Saturday, 19 October 2024

 ശ്രീഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 128
19.10.2024

ദ്വന്ദ്വയുദ്ധമതിൽദുഷ്ടമാതുല-
ധ്വംസനംവിരവിൽ നിർവ്വഹിച്ചപോൽ
ഇന്നുവായുപുരിയിൽജനാർദ്ദനൻ
വന്നിരിപ്പു,കളഭംമെനഞ്ഞതായ്

മണ്ണിലങ്ങുമദമറ്റുവീണൊരാ
മന്നവന്റെവിരിനെഞ്ചിലായ് കരം
തെല്ലമർത്തി,മറുകയ്യിനാലിടി-
ക്കുന്നകാണ്മു!ഹരി!കൃഷ്ണ!മാധവാ

മെയ്യിലുണ്ടു,പലവന്യമാലകൾ
സ്വർണ്ണഭൂഷകളുമുണ്ടുഭംഗിയിൽ
കാതിലോ,കനകഗോപികൾ,മുഖ-
പ്പൂവിലുംകുറിയണിഞ്ഞുകാണ്മതാ

പീലിയുണ്ടു,മകുടത്തിൽ മാലയും
തോരണങ്ങളുമിണങ്ങിനില്പതായ്
കാണുവാൻ,തൊഴുതുനിൽക്കുവാനെനി-
ക്കാവണേതരണമേ,വരം ഭവാൻ

ഇക്ഷിതീങ്കൽജനനായകർ,ചിരം
സ്വേച്ഛയാലെ ഭരണംനടത്തുവോർ
ഉഗ്രശക്തിയൊടെയീ,ധരിത്രിയിൽ
ക്ഷിപ്രമെത്തി,നിധനം നടത്തണേ...


കൃഷ്ണ!കൃഷ്ണ!മധുസൂദനാഹരേ
കൃഷ്ണ!യാദവകുലാധിനായകാ
കൃഷ്ണ!ഗോകുലനിവാസ!മാധവാ
കൃഷ്ണ!വൈരിനിധനാ,തൊഴുന്നുഞാൻ

ഗിരിജ ചെമ്മങ്ങാട്ട്.





No comments:

Post a Comment