ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 126
09.10.2024കറുകറുത്തൊരുചുരുൾമുടിയെ
അഴകെഴുംപടികെട്ടിയതിന്മേൽ
പുതുമയാർന്നിരുപീലികളോടെ
നയനമോഹനനിന്നുവിളങ്ങി
നിടിലഗോപിയുമൊന്നതുകാണ്മു
നിറവിലുണ്ടുചെവിപ്പൂവുകളും
ഇരുഭുജങ്ങളിൽ കാപ്പുകളുണ്ട്
ഉടലിൽപൊന്മണിമാലകളുണ്ട്
അരയിൽനല്ലൊരുകിങ്ങിണിയുണ്ട്
അതിനുചേർന്നൊരുകോണകമുണ്ട്
അരിയകൈകളിൽ കങ്കണമുണ്ട്
നനുപദങ്ങളിൽ പൊൻതളയുണ്ട്
ഇടതുകയ്യതിലുണ്ടൊരുവേണു
വലതുകയ്യിലിതെന്തൊരുതൂവൽ?
ചെവിയിലിക്കിളിയിട്ടുമുകുന്ദൻ
കിടുകിടെന്നുചിരിക്കുകയാണോ?
നടയിൽവന്നി,മപൂട്ടിടുവോർക്കാ-
യമൃതധാരാസ്മിതമതുനൽകാൻ
ഹരി!കനിഞ്ഞിടുകെന്നുമിതാഞാൻ
പദയുഗങ്ങൾവണങ്ങുകയല്ലോ!!
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment