പൗർണ്ണമി
നാലുമണിയ്ക്കുള്ള ബെല്ലടിച്ചീടവേ
ഞാനെന്റെ തോഴിയുമൊത്തൊരിക്കൽ
ഓരോരോ നാട്ടുവിശേഷങ്ങളുംചൊല്ലി-
യൂടുവഴിയോരം ചേർന്നുപോകേ
"നാളെയാണമ്പലമുറ്റത്തുനാടകം
പോകണംനമ്മൾ തൊഴുതശേഷം"
സ്നേഹിതയോതവേ,ഞാനും തല-
യാട്ടി,വേണമെന്നേയെനിക്കുള്ളിൽമോഹം
അഞ്ചാറുവാരനടക്കവേ,നില്പവ-
ളെന്തോവിഷമം പിണഞ്ഞപോലെ
" എന്റെപാവാട!", ഭയന്നവൾ പാതിയിൽ
മെല്ലേമൊഴിഞ്ഞൂ വിറച്ചുകൊണ്ടേ
എന്തെന്നു നോക്കവേ മന്ദംപറഞ്ഞേ,നെൻ
"പഞ്ചമീനീയിന്നു "പൗർണ്ണമി"യായ്
തെല്ലുമിടറേണ്ട,പോകാമടുത്താണു
പണ്ടു ഞാൻ പോയൊരെൻ പാഠശാല"
ഏറ്റംവിജനമായുള്ളൊരാസ്കൂളിന്റെ
ഗേറ്റുകടന്നൂ തിടുക്കമോടെ
വൃത്തിയായേറ്റം സുരക്ഷിതമായുള്ള
കൊച്ചുമറപ്പുരകേറ്റിമെല്ലെ
മുറ്റത്തുകണ്ടകിണറ്റിൽനിന്നായത്തി-
ലുത്സാഹമോടെഞാൻ കോരിവെള്ളം
കൂട്ടുകാരിയ്ക്കേകി,മെല്ലെ,ക്കഴുകുവാൻ
കൂട്ടുചേർന്നല്ലോ മടിച്ചിടാതെ
കുട്ടിപ്പാവാട നനഞ്ഞെന്നിരിക്കയാ-
ലൊട്ടുമടിച്ചവൾ വിങ്ങിനിൽക്കേ
വീട്ടിലേയ്ക്കെത്തിച്ചൊരാളുമറിയാതെ-
യോർക്കവേയിന്നുംചിരിപ്പുഞങ്ങൾ
ഗിരിജ ചെമ്മങ്ങാട്ട്
****************
No comments:
Post a Comment