Wednesday, 8 February 2012

ആനയെന്നാലും അബല തന്നെ

(ഗുരുവായൂര്‍ ആനയോട്ടത്തിന് ഒരിക്കല്‍ ഗൌരി എന്ന പിടിയാന ഒന്നാമതായി ഓടിയെത്തി.ജേതാവിനല്ലാതെ ജേത്രിക്ക് സമ്മാനം കൊടുക്കുന്ന പതിവില്ല.അതാണ്‌ അവിടത്തെ നിയമം.ആ പത്രവാര്‍ത്ത കണ്ട് എഴുതിയതാണ് ഈ കവിത)

മന്നിലെ വൈകുണ്ഠ വാതിലിലിന്നലെ
ഒന്നാമതായി ഞാനോടിയെത്തി
വന്പുള്ള കൊമ്പരെ പിമ്പിലാക്കിക്കൊണ്ടെന്‍
തമ്പുരാന്‍ തന്‍ നട മുന്‍പിലെത്തി 

ഇല്ലെനിക്കെന്നാല്‍ മദമെന്ടെ ഉള്ളത്തില്‍
തെല്ലും ഞാന്‍ പാവം പെണ്ണാനയല്ലേ 
ഉല്ലാസം മാത്രമാണാദ്യവിജയത്തില്‍ 
നില്ലാഞ്ഞോരാത്മ പ്രഹര്‍ഷം മാത്രം 

സ്വപ്നങ്ങള്‍ കാണേണ്ട പ്രായമല്ലെന്നാലു-
മുത്സവം തീരുന്ന നാള്‍ വരേയ്ക്കും
ക്ഷേത്രമതില്‍ കെട്ടില്‍ വി.ഐ.പി.ആയ് നില്‍ക്കാം 
ഭക്തര്‍ തന്‍ ലാളന ഏറ്റു വാങ്ങാം 

ഏത്തപ്പഴം,മലര്‍,ശര്‍ക്കര,തേങ്ങാപ്പൂള്‍
ഏറ്റം രസിച്ചിഷ്ടം പോലെ തിന്നാം 
പുത്തന്‍ കിനാവുമായ് നില്‍ക്കവേ കേട്ടുഞാന്‍ 
ചിത്തം തകര്‍ക്കുന്ന വര്‍ത്തമാനം 

പെണ്ണാന ഓടി ജയിച്ചു വന്നെന്നാലും
സമ്മാനം നല്‍കാന്‍ നിവൃത്തിയില്ല
പിന്നിലെ കൊമ്പനായേകും ക്രെഡിറ്റെല്ലാം 
എന്ന പതിവിന്നു മാറ്റമില്ല 

എന്തിന്നധികൃതരോടിച്ചു നാല്പത്തി-
യൊമ്പതാമത്തെ വയസ്സിലെന്നെ 
എന്തിനായ് കാണികള്‍  കയ്യടിച്ചെന്നിലെ 
എന്നെ ഉത്തേജിതയാക്കി പിന്നെ     
 

പെണ്ണിന്ടെ രൂപമൊരിക്കല്‍ ധരിച്ചവന്‍ 
പെണ്ണിന്ടെ മാനത്തെ രക്ഷിച്ചവന്‍
പെണ്ണായ് പിറന്നതിന്‍ നിന്ദ!ഹാ!കഷ്ടമീ
കണ്ണനും കണ്ടില്ല എന്നു തോന്നി.

(കണ്ണാടി കാണുമ്പോള്‍ എന്ന കവിതാ സമാഹാരത്തില്‍ നിന്ന്)   

_______________
പ്രേമവിശ്രമം
______

(ആനയോട്ടം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം' ഗൌരി' ചെരിഞ്ഞു.ആ വാര്‍ത്ത അറിഞ്ഞു എഴുതിയതാണ് ഈ കവിത.)

മന്നിലെ വൈകുണ്ഠ  നാഥനോടെന്തിനായ് 
മുന്പൊരു നാള്‍ ഞാന്‍ പരിഭവിച്ചു 
അന്പുള്ളവനെന്നറിഞ്ഞിട്ടു, മെന്തിനെന്‍
തമ്പുരാനോടു കലഹമിട്ടു

രണ്ടാണ്ടു മുന്പത്തെ ,യാനയോട്ടത്തില്‍ ഞാ-
നൊന്നാമാതായി ജയിച്ചു വന്നു 
ഉന്നതന്മാര്‍ ഒത്തു ചേര്‍ന്നു,ഭവാനെന്ടെ
കന്നിവിജയ മവഗണിച്ചു .

ഇല്ലെനിക്കെന്നാല്‍ മദമെന്‍ടെ  ഉള്ളത്തില്‍
തെല്ലും ഞാന്‍ പാവമൊരാനയല്ലേ
അല്ലലോടാനയെന്നാലുമബലയാ -
ണെന്നോരറിവുകൈക്കൊണ്ടതല്ലേ

സ്വപ്നങ്ങള്‍ കണ്ടു നടക്കെ ചതിക്കുഴി
പെട്ടു വീണില്ലായിരുന്നെങ്കില്‍ ഞാന്‍ 
സഹ്യവനമേട്ടില്‍ ഉത്തുംഗയാം ഗജ-
മുത്തശ്ശിയായിന്നു മാറിയേനെ 

മോഹന വാരണമൊത്തൊരു ദാമ്പത്യ-
ജീവിതവും പിന്നെയമ്മയാകാന്‍ 
മോഹമുണ്ടായിരുന്നെന്നാലു, മൊത്തില്ല 
പാരതന്ത്ര്യത്തിന്‍ടെ ചങ്ങലയാല്‍  

എങ്കിലും ഞാന്‍ ധന്യയായീ ദശകങ്ങള്‍ 
മുമ്പൊരു ഭക്തന്‍ തിരുനടയില്‍
എന്നെസ്സ മര്‍പ്പിച്ച വേളയില്‍ ഞാന്‍ സ്വയം 
നിന്‍ പാദസേവ പ്പ്രതിന്ജ്ഞ  ചെയ്തു  

ഉത്സവവേളയില്‍  ആണാനകള്‍ പല
ദിക്കിലും മേളക്ക് പോയിടുമ്പോള്‍
കൂട്ടു പിടികള്‍ക്കിടച്ചില്‍  ,ചട്ടക്കാരന്‍ 
നാട്ടില്‍ നിന്നെത്താതെ വന്നിടുമ്പോള്‍
പട്ടു തലേക്കെട്ട്,പൊന്മണി  കണ്ഠത്തില്‍ 
മുത്തുചിലങ്ക നടദ്വയത്തില്‍
കെട്ടി തലയെടുപ്പില്‍ നിന്‍ തിടമ്പേറ്റി
ചുറ്റു പ്രദക്ഷിണം വെച്ചിടുമ്പോള്‍ 
കൊട്ടുകള്‍ക്കൊപ്പമായ് ചേര്‍ന്നു ചെവിയാട്ടി 
മത്തെഭയാനം നടത്തിടുമ്പോള്‍ 
ഹൃദ്യമായീടുന്നു ജീവിതം മാനസ-
മത്യന്ത മോദ  പ്രകാശാങ്കിതം 

രണ്ടുനാള്‍ മുന്പെനിക്കായൊരു വല്ലായ്ക-
വന്നുപെട്ടെന്തെന്നറിഞ്ഞതില്ല 
വെള്ളത്തിനില്ല മോഹം,പട്ട തിന്നുവാന്‍ 
തെല്ലും രുചിയില്ലു, റക്കമില്ല 
ഉള്ളില്‍ വിറവന്നു, കൈകാല്‍ കുഴഞ്ഞു ഞാന്‍ 
പിന്നെയീ മണ്ണില്‍ വശം ചെരിഞ്ഞൂ
തുമ്പിയനക്കുവാനാകാതവശയായ് 
കണ്ണുനീര്‍ വാര്‍ത്തു തളര്‍ന്നു വീണു 

ഏറെ വിരുതരാം വൈദ്യന്മാര്‍ വന്നു ചേര്‍-
ന്നോരോ ചികിത്സകള്‍ ചെയ്തെങ്കിലും
മാറിയില്ലെന്‍ രോഗഭാവങ്ങള്‍ നോവുക-
ളേറെ ഞാന്‍ തിന്നു കിടന്നു കേണു 

ഓര്‍ത്തുപോയ് പണ്ടെന്‍ടെ ദേവനോടായ് ചെയ്ത 
നേര്‍ത്ത പരിഭവ രോദനങ്ങള്‍ 
കൂര്‍ത്തുള്ളൊരമ്പു പോല്‍ കുറ്റബോധത്തോടെ-
യാര്‍ത്തു പതിച്ചിതെന്‍ മാനസത്തില്‍ 

കണ്ണു ,മടച്ചതി വേദനയോടെ ഞാന്‍
കണ്ണനെയോര്‍ത്തു പിടഞ്ഞിടുമ്പോള്‍
വിണ്ണില്‍  നിന്നാണൊരു വേണു നാദം കേട്ടു
കര്‍ണത്തിലാനന്ദ പീയൂഷമായ്

ആരാണ് ചാരത്തു വന്നിരുന്നീടുന്നി-
താരാണു മന്ദം തലോടിടുന്നു 
ദ്വാരകാ നാഥനാണെന്നുള്ള  ബോധമെന്‍ 
ചേതനയെച്ചെന്നു തൊട്ടിടുന്നു


എന്തെന്തതിശയം !നിന്‍ സ്നേഹസ്പർശനാ-
ലെന്ടെ വ്യഥകള്‍ അകന്നുപോയി 
ചിന്തയില്‍ നീറി നിന്നീടുമവശത 
മന്ദമായ് എങ്ങോ മറഞ്ഞു പോയി 

മധ്യവയസ്സിലാണെങ്കിലും നിന്‍ സ്നേഹ -
സുസ്മിതം ചേര്‍ന്നുള്ള സാന്ത്വനങ്ങള്‍
വര്‍ഷങ്ങള്‍ പിന്നോട്ടുപായിച്ചു ഞാനൊരു-
മുഗ്ധ,കൌമാരത്തി,ലെത്തിനിന്നു

പ്രായങ്ങളില്ല പ്രണയത്തിനെന്നുള്ള
നൂതനമാം നിനവില്‍ നിറഞ്ഞു 
ഗോപകുമാരന്ടെ പാദത്തില്‍ ഞാനെന്ടെ 
ജീവനെത്തന്നെയും ചേര്‍ത്തുവെച്ചു 

അന്ത്യസമയമടുത്തെന്നറിഞ്ഞു ഞാന്‍ 
നിന്ദ്യമല്ലാത്ത വരം കൊതിച്ചു 
ഉണ്ടെങ്കില്‍ ജന്മ,മതിലും,ഒരാനയായ്
നിന്‍ ദാസി,യാകുവാ,നാഗ്രഹിച്ചു

___________
(കണ്ണാടി കാണുമ്പോള്‍ എന്ന കവിതാ സമാഹാരത്തില്‍ നിന്ന്.)










   



    














































































































































































































































































     
































































































































































































































































































































































































































































































































































































































            
























    





































































  







































  











































































































































































































mu      




                      

No comments:

Post a Comment