Friday, 13 October 2023

 വേളി

ഇല്ലത്തു വേളിയാണല്ലോ

പിള്ളേർക്കെല്ലാമൊരുത്സവം

തുള്ളിച്ചാടിക്കളിക്കാനാ-

യെല്ലാരും ചെന്നു "മച്ചിലായ്"

"വേളിക്കളി" കളിച്ചീടാം

നാമി,ന്നെന്നൊരു ബാലകൻ

ആവാമെന്നാർത്തുപാടുന്നു

കൂടെയുള്ള മിടുക്കരും

പെണ്ണേതെന്നുള്ളകാര്യത്തിൽ

സംശയിക്കേണ്ട നിശ്ചയം

തേതിക്കുട്ടിയതാണേറ്റം

കാണാൻ സൗന്ദര്യമുള്ളവൾ

കന്യാദാനം നടത്തീടാൻ

താതൻ ഞാനെന്നു ചൊന്നൊരാൾ

വാൽക്കണ്ണാടിയും മാലേം

നൽകാൻ,ഭദ്ര,യൊരമ്മയായ്

മലർ,വാരിക്കൊടുത്തീടാൻ

വരാം സോദരനായിഞാൻ

*"കുടി" പിടിയ്ക്കാൻ വന്നീടാ

മെന്നു,മാതുലനാണുഞാൻ

ഓതിയ്ക്കനാവാം താനെന്നാ-

യോനിച്ചുണ്ണിയൊരാളഹോ

പാനക്കുടമുഴിഞ്ഞീടാൻ

ദേവസേനയൊരുക്കമായ്

ആയിരത്തിരി കാണിക്കാൻ

നീലാണ്ടൻ വന്നുനിൽക്കയായ്

വേളിയോത്തുമുഴക്കാനായ്

നാലാളെത്തീ,സമർത്ഥരായ്

വേളിക്കാരനെയാരാഞ്ഞി-

ട്ടേവരും നോക്കിനിൽക്കവേ

ഞാനാവാം,തേതിതൻമുന്നി-

ലാവിർഭവിച്ചു,മറ്റൊരാൾ

ശൈശവം വിട്ടുമാറാത്ത

കുസൃതിക്കണ്ണുകൊണ്ടവൾ

മുന്നിൽനിന്നവനെക്കണ്ടു

മെല്ലെ,പുച്ഛത്തൊടോതിനാൾ

"കാക്കക്കറുമ്പനയ്യയ്യേ !

ഞാനില്ലി,ന്നീ,ക്കളിക്കിനി"

ആനനം താഴ്ത്തി നില്പായീ

ശ്യാമവർണ്ണൻ വിവർണ്ണനായ്

" കുട്ട്യോളെല്ലാരുമെത്തീടിൻ

ഉണ്ടിട്ടിനി കളിച്ചിടാം"

അശരീരിയുയർന്നപ്പോൾ

വിരവിൽ പാഞ്ഞു ബാലകർ

                     *****

വർഷങ്ങൾ പലതുംചെന്നു

തേതിക്കുട്ടി വളർന്നുപോയ്

വിവാഹസുദിനം വന്നൂ

വേദി തെക്കിനിയാണുപോൽ

മന്ത്രകോടിയുടുപ്പിച്ചി-

ട്ടമ്മാമി,യന്നൊരുക്കവേ

നാലുമുണ്ടുതെറുത്തിട്ടു

മൂടിയ,പ്പെൺകിടാവിനെ

"ഉത്തരീയം ധരിച്ചാളെ

നോക്കാം" വൈദിക,നോതവേ

ചെറുതാം വിടവിൽക്കൂടാ-

"മുഖദർശന" മൊത്തുവോ !

ആദ്യരാത്രിയിൽ നാണത്തോ-

ടറയിൽ ചെന്നിരുന്നവൾ

ഇരുകയ്യാൽ മുഖംപൊക്കി-

ക്കാന്തൻ ചോദിച്ചു മെല്ലവേ

"പറയൂ,ദേവി,ഞാനിന്നും

നിൻകണ്ണിന്നു കറുമ്പനോ?

അരുതെന്നവൾ വായ്പൊത്തി-

" യങ്ങിപ്പോൾ കാമദേവനാം"😂😂

                  *************

ഗിരിജ ചെമ്മങ്ങാട്ട് 

കുടി പിടിക്കുക = നാലുവലിയമുണ്ടുകൾ തെറുത്ത് ആകെ മൂടിക്കൊണ്ടാണ് വധു വിവാഹവേദിയിൽ വരിക.അവളെ ചേർത്തുപിടിച്ച്  നടക്കാൻ സഹായിക്കുക എന്നത് അമ്മാമന്റെ കർത്തവ്യമാണ്,അവകാശവും.

No comments:

Post a Comment