Sunday, 26 February 2012

സ്നേഹച്ചട്ടം

അഞ്ചാറു മാസമായ് കെട്ടും തറിയില്‍ ഞാന്‍ 
നിന്നുസുഖിക്കുകയായിരുന്നു 
വണ്ടികണക്കായിറക്കും പനമ്പട്ട 
തിന്നു തിമര്‍ക്കുകയായിരുന്നു   
എന്നല്ല,മാമ്പഴമേറെ,ചെറുപഴം 
നന്നായ് പഴുത്തുള്ള  ചക്കപ്പഴം 
പൊന്നും കൊതിക്കുന്ന വെള്ളരിക്കപ്പഴം 
നെയ്യില്‍ കുഴച്ച ചോറീ,ന്തപ്പഴം
പുത്തന,വില്‍,തയിര്‍,തണ്ണിമത്തന്‍ നല്ല-
ശര്‍ക്കര ചേര്‍ത്തുള്ള ലേഹ്യങ്ങളും
നിത്യവും നല്കിവന്നുള്ളോരു നാഥനെ 
സത്യമായ് വന്ദിച്ചു തുമ്പിയാലെ 
---------------------------  
പിന്നെ മദകാലം തീര്‍ന്നൂ പണിക്കായി 
ചങ്ങല,യിട്ടിങ്ങു കൊണ്ടുപോന്നു 
കെട്ടി,വലിക്കേണ്ട മുട്ടികള്‍ കണ്ടുള്ളി-
ലിഷ്ടക്കേടെന്തിനോ തോന്നിപ്പോയി 
(വേനലവധി കഴിഞ്ഞു,പള്ളിക്കൂടം 
പൂകാന്‍ കിശോരര്‍ മടിക്കുകില്ലേ?
ഏറിയ നാളത്തെ മോദങ്ങള്‍ പെട്ടെന്നു-
തീരുമ്പോള്‍ മാനസം മങ്ങുകില്ലേ?)
'വക്ക' കടിക്കവേ പല്ലു,പുളിച്ചുപോ-
യൊട്ടു,ശങ്കിച്ചതെന്‍ കുറ്റമാണോ? 
'തോട്ടി,ചെവിയി,ലുടക്കിയ നോവിനാല്‍
'ചേട്ട',യായ് തീര്‍ന്നതെന്‍ ദോഷമാണോ?-
പത്തു,നൂറാളുകള്‍ വന്നു,വെറി,യേറ്റാന്‍ 
ചുറ്റിലും നിന്നതെന്‍ തെറ്റുതാനോ?
കൂട്ടത്തില്‍ നിന്നൊരാള്‍ കല്ലെറിഞ്ഞാകായ്മ-  
കൂട്ടി,യെന്നുള്ള,തസത്യമാണോ?                 
മത്തു പിടിച്ചു പുറത്തിരിക്കുന്നോനെ
മസ്തകമാട്ടി ഞാന്‍ താഴെയിട്ടു
കുത്തുവാനായ് കൊമ്പു കൊണ്ടു,കൊണ്ടില്ലൊരു
ജല്പനം വന്നെന്‍ടെ കാതില്‍ വന്നു
'വയ്'അവിടാനെ, യെന്നുള്ളൊരാജ്ഞാസ്വരം 
പയ്യെന്നു ഹൃത്തിനെ തേടി വന്നു  
ആജ്ഞ,യല്ലേറെ പരിഭവ ഖേദങ്ങള്‍ 
കോര്‍ത്തൊരാ ശബ്ദം തിരിച്ചറിഞ്ഞു 
ഓര്‍ത്തു,ഗതകാല സൌഭാഗ്യ,മെന്‍ മദം-
നേര്‍ത്തു,പെരുമുഖം പിന്തിരിഞ്ഞു 
ഈറനുറഞ്ഞൊര,ക്കണ്ണുകള്‍ കാണ്കവേ 
നീറി,യെന്നുള്ളം, ശിരസ്സുതാന്നു 
ചോറിനായെന്നെ മേയ്ക്കാന്‍ വന്ന ചെക്കനെ 
കീറിയെറിയാതെ വിട്ടുപോന്നു 

മെല്ലെ,ക്കഴുത്തിലെ ചങ്ങലയില്‍ തൊട്ടു 
കൊമ്പു,പിടിച്ചങ്ങുലാളിക്കവേ 
തെല്ലു,പേടിച്ചു,നാണിച്ചു പിന്നെ സ്നേഹ-
ച്ചങ്ങലയില്‍ ഞാന്‍ മെരുങ്ങിനിന്നു

--------------------------------------
(കണ്ണാടി കാണുമ്പോള്‍ എന്ന കവിതാ സമാഹാരത്തില്‍ നിന്ന്)             
'പെരുമുഖം' =ആനയുടെ മുഖത്തിനു പറയുന്ന പേര്.

          








































 

No comments:

Post a Comment