Friday, 15 December 2023

 ഗന്ധർവ്വഗായിക


 വിശ്വമുറങ്ങുമീരാത്രിയിലേകയായ്

മട്ടുപ്പാവേറിയിരിക്കുന്നേരം

മുറ്റത്തുപൂവിട്ടുനിൽക്കുന്നുചെമ്പകം

കൊച്ചുമാമ്പൂമണം വെണ്ണിലാവും

കാർമേഘമെന്യേ തെളിഞ്ഞൊരാകാശവും

പാതിരാത്തെന്നലിൻമർമ്മരവും

മോഹങ്ങൾപൂക്കുമീവേളയിലെന്മനം

പോയജന്മത്തിലേയ്ക്കോടിയെത്തി

ഗന്ധർവ്വലോകത്തിൽ ഞാനന്നുസുന്ദര-

ഗന്ധർവ്വബാലകനായിരുന്നു

സുന്ദരിമാരിൽ പുളകംനിറയ്ക്കുന്ന

കിന്നരഗായകനായിരുന്നു

പാടിനടക്കുമ്പോഴന്നൊരിക്കൽ,കഷ്ടം

നേരമ്പോക്കൊന്നു ഞാൻ ചെയ്തുപോയി

നാരിതൻ രൂപമെടുത്തിട്ടു കന്യക-

മാരൊത്തുകേളിക്കായ് ചേർന്നുപോയി

ആരാണോ,ഗന്ധർവ്വരാജാവിൻമുന്നിലെൻ

ഘോരാപരാധത്തെ വിസ്തരിച്ചൂ

ക്രോധമടക്കുവാൻ വയ്യാതെ മന്നവൻ

ശാപവാക്കാലന്നു,ശിക്ഷനൽകി

" പോകണം നീയിന്നീ,വിണ്ണിടംവിട്ടിട്ടു

ഭൂവിലൊരിടത്തുചെന്നുവീഴാൻ

നാരീരൂപംകെട്ടി,കോമാളിയായനീ

നാരിയായ്ത്തന്നെ പിറന്നീടണം"

മുജ്ജന്മം പൂരുഷനായതുകാരണ-

മിജ്ജന്മ,മാണിൻ കരുത്തുമായി

ഇപ്പോഴീ,യുച്ചതിരിഞ്ഞുള്ളനേരത്തും

മുഗ്ദ്ധസ്വരത്തിൽ ഞാൻ പാടീടുന്നു

                     *********

ഗിരിജ ചെമ്മങ്ങാട്ട് 

( ഗന്ധർവ്വഗായകർ എന്തെങ്കിലും തെറ്റുചെയ്താൽ ഭൂമിയിൽ മനുഷ്യനായി ജനിക്കാൻ ശാപംകിട്ടുമെന്ന് ഒരു സങ്കല്പം)

No comments:

Post a Comment