Wednesday, 29 January 2014

സരോജനി ടീച്ചർക്ക്‌ ആദരപൂർവ്വം

എത്ര ദശകം കടന്നുപോയ് ഞാനെൻടെ 
കൊച്ചുവിദ്യാലയം വിട്ടശേഷം 
എത്ര വസന്തം കൊഴിഞ്ഞുപോയ് ജീവിത-
മുച്ച തിരിഞ്ഞുപോയെത്ര വേഗം !

ഒന്നാംതരത്തിൽ 'ഹരിശ്രീ'യേകീടുവാ -
നന്നാ സരസ്വതീ മന്ദിരത്തിൽ 
അമ്മയല്ലെന്നാലുമുണ്ടായിരുന്നു പോ-
ലമ്മതൻ സ്നേഹവായ്പോലുമമ്മ 

ശിക്ഷകളെന്നിയെ നേരായ മാർഗത്തിൽ 
ശിക്ഷണം ഞങ്ങൾക്കു നൽകിയെന്നും 
കൊച്ചുകഥകളും ഗീതങ്ങളും ചേർന്ന 
ചിത്ര പാഠാവലി തന്നിൽ നിന്നും 

അന്നെന്ടെ കൈ പിടിച്ചേറ്റ മലിവു ചേർ -
ന്നൻപോടെഴുതിച്ചോരക്ഷരങ്ങൾ 
ഇന്നെന്ടെ തൂലികത്തുമ്പിൽ കവിതയായ് 
വന്നുദിക്കുന്നതെൻ ഭാഗ്യമല്ലോ?

അന്നൊരു ചാറ്റൽ മഴയേറ്റു വാതുക്കൽ 
വിങ്ങും മനസ്സുമായ് ചെന്നുനില്ക്കെ 
അന്തികേ വന്നെൻടെ കണ്ണുനീരൊപ്പിയും 
സാന്ത്വനിപ്പിച്ചും കവിൾ മുകർന്നും 
വെള്ളമിറ്റീടുന്ന കുഞ്ഞുടുപ്പൂരിയും 
നന്നായ് പിഴിഞ്ഞെൻ തല തോർത്തിയും 
കഞ്ഞിവച്ചീടുന്ന കല്ലടുപ്പിൻ ചൂടു -
തിണ്ണമേൽ തോരാൻ നിവർത്തിയിട്ടും 

ജട്ടിയിട്ടീടുന്ന ശീലമില്ലായ്കയാൽ 
'പട്ടുകോണക്കുന്തി'യായ് മാറവേ 
മൂത്തവർ നാലിൽ പഠിക്കുമേട്ടത്തിമാർ 
മൂക്കിൽ വിരൽ വെച്ച കാഴ്ച കാണ്‍കെ 
നാണവും മാരിക്കുളിരുമിടചേർന്നു 
തേങ്ങലിൻ വക്കത്തു ഞാനെത്തവേ 
സാരിത്തലപ്പു കൊണ്ടെന്നെപ്പുതപ്പിച്ചു 
ചൂടേകി ദേഹത്തു ചേർത്തണച്ചാൾ !

'ഷഷ്ഠി' തികഞ്ഞതില്ലന്നെനിയ്ക്കെങ്കിലു-
മത്ഭുത !മോർമ്മകൾ മങ്ങിടാതെ 
ഷഷ്ടിപൂർത്തിക്കൊരുങ്ങീടും പൊഴുതിലും 
ചിത്തം കുളിർപ്പിച്ചുണർന്നിടുന്നു

***************************        

6 comments:

  1. ടീച്ചര്‍ക്ക് ആദരം
    കവിതയ്ക്ക് സ്നേഹം

    ReplyDelete
    Replies
    1. വായിച്ച് അഭിപ്രായം എഴുതിയതില്‍ സന്തോഷം,അജിത്‌ .

      Delete
  2. ഗുരു സ്മരണ..
    നന്നായിട്ടുണ്ട്

    ReplyDelete
  3. എന്ടെ സ്കൂളില്‍ പഠിച്ചിരുന്ന ഒരാള്‍ ടീച്ചറെ കാണാന്‍ പോയിരുന്നു.അവര്‍ എന്ടെ കാര്യം ചോദിച്ചുവത്രെ ! ഇപ്പോഴും എന്നെ ഓര്‍ക്കുന്നു എന്നറിഞ്ഞപ്പോള്‍ അത്ഭുതം തോന്നി.ഞാന്‍ വിളിച്ചിരുന്നു.അവര്‍ക്ക് ഈ കവിത അയച്ചു കൊടുത്തിട്ടുണ്ട്.ഒരു ദിവസം പോയി കാണണം.കവിത വായിച്ച് അഭിപ്രായം എഴുതിയതില്‍ സന്തോഷം അജിത്‌ .

    ReplyDelete
  4. ഗുരു സ്മരണ..
    നന്നായിരിക്കുന്നു.

    ReplyDelete