Tuesday, 11 June 2013

മഴയുടെ അമ്മ

നിറവെയിൽച്ചൂടിൻ കടുംപിടുത്തം
എരിപൊരിക്കൊള്ളുന്ന  വിഷമവൃത്തം
പകലോനും തളരുന്ന മേടമാസം ഭൂമി -
ചെറുതല്ലാതാലസ്യമേറ്റു പാവം! 

തെളിനീരി,ന്നുറവ കൈവിട്ട നേരം 
പുഴയുള്ളിൽ മദമങ്ങൊളിച്ചു വെച്ചു 
കുളമതോ ചെളി വറ്റിവിണ്ടടർന്നൂ വീട്ടു-
കിണറിലോ വെള്ളം ചെരിച്ചു വെച്ചു 

അരി ,കറി വെക്കുവാൻ വെള്ളമില്ല 
കരിപാത്രം കഴുകുവാൻ വെള്ളമില്ല 
കുളിയില്ല നനയില്ല ചെറുതോട്ടിൽ ചെന്നൊന്നു 
തുണിയലക്കാനോ നിനച്ചിടേണ്ട

ചെറുകാലിക്കൂട്ടം നടന്നു മേയാൻ 
പഴുതില്ല പുല്ലു നാമ്പൊന്നുമില്ല 
ഇടമഴയിതുവരെ പെയ്തതില്ല,കഷ്ട-
മിടവപ്പകുതി വന്നെത്തിയില്ല 

മഴയുടെ പെറ്റമ്മയ്ക്കെന്തു പറ്റി? കൊച്ചു-
മകനെയും മാറത്തു ചേർത്തിരിപ്പോ? 
ഒരു മാത്രയെങ്കിലും കയ്യയച്ചും കൊണ്ടീ -
മരുഭൂവിലേക്കൊന്നയച്ചുവെങ്കിൽ 

ഒരു മായാജാലം കണക്കു കാണായ് വന്നി-
തകലേന്നടുക്കുന്നു കരിമേഘങ്ങൾ 
ഒരു തുള്ളിയിരുതുള്ളി നൂറായിരം തുള്ളി 
പെരുതുള്ളിയായ് പിന്നെ പേമാരിയായ് 

പല രാവു പകൽ പെയ്തു പുഴയുണർന്നൂനല്ല-
കിണറും കുളങ്ങളും നിറനിറഞ്ഞൂ 
തൊടി തോറും തല നീട്ടി ചെറു പുല്ലുകൾ മെല്ലെ-
ച്ചൊടി ചേർന്നു പൈക്കൾ നിരന്നു മേഞ്ഞു 

ഇടവേളയില്ലാതെ മഴ പെയ്യവേ പെട്ടെ-
ന്നിടിയുന്നോ മാനസം മടി തേടുന്നോ 
കുളിരാണ്,കുളിവേണ്ട,തുണി നനച്ചുംകൊണ്ടീ-
യഴയിലിട്ടാലന്നുണങ്ങുകില്ല 

നനവാണ്,തറതോറുമെന്നുമീറൻ ചേർന്ന-
മണമാണീ യിണമുണ്ടു മാറവയ്യ 
കരി പോൽ കരിമ്പൻ,കരിമ്പടപ്പൂച്ചി വ-
ന്നിഴയുന്നു ചുമരിലും നിലമൊക്കെയും 

ചെറുമുറ്റമതിലൊന്നിറങ്ങിയാലൊ കാലു-
പതറും വഴുക്കലിൻ തകൃതിമേളം 
മഴ വയ്യ! മഴ വേണ്ട കുളിരുന്നു,കതിരോനും 
മുകിലാട മൂടിപ്പുതച്ചിരിപ്പൂ 

മഴയൊന്നു നിന്നിട്ടിന്നൊരു വെയിൽ വന്നെങ്കിൽ 
തൊടി വെള്ളം വാർന്നൊന്നുണർന്നുവെങ്കിൽ 
മഴയുടെ പെറ്റമ്മ യ്ക്കെന്തുപറ്റി!കൊച്ചു-
മകനെ തിരിച്ചങ്ങെടുത്തു കൂടെ !

**********************
(മഴയുടെ അമ്മയ്ക്കെന്നും തൊയിരല്ല്യ!!!)      

  

9 comments:

  1. കൊള്ളാം.. പാവം.. മഴയുടെ അമ്മ..

    ReplyDelete
  2. അതെ, മഴയുടെ അമ്മയ്ക്കെന്നും തോയിരല്ല്യ!!! വെയിലായാലും മഴയാലും പ്രാക്ക് തന്നെ ബാക്കി!!

    ReplyDelete
  3. മഴക്കവിത കൊള്ളാം.. കോമകള്‍ ആവശ്യത്തിനും ചിലതൊക്കെ അനാവശ്യത്തിനും ഉണ്ടെന്നു തോന്നി. ചിലപ്പോള്‍ എന്‍റെ അറിവില്ലായ്മ കൊണ്ടാകാം... ഇഷ്ടായി..

    ReplyDelete
  4. മഴയുടെ അമ്മക്കെന്നും തൊയിരല്യ.
    വേനലിൽ മഴ പെയ്തെങ്കിൽ,വർഷത്തിലീ മഴയൊന്നു തോർന്നെങ്കിൽ...!

    കവിത ഇഷ്ടമായി ആശംസകള്

    ReplyDelete
  5. നല്ല മഴ !
    വരികള്‍ കൊള്ളാം ...കോമകള്‍ കൊള്ളത്തില്ല !! :)



    അസ്രൂസാശംസകള്‍
    http://asrusworld.blogspot.in/

    ReplyDelete
  6. "തൊയിരല്യ " -എന്നാല്‍ എന്ത് എന്ന് മനസിലായില്ല :(. (എന്റെ അറിവില്ലായ്മ കൊണ്ടാണേ ). കോമകള്‍ ചില സ്ഥലങ്ങളില്‍ എങ്കിലും അസ്വാരസ്യം ഉണ്ടാക്കി ട്ടോ.... നല്ല ഭാവനകള്‍... :)

    ReplyDelete
  7. "ഇല്ലാത്തപ്പോൾ ഇല്ലാത്തതിന്റെ ദുഃഖം,
    ഉള്ളപ്പോൾ ഉള്ളതിന്റെ ദുഃഖം !"
    ഇടവപ്പാതി എന്നായാലും അപാകത ഒന്നും തോന്നുന്നില്ല !

    ReplyDelete
  8. പുഴ,യുള്ളിൽ മദമങ്ങൊ,ളിച്ചു വെച്ചു
    കുളമതോ ചെളി വറ്റി,വിണ്ടടർന്നൂ വീട്ടു-
    കിണറിലോ വെള്ളം ചെരിച്ചു വെച്ചു ...ഹ്ഹാ

    പെയ്താലും കുറ്റം പെയ്തില്ലാച്ചാലും കുറ്റം....... പഴികളേറ്റുവാങ്ങാനൊരു ജന്മം....

    ReplyDelete