ആയിരത്തിരി
ഇന്നുഞാൻ*ഋതുസ്നാത
യായവൾ,അന്തിച്ചോപ്പിൻ-
ഭംഗിയുംനോക്കിക്കൊണ്ട
ങ്ങിരിക്കും വൈകുന്നേരം
വന്നൊരാളരികത്ത്
തോന്നലായീടാമൊരു-
മന്ദ്രമാംവിളി"ഭദ്രേ..."
കാതിനിമ്പമാമീണം !
ചുറ്റിലും നോക്കീടവേ
ആരുമില്ലരികത്തു
തെച്ചിപ്പൂങ്കുലയൊന്നു
പുഞ്ചിരിപ്പതായ് കണ്ടു
കൊച്ചുതെന്നലാവഴി
യെങ്ങോട്ടോപോകുന്നേരം
തട്ടിയതാണോ,കവി
ളത്തൊരുമൃദുസ്പർശം!
എന്നിലുണ്ടായോചെറു
തായൊരുമാറ്റം!ചിന്തി-
ച്ചങ്ങനെയുറങ്ങാതെ
ശയ്യയിൽകിടക്കവേ
പിന്നെയുംസ്വകാര്യമായ്
വന്നെന്റെകാതിൽ,ചിത്ത-
മൊന്നുലയ്ക്കുമ്പോലാണാ
നിസ്വനംസ്നേഹാർദ്രമായ്
"കന്യകേ,പേടിയ്ക്കായ്ക
ഞാനൊരുഗന്ധർവ്വനാ
ണെല്ലാരുമെന്നെ"വിശ്വ
വസു"വായ് വിളിക്കുന്നു
വന്നുഞാൻ രജസ്വല
യായനിൻചാരത്തിപ്പോൾ
ഗന്ധർവ്വരാജാവിന്റെ
കല്പനപ്രകാരമായ്
നിന്നിൽമോഹങ്ങൾ,പ്രേമ
ഭാവങ്ങളുണർത്തുവാൻ
നിന്റെയൗവ്വനത്തിന്നു
പൂർണ്ണതനല്കീടുവാൻ
ചെമ്മെഞാനശരീരി
യായിതാമനോഹരീ
മുന്നിൽനില്ക്കുന്നൂ,കാവ
ലാളായി,യുറക്കാംഞാൻ"
മൃദുവായ്തലോടിയെൻ
മേനിയിലവൻ,മിഴി-
യറിയാതടഞ്ഞുപോയ്
പാതിയുറക്കത്തിലായ്
അറിയാതേതോസ്വർഗ്ഗ-
ലോകത്തിലെത്തിപ്പോയി
മധുരക്കിനാവിന്റെ-
യൂഞ്ഞാലിലാടിപ്പോയി
പുലരുന്നേരം കണ്ണു-
തുറക്കേ,യുണർന്നോരോ
ദിനകൃത്യങ്ങൾനിത്യ-
മെന്നപോൽചെയ്യുന്നേരം
നവമാമൊരുലോല
ഭാവത്തിന്നടിമയായ്
അറിയാതെഞാനനു-
രാഗിണിയായീമന്ദം
ഗന്ധർവ്വപ്രണയത്തി-
ലലിഞ്ഞു,മോദംപൂണ്ടൊ-
രഞ്ചാറുസംവത്സര-
മങ്ങനെകൊഴിഞ്ഞപ്പോൾ
ബന്ധുതതേടീട്ടോരോ
നമ്പൂരിയുവാക്കൾത-
ന്നില്ലത്തുനിന്നുംവന്നൂ
ജന്മപത്രികയ്ക്കായി
സുന്ദരനൊരാളുടെ
ജാതകം ചേർന്നൂ,പിന്നെ
പെങ്കൊടമുഹൂർത്തവും
നല്ലൊരുനാളിൽ വന്നൂ
എന്നുമെൻസമീപത്തു-
വന്നീടു,മശരീര-
ഗന്ധർവ്വവിയോഗംഞാ
നോർത്തുസന്താപംപൂണ്ടു
ആയനൂണുനാൾ,കുളി
ച്ചകത്തുചെന്നൂ,അട-
നേദിച്ചൂകൈകാലിന്മേൽ
മൈലാഞ്ചിയണിഞ്ഞൂഞാൻ
ആയിരത്തിരിതെറു
ത്തീടുമ്പോളടുത്തെത്തി
കാതിലൊന്നോതീമെല്ലെ
സഖിയാമന്തർജ്ജനം
"ആയിരത്തിരികളാ
ലുഴിയുംസങ്കല്പംഞാ-
നീയിടെയറിഞ്ഞതു
ചൊല്ലുന്നു നിന്നോടിപ്പോൾ
നാളെനീ,ചിരകാലം
നീണ്ടുനിന്നീടും,പുതു
ജീവിതത്തിനായൊരു-
ങ്ങീടുകയല്ലേതോഴീ
കോമളനാകുംനിന്റെ
നാഥനൊത്തിരിക്കുമ്പോൾ
വേറൊരാളിടയ്ക്കേറി
വന്നെന്നാൽശോഭിക്കില്ല"
ശുദ്ധമായലക്കിയ
ശീലയാൽതെറുത്തതാ-
മിത്തിരിയെല്ലാമൊതു
ക്കീടുമീയിണങ്ങത്തി
ആയിരത്തിരിയുമാ
യടിയാനെത്തീടുമാ
വേളിച്ചടങ്ങിൻനേരം
നീകുമ്പിട്ടിരിക്കുമ്പോൾ
ഏറെനാളായീനിന്നിൽ
ചേർന്നൊരുഗന്ധർവ്വനെ
പൂജിച്ചുഴിഞ്ഞുംകൊണ്ടു
പ്രീതനായയച്ചീടും"
ബന്ധുക്കളെല്ലാവരു
മുറങ്ങി ദേഹണ്ഡക്കാ-
രങ്ങിങ്ങൊതുങ്ങിക്കൂടി
പാതിരാക്കിളിപാടി
ശയ്യയിൽസമീപത്ത
റിഞ്ഞേനാമൃദുസ്വര-
മെന്നുള്ളംനൂറായ്നുറു
ങ്ങീടുന്നുനോവാൽ കഷ്ടം!
മന്ദമായ്മനസ്സിൽഞാ
നോതിയന്നേരം,ദേഹ
മില്ലയെങ്കിലും,കേൾക്കു-
ന്നുണ്ടാമെന്റെയീസ്വനം
"എന്നെവിട്ടുപോകേണം
നാളെയാ തിരിവെട്ടം
കണ്ടിടുന്നേരം,ഭവാൻ
വേദനയുണ്ടിപ്പോഴും!
എന്നെന്നേയ്ക്കുമായ്ഭൂവിൽ
നിന്നങ്ങുവിടവാങ്ങാൻ
സമ്മതിയ്ക്കയില്ലല്ലോ
നിന്നെ,നിൻവിധാതാക്കൾ
അങ്ങേയില്ലത്തേയ്ക്കൊന്നു
ചെല്ലുക,കിടാവൊരാ-
ളിന്നലെ ഋതുസ്നാനം
ചെയ്തു ! നീയറിഞ്ഞില്ലേ....?
ഗിരിജ ചെമ്മങ്ങാട്ട്
* ഋതുസ്നാത=ഋതുസ്നാനം ചെയ്തവൾ