കാക്കക്കൂട്
*കാക്കച്ചുള്ളിക്കമ്പിനാലെയെന്നോ
കാക്കകൾനല്ലൊരുകൂടൊരുക്കി
മുറ്റത്തെ മൂവാണ്ടൻമാവിന്മേലെ
തെക്കോട്ടുചാഞ്ഞപെരുങ്കൊമ്പത്ത്
കീറക്കടലാസും പാഴ്ത്തുണിയും
തൂവലും പുൽനാമ്പിൻനാരുമായി
കൂടിനകത്തുമിനുപ്പുകൂട്ടാൻ
കാകമിഥുനമൊരുക്കുകൂട്ടി
മുട്ടകളിട്ടിടാൻ,ചൂടുനല്കീ-
ട്ടക്ഷമകൂടാതടയിരിക്കാൻ
പൊട്ടിവിടർന്നൊരാപ്പൊന്മക്കൾക്കാ-
യഷ്ടികൊടുത്തുവളർത്തീടുവാൻ കുഞ്ഞിച്ചിറകുമുളച്ചുവന്നാൽ
മെല്ലെ പറക്കുന്ന കണ്ടിരിക്കാൻ കാത്തിരിക്കുന്നവർക്കൊപ്പമല്ലോ കാത്തിരിപ്പിങ്ങീപുരയിൽഞാനും
പള്ളിക്കൂടംപൂട്ടി,കുഞ്ഞുമക്കൾ
വന്നീടുമല്ലോതിമിർത്തുതുള്ളാൻ
കാക്കക്കൂടപ്പോളവർക്കുകാണാം
കാക്കക്കുടുംബമവർക്കുകാണാം
*****
നാലഞ്ചുനാളുകഴിഞ്ഞൊരിക്കൽ
മാവിന്റെചോട്ടിലേയ്ക്കൊന്നുചെന്നു
മാവിലയൊന്നുപഴുത്തതുണ്ടോ?
നാവുവടിക്കുവാൻമോഹമാണേ
താഴേയ്ക്കുനോക്കി തിരഞ്ഞീടവേ
മേലേന്നിതെന്തൊരുകോലാഹലം?
ആരെൻനെറുകയിൽവന്നിരുന്ന്,
മേടുന്നു!നൊന്തുഞാൻ മണ്ണിൽവീണു.
മൂത്തോരുപണ്ടെന്നോപാടിയല്ലോ
പാട്ടെന്റെയുള്ളിൽതെളിഞ്ഞിതപ്പോൾ
"കാക്കക്കൂടുള്ളോടംചെന്നുനിന്നാൽ
കാക്കകൾ മണ്ടയ്ക്കുഞോടുനൽകും"
********
*കാക്കച്ചുള്ളി=നന്നേ ചെറിയ ചുള്ളിക്കമ്പ്
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment