അമ്മുക്കുട്ടി ടീച്ചറുടെ ആത്മഗതങ്ങൾ
ചെറുകഥ
ഉമ്മറത്തെ ചാരുകസേരയിൽ അമ്മുക്കുട്ടി ടീച്ചർ ഇരിക്കുകയാണ്.സമയം സന്ധ്യ. വീട്ടിൽ ആരുമില്ല.എല്ലാവരും അമ്പലത്തിലാണ്. അമ്പലത്തിൽ ഇന്ന് ദേശവിളക്കാണ്. അഞ്ച് അമ്പലം കൂട്ടിയ വിളക്ക്. മക്കളും മക്കളുടെ മക്കളും എല്ലാവരും വാഴപ്പിണ്ടികൊണ്ടുണ്ടാക്കിയ അമ്പലങ്ങളും മറ്റ് അലങ്കാരങ്ങളും കാണാൻമോഹിച്ച് പോയിരിക്കയാണ്.
കൂട്ടത്തിൽ തേവരേം ഒന്നു തൊഴണം.ടീച്ചർ ഒറ്റയ്ക്കല്ലാട്ടോ.സഹായത്തിന് ഒരു ഒറീസ്സക്കാരി കുട്ടിയുണ്ട്.അവൾ മൊബൈലിൽ തോണ്ടിക്കൊണ്ടിരിക്കുന്നു.എന്നാലെന്താ ടീച്ചറുടെ കാര്യങ്ങൾ ഭംഗിയായി ചെയ്യും.വീട്ടുകാര്യങ്ങളും അറിയാം.നന്നായി ദെഹണ്ണവും അറിയാം.കേരളാവിഭവങ്ങളും ഒരുക്കാനറിയാം.വിളക്കുകൊളുത്തും,നാമംജപിക്കും,നമസ്ക്കരിക്കും..നല്ല കുട്ടി. ടീച്ചർക്ക് നന്നേബോധിച്ചു.
ടീച്ചറുടെ ശരിയായ പേര് രുക്മിണി എന്നാണ്.ആർക്കും അറിയില്ല.അതുപോലെ ടീച്ചർ ഒരു ടീച്ചറായിരുന്നു എന്ന കാര്യവും.മക്കൾക്കും പിന്നെ വല്ലപ്പോഴും കാണാൻ വരുന്ന എവിടെയൊക്കെയോ ജീവിക്കുന്ന അപൂർവ്വം ശിഷ്യർക്കും മാത്രം അറിയാം.പ്രായം നൂറിനോടടുക്കും.ഓർമ്മക്കുറവ് ഒട്ടുമില്ല.ശാരീരികമായി കുറച്ച് അസ്വസ്ഥതകളുണ്ട് എന്നുമാത്രം.
മക്കളുടെ പേരക്കുട്ടികളെ കാണുമ്പോഴൊക്കെ ടീച്ചർക്ക് തന്റെ കുട്ടിക്കാലം ഓർമ്മവരും.ബാല്യത്തിലെ ഓർമ്മകൾ.അതിനുമുമ്പുള്ള ശൈശവം.പറഞ്ഞുകേട്ട കഥകളാണ്.അത് ഓർത്തോർത്തിരിക്കാൻ രസമാണ്.
ടീച്ചറുടെ വല്യേട്ടനാണ് രാമേട്ടൻ.അമ്മാമന്റെ മകനാണ് കൃഷ്ണേട്ടൻ.ടീച്ചറേക്കാൾ പത്തുവയസ്സിനു മൂത്തവർ.സുഹൃത്തുക്കൾ.അയൽക്കാർ.കളിയും,കുളിയും,അമ്പലത്തിൽപ്പോക്കും ഒപ്പം. ഒരിക്കൽമുത്തശ്ശി അവരെഒരുകാര്യമേൽപ്പി
ച്ചു.രണ്ടാളും അമ്പലത്തിൽ പോകുമ്പോൾ താഴെയുള്ള കുട്ടികളെ തൊഴീക്കാൻ കൊണ്ടുപോകണം.അമ്മമാർക്ക് ഒഴിവുണ്ടാകില്ല,എല്ലായ്പ്പോഴും. രണ്ടാളും റെഡി.രാമൻ മെലിഞ്ഞ കുഞ്ഞുരുക്മിണിയെ എടുക്കും.കൃഷ്ണൻ ദ്വിതീയപാണ്ഡവനെപ്പോലെയുള്ള അനിയൻ കുഞ്ചുവിനേയും.അമ്പലത്തിൽ തൊഴുത് പ്രദക്ഷിണം വെയ്ക്കുമ്പോഴേയ്ക്കും കൃഷ്ണൻ തളരും.അപ്പോൾ സ്നേഹിതൻ സന്മനസ്സുകാണിക്കും.കുട്ടികളെ കൈമാറും.ഏതോ ഒരു സിനിമേല് താലം കൈമാറണ ഒരു രംഗം ഉണ്ടല്ലോ,അതു കാണുമ്പോഴൊക്കെ ടീച്ചർ ഇതോർമ്മിച്ചുചിരിക്കും.
രുക്മിണിക്കുട്ടിക്ക് അഞ്ചുവയസ്സായി.മുത്തശ്ശിക്ക് ഒരു മോഹം. അവളുടെകെട്ടുകല്യാണംപൊടിപൊടിക്കണം.കൃഷ്ണനെക്കൊണ്ടുതന്നെ കെട്ടിക്കാം.രാത്രിയാണ് കല്യാണം. കൃഷ്ണൻ പന്തലിൽ ഇരിപ്പായി.രുക്മിണി അമ്മയുടെ മടിയിൽ ഉറക്കവും. രാവിലെ ഉണർന്നപ്പോൾ കഴുത്തിൽ ഒരു ചരടും ഏലസ്സുപോലെഎന്തോ
ഒന്നും കണ്ട് കുട്ടി അത്ഭുതപ്പെട്ടു !
കെട്ടുകല്യാണംകഴിഞ്ഞ പെണ്ണ് സ്കൂളിൽ ചേർന്നു.ഏഴാംക്ലാസിലെത്തി.കൃഷ്ണനും വളർന്നു.ഇരുപത്തിരണ്ടു വയസ്സുള്ള യുവാവായി.അടുത്തുള്ള പള്ളിക്കൂടത്തിൽ വാദ്ധ്യാരുമായി.അപ്പോൾ അമ്മായിക്ക് ( കൃഷ്ണന്റെ അമ്മ)ഒരു മോഹം.തന്റെ ഏട്ടന്റെ മകൾ ദേവൂനെ കൃഷ്ണനെക്കൊണ്ട് കല്യാണം കഴിപ്പിക്കണം.അമ്മയുടെ ഇംഗിതമറിഞ്ഞ കൃഷ്ണൻ മൗനിയായി.അമ്മ യ്ക്ക് സംഭ്രമമായി.അവർ മകന്റെ മനസ്സിലിരിപ്പറിയാൻ ശ്രമമായി.ഒടുക്കം അയാൾ മനസ്സുതുറന്നു.താൻ കെട്ടുകല്യാണം കഴിച്ച പെണ്ണിനെ മാത്രമേ കെട്ടുള്ളൂ എന്ന്.ഇത്രയുമായപ്പോൾ ടീച്ചറുടെ ചുണ്ടിൽ നാണം കലർന്ന ഒരു പുഞ്ചിരി വിടർന്നു.
" നാനീമാ...എന്തേ ചിരിച്ച്...?" ഒറീസ്സക്കുട്ടി തിരക്കി.ടീച്ചർ വീണ്ടും ചിരിച്ചു. അന്ന് ടീച്ചർക്ക് വയസ്സ് പന്ത്രണ്ട്.കൃഷ്ണേട്ടൻ ഒത്ത ഒരു ബാല്യക്കാരൻ.
ഒരിക്കൽ ഇതെല്ലാം തന്റെ മുതിർന്ന പേരക്കുട്ടിയോട് പറഞ്ഞപ്പോൾ, " അയ്യയ്യേ...ഈ പന്ത്രണ്ട് വയസ്സുള്ള അമ്മമ്മയെക്കൊണ്ട് മുത്തശ്ശൻ എന്തുചെയ്യാനാണ് " എന്ന് അവൾ കളിയാക്കി.ടീച്ചർ അവളുടെനേരെ കയ്യോങ്ങി.അല്ലെങ്കിലും അവളൊരു വായാടിയാണ്.അവളുടെ കുഞ്ഞുകൊച്ചമ്മയെപ്പോലെ.
കൃഷ്ണേട്ടൻ എത്ര മര്യാദക്കാരനായിരുന്നു,ടീച്ചർ ഓർക്കുന്നു.അദ്ദേഹം ഒരിക്കലും തന്നെ വേദനിപ്പിച്ചിട്ടില്ല.
കുഞ്ഞുകൊച്ചമ്മ എന്ന തങ്കം, ടീച്ചറുടെ ഇളയ മകളാണ്.ആറുപെൺമക്കളാണ്. ടീച്ചർക്ക് അഞ്ചുപെൺകുട്ടികൾക്കുശേഷം ടീച്ചർ ആറാമതും ഗർഭവതിയായപ്പോൾ ഇത് ആൺകുട്ടിതന്നെ എന്ന് എല്ലാവരും ലക്ഷണംപറഞ്ഞു.ടീച്ചറും കൃഷ്ണേട്ടനും മോഹിച്ചു. അങ്ങനെ ദിവസമടുത്തു.ടീച്ചർക്ക് നല്ല നോവുണ്ടായിരുന്നു.വയറ്റാട്ടി മുതുകുതലോടിക്കൊണ്ട് ടീച്ചറെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.ഒടുവിൽ സമയം വന്നു.പുറത്തുവന്ന കുഞ്ഞ് പൊട്ടിക്കരയാൻ തുടങ്ങി. ടീച്ചർക്ക് ക്ഷീണത്തിനിടയിലും ആകാംക്ഷ!സൂതികാഗൃഹത്തിന്റെ പുറത്തുനിൽക്കുന്ന കൃഷ്ണേട്ടനും മറ്റുള്ളവർക്കും അതിലേറെ.അപ്പോൾ വയറ്റാട്ടി പതുക്കെ പറഞ്ഞു," അമ്മുട്ട്യമ്മേ..ഇതും പെണ്ണാട്ടോ..സാരല്യ, ഈശ്വരൻ തന്നതല്ലേ,ആറാംകാല് പെണ്ണ് ഐശ്വര്യാത്രേ.രുക്മിണീദേവി ആറാംകാലാത്രേ."അല്പം പുരാണപാരായണമൊക്കെ ഉള്ള വയറ്റാട്ടി പറഞ്ഞു.
ഒരുനിമിഷം....ടീച്ചർക്ക് ആ അലറിക്കരയുന്ന കുഞ്ഞിനോട് കടുത്ത വിരോധം തോന്നി, ഒരുനിമിഷം മാത്രം. വയറ്റാട്ടി കരയുന്ന കുഞ്ഞിനെ ടീച്ചറുടെ ചെരിച്ചുവെച്ച മുഖത്തോടടുപ്പിച്ചു.കുഞ്ഞിന്റെ കരഞ്ഞുതുടുത്ത മുഖവും വലത്തേക്കവിളിൽ തെളിഞ്ഞുകാണുന്ന കുഞ്ഞുമറുകും കണ്ടപ്പോൾ ടീച്ചറുടെ ഹൃദയം വാത്സല്യംകൊണ്ട് ചുരന്നു.അങ്ങനെ, ഒരേഒരുനിമിഷത്തിന്റെ ചാഞ്ചല്യത്തിൽ കുറ്റബോധംകൊണ്ടാവാം തങ്കത്തിനോട് കൂടുതൽ ലാളനയാണ് അമ്മയ്ക്ക്.മറ്റുമക്കൾക്ക് അമ്മയോട് പരിഭവവും.
അമ്പലത്തിൽ ഉറക്കെ പാട്ടുവെച്ചു.ടീച്ചർക്ക് പാട്ട് ഇഷ്ടമാണ്.പക്ഷേ ഇത്ര ഉച്ചത്തിൽ കേൾക്കാൻ ഇഷ്ടമല്ല.തങ്കം നന്നായി പാടും.ടീച്ചർ അവളെക്കൊണ്ട് നല്ല ഭക്തിയുള്ള സിനിമാഗാനങ്ങൾ പാടിക്കാറുണ്ട്.
ടീച്ചർ എന്നും സന്തോഷവതിയാണ്.അതാവും ടീച്ചറുടെ ആരോഗ്യത്തിന്റേം ആയുസ്സിന്റേം രഹസ്യം.ടീച്ചർക്ക് ഒരാഗ്രഹംകൂടിയുണ്ട്.തന്റെ ആദ്യത്തെ പേരക്കുട്ടിക്ക് ഒരു പേരക്കുട്ടിയുണ്ടായിക്കാണാൻ.അഞ്ചാംതലമുറകാണാൻ യോഗമുണ്ടായ മുതുമുതുമുത്തശ്ശിക്ക് സ്വർഗ്ഗപ്രാപ്തിയുണ്ടാകും എന്നാണ് കൃഷ്ണേട്ടൻ പറയാറുള്ളത്.ടീച്ചർ ഓർക്കുന്നു.
അമ്പലത്തിൽ നിന്ന് തിരിച്ചുവരുന്നവരുടെ ചെരിപ്പിന്റെ ശബ്ദം കേട്ടപ്പോൾ അമ്മുക്കുട്ടി ടീച്ചർ മനോരാജ്യത്തിൽനിന്നുണർന്നു.പുറത്ത് കനത്ത ഇരുട്ടുപരന്നിരുന്നു.
******
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment