വവ്വാലിന്റെ കൂട്ടുകാരൻ
വെക്കേഷൻകാലംതുടങ്ങിയല്ലോ
കുട്ടന്റെചിത്തംതുടിച്ചുവല്ലോ
അമ്മതൻവീട്ടിലേയ്ക്കോടിയെത്തി
കണ്ണനുത്സാഹവുംകൂട്ടിനെത്തി
ഉണ്ണിയെത്തുന്നതുംകാത്തു,ഞാനാ-
മമ്മമ്മ,യോരോന്നൊരുക്കിവെച്ചു
ചക്കവറുത്തതും മാമ്പഴവും
ഇഷ്ടംപോൽതിന്നാൻനിരത്തിവെച്ചു
ഉച്ചതിരി,ഞ്ഞന്തിനേരമായി
കുട്ടൻനടന്നൂ പുരയ്ക്കുചുറ്റും
തുമ്പികളോടൊരു"ഹായ്"പറഞ്ഞു
കുഞ്ഞിക്കിളിയോടുപുഞ്ചിരിച്ചു
അമ്മമ്മ നട്ടുനനച്ചിടുന്ന
കുഞ്ഞുവാഴത്തോട്ടംകണ്ടുനിന്നു
കായക്കുലകളുംനോക്കിനിന്നൂ
ഓമനക്കുട്ടനുകൺകുളിർന്നു
കായക്കുടപ്പന്മധുനുകരാൻ
*വാവൽപറന്നുവരുന്നകണ്ടു
തേൻകദളിക്കുലമേലിരുന്നു
തേൻകുടിക്കുന്നതുംനോക്കിനിന്നു
"അമ്മമ്മേ,ബാറ്റെ"ന്നുകൂടെക്കൂടെ
കുഞ്ഞുണ്ണി,യാമോദമാർന്നുചൊന്നു
"ബാറ്റിനെയാണെനിക്കേറെയിഷ്ടം
ബാറ്റാണെനിക്കെന്നും കൂട്ടുകാരൻ
ശീലക്കുടപോലെ,യെന്തുഭംഗി!
കാണുന്നുവല്ലോചിറകുരണ്ടും"
കണ്ണെടുക്കാതവൻ നോക്കിനിന്നു
മന്നിലിരുട്ടുവന്നെത്തിയിട്ടും
രാത്രിയാ,യങ്ങേതോദിക്കിൽനിന്നും
ഓർക്കാതെവന്നൊരുമിന്നലെത്തി
കൂട്ടത്തിൽപെട്ടെന്നിടിയുമെത്തി
കാറ്റുമായ് പേമാരികൂടെയെത്തി
പേടിച്ചുപോയൊരക്കണ്ണനുണ്ണി
മൂടിപ്പൂതച്ചുകിടപ്പുമായി
വാവുറങ്ങീടുന്നനേരത്തുമാ,
വാവലാണല്ലോകിനാവിൽവന്നു!
രാമഴതീർന്നു,പകലുണർന്നു
ഓമൽക്കിടാത്തനും കൺതുറന്നു
മാരിക്കുളിരിൽ തനുവിറച്ചാ-
ബാലകൻ മുറ്റത്തിറങ്ങിനിന്നു
വാവലിന്നോർമ്മവന്നോരുനേരം വാഴക്കുടപ്പനിൽകണ്ണുചെന്നു
വാഴയില്ലിന്നലെക്കാറ്റിനാലെ
താഴേയ്ക്കുവീണോ,കുലയൊടിഞ്ഞോ?
തെക്കേപ്പുറത്തുനിന്നെന്തുശബ്ദം?
കാക്കകളല്ലേ കരഞ്ഞിടുന്നു ?
വൈദ്യുതക്കമ്പിക്കുചുറ്റുമല്ലോ
കൂട്ടമായെല്ലാം പറന്നിടുന്നു!
ഉണ്ണിയൊന്നങ്ങോട്ടുനോക്കിയപ്പോൾ
ദണ്ണമേകുന്നൊരു കാഴ്ചകണ്ടു !
കമ്പിമേലങ്ങതാവാവലല്ലോ
തങ്ങിക്കിടപ്പൂചിറകുനീർത്തി
"അമ്മമ്മേ"യെന്നുകരഞ്ഞുകൊണ്ടാ-
കുഞ്ഞൻ വിളിച്ചൂമനംകലങ്ങി
ചെന്നുഞാനെന്തെന്നുനോക്കിടാനായ്
കണ്ണന്റെചാരത്തുചേർന്നുനില്പായ്
"അമ്മമ്മേ,ബാറ്റതാതൂങ്ങിനില്പൂ
കമ്പിമേലാഹാ!ചലനമറ്റ്
ശണ്ഠക്കാർ കാക്കകൾ കൂട്ടമായെൻ ചങ്ങാതിയെച്ചെന്നുകൊത്തുമാവോ?"
മേലോട്ടുനോക്കുന്നനേരമെന്റെ
മാനസമയ്യോ!പിടഞ്ഞുപോയി
"കേഴൊല്ല തങ്കമേ,യെന്തുചെയ്യാം"
മാറോടണച്ചുഞാൻചൊല്ലി,പിന്നെ
"ഇന്നലെരാത്രിമഴക്കുമുമ്പേ
നല്ലോരിടിവെട്ടി,യോർമ്മയില്ലേ?
പേടിച്ചുവവ്വാൽപറന്നുപോകേ
വീണുപോയ്,കമ്പിമേലെന്നുമാകാം
വൈദ്യുതിപോകുന്നകമ്പിയല്ലേ
ഷോക്കേറ്റു പാവം മരിച്ചതാകാം
പോട്ടെ,വാ,പല്ലുതേയ്ക്കാം കുളിക്കാം
*ശാസ്താവിനെച്ചെന്നുകൈവണങ്ങാം"
കെട്ടിപ്പിടിച്ചു ഞാൻ ചൊന്നനേരം
പൊട്ടിക്കരഞ്ഞുപോയെൻകുമാരൻ
കുട്ടനുസാന്ത്വനവാക്കുനൽകാ-
നൊക്കാതെഞാനുംതളർന്നുപോയി!
*******
ഗിരിജ ചെമ്മങ്ങാട്ട്
*നാടൻ ഭാഷയിൽ വവ്വാലിന് വാവലെന്നാണല്ലോ പറയാറുള്ളത്