Wednesday, 25 January 2012

.ഡോക്ടര്‍ അകത്തുണ്ട്


ഡോക്ടര്‍ അകത്തുണ്ടെന്ന
 ബോര്‍ഡിന്മേല്‍  കണ്ണും നട്ടീ-
യാസ്പത്രി വരാന്തയില്‍
 കാത്തിരിക്കുന്നോര്‍ ഞങ്ങള്‍ 
ക്ഷേത്ര ശ്രീകോവില്‍ നട 
തുറന്നു തൊഴാനായി-
ട്ടാര്‍ത്തിയോടണഞ്ഞീടും
 ഭക്തവൃന്ദപ്പോലെ

മുന്നില്‍ കവാടം തുറ-
ന്നെപ്പോഴാണൊരു ദേവി 
വെള്ള വസ്ത്രവും ചുറ്റി
  ദര്‍ശനമേകുന്നതും
പുഞ്ചിരിച്ചുണ്ടിൽ   നിന്നും 
വീഴ്ത്തുന്ന പേരേതെന്നു
ശങ്കിച്ചും ജിജ്ഞാസുക്ക-
ളങ്ങിങ്ങായിരിക്കുന്നു  

കാതോര്‍ക്കയാണീ വാതില്‍-
 കരയുന്നതും നോക്കി-
യൂഴമെത്തിയില്ലെനി-
ക്കെന്നോര്‍ത്തു മടുക്കവെ 
നേരമ്പോക്കിനായ്‌ ചുറ്റു=
പാടുകള്‍ വീക്ഷിച്ചുപോ-
യോരോരോ ദീനം പിടി-
 പെട്ടോരെ കണ്ടെത്തി ഞാന്‍ 

 കയ്യോടിഞ്ഞവര്‍  കാലു-
 മുറിച്ചോര്‍ തലച്ചോറി-
നുണ്ടായോരാഘാതത്താല്‍  മെയ്യനക്കാനാവാത്തോര്‍  
സന്ധി ബന്ധങ്ങള്‍ ശോഷി-
ച്ചവശര്‍, ചക്രക്കട്ടി-
ലുന്തിയെത്തുവോര്‍ 
നാനാതരമാമനാരോഗ്യര്‍ 

ചേതനയപോയോര്‍ ചോര -
വാര്‍ന്നവര്‍ അസഹ്യമാം 
വായുപീഡയാല്‍ ഏങ്ങി-വലിപ്പോര്‍ വിറയ്ക്കുന്നോര്‍ 
വേദനയുടെ ലോകം 
നേരിട്ട് കാണ്‍കെ തല-
വേദനയൊരു പാവം
 രോഗമെന്നറിഞ്ഞു ഞാന്‍    

************
( കണ്ണാടി കാണുമ്പോൾ എന്ന  കവിതാസമാഹാരത്തിൽ നിന്ന്)


(ആനയെന്നാലും അബല തന്നെ,ഒരു ഹൈടെക് കവിത,ഡോക്ടര്‍ അകത്തുണ്ട് എന്നീ കവിതകള്‍ "കണ്ണാടി കാണുമ്പോള്‍"എന്ന കവിതാസമാഹാരത്തില്‍ നിന്ന് എടുത്തതാണ്)
































































































      ‍        

No comments:

Post a Comment