കണ്ണന്ടെ പൊൻ തിടമ്പേ റ്റുവാൻ ഭാഗ്യങ്ങൾ
കൊല്ലങ്ങളായ് ചെയ്ത കണ്ണൻ
കണ്ണന്ടെ യാനപ്പറമ്പിൽ വെച്ചേറ്റവും
സന്മാനോഭാവനിക്കണ്ണൻ
വെള്ളവിരിപ്പിലിരുത്തി മേൽശാന്തി, നിൻ
ചെല്ലപ്പേരിട്ടു വിളിച്ചു
അന്നുതൊട്ടുത്സവ വേള തന്നോട്ടത്തി-
ലൊന്നാമതായി ഞാനോടി
(പെണ്ണൊരാളോടി ജയിച്ചെന്ന വാർത്ത ഞാൻ
പണ്ടെന്നോ കേട്ടു മറന്നു
അന്നതെൻ കൃത്യതവിട്ട മദകാല-
ബന്ധനം മൂലമായ് വന്നു )
കുട്ടിക്കുറുമ്പുകളേറെയും ചെയ്തൊരെ-
ന്നിഷ്ട ദൈവത്തിൻ നടയ്ക്കൽ
കുട്ടിത്ത മാർന്നുള്ള കൊമ്പനെത്തന്നൊരാൾ
പട്ടാഭിഷിക്ത സമ്പന്ന
കൂട്ടത്തിലേറ്റ മിളയവ നെന്നോർത്തു
ചേട്ടന്ടെ സ്നേഹവായ്പേകി
കൂട്ടാമവരജസിദ്ധി ഞങ്ങൾക്കേറ്റം
നേട്ടമാണെന്നായ് കരുതി
ഉത്സവനാളിൽ വരിചേർത്തു ഞങ്ങളെ
നിർത്തി മെയ്‌ച്ചങ്ങല കെട്ടി
മത്സരം കാണുവാൻ ഭക്തജനങ്ങളു -
മുത്സുകരായി വന്നെത്തി
ഓടുമ്പോളിമ്പ മുതിർക്കാൻ മണിയുമായ്
പാരമ്പര്യക്കാരുമെത്തി
പാളിച്ച മാറ്റുവാൻ പോലീസുകാരുമി-
ക്കോവിലിൻ ചുറ്റുമായെത്തി
ഓട്ടം തുടങ്ങി ഞാനൊന്നാമതാകുവാ-
നേറ്റം കുതിച്ചു മുന്നേറെ
കാട്ടിയെൻ പാലകൻ,കാൽകൊണ്ടൊരാജ്ഞയെ-
ന്തോട്ടം, പിടുന്നെന്നു നിർത്താൻ!
നിന്ന ഞാൻ ചുറ്റിലും നോക്കവേ കാണുന്നു
മുന്നിലാണോടുന്നു കുഞ്ഞൻ !
പിന്നാലെയാരും വരുന്നില്ല,പാവങ്ങൾ!
മന്ദയാനം നടത്തുന്നു !
കൊച്ചു കുറുമ്പൻ ചടുലമായോടി യ-
ങ്ങെത്തിക്കൊടിമരം തൊട്ടു
ചുറ്റിലും കാണികളാർപ്പിട്ടു,ഞങ്ങളോ
വിഡ്ഢികളെന്നായ് പിരിഞ്ഞു
വന്നിതാ, ശോകവൃത്താന്തം പണമാണു
ഞങ്ങളോടിച്ചതി കാട്ടി
പൊങ്ങു മധികാരഗർവാണു കാപട്യ-
മുള്ളൊരീ നാടകം കെട്ടി
വെള്ളയണിഞ്ഞു വണങ്ങുവാനെത്തുന്ന
കള്ളപ്പരിഷക്കു മുന്നിൽ
കള്ളച്ചിരിയുമായ് നിൽപവൻ,പാൽവെണ്ണ -
ക്കള്ളനിന്നെന്തേ പിണഞ്ഞു?
മഞ്ഞപ്പവൻ പൊൻ തിളക്കങ്ങൾ പാക്കനാർ
നഞ്ഞെന്നു ചൊല്ലിയെന്നാലും
മഞ്ഞപ്പട്ടാട ചുറ്റുന്നവൻ തൻ കണ്ണും
മഞ്ഞളിച്ചെന്നായറിഞ്ഞേൻ.
***************
(വർഷങ്ങൾക്കുമുൻപ് ജയലളിത ഗുരുവായൂരപ്പന് നടയിരുത്തിയ ആനക്കുട്ടി,ആനയോട്ടത്തിൽ ജേതാവായപ്പോൾ ഉണ്ടായ വിവാദത്തെ അടിസ്ഥാനമാക്കി എഴുതിയത്.
പെണ്ണൊരാളോടി ജയിച്ചെന്ന വാർത്ത ......ഗൌരി ആന ഒന്നാമതായി ഓടിവന്ന കഥ ഓർക്കുന്നു.ശാന്തസ്വഭാവിയായകണ്ണൻ )
പെണ്ണൊരാളോടി ജയിച്ചെന്ന വാർത്ത ......ഗൌരി ആന ഒന്നാമതായി ഓടിവന്ന കഥ ഓർക്കുന്നു.ശാന്തസ്വഭാവിയായകണ്ണൻ )
'
കവിത മനോഹരമായിട്ടുണ്ട്. ജയലളിത ആനക്കുട്ടിയെ നടയ്ക്കിരുത്തിയ വാര്‍ത്ത ഓര്‍ക്കുന്നു.
ReplyDeleteവളരെ സന്തോഷം,അജിത്.
Deleteനല്ല ചിന്തയില്‍ നിന്നും നല്ലൊരു കവിത ,എവിടെയോ മുന്‍പ് വായിച്ചതുപോലെ ഓര്‍മ്മ.
ReplyDeleteകവനകൌമുദിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്,ഈ കവിത.അഭിപ്രായം അറിയിച്ചതില്‍ സന്തോഷം,അനീഷ്.
Deleteനല്ല കവിത... ആശംസകള്‍
ReplyDeleteആശംസകള്‍ക്ക് നന്ദി.
Delete"മഞ്ഞപ്പവൻ പൊൻ തിളക്കങ്ങൾ പാക്കനാർ
ReplyDeleteനഞ്ഞെന്നു ചൊല്ലിയെന്നാലും
മഞ്ഞപ്പട്ടാട ചുറ്റുന്നവൻ തൻ കണ്ണും
മഞ്ഞളിച്ചെന്നായറിഞ്ഞേൻ."
അർത്ഥപൂർണമായ വരികൾ.
നല്ല കവിത. ഇത്തരം വൃത്തമൊത്ത കവിതകൾ ഇപ്പോൾ ദുർല്ലഭമാണ്. അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങള്‍ക്ക് നന്ദി !
ReplyDelete!