Friday, 20 December 2024

 ശ്രീ ഗുരുവായൂരപ്പന്റ

ഉച്ചപ്പൂജാലങ്കാരവർണ്ണന 139
20.12.2024

തുറുങ്കിൽപെറ്റുവീണോരീ
ചെറുപൈതലെയെങ്ങനെ
രക്ഷിച്ചീടേണമെന്നോർത്തു
ദു:ഖിച്ചിടുന്നുരണ്ടുപേർ

കുഞ്ഞിക്കരച്ചിൽകേട്ടെന്നാ-
ലുണരുംകാവലാളുകൾ
കയ്യിൽവാളുമായെത്തും
കംസൻ,കോപിച്ചുകൊണ്ടുടൻ

എന്തുചെയ്യേണ്ടുവെന്നായി
ഭീതിപൂണ്ടവർനില്ക്കവേ
ഉണ്ണിക്കൈകളിൽകാണായി
ശംഖചക്രഗദാസുമം

കിടന്നിടത്തുനിന്നേറ്റു-
നില്ക്കുന്നു !വിഷ്ണുരൂപമായ്!
ഇതെന്തുകഥയെന്നായി
ജന്മദാതാക്കൾ നില്ക്കയായ്!

ദേവകീവസുദേവർക്കു
മായാമോഹമകറ്റുവാൻ
നേരുകാട്ടിയരൂപത്തിൽ
കളഭംചാർത്തി,ഭംഗിയിൽ

കാലിൽതളകൾകാണുന്നു
കൈകളിൽകങ്കണങ്ങളും
മഞ്ഞപ്പട്ടുടയാടയ്ക്കു-
മേലല്ലോ,കാണ്മു കിങ്ങിണി

നെഞ്ചിൽതിലകഗോപിപ്പൂ-
വഞ്ചെണ്ണംമാലപോലെയായ്
കേയൂരം കാതിലെപ്പൂവും
കാണാം,ശോഭിച്ചുകൊണ്ടതാ

മന്ദഹാസമിളംചുണ്ടിൽ
പൊൻഗോപി,നിടിലത്തിലും
പീലിയും,പൂമാലകളും
ചൂടിനിൽക്കുന്നുകോവിലിൽ

ഭവസാഗരതീരത്തു
ഭീതയായ്നില്ക്കുമെന്നെനീ
ഭവതാരണനായ് വന്നു
കൈപിടിക്ക,മഹാപ്രഭോ!

കൃഷ്ണ!കൃഷ്ണ!ഹരേകൃഷ്ണ!
കൃഷ്ണ!കൃഷ്ണ!ഹരേഹരേ
കൃഷ്ണ!കൃഷ്ണ!മഹാവിഷ്ണോ
വിശ്വരൂപ!ജനാർദ്ദന!

ഗിരിജ ചെമ്മങ്ങാട്ട്

No comments:

Post a Comment