Tuesday, 20 August 2024

 ഐസ്ക്രീം


വൈദ്യുതദീപത്തിന്റെ
മങ്ങിയവെളിച്ചവും
പാശ്ചാത്യസംഗീതത്തിൻ
നേർത്തൊരുനിനാദവും
ചോട്ടിലായ് നിവർത്തിയ 
കാർപ്പറ്റിൻ മൃദുത്വവും 
കാഴ്ചയിൽനാകംപോലെ-
യാണീ,ഭോജനാലയം

പൂമ്പാറ്റക്കുട്ടിപ്പുസ്ത-
കങ്ങളിൽതലപ്പാവു-
ചൂടിനിന്നീടും,കോട്ട-
കാവൽക്കാരനെന്നപോൽ
ഭവ്യനായൊരാൾ വന്നു-
നിൽക്കയാണടുത്തുള്ള
വെള്ളശ്ശീലതൻ,വിരി-
പ്പിട്ട,മേശതൻചാരെ

ഭംഗിയേറീടുംനല്ല-
ചില്ലുപാത്രത്തിൽനിന്നും
മഞ്ഞച്ചകരണ്ടിയാ-
ലു,ണ്ടൊരുമുത്തശ്ശ്യമ്മ
വെണ്ണപോലിരിക്കുന്ന
ഭോജനമെന്തോതോണ്ടി-
ത്തിന്നുവാനൊരുങ്ങുന്ന
കണ്ടു,ഞാനിരിക്കയായ്

സെറ്റുമുണ്ടിലാണല്ലോ
വേഷമാ,തലയെല്ലാം
മുക്കാലുംനരച്ചതാ-
ണെന്നാലുമയ്യേ,കഷ്ടം!
ഒട്ടുമേ,നാണംകൂടാ-
തായമ്മ,മെല്ലേമെല്ലേ
കുട്ടികളേപ്പോലല്ലോ
"കിണുങ്ങി"ക്കഴിക്കുന്നു!

കണ്ണിമയ്ക്കാതെ,നോക്കി-
യിരിക്കുമെന്നെക്കണ്ടു
മെല്ലെയാരാഞ്ഞാനെന്റെ
യേട്ടനന്നേരം,"കുട്ടീ
ചൊല്ലിടൂ,വേണോ?വാങ്ങി-
ത്തന്നിടാം,നിനക്കിപ്പോൾ"
സമ്മതം നടിച്ചൂ,ഞാൻ
പാതിപ്പാവാടക്കാരി

വന്നുടൻ,മേശപ്പുറ-
ത്താ,ദിവ്യഭോജ്യം,കാൺകെ
ഗന്ധമോ മധുരമാ-
ണെന്നല്ലോ,തോന്നിപ്പോയി
മുന്നിലെക്കടലിലെ
തിരയെൻ,വായിൽവന്നു-
തള്ളുവാൻതുടങ്ങിയെ-
ന്നുള്ളവും നിറഞ്ഞുപോയ്

കുഞ്ഞുകോപ്പയിൽനിന്നു-
മന്നേരം,ടീസ്പൂണിനാൽ
മന്ദമായ് വെൺപായസം
മെല്ലവേ,വായിൽവെയ്ക്കേ
ഒന്നുഞെട്ടിപ്പോയ്,വയ്യേ!
യെങ്ങനെകഴിച്ചീടു-
മിന്നു,നന്മധുരം ഞാൻ?
ചുട്ടിട്ടുവയ്യേ...വയ്യേ...!

ഗിരിജ ചെമ്മങ്ങാട്ട്












No comments:

Post a Comment