ഞണ്ടിന്റെ വീട്
ഓണംവരവായി മുറ്റത്തു തീർക്കണം
ചാരുതയൊത്തൊരു പൊൻപൂക്കളം
ചാണകംതേച്ച കളത്തിന്നരികിലാ-
യോമലാളമ്മയെകാത്തിരിപ്പൂ
ചാരിയിട്ടീടും പടിതന്നരുചേർന്നു
ചാരേയ്ക്കണയുന്നതാ,രിതെന്നായ്
ഓമനപ്പൈതൽ,കുതുകംപൂണ്ടീടവേ
കാണുന്നുചോന്നൊരു കുഞ്ഞുഞണ്ട് !
"അമ്മയൊന്നോടിവന്നീടൂവരുന്നിതാ
ഞണ്ടൊന്നു നമ്മുടെ വീട്ടിലേയ്ക്കോ?
ഉണ്ടെട്ടുകാലുക,ളുണ്ടുല്ലോരണ്ടെണ്ണം
കൊമ്പുക,ളെന്നെയിറുക്കുകില്ലേ? "
കൊഞ്ചുംമൊഴികേട്ടനേരമമ്മാമനോ
പുഞ്ചിരിതൂകീട്ടുചൊല്ലിമെല്ലേ
"എന്തറിഞ്ഞീടുന്നുകണ്മണീ,നമ്മളേ-
യല്ലയീമണ്ണിന്റെ തമ്പുരാക്കൾ
നെല്ലുവിളഞ്ഞിടുംപാടവരമ്പത്ത്
കുഞ്ഞുമാളങ്ങളാൽവീടുവെച്ച്
അല്ലലില്ലാതങ്ങുവാണൊരിജ്ജീവിക-ളെന്നുപറഞ്ഞില്ലേനിന്നൊടാരും!
നമ്മൾ,മനുഷ്യർകുടിയേറിവന്നവർ
കയ്യൂക്കുകാട്ടിയോർ,കല്മഷന്മാർ
മണ്ണിട്ടുപാടംനികത്തിയും,പാവമീ
ജന്തുവിൻവാസസ്ഥലംകവർന്നും
കല്ലുപടുത്തുകൊട്ടാരംപണിഞ്ഞവർ
ഭള്ളുകാണിച്ചുഞെളിഞ്ഞുനിന്നോർ
തെല്ലുംകനിവില്ലാതാട്ടിയോടിച്ചവർ
നമ്മളാണല്ലോ വിരുന്നുവന്നോർ"
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment