Thursday, 2 April 2026

 ക്യാമറക്കണ്ണ്


ഞാനൊരു സി.സി.ടി.വി.
ക്യാമറ,വഴിയോര-
ത്തായൊരുകമ്പിക്കാലിൽ
നോക്കുകുത്തിയായ്നില്പൂ
രാവെന്നോ പകലെന്നോ
ഭേദമില്ലാതെ ചുറ്റും
കാണുന്നതെല്ലാമുള്ളിൽ
ഭദ്രമായ് സൂക്ഷിയ്ക്കുന്നു

അന്നൊരുദിനമുച്ച
നേരത്തു,വഴിവക്കി-
ലങ്ങനെമുഷിഞ്ഞുഞാൻ
നില്ക്കവേ,സമീപത്തെ
സുന്ദരമായുള്ളൊരു
വീട്ടിലേയ്ക്കറിയാതെൻ
കണ്ണുകളുടക്കിപ്പോയ്
കണ്ടുഞാനൊരുരംഗം

ഉമ്മറത്തച്ഛൻ,കൂടെ
പൊന്മകൻ,ഇരുവരും
അമ്മയെ *കളിമ്പമായ്
കളിയാക്കീടുന്നേരം
അമ്മയോ പിണങ്ങിപ്പോയ്
ചിരിച്ചൂ മരുമക
ളങ്ങുചെന്നനുനയി-
പ്പിച്ചതാ വിരുതോടെ
മാതാവിൻ മുഖത്തുണ്ടാ-
യാനന്ദമതിനൊപ്പം
നേരിയകള്ളച്ചിരി-
യച്ഛനുംമക്കൾക്കുമേ
കൂടുമ്പോളിമ്പംചേരും
കുടുംബബന്ധംകാൺകെൻ
മാനസത്തിലുമുണ്ടാ
യാമോദമധികമായ്

പിന്നീടെൻനോട്ടം,അയ-
ല്പക്കത്തെഗൃഹത്തിലാ-
യുമ്മറത്തല്ലോ താതൻ
ഗർവ്വിച്ചങ്ങിരിയ്ക്കുന്നു
വിമ്മിട്ടത്തോടെ പുത്രൻ
ദൂരത്തൊതുങ്ങീടുന്നു
അമ്മയോവിങ്ങിപ്പൊട്ടും
ഭാവത്തിൽ നിന്നീടുന്നു
എന്തുചെയ്തീടേണംഞാ-
നെന്നോർത്തുപരുങ്ങുന്നു
ഇന്നലെവലതുകാൽ
വച്ചൊരുനവവധു
നിന്ദ്യമീരംഗംകാൺകെ
കാർക്കിച്ചുതുപ്പാൻതോന്നി-
യെങ്കിലും,എനിയ്ക്കാവ-
തൊപ്പിയെടുക്കൽ മാത്രം !

ഗിരിജ ചെമ്മങ്ങാട്ട്

*കളിമ്പം=വിനോദം,കുസൃതി