Wednesday, 29 October 2014

സൂതികായോഗം

സൂതികാഗേഹം തന്നി-
ലാണു ഞാൻ പഠനത്തിൻ 
ഭാഗമായൊപ്പം ചേർന്ന 
മറ്റു കൂട്ടുകാരുമായ്
ഏറീടുമാശങ്കയു,
മമ്പരപ്പുമായ് നിൽപ്പൂ 
നോവാൽ കരഞ്ഞീടുമി-
പ്പെണ്ണിന്ടെ ചാരത്തായി   

ആദ്യമായ് മാതാവാകാൻ-
പോകുന്നോൾ,ഞാനോ ജന്മ-
ത്താദ്യമായൊരു സൃഷ്ടി-
സാക്ഷ്യത്തിന്നൊരുങ്ങുവോൾ 
ഈറ്റുനോവിനാലാധി-
പ്പെട്ടോൾക്കു ധൈര്യം നൽകാ-
നേറ്റവളൽപ്പം ധൈര്യ-
മുള്ളത്തിൽ നിറയ്ക്കാത്തോ

വേദനയാലാ മുഖം 
വിളർത്തെന്നാലും,നെറ്റി -
മേലവളണിഞ്ഞൊരു 
മാലേയക്കുറിവൃത്തം
ചേണാർന്നു വിളങ്ങുന്നു 
തെല്ലുമേ കോട്ടം തട്ടാ-
തേണാങ്കബിംബം കണ-
ക്കെന്നു ഞാൻ നോക്കിക്കണ്ടു 

"നേരമായ് ഭയംകൂടാ-
തവളെ,സ്സഹായിക്കാൻ 
നേരമായ്"സ്നേഹാർദ്രമാം 
ഗുരു നിർദ്ദേശം കേൾക്കെ 
ഭീതി വിട്ടു ഞാൻ സ്വീക-
രിച്ചിത,ക്കുരുന്നിനെ 
മോദരോമാഞ്ചങ്ങളാ-
ലെന്ടെ കൈകളാൽത്തന്നെ 

ഗർഭഭാരത്തിൽ നിന്നു 
മോചിത,യവൾക്കുഞാ-
നർഭക,തന്നെക്കൊണ്ടു 
കാണിച്ചു സസന്തോഷം
സുസ്മിതം ചേർന്നൂ നവ്യ-
മാതാവിന്നധരത്തിൽ 
സുശ്രവ്യമായി കുഞ്ഞി-
ക്കരച്ചിൽ കർണ്ണങ്ങളിൽ 
***
വർഷങ്ങൾ പോയിട്ടിന്നൊ-
രാതുരാലയത്തിൽ ഞാ-
നുദ്യോഗാർത്‌ഥമായ് ചേർന്നു 
സ്ത്രീ രോഗ വിജ്ഞാനിയായ് 
എത്ര കൈശോരങ്ങളെ 
കൈകളാലെടുത്തു പോ-
ന്നെത്ര ശൈശവങ്ങൾ ത-
ന്നാദ്യരോദനം കേട്ടു !

നോവറിഞ്ഞീടാൻ മാതൃ-
ത്വത്തിൻ നിർവൃതി നേടാൻ
നോവോടെയൊരു നാളി-
ലമ്മയായ്ത്തീർന്നൂ ഞാനും 
സേവനം തുടരുന്നി-
തിപ്പൊഴും കാൽനൂറ്റാണ്ടു 
കാലമായിട്ടും പ്രീതി-
പൂർവമെൻ കർത്തവ്യത്തിൽ 

ഇന്നിപ്പോൾ കാണായെന്ടെ-
യന്തിക ത്തൊരാൾ,ചുണ്ടിൽ 
പുഞ്ചിരി നിറച്ചും കൊ-
ണ്ടെന്നോടു ചോദിക്കയായ് 
"ഒന്നോർക്കാനാമോ ഞങ്ങ-
ളാരെന്നു ചൊല്ലീടാമോ"
തന്മകളൊത്താണെത്തി 
നിൽക്കുന്നീ മാന്യാംഗന


കണ്ടതെന്നാണെന്നു ഞാ-
നോർമ്മിക്കാൻ ശ്രമിക്കവേ
കണ്ടു നെറ്റിമേൽ വൃത്ത-
മൊത്ത ചന്ദനപ്പൊട്ട് 
അന്നൊരു നാൾ ഞാൻ കാണ്‍കെ-
യമ്മയായവളാണീ-
യമ്മയെന്നോർമ്മിക്കവേ 
വിസ്മയം ചേർന്നെന്നുള്ളിൽ

അമ്മതന്നോരം ചേർന്നു 
നിൽക്കുമത്താരുണ്യത്തെ-
യമ്മതൻ വാൽസല്യത്താ-
ലൊട്ടിട നോക്കിക്കണ്ടു 
അന്നെന്ടെ കയ്യിൽ വന്നു-
വീണവൾ വളർന്നിട്ടി-
ന്നമ്മയാകാറായ് !ഓർത്തു -
കുളിർ കോരുന്നൂ ചിത്തം 

സൂതികാഗൃഹം തന്നിൽ 
ചെന്നെത്തി വീണ്ടും വേഗാൽ 
സ്നേഹസാന്ത്വനം ചെയ്തേൻ 
പെറ്റമ്മയെന്നാം വണ്ണം 
ആമോദം നിറഞ്ഞുള്ള 
ഹൃത്തുമാ,യീഭൂവിലേ-
യ്ക്കാനായിച്ചെൻകൈകളാൽ
മറ്റൊരു പെണ്‍കുഞ്ഞിനെ

ഈശ്വരനിയോഗത്തെ-
യോർക്കവേ മോഹിച്ചൂ ഞാ-
നീശ്വരകടാക്ഷമായ് 
ദിവ്യമീ വരം വാങ്ങാൻ 
ചേർക്കണമാരോഗ്യവു-
മായുസ്സുമീക്കുഞ്ഞിന്ടെ 
പേറ്റുനോവുൾക്കൊള്ളാനും 
കുഞ്ഞിനെ കൈക്കൊള്ളാനും 

***************   
       

Saturday, 18 October 2014

ഓണക്കാഴ്ച

ചിങ്ങമാസമായ് തിരു-
വോണത്തിന്നൊരുക്കങ്ങ-
  ളില്ലത്തെ പൈതങ്ങൾക്കു-
മെല്ലാർക്കു മുത്സാഹമായ് 
തുമ്പപ്പൂവിറുക്കുവാ-
നോട്ടമായടിയാത്തി-
പ്പെണ്‍കിടാങ്ങളുമത്ത-
പ്പൂക്കള മിട്ടീടുവാൻ 

ഓണക്കാഴ്ചയും കൊണ്ടു 
നാലുദിക്കിലും നിന്നാ-
യേറെപ്പേർ കുടിയാന്മാർ 
വന്നെത്തുന്നതിൻ മുൻപേ 
"ആരാണിന്നേറ്റം നല്ല 
കാഴ്ചയെത്തിക്കുന്നവ-
ന്നോണസ്സമ്മാനം," ജന്മി 
കൽപ്പിച്ചൂ സകൌശലം 

ആലിൻ ചോട്ടിലും നാലു 
പേരെത്തും 'പാണ്ട്യാലേലും'
വാലിയക്കാരെത്തിച്ചാർ 
അരുളപ്പാടിൻ കൂട്ടം 
ഓരോരുത്തരായ് "ഞാനാ,-
ണെന്ടെ,യാണതികേമ"- 
മീവിധമോർത്തും കൊണ്ടെ-
ത്തീടുന്നു തിടുക്കത്തിൽ 

വന്നൊരാൾ പൊന്നൊത്തുള്ള 
നേന്ത്രപ്പഴത്തിൻ കുല  
രണ്ടെണ്ണം 'കാവിൽ' ചുമ-
ന്നിറക്കീ ചുറുക്കനെ 
പിന്നൊരാൾ മത്തങ്ങകൾ 
മറ്റൊരാൾ പെരുംചേന 
കുമ്പളങ്ങയും ചേമ്പും 
കൊണ്ടുവന്നൊരാൾ നിൽപ്പൂ 

 ചക്കരക്കിഴങ്ങുമായ് 
വന്നെത്തിയൊരുത്തനോ 
ചക്കര തോൽക്കും പൂവൻ-
പഴമായണഞ്ഞൊരാൾ 
തുഷ്ടനായ് തൃക്കണ്‍ പാർത്തു 
കാഴ്ച്ചകളെല്ലാം,കുട്ടി-
ക്കൃഷ്ണൻ വന്നെടുത്തിട്ട-
ത്തെക്കേക്കെട്ടിലെത്തിച്ചാൻ 

ആർക്കു നൽകീടും തമ്പ്രാൻ 
സമ്മാനമെന്നായ് കാത്തി-
ട്ടാൾക്കാരു നിൽപായ് മന-
പ്പറമ്പിന്നരുക്കലായ് 
ചാക്കുവും നീലാണ്ടനും 
കൊച്ചുവും മുഹമ്മദും 
ചാക്കോരു,മാണിക്കനും
കുഞ്ഞനും കുട്ടപ്പനും 

ഒട്ടിടയെല്ലാവരും 
നിൽക്കവേ,പടികട-
ന്നെത്തുന്നു രാമൻ നാട്ടു-
കാർക്കെല്ലാ,മപഹാസ്യൻ 
മുറ്റത്തു പരുങ്ങീട്ടു 
പൂമുഖപ്പടിതന്നിൽ 
  വെച്ചെന്തോ പൊതിക്കെട്ട്,
പിൻവാങ്ങി നിന്നൂ ഭവ്യം 

തമ്പുരാൻ നോക്കേ കാണ്മു 
സ്വർണത്തിൻ കാവൊന്നതിൻ 
രണ്ടുതട്ടിലായ്‌ സ്വർണ്ണ -
വർണ്ണ നാരങ്ങാ ദ്വയം!
ഉള്ളത്തിൽ തോഷം പൂണ്ടു 
കൽപ്പിച്ചൂ "രാമൻ തന്നെ 
സമ്മാന്യൻ "തൃക്കൈ കൊണ്ടു 
നൽകിനാ,നോണപ്പുട 

"ഉണ്ടിട്ടേ പോയീടാവൂ" 
പൊൻകാഴ്ച ,യെടുത്തും കൊ-
ണ്ടുണ്ണുവാനകത്തളം 
തന്നിലേയ്ക്കെഴുന്നള്ളി 
അങ്ങിങ്ങു നിൽപ്പോ ,രിച്ഛാ-
ഭംഗരായ് മടങ്ങവേ 
ഉള്ളം നിറഞ്ഞൂ രാമ - 
   നുമ്മറത്തുന്നും പോന്നു   

ഉച്ചവിശ്രമം ചെയ്തു 
തമ്പുരാൻ മുറുക്കുവാൻ 
വെറ്റിലച്ചെല്ലത്തിനായ് 
പൂമുഖത്തെത്തീടവേ 
മുറ്റത്തെ മാവിൻ ചോട്ടി-
ലപ്പോഴും നിൽപ്പൂ രാമൻ 
മുറ്റുമത്ഭുതം ചേർന്നി-
ട്ടാരാഞ്ഞു നമ്പൂതിരി 

"ഉണ്ടില്ലേ ,ചുറ്റിപ്പറ്റി 
നിൽക്കുവാനെന്തേ,പഴേ-
മുണ്ടൊന്നിനാണോ വീട്ടു-
കാരിക്കു കൊടുത്തീടാൻ ?
ചൊല്ലുവേ,നകായിൽ ചെ-
ന്ന"ദ്ദേഹം ചൊല്കെ ,തെല്ലു-
വല്ലായ്മ ഭാവിച്ചും കൊ-
ണ്ടോതിനാൻ വിനീതനായ് 

"ഒന്നട്യേനുണർത്തിച്ചാൽ 
തിരുവുള്ളക്കേടാകാ 
തന്നതില്ലല്ലോ കാഴ്ച 
യെത്തിച്ച 'പഴംകാവ്'
നൽകുവാൻ തിരുമന-
സ്സായെന്നാൽ കുപ്പാട്ടിലേ-
യ്ക്കങ്ങിവൻ വിടകൊള്ളാം"
വായ്പൊത്തി നിന്നൂ വീരൻ!

***********
( ഒരു പഴംകഥയോട് കടപ്പാട് )
         
പാണ്ട്യാല (പാണ്ടികശാല ) = പീടിക 
       

  

Monday, 13 October 2014

പൊക്കം

 മിച്ചഭൂമിതൻ കേസു-
കെട്ടുമായൊരുനാളി -
ലച്ഛൻ തമ്പുരാൻ ജില്ലാ-
ക്കോടതിയണഞ്ഞപ്പോൾ
അഗ്രാസനത്തിൽ മേവും 
ജഡ്ജിയെക്കാണ്‍കെ ചെറ്റു 
വിസ്മയത്താലേ നിന്ന-
നിൽല്പേറെ നേരം നിന്നു!

ഇല്ലത്തെ പാരമ്പര്യ-
ത്തെങ്ങു കേറ്റക്കാരന്നു 
നന്മകൻ പിറന്നതും 
കേമനായ് വളർന്നതും 
ചൊല്ലിക്കേട്ടതെല്ലാമേ 
വിസ്മൃതമായി ,ഭൂമി-
വല്ലോർക്കും വീതിച്ചതിൻ 
നോവുകൾ നീറ്റീടവേ 

ശുഭ്ര വസ്ത്രവും തോളിൽ 
ചേർന്നൊരീരെഴത്തോർത്തും 
നിത്യക്ഷൌരത്താൽ ശോഭ 
വാച്ചിടും തദാസ്യവും 
കഷ്ടകാലത്താൽ മാറി -
മറിഞ്ഞു ,മുഷിമുണ്ടും 
കുറ്റിത്താടിയും,കോലം-
കെട്ടുപോയുർവീസുരൻ 

എത്രയും പരിക്ഷീണ-
നായ് വന്നുനിൽക്കും വയോ-
വൃദ്ധനാം വിപ്രൻതന്നെ 
കണ്ടതായ് ഭാവിക്കാതെ 
ഉത്തുംഗസ്ഥാനേ നീണ്ടു-
നിവർന്നു ഗംഭീരമാം
മട്ടുമായിരിപ്പായി 
തെല്ലും കൂസലില്ലാതെ 

"നമ്പൂരി കണ്ടോ ഞാനി-
ന്നെത്ര പൊക്കത്തിൽ" പെരും-
ഗർവ്വോടെ,യേമാനുള്ളിൽ 
പുച്ഛിക്കെ, ഭൂദേവനോ
തന്നത്താനോതീ  "തെല്ലും
വേണ്ട വൻപുകൾ,പണ്ടു-
നിന്നേക്കാൾ പൊക്കത്തു ഞാൻ 
കേറ്റി നിൻ പിതാവിനെ " 

(ആരോ പറഞ്ഞുകേട്ട കഥ )

***************