Thursday, 10 August 2023

 മുട്ടയും കുട്ടിയും


എത്രയോകാലമായ് കാത്തിരുന്നിട്ടെന്റെ

പുത്രിയ്ക്കിതാദ്യമായ് നാളുതെറ്റി

എട്ടുപിറന്നൂ ' മിഥുന'മണഞ്ഞിടാ-

നെത്രയും മോഹിച്ചു കാത്തിരിപ്പായ്


തൊട്ടടുത്തുള്ളൊരാരോഗ്യകേന്ദ്രത്തിലേ-

യ്ക്കെത്തിഞാനെന്റെ മകളുമൊത്ത്

കൃത്യമായെല്ലാം നിരീക്ഷിച്ചു,പുഞ്ചിരി-

ച്ചിത്ഥമുരചെയ്തു ലേഡിഡോക്ടർ


" എന്തേ തിരിഞ്ഞില്ല ? നിൻസുതയ്ക്കാരോഗ്യ-

മമ്പേ പരുങ്ങലാണെന്നറിഞ്ഞോ

നൽകിടേണം നല്ല ഭോജനം പാൽ പഴ-

മെന്നല്ലിലക്കറി വേണ്ടുവോളം

പ്രോട്ടീൻകുറവുമാറ്റീടാൻ ചെറുപയ-

റാദ്യം മുളപ്പിച്ചതേകീടണം

'മുട്ട' നന്നായിപ്പുഴുങ്ങിക്കഴിപ്പിച്ചു

ശക്തി ദേഹത്തിൽ വരുത്തിടേണം

അമ്മയ്ക്കുവേണ്ടുന്നതെല്ലാം ലഭിയ്ക്കിലേ

കുഞ്ഞിന്റെ കായം വളർന്നിടുളളൂ"

സമ്മതിച്ചെന്നായ് തലയാട്ടി മെല്ലെഞാൻ

നന്ദിനിയൊത്തു പുറത്തിറങ്ങി


മെല്ലെത്തിരിച്ചുപോരുമ്പോൾ മനസ്സിങ്ക-

ലല്ലലോടെന്തോ കടന്നുകൂടി

അൻപോടെയെൻകൺകൾരണ്ടും തനൂജത-

'ന്നിമ്പം' മയങ്ങും വയർതലോടേ


പച്ചക്കറി,പഴം,പാലെന്നിതൊക്കെയും

ചിട്ടയായ് നൽകുവാൻ പറ്റുമെന്നാൽ

മുട്ട പുഴുങ്ങിക്കൊടുക്കയെന്നുള്ളൊരാ-

ദുഷ്ടകൃത്യം ചെയ്ക സാധ്യമാമോ?

മറ്റൊരുജീവൻ കവർന്നെന്റെ മുത്തിന്നു-

പുഷ്ടിവരുത്താൻ തുനിഞ്ഞിടാമോ?

വിശ്വംനിറഞ്ഞോനനുഗ്രഹിയ്ക്കിൽ മകൾ-

ക്കിഷ്ടസന്താനം ജനിയ്ക്കയില്ലേ?


                               ഗിരിജ ചെമ്മങ്ങാട്ട്

 ഫുട്ബോൾ


കാൽപ്പന്തുകളിതൻ മേളം

നാട്ടിലെങ്ങും മുഴങ്ങവേ

ബാല്യകാലത്തിലേയ്ക്കെന്റെ

മാനസം ചെന്നുചേർന്നുവോ


പള്ളിക്കൂടത്തിൽനിന്നെത്തി-

പ്പുസ്തകസ്സഞ്ചിവെച്ചുഞാൻ

ഓടിച്ചെല്ലുമടുത്തുള്ള

നാട്ടുമൈതാനമൊന്നതിൽ


ജോർജ്ജൂട്ടി,യൊരു ഭാഗ്യവാൻ

ഫുട്ബോൾ സ്വന്തമതുള്ളവൻ

തലയെണ്ണിപ്പിരിച്ചീടു-

മോരോ "നാലണ" വാടക


പൊരിഞ്ഞ കളിയായ്പ്പിന്നെ-

യാർപ്പും കൂക്കു,മുയർന്നിടും

കൂട്ടത്തിൽ ചെറുതാം,ഞാനു-

മോടും പന്തൊന്നടിക്കുവാൻ


കളി"വെന്നിയ"കൂട്ടക്കാർ

ജയഘോഷം മുഴക്കവേ

വിഷണ്ണനായിവൻ നിൽക്കും

പന്തുകിട്ടാത്ത നോവുമായ്


പാവമെന്നെന്നെയോർത്തിട്ടു

പന്തുതാഴത്തുവെച്ചുടൻ

സൗജന്യം നാലു"കിക്കേ"കും

ജോർജ്ജുകുട്ടി മഹാശയൻ !!


         ********

ഗിരിജ ചെമ്മങ്ങാട്ട്.

 ഗുണപാഠം


സതീർത്ഥ്യരായ്ച്ചേർന്നുകളിച്ചിടാനാ-

യൊരുങ്ങിവിദ്യാലയമുറ്റമെത്തേ

കരുത്തനായുള്ളൊരുബാലനെന്നെ-

യടിച്ചുനോവിച്ചകലേയ്ക്കുപാഞ്ഞൂ


തിരിച്ചുനൽകാൻവഴിനോക്കി താഴെ-

ക്കുനിഞ്ഞുനിന്നിട്ടൊരു കല്ലെടുക്കെ

ചിരിച്ചുകൊണ്ടെന്നരികത്തുവന്നി-

ട്ടുരച്ചുമന്ദം ഗുരുനാഥയിത്ഥം

" എറിഞ്ഞകല്ലും വിനയോർത്തിടാതെ-

പ്പറഞ്ഞവാക്കും തിരികേവരില്ല

മിടുക്കനായായുധമങ്ങുവെച്ചു-

പഠിക്കുവാൻ നേരെഗമിക്കകൃഷ്ണാ..


              ********

ഗിരിജ ചെമ്മങ്ങാട്ട്.

 ഉണ്ണിയേശു


ക്രിസ്തുവിൻ പിറന്നാളാ-

ണല്ലോ വന്നെത്തീ നാളെ

കൂട്ടുകാരെല്ലാം വീട്ടിൽ

പുൽക്കൂടൊരുക്കീടവേ

കുട്ടന്നു,മുള്ളത്തിൽ വ-

ന്നുദിച്ചൂ പുത്തൻമോഹം

കുട്ടിപ്പുൽക്കൂടൊന്നിങ്ങീ-

സിറ്റൗട്ടിലുണ്ടാക്കുവാൻ


ആശയുണ്ടുണ്ണിയ്ക്കെന്ന-

റിഞ്ഞപ്പോൾ വേഗംവന്നൂ

ശോശാമ്മ,മോദംപൂണ്ടി-

ട്ടോരോന്നായൊരുക്കുവാൻ

യേശുവെക്കിടത്തുവാൻ

വൈക്കോൽമെത്തയുംവിരി-

ച്ചാശിച്ചിരിപ്പോൻതന്റെ-

യുള്ളം കുളിർപ്പിച്ചല്ലോ!


പുൽക്കൂടൊരുങ്ങിക്കണ്ട-

നേരമാക്കുരുന്നിന്നു

കൊച്ചുയേശുവെക്കൊണ്ടു-

വെയ്ക്കുവാൻ തിടുക്കമായ്

" ഇപ്പോഴായില്ലാ നേരം

പാതിരാവായാലല്ലോ

ക്രിസ്തുവീക്കൂട്ടിൽദൈവ- പുത്രനായെത്തീടുള്ളൂ"


ശോശാമ്മച്ചൊല്ലീവിധം

കേട്ടപ്പോൾ,കുഞ്ഞന്നുള്ളി-

ലാശയക്കുഴപ്പം വ-

ന്നിങ്ങനെ ചോദിച്ചുപോയ്

" ആസ്പത്രീലാണോ,ഉണ്ണി-

യേശുവിൻ മാതാവിപ്പോൾ?

കാത്തിരിപ്പാണോ ലേബർ-

റൂമിന്റെ മുമ്പിൽ ദൈവം ?"


             *********


ഗിരിജ ചെമ്മങ്ങാട്ട്

 നരച്ചനമ്പൂരി.


മുറ്റത്തുള്ളൊരു മാഞ്ചോട്ടി-

ലേട്ടനൊത്തടികൂടവേ

പരാതിപ്പെടുവാനായി-

ട്ടടുക്കളയണഞ്ഞുഞാൻ


ഓട്ടുകിണ്ണത്തിലായത്തിൽ

മുട്ടിച്ചിരവയിട്ടതാ

വല്യേടത്തി ചുരണ്ടുന്നൂ

പച്ചത്തേങ്ങയുടച്ചുടൻ


മണ്ണുമാന്തിയകയ്യാണെ-

ന്നോർക്കാതെച്ചെന്നെടുത്തുപോയ്

മുല്ലപ്പൂനിറമൊത്തുള്ള

നാളികേരം ഭുജിച്ചിടാൻ


മോഹംതീരാഞ്ഞു പിന്നേയും

വാരിത്തിന്നാനൊരുങ്ങവേ

കൈപിടിച്ചരുതെന്നോതീ

അമ്മ കണ്ണനൊടെന്നപോൽ


" ചിരകിക്കൊണ്ടിരിക്കുമ്പോൾ

വായിലാക്കുന്ന പെണ്ണിനെ

നരച്ചുമൂത്തനമ്പൂരി

വന്നുവേളികഴിച്ചിടും "


ഉള്ളിലല്പരസത്തോടെ-

യുമ്മറത്തേയ്ക്കു നീങ്ങവേ

പടിപ്പുര കടന്നെത്തീ

പൂണൂൽധാരിയൊരാളഹോ!


വല്യേട്ടന്റെ സമപ്രായ-

മകാലനരബാധിതൻ

കൈകൾനീട്ടിച്ചിരിക്കേഞാ-

നകത്തേയ്ക്കോടിയുത്സുകം


" എല്ലാരും വന്നുകാണേണ-

മെത്തീമുറ്റത്തുകണ്ടുഞാൻ

വല്യേടത്തീ,വരൂവേഗ-

മെന്നെ വേട്ടിടുവാനൊരാൾ "


          **********

ഗിരിജ ചെമ്മങ്ങാട്ട്.

 ചെരിപ്പ്


ഞാനുമെന്നനീത്തിയു-

മേട്ടന്റെ കയ്യിൽ തൂങ്ങി

സാഗരം കാണാനായി-

ട്ടന്നൊരു നാളിൽ ചെന്നു

പൂഴിയിലോടിച്ചാടി-

ക്കളിച്ചും മുത്തുച്ചിപ്പി

വാരിയു,മലയാഴി

കണ്ടും രസിച്ചൂ ഞങ്ങൾ


ആദ്യമായേട്ടൻ വാങ്ങി-

ത്തന്നതാം ചെരിപ്പിട്ടൊ-

രൂറ്റവും ഞങ്ങൾക്കുണ്ടാ-

യെന്നതു വേറെക്കാര്യം

പുത്തൻ ചെരിപ്പിന്നുള്ളിൽ

പൂഴികേറുമ്പോഴുള്ളൊ-

രസ്വാസ്ഥ്യം പുല്ലെന്നോർത്തു

ഞങ്ങളാവേശംകൊണ്ടു


മണലിൽ ശ്രീരാമന്റെ

നാമം മായ്ക്കുവാൻ വീചി-

നിരകൾ വരുന്നതും

കണ്ടുകണ്ടാമോദിക്കേ

അനുജത്തിതന്മുഖം

വാടിപ്പോയല്ലോ,കഷ്ടം!

പുതുപാദരക്ഷയ-

ത്തിരവന്നെടുക്കവേ


പലവട്ടമായ് നീട്ടി-

ത്തന്നെ"ടുത്തോളൂ"വെന്നായ്

കടലമ്മയാൾ വീണ്ടും

പിന്നാക്കം മാറിപ്പോകേ

കരയാൻതുടങ്ങിയെൻ

കുഞ്ഞുസോദരി,മെല്ലെ

മിഴിനീരൊപ്പിക്കൊണ്ടു

സാന്ത്വനിപ്പിച്ചാനേട്ടൻ


കുടുക്കുംപൊട്ടി,ക്കീറി-

യർദ്ധകാൽശരായിയൊ-

ന്നിറുക്കിക്കേറ്റിക്കൊണ്ടു-

മൊട്ടിയവയറോടും

ദേവദൂതനെപ്പോലെ

യടുത്തേയ്ക്കണഞ്ഞൊരു

ദാശബാലകൻ കാര്യം

കണ്ടറിഞ്ഞപ്പോൾ വേഗം

ചാടിനാൻ കുതിച്ചാർത്തു

വന്നീടും പാരാവാരേ

പേടിയെന്നിയെച്ചെന്നു

വാരിയാച്ചെരിപ്പിനെ

കരയിൽ കേറീട്ടവൻ

കരയുന്നോൾക്കായ് നീട്ടി

കനിവോടെയക്കൊച്ചു-

പാദുകം,ചിരിച്ചവ-

ളൊരുപോൽതിരകളും

ഞങ്ങളും,തോഷിച്ചുപോ-

യരികേനിൽക്കും കാഴ്ച-

ക്കാരുമാ,രംഗംകാൺകേ


ഹൃദംയംനിറഞ്ഞുള്ളൊ-

രാർദ്രഭാവത്തോടേട്ട-

നൊരുനാണയം നൽകാൻ

നീങ്ങവേ,തെല്ലുംമോഹം

വദനേചേർത്തീടാതെ-

ക്കയ്യൊന്നുകൂപ്പിക്കൊണ്ട-

ങ്ങകലേയ്ക്കോടിപ്പോയാ

ധീവരകുമാരകൻ


        **********

ഗിരിജ ചെമ്മങ്ങാട്ട്

 

ദശപുഷ്പമാല


ഇലക്കീറിലിരിക്കുന്ന കറുകക്കൂട്ടത്തിൽനിന്നും
മിടുക്കികൾ മൂന്നുപേരെന്നരികിലെത്തി
ഇലക്കഷ്ണം വാട്ടിക്കീറി,ച്ചുരുട്ടിനൂലാക്കിമെല്ലെ
ദശപുഷ്പമാലകെട്ടൂ ഞങ്ങളെച്ചേർത്ത്
ചിരിച്ചുകൊണ്ടവരെഞാ,നോമനിച്ചുനൂലിൽചേർക്കെ
വരുന്നുമൂന്നുപേർവീണ്ടും ചെറൂളയൊത്ത്
നിറഞ്ഞുള്ളൊരാമോദത്താലവരെയുംകോർക്കെ പൂവ്വാം-
കുരുന്നില കൃഷ്ണക്രാന്തീസമേതമെത്തി
മുരാരിയെസ്മരിച്ചുഞാനവരേയുംകൂടെക്കൂട്ടെ
വരുന്നു മുക്കുറ്റി മുയൽച്ചെവിയുമൊത്ത്
നിലപ്പന കയ്യുന്നിയാംതോഴിയുമായ്,നാണത്തോടെ-
യടുത്തുവന്നപ്പോ,ളൻപുചേർത്തുവെച്ചൂഞാൻ
ഉഴിഞ്ഞതിരുതാളിമാരെവിടെപ്പോയെളിച്ചെന്നോ
തിരഞ്ഞപ്പോൾ മടിച്ചെന്റെയരികിൽവന്നൂ
കൊറോണക്കാലമെന്നാലു,മകലങ്ങൾ പാലിയ്ക്കേണ്ട
മഴയത്തുനിൽക്കുംനിങ്ങൾ വിശുദ്ധിയുള്ളോർ
കഥയെല്ലാംകണ്ടുനിൽക്കേ കറുകനാമ്പുകൾമൂവ-
രൊരുമയോടടുത്തെന്റെ വിരലിൽ തൊട്ടു
ദശപുഷ്പമാല ചമച്ചിലയിൽപൊതിഞ്ഞൂനാളെ
പുലർച്ചയ്ക്കു കുളിച്ചുവന്നെടുത്തുചൂടാൻ
                        ***********
ഗിരിജ ചെമ്മങ്ങാട്ട്

 കുറ്റബോധം

നാല്പതാണ്ടുകൾ മുമ്പേഞാൻ

കേട്ടതാണീ ചിരിക്കഥ

നാലുമാസം മുമ്പുള്ളി-

ലെഴുതാൻ വന്നൊരാശയം

കുത്തിക്കുറിച്ചിടാനന്നേ

തോന്നാഞ്ഞതു കഷ്ടമായ്

" ഇച്ചമ്മ" കണ്ടുവായിച്ചാ-

ലിഷ്ടപ്പെട്ടു ചിരിച്ചിടും

മക്കളോടൊത്തുചേർന്നിട്ടു

സൂപ്പറെന്നുകമന്റിടും

ബുദ്ധിമോശമിതെന്നോർത്തു

ദു:ഖിക്കുന്നതു നിഷ്ഫലം

ഇത്രവേഗമിഹംവിട്ടു-

പോകുമെന്നോർത്തതില്ലഞാൻ

കുത്തുന്നു കുറ്റബോധത്തിൻ

കൂരമ്പെൻ മനതാരിതിൽ




 

ഈശ്വരൻ വീണ്ടും വന്നാൽ


മങ്ങിക്കത്തീടും നില-
വിളക്കിന്നരികിലാ-
യമ്മിണിയെന്തേ കണ്ണും-
പൂട്ടിവാവുറങ്ങുന്നൂ
കുഞ്ഞുമെയ് നോവില്ലെന്നോ തണുത്തവെറുംനില-
ത്തിങ്ങനെയേറേനേരം
മിണ്ടാതെക്കിടന്നെന്നാൽ
അമ്മയുമേട്ടന്മാരു-
മേട്ടത്തിമാരും കൂടീ-
ട്ടെന്തിനായ് കണ്ണുംചിമ്മി-
ത്തേങ്ങിക്കരഞ്ഞീടുന്നു
എന്തേതെന്നറിയാതെ-
യെന്തുചെയ്യേണ്ടൂവെന്നായ്
മന്ദംമന്ദമായൊരു
മൂലയ്ക്കലൊതുങ്ങീഞാൻ
അങ്ങേയകത്തും നിന്നാ-
ണെന്നു തോന്നീടുന്നൊരു
വിങ്ങിപ്പൊട്ടലോ,കേൾപ്പൂ
ഞാനൊന്നു പങ്ങിച്ചെന്നൂ
കണ്ണനെ മാറിൽച്ചേർത്തു
കണ്ണീരൊലിപ്പിച്ചെന്റെ
കുഞ്ഞമ്മയല്ലോ മനം-
നൊന്തിട്ടു മാഴ്കീടുന്നു
ഖിന്നനായ് നില്പാണുണ്ണി-
യെന്നെക്കാൺകവേ മെല്ലെ-
യന്തികേ വന്നൂ ശോക-
ഭാവത്താൽ മുഖം താഴ്ത്തി
ഉള്ളിലൊന്നുംചേരാത്ത
പാവങ്ങൾ ഞങ്ങൾ ഭയ-
ന്നുമ്മറമുറ്റത്തേയ്ക്ക-
ങ്ങോടിപ്പോയ് തിടുക്കത്തിൽ
ഇന്നലെയന്തിയ്ക്കല്ലേ
ഞങ്ങൾ മൂവരുംചേർന്നു
സന്ധ്യാദീപത്തിൻമുന്നിൽ
കൈകൂപ്പി നാമം ചൊല്ലി
പിന്നെ രാവെത്തേ,മാമ-
മുണ്ടു,പാട്ടുകൾ പാടി
സമ്മോദിച്ചുറങ്ങി,യെ-
ന്തമ്മിണിയുണർന്നില്ല !
അമ്മിണിക്കുരുന്നിനെ
കൈകളിലേന്തീട്ടൊരാ-
ളങ്ങേപ്പറമ്പുംനോക്കീ-
ട്ടെന്തിനോ പോകുന്നേരം
എല്ലാരുമൊന്നായാർത്തു
'വേണ്ടെ' ന്നുതടുത്തപ്പോ-
ളുണ്ണിയും ഞാനും ഭീതി-
പൂണ്ടു,ചേർന്നുനിന്നുപോയ്
രാത്രിയിലമ്മൂമ്മയൊ-
ത്തുറങ്ങാൻ കിടക്കുമ്പോൾ
നേർത്തനാദത്താലാരാ-
"ഞ്ഞമ്മിണിയ്ക്കെന്തേപറ്റി?"
" ഈശ്വരൻകൊണ്ടോയെന്റെ-
തങ്കത്തെ" മുത്തശ്ശിയോ
വാക്കുകൾമുറിഞ്ഞുംകൊ-
ണ്ടോതിനാൾ പതുക്കനേ
പിറ്റേന്നു കാലത്തുണർ-
ന്നപ്പോഴെൻ കുനുനെഞ്ചിൽ
കുറ്റബോധത്തിൻ സൂചി-
മുനകൾ നോവിച്ചീടേ
മുറ്റത്തേയ്ക്കിറങ്ങീഞാ-
നുണ്ണിതൻകയ്യുംപിടി-
ച്ചൊറ്റയ്ക്കു സ്വകാര്യത്തി-
ലീവിധം ചൊല്ലീപിന്നെ
" അമ്മിണിക്കിടാവിനെ-
യീശ്വരൻ കവർന്നപ്പോ-
ളെല്ലാരുമൊന്നായ്ച്ചേർന്നു
വിലപിച്ചീടുന്നേരം
നമ്മൾ രണ്ടുപേർമാത്രം
കണ്ണുനീർപൊഴിച്ചില്ല !
വല്ലാത്തതെറ്റായ്പ്പോയെ-
ന്നറിഞ്ഞീടുന്നൂ കഷ്ടം !
ഒന്നുനാമോർത്തീടേണം
നാളെയെത്തിയീശ്വരൻ
കണ്ണനെയെടുത്തങ്ങു
സ്വന്തമാക്കീടുന്നേരം
എല്ലാരു,മന്നും പൊട്ടി-
ത്തേങ്ങീടുമുറപ്പായും
നമ്മളും നെഞ്ഞുംപൊത്തി-
ക്കേഴണം മറക്കാതെ "
             *************
ഗിരിജ ചെമ്മങ്ങാട്ട്


 വിനോദവിജയം


ഏട്ടാനുജന്മാർ വേളി-

കഴിച്ചകിടാങ്ങളാ-

ണേറ്റവുംരാഗത്തോടെ-

യിണങ്ങിപ്പിണങ്ങുന്നോർ

കൂട്ടംചേർന്നാടിപ്പാടി-

ക്കളിച്ചുരസിക്കുമ്പോൾ

കൂട്ടത്തിൽ മുതിർന്നവൾ-

ക്കുള്ളിൽ വന്നൊരുമോഹം മിഥുനക്കാർമേഘങ്ങൾ

നിർത്താതെപ്പെയ്യുംകാലം

മണലിപ്പുഴയില്ല-

പ്പറമ്പിൽ തലവെയ്ക്കേ

ചെറുവഞ്ചിയിൽക്കേറീ-

ട്ടക്കരേയ്ക്കെത്താനൊരു

കൊതിചൊല്ലിനാൾ തോഴി-

മാരോടു സ്വകാര്യമായ്

ഇതുകേട്ടവാറുത്സാ-

ഹത്തോടെയനീത്തിമാർ

വിരവിൽ പങ്കായവും

കൊണ്ടുയാത്രയ്ക്കായ് നിൽക്കേ

തുഴയാംഞാനെന്നായി-

ട്ടഗ്രജയെത്തുന്നേരം

'"അരുതെ"ന്നൊരാളോതീ

മേലുംകീഴുമോർക്കാതെ

പരിഹാസത്താൽ മൊഴി-

" ഞ്ഞേടത്തി തടിച്ചിയാ-

ണിനികേറിയാൽ പാതി-

യെത്തുമ്പോൾ വള്ളംമുങ്ങും

ഒരുവട്ടമീ ഞങ്ങ-

ളക്കരെപ്പോയീടട്ടേ

തിരികേവന്നാൽസോദ-

രിക്കു തോണിയിൽക്കേറാം"

കൃശഗാത്രികളുന്മാ-

ദിച്ചുപോയിടുന്നേരം

കരയിൽ കേറീട്ടവൾ

ചിന്താമഗ്നയായ് നിന്നൂ

വിരുതത്തികളവ-

രെങ്കിലു,മൊഴുക്കിനാൽ

വലുതായ് ബദ്ധപ്പെട്ടു

തുഴയുന്നതും നോക്കി

ഒരു കൂസലുംകൂടാ-

താ,മലവെള്ളത്തിലേ-

യ്ക്കിരുകൈകളും നീട്ടി-

യൂക്കോടെ നേരെച്ചാടി

മുടി,യുച്ചിയിൽക്കെട്ടി

നനയും ശീലച്ചേലി-

ലിളയോരെത്തുംമുന്നെ-

യക്കരെ നീന്തിക്കേറി

ചിരിയോടാർത്തും മുഖം

കോട്ടി,ക്കൊഞ്ഞനമിട്ടും

വിജയോന്മാദത്തോടെ-

യുച്ചത്തിലവൾ ചൊല്ലി

" പിറവം പാഴൂർപ്പുഴ

നീന്തിക്കടന്നോളോടോ

ചെറുപൈതങ്ങൾ നിങ്ങൾ

പോരിന്നു വന്നീടുന്നൂ ?"

          **************

ഗിരിജ ചെമ്മങ്ങാട്ട് 

പിറവം പാഴൂർപ്പുഴ     

(മൂവാറ്റുപുഴയാറ്)

ശീല അന്തർജ്ജനങ്ങൾ പണ്ട് ധരിച്ചിരുന്ന   രണ്ടുമുണ്ടുകൾചേർന്ന ഇണവസ്ത്രം

 പേടിത്തൊണ്ടി


പണ്ടുഞാൻ ചെറുപ്പത്തിൽ 

പകലൂണിനുശേഷം

ചെന്നങ്ങുവീഴും പായി-

ലന്തംവിട്ടുറങ്ങീടും

പിന്നെപ്പാതിരാവായാൽ

കാലൻകോഴികൾ "പൂവാ"-

നെന്നെ,വന്നുണർത്തുമ്പോ-

ളയ്യയ്യോ വിരണ്ടീടും

രാവൊന്നുതീരാനായി

മോഹിച്ചു കിടക്കുമ്പോ-

ഴീനാംപേച്ചിതൻ കേഴ-

ലുച്ചത്തിൽ കേൾക്കാനാകും

നാരിയൊന്നല്ലോപൂർണ്ണ-

ഗർഭത്താലപമൃത്യു

പൂകിയാലീനാംപേച്ചി-

യാവുമെന്നാണേകേട്ടു

ആരിൽനിന്നറിഞ്ഞതാ-

ണെന്നുഞാനോർക്കുന്നില്ല

തോഴിമാരാകാം നേര-

മ്പോക്കാകാം പൊളിയാകാം

നോവോടെ,ക്കരഞ്ഞീടു-

മേഴയാമൊരുമർത്ത്യ-

മാനിനിപോൽ ആരിലും

ദീനതചേരുംവിധം

ഭീതയായ്,ജപിച്ചീടു-

മർജ്ജുനനാമം പത്തു-

മേകയായ് സ്വരംതാഴ്ത്തി

രാവല്ലേ മിണ്ടീടാമോ

ആരേയുംനോവിക്കാതെ

തീറ്റതേടീടുന്നൊരു

പാവംജീവിയാണെന്നു

ഞാനന്നറിഞ്ഞിട്ടില്ല

പൊട്ടിച്ചക്കികളല്ലോ

കിക്കിക്കീ ചിരിക്കുമ്പോൾ

ഒട്ടുംകേൾക്കാൻവയ്യെന്നായ്

പൊത്തീടും ചെവിരണ്ടും

മുറ്റത്തെമരക്കൊമ്പിൽ

മക്കളെ മാടും മര-

പ്പട്ടിയാണവളെന്നു

ഞാനൊട്ടും ചിന്തിച്ചില്ല

പാടത്തിന്നരികത്തു

മാടവും കെട്ടിപ്പാർക്കും

മാതേവനുണ്ടേ,ഒടി-

വിദ്യയിൽ സമർത്ഥനായ്

പൂതങ്ങളിമ്പാച്ചിക-

ളെല്ലാരും വന്നിട്ടെന്റെ

ചോരയൂറ്റീടും കഷ്ടം!

ഞാനുമക്കൂട്ടം ചേരും

ഉറക്കംവരാതിങ്ങു

കൺചീമ്പിക്കിടക്കവേ

മുഴക്കംകേൾക്കാനാകും

ദൂരെയമ്പലത്തീന്നും

ഉറങ്ങിക്കിടക്കുന്ന

തേവരെയുണർത്തീടാൻ

പുലർച്ചേ നിത്യം വെടി-

പൊട്ടിക്കും വാല്യക്കാരൻ

ശ്രീരാമചന്ദ്രൻ പള്ളി-

യുണർന്നാൽ പേടിച്ചോടും

പ്രേതങ്ങൾ പിശാചുക്ക-

ളെല്ലാരും ബാണംപോലെ

ജാലകം കടന്നെത്തും

കുളിർതെന്നലിൻ സുഖ-

മാവോളംകൊള്ളും ഭയം-

മാറിയൊരാശ്വാസത്തിൽ

രാവിലെക്കുളിച്ചെത്തി-

ച്ചകിരിത്തൊണ്ടാലമ്മ-

യേറുനൽകീടുംവരെ

പോത്തുപോലുറങ്ങീടും

ചാടിയങ്ങെഴുന്നേറ്റു

പാതിയുറക്കപ്പിച്ചി-

ലോടീടും മുക്കേരിയു-

മീർക്കിലുംകൊണ്ടല്ലോഞാൻ

             ****************

ഗിരിജ ചെമ്മങ്ങാട്ട്