Wednesday, 14 August 2024

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 115
14.08.2024

ശ്രീലകത്തിന്നുരഘു-
രാമന്റെരൂപംപൂണ്ടു
സോദരന്മാരൊത്തല്ലോ
വാഴുന്നുകണ്ണനുണ്ണി
കാലിൽതളകളുണ്ട്
കൈകളിൽകാപ്പുകളും
ചോന്നകസവുപട്ടു-
മുണ്ടൊന്നുടുത്തിട്ടുണ്ട്

മാറത്തുമുല്ലമൊട്ടു-
മാലയുമിട്ടിട്ടുണ്ട്
പോരാഞ്ഞുകഴുത്തോടു
ചേർന്നൊരുമാലയുണ്ട്
കേയൂരമുണ്ട്,ചെവി-
പ്പൂക്കളുംകാണുന്നുണ്ട്
കോമളവദനത്തിൽ
ഗോപിയുംതൊട്ടിട്ടുണ്ട്

പൊന്നിങ്കിരീടത്തിന്മേൽ
നന്മുടിമാലയുണ്ട്
സുന്ദരവക്ഷസ്സിങ്കൽ
വൃന്ദമാലയുമുണ്ട്
തന്നോടുചേർന്നുനിൽക്കു-
ന്നുണ്ടല്ലോഭരതനും
കല്യനാംലക്ഷ്മണനും
വീരനാംശത്രുഘ്നനും

തന്നിടംകരതാരിൽ
വില്ലുണ്ട്,വലംകയ്യിൽ
പൊന്നിന്റെശരം,ചുണ്ടിൽ
മന്ദഹാസവുമുണ്ട്
കണ്ടിടാമവരജ-
ന്മാരുടെഗാത്രത്തിലും
നല്ലഭൂഷകൾ,കയ്യിൽ
വില്ലൊത്തുശരങ്ങളും

വാതാലയേശനുടെ
കോവിലിലിന്നുചെന്നാൽ
നാലമ്പലദർശന-
പുണ്യത്തെവരിച്ചീടാം
ശ്രീരാമ,ഹരേരാമാ!
ശ്രീരാമചന്ദ്രാരാമാ !
ശ്രീകൃഷ്ണ,ഹരേകൃഷ്ണാ!
ശ്രീകൃഷ്ണ!വണങ്ങുന്നേൻ!

ഗിരിജ ചെമ്മങ്ങാട്ട്

No comments:

Post a Comment