Thursday, 10 August 2023

 മുട്ടയും കുട്ടിയും


എത്രയോകാലമായ് കാത്തിരുന്നിട്ടെന്റെ

പുത്രിയ്ക്കിതാദ്യമായ് നാളുതെറ്റി

എട്ടുപിറന്നൂ ' മിഥുന'മണഞ്ഞിടാ-

നെത്രയും മോഹിച്ചു കാത്തിരിപ്പായ്


തൊട്ടടുത്തുള്ളൊരാരോഗ്യകേന്ദ്രത്തിലേ-

യ്ക്കെത്തിഞാനെന്റെ മകളുമൊത്ത്

കൃത്യമായെല്ലാം നിരീക്ഷിച്ചു,പുഞ്ചിരി-

ച്ചിത്ഥമുരചെയ്തു ലേഡിഡോക്ടർ


" എന്തേ തിരിഞ്ഞില്ല ? നിൻസുതയ്ക്കാരോഗ്യ-

മമ്പേ പരുങ്ങലാണെന്നറിഞ്ഞോ

നൽകിടേണം നല്ല ഭോജനം പാൽ പഴ-

മെന്നല്ലിലക്കറി വേണ്ടുവോളം

പ്രോട്ടീൻകുറവുമാറ്റീടാൻ ചെറുപയ-

റാദ്യം മുളപ്പിച്ചതേകീടണം

'മുട്ട' നന്നായിപ്പുഴുങ്ങിക്കഴിപ്പിച്ചു

ശക്തി ദേഹത്തിൽ വരുത്തിടേണം

അമ്മയ്ക്കുവേണ്ടുന്നതെല്ലാം ലഭിയ്ക്കിലേ

കുഞ്ഞിന്റെ കായം വളർന്നിടുളളൂ"

സമ്മതിച്ചെന്നായ് തലയാട്ടി മെല്ലെഞാൻ

നന്ദിനിയൊത്തു പുറത്തിറങ്ങി


മെല്ലെത്തിരിച്ചുപോരുമ്പോൾ മനസ്സിങ്ക-

ലല്ലലോടെന്തോ കടന്നുകൂടി

അൻപോടെയെൻകൺകൾരണ്ടും തനൂജത-

'ന്നിമ്പം' മയങ്ങും വയർതലോടേ


പച്ചക്കറി,പഴം,പാലെന്നിതൊക്കെയും

ചിട്ടയായ് നൽകുവാൻ പറ്റുമെന്നാൽ

മുട്ട പുഴുങ്ങിക്കൊടുക്കയെന്നുള്ളൊരാ-

ദുഷ്ടകൃത്യം ചെയ്ക സാധ്യമാമോ?

മറ്റൊരുജീവൻ കവർന്നെന്റെ മുത്തിന്നു-

പുഷ്ടിവരുത്താൻ തുനിഞ്ഞിടാമോ?

വിശ്വംനിറഞ്ഞോനനുഗ്രഹിയ്ക്കിൽ മകൾ-

ക്കിഷ്ടസന്താനം ജനിയ്ക്കയില്ലേ?


                               ഗിരിജ ചെമ്മങ്ങാട്ട്

No comments:

Post a Comment