക്കാഴ്ച നേരിട്ടു കാട്ടുവാൻ 

ആറുനാൾ മുൻപു തന്നെ കൊടിയേറി 
ദേവമേളയ്ക്കൊരുങ്ങുന്ന കാവുകൾ 
നാടുനീളെ പറയെടുത്തുംകൊണ്ടു
വാണിടുന്നൂ ദിനരാത്രമെന്നിയെ 

കുറ്റൂർ നെയ്തലക്കാവിൽ ഭഗവതി 
തെക്കേ ഗോപുരവാതിൽ തുറക്കവേ 
എത്തിടുന്നൂ ചമയവും പന്തലും 
ഒത്തുകാണുവാനൊട്ടേറെയാളുകൾ 

പൂരനാളങ്ങുണർന്നാൽ ചെറുപൂര-
മോടിയെത്തുന്നു കണ്‍കുളിർപ്പിക്കുവാൻ 
പഞ്ചവാദ്യക്കൊഴുപ്പിൽ മഠത്തിൽ നി-
ന്നൻപിൽ വന്നെത്തുമമ്പാടിദേവിയും 

ചെമ്പട കൊട്ടി പാറമേക്കാവിൽ നി-
ന്നമ്മ വന്മതിൽക്കെട്ടിലേയ്ക്കെത്തവേ 
കേളിയേറുമിലഞ്ഞിത്തറമേള-
മാകുവോളമടുത്താസ്വദിച്ചു നാം 

പിന്നെ തെക്കോട്ടിറക്കമായ് ഞങ്ങളീ 
വർണ്ണ വിസ്മയക്കാഴ്ചയ്ക്കൊരുങ്ങവേ 
കുഞ്ഞുകുട്ടന്ടെ കണ്കളിലാശ്ചര്യ-
പ്പൊൻ വെട്ടം കണ്ടെന്നുള്ളൊന്നിരുണ്ടുപോയ് 

പൊൻ തലേക്കെട്ടു പട്ടുകുടകളും 
വെണ്‍ചമരീമൃഗമുടിച്ചന്തവും 
നന്മയിൽപീലിയാലവട്ടങ്ങളും 
ഭംഗിചേർന്നണിഞ്ഞീടുമീയാനകൾ

പട്ടതിന്നാത്ത വെള്ളം കുടിക്കാത്ത 
കെട്ടുവാൻ ബലച്ചങ്ങല വേണ്ടാത്ത
മത്തുണർന്നാൽ മദിക്കാത്ത ,യന്തിര-
മത്തേഭങ്ങൾ നിരന്നു നില്പ്പാണു ഹാ

 കയ്യിലോരോ റിമോട്ടായ് ഗജാദ്ധ്യക്ഷർ 
മെയ്യനങ്ങാതെ നില്ക്കുന്നു പിന്നിലായ് 
ബട്ടനൊന്നങ്ങമർത്തിയാൽ മസ്തകം 
പൊക്കിനിന്നീടുമീ യന്ത്രവാരണർ 

പച്ച സ്വിച്ചൊന്നമർന്നാൽ നടപൊക്കു-
മപ്പുറത്തേതമരങ്ങൾ ധെറ്റിടും 
പിന്നെയൊന്നാൽ ചെവിയാട്ടുമിങ്ങനെ 
നന്നു വൈദ്യുതീ ഭുക്തരാം ഹസ്തികൾ 

അന്പതാണ്ടുകൾ മുന്പെന്നു തോന്നുന്നു 
ജന്തുപീഡനം പാടെ മാറ്റീടുവാൻ 
ഉന്നതങ്ങളിൽ ചെന്നാർ,നിവേദന-
മങ്ങു നല്കീ ഗജസ്നേഹശാലികൾ 

ഉത്സവങ്ങളിലാനകൾ വേണ്ടെന്നു-
വയ്ക്കുവാൻ വിധി വന്നെന്നു മാത്രമോ 
നാട്ടിലുള്ള നാഗങ്ങളെക്കൂട്ടമായ് 
കാട്ടിലേക്കു വിട്ടീടേണമെന്നുമായ് 

കാട്ടിലെത്തീ കളഭങ്ങളെന്നോർത്തു 
കാട്ടുതസ്കരർക്കേറ്റമുത്സാഹമായ് 
തോക്കുമായിപ്പുറപ്പെട്ടു കൊമ്പിനായ് 
വേട്ടയാടിത്തകർത്തു പാവങ്ങളെ 

പുത്രസൌഭാഗ്യമേൽക്കാതെ വന്ധ്യരായ് 
ദു:ഖിതർ നഷ്ടനാഥർ പെണ്ണാനകൾ 
കഷ്ട !മാരണ്യ ഭൂവിൽ ചെരിഞ്ഞുപോയ് 
സഹ്യസൗന്ദര്യ വർഗ്ഗം നശിച്ചുപോയ് 

വിങ്ങുമെൻ മനം കണ്ണീരു തൂകവേ 
അല്ലലോടെ ഞാനോർത്തങ്ങു നിന്നുപോയ് 
കുഞ്ഞുമക്കൾക്കു കാട്ടിക്കൊടുക്കുവാൻ 
രംഗനാഥന്ടെ പഞ്ജരം മാത്രമായ്.

*****************************
ഗജാദ്ധ്യക്ഷൻ ,ആനക്കാരൻ 
നട മുൻകാൽ അമരം പിൻകാൽ 

(തൃശ്ശൂർ മൃഗശാലാമ്യൂസിയത്തിൽ ചെങ്ങല്ലൂർ രംഗനാഥന്ടെ അസ്ഥിപഞ്ജരം സൂക്ഷിച്ചിട്ടുണ്ട്)
     
(മോഴകൾക്ക് പ്രത്യുൽപ്പാദനശേഷിയുണ്ടെന്ന കാര്യം മറന്നതായി നടിച്ചതിൽ ,അവർ എന്നോട് ക്ഷമിക്കട്ടെ)


          

No comments:

Post a Comment