ശ്ലോകദശകം ഒന്ന്
1,ആരേയുംനോക്കിടാതസ്സഖിയുടെനിഴലിൽപുസ്തകക്കെട്ടുമാറിൽ
ചേരുമ്പോൽചേർത്തൊതുങ്ങിപ്പദമതിലമരുംതൻവിരൽനോക്കിനിന്നോൾ
കാലം മാറീടവേ,ഹാ! പൊരുതിവിജയിയായ് ജീവിതത്തിൻരണത്തിൽ
വാഴുന്നീയുത്രരാജ്യം!പെരുമപെരുകിടും മാതൃകയ്ക്കെന്നപോലെ
2,മേധയ്ക്കുനൽകീടണമിന്നുനമ്മൾ
യോജിച്ചപോലുള്ളൊരുകർമ്മമെന്നാൽ
"സായന്തനം മുന്നിലണഞ്ഞിടുമ്പോൾ
മേധാക്ഷയം വന്നുവലച്ചിടില്ല
3,അലക്കുകല്ലിൽതുണികൾപതപ്പി-
ച്ചലക്കുവാനായ് കൊതിതോന്നിടുന്നു
കുളത്തിൽവെള്ളക്കലശംചെരിഞ്ഞൂ
മഴക്കിടാവേവരുകിന്നുരാവിൽ
4,മകംപിറന്നമങ്കയാണുതാങ്കളെന്നുപണ്ടുഞാ-
നറിഞ്ഞതാണിതെന്തു" ഞായ"മെന്നുകണ്ണുതള്ളവേ
കുണുങ്ങിവന്നുമുന്നി"ലേപ്രിലൊന്നി"ളിച്ചുനിൽക്കവേ-
യറിഞ്ഞു,ചമ്മി!യാരൊടുംപറഞ്ഞിടൊല്ലകൂട്ടരേ
5, സഹിക്കവയ്യാത്തൊരു ചൂടുമൂലം
ഉറക്കമെങ്ങോ വഴിമാറിനിൽക്കേ
അഹസ്സുവന്നെത്തെ,ഇരച്ചിലോടെ
മഴക്കിടാവൊട്ടു തണുപ്പുതന്നു
6,കറുമ്പനായൊരുണ്ണിവന്നു,കൈവലിച്ചുണർത്തയാ-
ണിടയ്ക്കു,തെല്ലുനേരമൊന്നുമെല്ലെഞാൻ മയങ്ങവേ
എണീറ്റിരിക്കുകെന്റെനല്ലവേഷമൊന്നുകണ്ടിടൂ
കഥിച്ചിടൂ,പലർക്കുമോദമോടെയൊന്നുചൊല്ലുവാൻ
7,എന്തേനീയൊരുപദ്യമിട്ടുസദസിൽവന്നീടുവാൻവൈകയാ-
ണെന്തേ നേരമതൊട്ടുമില്ല,പണിയാണെന്നങ്ങുഭാവിക്കയോ
എന്തായാലുമെനിക്കുതെല്ലുമുളവാകില്ലിന്നുഖേദംസഖേ
നന്നായ് ശ്ലോകമതൊന്നു വീണ്ടുമെഴുതാനാവാത്തനോവെന്നിയേ
8,തിരിഞ്ഞുനോക്കുമ്പൊഴുതെന്റെചിത്തേ-
നിറഞ്ഞുനിൽപ്പാണൊരുകുറ്റബോധം
പഠിച്ചുകേറാൻതുനിയാതെ,നഷ്ട-
പ്പെടുത്തിഞാനെന്റെസുവർണ്ണകാലം
9,പോയവാരമതിൽതാൻപറഞ്ഞൊര-
ക്കാരിയംമമ,മനംമറന്നുപോയ്
ആയിതോസഖി,തുറന്നുനോക്കുവാ-
നാവിമർദ്ദഗുണമുള്ളഭാജനം ?
10, മരങ്ങൾതന്നപ്പുറമായുയർന്ന
മലയ്ക്കൊരാനപ്രകൃതങ്ങൾകാൺകേ
അരിക്കുമോഹിച്ചു,വനംവിടുന്നോ-
രൊരൊറ്റയാനെന്നൊരുവൾക്കുതോന്നി.
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment