"കണ്ണാ.....ഞാൻ...മറന്നതല്ല....
കണ്ണ!നിന്റെജന്മദിന-
മായിരുന്നു,പോയനാ-
ളെങ്കിലും,കുറിച്ചിടുവാ-
നായതില്ല വർണ്ണന
കണ്ണനൊരാളെന്റെ,മുന്നിൽ
പുഞ്ചിരിച്ചുനിൽക്കവേ
വന്നതില്ല,കാവ്യഭംഗി-
ചേർന്നപദ്യമൊന്നുമേ
"കുഞ്ഞുകഥയൊന്നു,നന്നു
ചൊല്ലിടുക,വേണമി-
ക്കുഞ്ഞുമെയ്യിലിമ്പമോടെ-
യിക്കിളികൂട്ടീടുക
കുഞ്ഞുവണ്ടിയങ്കണത്തി-
ലോട്ടിടുന്നകാണുവാൻ
വന്നിരിക്ക," ചൊല്ലിയെന്റെ-
യാത്മജന്റെയാത്മജൻ
പീലികൊണ്ടുതല്ലുവാങ്ങി-
യേങ്ങിയേങ്ങിക്കേണതും
തോഴരൊത്തു ഗോകുലത്തിൽ
കാടുകാട്ടിമേഞ്ഞതും
ആലയങ്ങൾതോറുമേറി
വെണ്ണകട്ടുതിന്നതും
ബാലനിവൻ,മുന്നിലെത്തെ-
യോർത്തിടുന്നു,കണ്ണ!ഞാൻ
ഇന്നലത്തെസദ്യയുണ്ടു
കുഞ്ഞുകുമ്പവീർത്തതും
ഇന്നലെനിൻപൊന്നുപുരി
ഗോകുലമായ് തീർന്നതും
തിങ്ങിടുന്നമോദമോടെ-
യിന്നുകിനാക്കാൺകയോ
മെല്ലെവന്നു,ശ്രീലകത്തി-
രിക്കവേ ! മുരാന്തകാ?
ഗിരിജ ചെമ്മങ്ങാട്ട്
27.08.2024