Thursday, 10 August 2023

 ചെരിപ്പ്


ഞാനുമെന്നനീത്തിയു-

മേട്ടന്റെ കയ്യിൽ തൂങ്ങി

സാഗരം കാണാനായി-

ട്ടന്നൊരു നാളിൽ ചെന്നു

പൂഴിയിലോടിച്ചാടി-

ക്കളിച്ചും മുത്തുച്ചിപ്പി

വാരിയു,മലയാഴി

കണ്ടും രസിച്ചൂ ഞങ്ങൾ


ആദ്യമായേട്ടൻ വാങ്ങി-

ത്തന്നതാം ചെരിപ്പിട്ടൊ-

രൂറ്റവും ഞങ്ങൾക്കുണ്ടാ-

യെന്നതു വേറെക്കാര്യം

പുത്തൻ ചെരിപ്പിന്നുള്ളിൽ

പൂഴികേറുമ്പോഴുള്ളൊ-

രസ്വാസ്ഥ്യം പുല്ലെന്നോർത്തു

ഞങ്ങളാവേശംകൊണ്ടു


മണലിൽ ശ്രീരാമന്റെ

നാമം മായ്ക്കുവാൻ വീചി-

നിരകൾ വരുന്നതും

കണ്ടുകണ്ടാമോദിക്കേ

അനുജത്തിതന്മുഖം

വാടിപ്പോയല്ലോ,കഷ്ടം!

പുതുപാദരക്ഷയ-

ത്തിരവന്നെടുക്കവേ


പലവട്ടമായ് നീട്ടി-

ത്തന്നെ"ടുത്തോളൂ"വെന്നായ്

കടലമ്മയാൾ വീണ്ടും

പിന്നാക്കം മാറിപ്പോകേ

കരയാൻതുടങ്ങിയെൻ

കുഞ്ഞുസോദരി,മെല്ലെ

മിഴിനീരൊപ്പിക്കൊണ്ടു

സാന്ത്വനിപ്പിച്ചാനേട്ടൻ


കുടുക്കുംപൊട്ടി,ക്കീറി-

യർദ്ധകാൽശരായിയൊ-

ന്നിറുക്കിക്കേറ്റിക്കൊണ്ടു-

മൊട്ടിയവയറോടും

ദേവദൂതനെപ്പോലെ

യടുത്തേയ്ക്കണഞ്ഞൊരു

ദാശബാലകൻ കാര്യം

കണ്ടറിഞ്ഞപ്പോൾ വേഗം

ചാടിനാൻ കുതിച്ചാർത്തു

വന്നീടും പാരാവാരേ

പേടിയെന്നിയെച്ചെന്നു

വാരിയാച്ചെരിപ്പിനെ

കരയിൽ കേറീട്ടവൻ

കരയുന്നോൾക്കായ് നീട്ടി

കനിവോടെയക്കൊച്ചു-

പാദുകം,ചിരിച്ചവ-

ളൊരുപോൽതിരകളും

ഞങ്ങളും,തോഷിച്ചുപോ-

യരികേനിൽക്കും കാഴ്ച-

ക്കാരുമാ,രംഗംകാൺകേ


ഹൃദംയംനിറഞ്ഞുള്ളൊ-

രാർദ്രഭാവത്തോടേട്ട-

നൊരുനാണയം നൽകാൻ

നീങ്ങവേ,തെല്ലുംമോഹം

വദനേചേർത്തീടാതെ-

ക്കയ്യൊന്നുകൂപ്പിക്കൊണ്ട-

ങ്ങകലേയ്ക്കോടിപ്പോയാ

ധീവരകുമാരകൻ


        **********

ഗിരിജ ചെമ്മങ്ങാട്ട്

No comments:

Post a Comment