വിനോദവിജയം
ഏട്ടാനുജന്മാർ വേളി-
കഴിച്ചകിടാങ്ങളാ-
ണേറ്റവുംരാഗത്തോടെ-
യിണങ്ങിപ്പിണങ്ങുന്നോർ
കൂട്ടംചേർന്നാടിപ്പാടി-
ക്കളിച്ചുരസിക്കുമ്പോൾ
കൂട്ടത്തിൽ മുതിർന്നവൾ-
ക്കുള്ളിൽ വന്നൊരുമോഹം മിഥുനക്കാർമേഘങ്ങൾ
നിർത്താതെപ്പെയ്യുംകാലം
മണലിപ്പുഴയില്ല-
പ്പറമ്പിൽ തലവെയ്ക്കേ
ചെറുവഞ്ചിയിൽക്കേറീ-
ട്ടക്കരേയ്ക്കെത്താനൊരു
കൊതിചൊല്ലിനാൾ തോഴി-
മാരോടു സ്വകാര്യമായ്
ഇതുകേട്ടവാറുത്സാ-
ഹത്തോടെയനീത്തിമാർ
വിരവിൽ പങ്കായവും
കൊണ്ടുയാത്രയ്ക്കായ് നിൽക്കേ
തുഴയാംഞാനെന്നായി-
ട്ടഗ്രജയെത്തുന്നേരം
'"അരുതെ"ന്നൊരാളോതീ
മേലുംകീഴുമോർക്കാതെ
പരിഹാസത്താൽ മൊഴി-
" ഞ്ഞേടത്തി തടിച്ചിയാ-
ണിനികേറിയാൽ പാതി-
യെത്തുമ്പോൾ വള്ളംമുങ്ങും
ഒരുവട്ടമീ ഞങ്ങ-
ളക്കരെപ്പോയീടട്ടേ
തിരികേവന്നാൽസോദ-
രിക്കു തോണിയിൽക്കേറാം"
കൃശഗാത്രികളുന്മാ-
ദിച്ചുപോയിടുന്നേരം
കരയിൽ കേറീട്ടവൾ
ചിന്താമഗ്നയായ് നിന്നൂ
വിരുതത്തികളവ-
രെങ്കിലു,മൊഴുക്കിനാൽ
വലുതായ് ബദ്ധപ്പെട്ടു
തുഴയുന്നതും നോക്കി
ഒരു കൂസലുംകൂടാ-
താ,മലവെള്ളത്തിലേ-
യ്ക്കിരുകൈകളും നീട്ടി-
യൂക്കോടെ നേരെച്ചാടി
മുടി,യുച്ചിയിൽക്കെട്ടി
നനയും ശീലച്ചേലി-
ലിളയോരെത്തുംമുന്നെ-
യക്കരെ നീന്തിക്കേറി
ചിരിയോടാർത്തും മുഖം
കോട്ടി,ക്കൊഞ്ഞനമിട്ടും
വിജയോന്മാദത്തോടെ-
യുച്ചത്തിലവൾ ചൊല്ലി
" പിറവം പാഴൂർപ്പുഴ
നീന്തിക്കടന്നോളോടോ
ചെറുപൈതങ്ങൾ നിങ്ങൾ
പോരിന്നു വന്നീടുന്നൂ ?"
**************
ഗിരിജ ചെമ്മങ്ങാട്ട്
പിറവം പാഴൂർപ്പുഴ
(മൂവാറ്റുപുഴയാറ്)
ശീല അന്തർജ്ജനങ്ങൾ പണ്ട് ധരിച്ചിരുന്ന രണ്ടുമുണ്ടുകൾചേർന്ന ഇണവസ്ത്രം
No comments:
Post a Comment