Wednesday, 11 December 2024

 ഗുരുവായൂർ ഏകാദശി

11.12.2024

ഏകാദശിനിവേദ്യത്താൽ
പ്രീതനായുള്ള കണ്ണനെ
ഏതുരൂപത്തിലാണിന്നു-
കളഭം ചാർത്തി ഭൂസുരൻ?

പാൽക്കടൽതന്നിലായ്ലക്ഷ്മീ-
ദേവിയൊത്തുമഹാപ്രഭു
അനന്തശായിഭാവത്തി-ലരുളുംദിവ്യദർശനം!

ഇന്നല്ലോഗീതയാൽപാർത്ഥ-
സന്ദേഹംമാറ്റിമാധവൻ!
വൃന്ദാവനത്തിൽദേവേന്ദ്രൻ
പാലാടീ,സ്വർഗ്ഗഗോവിനാൽ!

ഇന്നുകാണുന്നപോൽപൂജാ-
കർമ്മങ്ങൾചിട്ടയാക്കുവാൻ
*ശിവാവതാരമാചാര്യ-
രിന്നല്ലോവന്നതിപ്പുരി!

തന്ത്രപൂജകളില്ലാതെ
ഭക്തദർശനമേകുവാൻ
ഭഗവാൻനേരിലെത്തുന്ന
ദിനമാണിന്നതത്ഭുതം!

പുരുഭക്തിതികഞ്ഞുള്ള
കുറൂരമ്മയ്ക്കു,മാവിധം  പൂന്താനം,സ്വാമിയാർ,പിന്നെ-
നാരായണീയകാരനും
ദർശനംനൽകി,സാഫല്യം
ചേർത്തതീദിവസത്തിലാം!
മനസ്സുകൊണ്ടുവന്നെത്തി
ഞാനുംവന്ദിച്ചിടുന്നിതാ...

പ്രതിഷ്ഠാദിനമിന്നല്ലോ
കൊണ്ടാടാൻമറ്റൊരുത്സവം!
ഗജേന്ദ്രൻകേശവൻ,പാദേ
ചേർന്നതീദിനമാണുപോൽ!

ചെമ്പൈക്കുപാടുവാൻവീണ്ടും
നാദംനൽകിയതീദിനം!
ചെമ്പൈ,ശിഷ്യരുമായാദ്യം
സംഗീതാർച്ചന ചെയ്തതും!


ഇന്നുവായുപുരേവിഷ്ണു-
ദേവാംശംനേടുമേവരും!
ചരാചരങ്ങളെന്നല്ല
സർവ്വവുംവിഷ്ണുവായിടും!

ഏകാദശീവ്രതംനോറ്റു
"നാരായണ"ജപിക്കുകിൽ
ഭൂവൈകുണ്ഠമിതും,സാക്ഷാൽ
വൈകുണ്ഠം തന്നെയായ്  വരും!

ഗിരിജ ചെമ്മങ്ങാട്ട്

*ശിവാവതാരമാചാര്യൻ=ശങ്കരാചാര്യർ

No comments:

Post a Comment