നനുത്ത ശിക്ഷ
ഉച്ചയ്ക്കു ചോറുണ്ടിട്ടു
പാത്രംമോറുവാനെന്നും
തിക്കിത്തിരക്കുണ്ടാവും
കിണറ്റിൻകരയിങ്കൽ
കുട്ടികൾ ഞങ്ങൾ ചിലർ പോകാറുണ്ടടുത്തുള്ള
വീട്ടിൽവെച്ചുണ്ണാൻ ചോറ്റു-
പാത്രവും കയ്യിൽത്തൂക്കി
ഊണെല്ലാംകഴിഞ്ഞിട്ടു
പോരാൻനേരമാണല്ലോ
കൂടെയുള്ളവൾക്കുള്ളിൽ വന്നൊരുദുരാഗ്രഹം
തൂങ്ങിനിൽക്കുന്നൂ
വള്ളിനാരകക്കൊമ്പിൽ
നാലുനാരങ്ങ!കാൺകേ,യെത്തി--
പ്പൊട്ടിക്കാൻതോന്നിപ്പോയി
ഏതിനുമൊപ്പംനിൽക്കും
മറ്റവൾ പിന്താങ്ങവേ
പേടിയായെനിക്കല്പം
പാടില്ലയെന്നായ്ത്തോന്നി
ഓതീടുമെല്ലാരോടുമെന്നു-
ഞാൻമെല്ലെച്ചൊല്ലേ
വാദിച്ചുനില്പായ് കുറ്റം-
ചെയ്യുവാൻ മുതിർന്നവൾ
ഇല്ലില്ല,ചെയ്യാൻപാടില്ല-
ന്യന്റെ മുതലൊന്നും
കൊള്ളില്ല കവർന്നീടാ-
നെന്നുഞാൻ തർക്കിക്കവേ
" എങ്കിൽനീയറിഞ്ഞീടും
ബെല്ലടിച്ചീടുന്നേരം
നിന്നെക്കൂട്ടാതോടീടു"
മെന്നഭീഷണിയായി
ഒന്നിനോക്കണംപോന്നോർ-
ക്കൊപ്പമോടിയെത്തീടാൻ
കുഞ്ഞുകാലിനാൽ
പാവമന്നെനിക്കാവില്ലല്ലോ
എന്നല്ല,വെട്ടോഴിയി-
ലെത്ര നായ്ക്കളുണ്ടാകാം
പയ്യുക,ളലഞ്ഞുമേ-
ഞ്ഞീടുന്ന കൂറ്റന്മാരും
നീറുന്ന മനസ്സുമായ്
നില്ക്കവേ മടിക്കാതെ
തൂങ്ങിനിന്നീടും മുഴു-
നാരങ്ങ പൊട്ടിച്ചവൾ
വാതിലുംതുറന്നെത്തി
വീട്ടുകാരിയാരംഗം
കാണവേ,തിടുക്കത്തിൽ
ഞങ്ങളോ പേടിച്ചോടി
ഉച്ചബെല്ലടിക്കുന്ന
നേരത്തങ്ങെത്തീ,വാർത്ത
വിദ്യാലയത്തിൻ കാര്യാ-
ലയത്തിൽ തെരുക്കനെ
മുറ്റുന്നരോഷത്തോടെ
ഞങ്ങളെ വിളിപ്പിച്ചാൾ
കർക്കശസ്വഭാവിനി-
യായുള്ളൊരദ്ധ്യാപിക
ആരാണീ ചീത്തക്കാര്യം
ചെയ്തതെന്നെന്നോടായി-
ട്ടാരാഞ്ഞനേരം കൂട്ടു-
കാരികൾ മൊഴിഞ്ഞല്ലോ
" നേരാണു,ഞങ്ങൾ വേണ്ടെ-
ന്നെത്ര ചൊല്ലിയതാണാ
നേരത്തും കുറ്റംചെയ്ത-
തിവളെ"ന്നെന്നെച്ചൂണ്ടി
ഭീതയായ് കണ്ണീർവാർത്തു-
നിൽക്കവേ,പാവാടയ്ക്കു
താഴെയായവർക്കേകി
ചൂരലാൽ മൂന്നാലെണ്ണം
വേദനിച്ചവർ കയ്യാൽ
മെല്ലെത്തലോടുന്നേരം
ഞാനുമെന്നൂഴംകാത്തു
നില്ക്കയായ് കണ്ണുംപൂട്ടി
ചൂരൽചുഴറ്റീടുന്ന
നാദംകേട്ടുവെന്നാലും
നോവെനിക്കറിഞ്ഞീല
തൂവലാണെന്നേ തോന്നി
പീലികൊണ്ടാണന്നമ്മ
കണ്ണനെയടിയ്ക്കാറെ-
"ന്നായ",ചൊല്ലാറുള്ളതാ
നേരം ഞാനോർത്തേനിന്നു
നാണിച്ചു വരി ചേർന്നു
പോരവേ തിരിഞ്ഞൊന്നു
പാളിനോക്കി,ഞാനപ്പോൾ
നേരാണുകണ്ടൂ ഹൃദ്യം
ലോലമായ് ശിരസ്സൊന്നു
ചെരിച്ചൂ മന്ദസ്മിതം
തൂകുമാ,മുഖമിന്നു-
മുള്ളിൽഞാൻ കണ്ടീടുന്നു.
*******************
ഈ വരികൾ എല്ലാ അദ്ധ്യാപകർക്കും ഗുരുദക്ഷിണയായി സമർപ്പിക്കുന്നു.
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment