Sunday, 1 December 2024

             പൂച്ച..... കവിത



രാവിലെയുമ്മറവാതിൽതുറന്നുഞാ-
നേകയായ്മുറ്റത്തിറങ്ങേ
ദൂരെനിന്നല്ലൊരു ' മ്യാവൂ'വിളികേട്ടു
നാലുപാടൊന്നുവീക്ഷിച്ചു

മാവിന്റെകൊമ്പത്തിരുന്നൊരു*പൂശകൻ
കേഴുകയാണെന്നെനോക്കി
ഞാനൊന്നുഞൊട്ടിവിളിക്കേ,മരത്തീന്നു
താഴേക്കിറങ്ങീപതുക്കെ

ചാരത്തുവന്നെൻമുഖത്തൊരുസന്ദേഹ-ഭാവമായൊട്ടിടനോക്കി
പേടിവിട്ടെന്നപോലങ്ങുരുമ്മിക്കൊണ്ടു
പാവമാജീവിനില്പായി

ഏറിയകാരുണ്യമോടൊരുപാത്രത്തിൽ
പാലുമായ്ചെന്നതിൻചാരെ
സ്നേഹമോടേകവേ,മോദിച്ചുവേഗമാ,
ഭാജനംനക്കിത്തുടച്ചു

പിറ്റേന്നുകാലത്തുമെത്തിയാപൂച്ചയെൻ
പക്കത്തു,ക്ഷുത്തുമാറ്റാനായ്
ചുറ്റിയുംപറ്റിയുമെന്റെപാദങ്ങളിൽ
കിക്കിളികൂട്ടാൻതുടങ്ങി

ഒറ്റയ്ക്കുഞാനിരിക്കുമ്പോൾപതിവുപോ-
ലെത്തീടുമല്ലോ കുറുമ്പൻ
മുട്ടിയുരുമ്മിനടന്നീടുമെപ്പൊഴും
കറ്റക്കിടാവിനെപ്പോലെ

പെട്ടെന്നുവന്നവൻകാൽക്കൂടുനൂഴവേ
തട്ടിവീണില്ലെന്റെ,ഭാഗ്യം!
കൊച്ചുചരലൊന്നെടുത്തെറിഞ്ഞെങ്കിലും
ചിറ്റമായ്പിന്നെയുമെത്തി

മർത്ത്യരോടൊട്ടുമിണങ്ങില്ല,കാടന്മാർ
കുട്ടിക്കുറിഞ്ഞിയെപ്പോലെ
അത്ഭുതപ്പെട്ടു,ഞാനെ,ന്നെയെന്തിത്രമേ-
ലിഷ്ടപ്പെടാൻഹേതുവെന്നായ്!

പോയജന്മത്തിലെന്നൊപ്പംകളിച്ചൊരു
സ്നേഹിതനായിരുന്നെന്നോ?
ഞാനറിയാതെന്നെ മോഹിച്ചിരുന്നൊരു
കാമുകനായിരുന്നെന്നോ?

                       ****
നാളുകളേറെക്കഴിഞ്ഞു,ഞാൻ,ദീനമാം
രോദനമൊന്നതുകേൾക്കേ
വാതില്ക്കലെത്തി,പതുങ്ങീട്ടുനോക്കവേ
കാണുന്നൊരുത്തനെവീണ്ടും

നന്നേകരുത്തനാണല്ലോ,മസിലുമായ്
വന്നുനിൽക്കുന്നോൻ,വരത്തൻ
സിംഹമാണെന്നപോലട്ടഹാസങ്ങളാ-
ലെന്തോകയർത്തുചൊല്ലുന്നു

"നിന്ദിച്ചിടുന്ന മനുഷ്യരെച്ചെന്നുനീ
വന്ദിച്ചിടുന്നോ വഷളൻ ?
*'പെണ്ണുങ്ങളെ'പ്പോലെകൊഞ്ചിക്കിണുങ്ങുന്നോ
ഞങ്ങൾക്കപമാനമാകാൻ?"

ആക്രമിക്കാനവനെത്തിവാലുംപൊക്കി
ദേഷ്യത്തിൽ,ശാന്തന്റെ നേരെ
ആർത്തനായെങ്ങോമറഞ്ഞിതെൻചങ്ങാതി
നോക്കു,ഞാനെന്തുചെയ്യേണ്ടു...?

                 *****************
         ഗിരിജ ചെമ്മങ്ങാട്ട്
* പൂശകൻ=പൂച്ചയ്ക്ക് കുഞ്ചൻനമ്പ്യാരിട്ട പേര്
*പെണ്ണുങ്ങളെപ്പോൽ=കുറിഞ്ഞികളെപ്പോൽ









No comments:

Post a Comment