റീത്ത്... ഒരു ആസ്വാദനം
റീത്ത് എന്ന ഹ്രസ്വചിത്രം കണ്ടു.വളരെ ഇഷ്ടപ്പെട്ടു.ഒരു സ്കൂളിലെ പ്രധാനാദ്ധ്യാപകനും,ആറ് അദ്ധ്യാപകരും,ഒരുഡ്രൈവർ,ഒരു പ്യൂൺ
എന്നിവരുംചേർന്ന ഒരു കൊച്ചു വിസ്മയം.അന്നൊരു ശനിയാഴ്ച.അവധിദിവസം.(ചിലർമാത്രം എന്തിനാണ് അന്ന് സ്കൂളിൽ വന്നത്...അറിയില്ല.കഥയിൽ ചോദ്യമില്ല)ഹെഡ്മാസ്റ്റർ അന്നത്തെ പത്രത്തിലെ ചരമക്കോളത്തിൽ ഒരു വാർത്ത വായിയ്ക്കുന്നു. സ്കൂളിലെ മുൻ അദ്ധ്യാപകൻ കുമാരൻ നായർ മാസ്റ്ററുടെ മരണവൃത്താന്തം.അവിടം ഒന്ന് സന്ദർശിയ്ക്കണം,അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിയ്ക്കണം. എല്ലാവരും കൂടി പോകാമെന്ന് മാഷ് തീരുമാനിച്ചു.കുമാരൻ നായർ മാഷ്ടെ മകനെ വിളിച്ച് വഴി ചോദിയ്ക്കുന്നു.പരേതനെ പുതുതലമുറയ്ക്ക് അറിയില്ല.അവരെല്ലാം ജോലിയിൽ പ്രവേശിയ്ക്കുന്നതിനുമുമ്പേ അദ്ദേഹം അടുത്തൂൺ പറ്റിയിരുന്നു.വിവരം പറഞ്ഞപ്പോൾ എല്ലാവർക്കും ഓരോ അസൗകര്യങ്ങൾ.ഒരാൾക്ക് കാലുവേദന.മറ്റൊരാൾക്ക് അവധിയ്ക്കുവന്ന മകളുടെ അടുത്തെത്താനുള്ള മോഹം,വേറൊരാൾക്ക് വീടുപണിയുടെ തിരക്ക്,ഇനിയും പിന്നൊരാൾക്ക് അനധികൃതമായി ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ വെപ്രാളം...അങ്ങനെ...അങ്ങനെ..
എങ്കിലും മനസ്സില്ലാമനസ്സോടെ എല്ലാവരും പോകാനൊരുന്നു.കർക്കശക്കാരനായഹെഡ്മാസ്റ്ററെ പേടിച്ച്.അവധിയാഘോഷിച്ച് നിദ്രാദേവിയെ സേവിച്ച് സുഖിയ്ക്കുന്ന പാവം ഡ്രൈവറെ വിളിച്ചുണർത്തി.മഞ്ഞബസ്സിൽ എല്ലാവരും കേറി.ഡ്രൈവറടക്കം ഒമ്പതുപേർ.അതിൽ ചെറുപ്പക്കാരായ ഒരു പുരുഷനും സ്ത്രീയുമുണ്ട്.ഒന്നുകിൽ കമിതാക്കൾ...അതല്ലെങ്കിൽ വിവാഹം നിശ്ചയിച്ചവർ.സ്ത്രീ കുറച്ച് ഇടഞ്ഞ മട്ടാണ്.പോകുന്നവഴിയ്ക്ക് റീത്തും വാങ്ങി അവർ യാത്ര തുടരുന്നു.എല്ലാവർക്കും വിശപ്പുണ്ട്.ഒരാൾ തന്റെ ബാഗിൽനിന്ന് മിഠായി വിതരണം ചെയ്തു.എല്ലാവരും സ്വീകരിച്ചു.ഹെഡ്മാസ്റ്ററൊഴിച്ച്..('പഞ്ചാര' ഉള്ളതുകൊണ്ടോ,'പഞ്ചാര'തന്റെ ഗൗരവത്തിന് ചേരില്ലെന്നുവച്ചോ..?)ഒരു കോഴിവളർത്തുകേന്ദ്രത്തിനുമുമ്പിൽ വണ്ടിനിർത്തുന്നു.അവിടെ വഴികാട്ടിയെ നിർത്താമെന്നാണ് കുമാരൻ മാസ്റ്ററുടെ മകൻ പറഞ്ഞിരുന്നത്.(ഗൂഗിൾ കുട്ടിയ്ക്ക് അജ്ഞാതമായിരിയ്ക്കാം ആ ഗ്രാമീണവീഥി.)അവിടെ ആരേം കണ്ടില്ല.തുടർന്ന് വഴിചോദിച്ച് പോകാൻ തീരുമാനിച്ചു.ഒരു കലുങ്കിന്റെ വക്കത്ത് ഒരാൾ കിടന്നുറങ്ങുന്നകണ്ട് അയാളോട് ചോദിച്ചപ്പോൾ ഉത്തരം പറയാഞ്ഞ് (അയാൾ മദ്യപാനിയാവാം)അയാളെ ഒന്നുപദേശിയ്ക്കാൻ ഹെഡ്മാസ്റ്റർ പുറപ്പെടുകയാണ്.ഡ്രൈവർ ഉടനെ വണ്ടിയെടുക്കുന്നതുകണ്ടപ്പോൾ ഉള്ളിൽ ചിരിപൊട്ടി.തുടർന്ന് സ്കൂട്ടറിൽ പോകുന്ന രണ്ടുപേരോടുചോദിയ്ക്കലും സ്കൂട്ടർ മറിയലും.യുവാദ്ധ്യാപകൻ ഇറങ്ങി,ചായക്കാശുകൊടുത്ത് ഒത്തുതീർപ്പാക്കി.അതിലൊരാൾ ഇടത്തോട്ടും മറ്റേയാൾ വലത്തോട്ടും വഴികാണിച്ചു.ഒരു അദ്ധ്യാപികയുടെ വലതുപക്ഷം നിഷേധിച്ച് മേധാവി വണ്ടി ഇടത്തോട്ട് തിരിയ്ക്കാൻ ആജ്ഞാപിച്ചു.വഴി അവസാനിച്ചപ്പോൾ പറമ്പും പാടവും കടന്ന് നടന്നുക്ഷീണിച്ച് ലക്ഷ്യസ്ഥാനത്തെത്തി.അവിടെച്ചെന്നപ്പോഴാണ് അബദ്ധം പറ്റിയെന്ന് മനസ്സിലായത്.കുരിശും,മെഴുകുതിരികളും കണ്ട് "കുമാരൻ നായർ മാസ്റ്റർ കൃസ്ത്യാനിയാണ്ല്ലേ എന്ന ഒരുടീച്ചറുടെ ചോദ്യവും,ഹെഡ്മാസ്റ്ററുടെ ജാള്യതയും നന്നായി.റീത്ത് വച്ച് തിരിച്ചുപോരാനൊരുങ്ങുമ്പോൾ ജോസഫ് മാസ്റ്ററുടെ മകന്റെ പിടിച്ചുനിർത്തലും അപ്പന്റെ സഹാദ്ധ്യാപകനെ ബന്ധുക്കൾക്കുപരിചയപ്പെടുത്തലും-(ഒരിടത്ത് അച്ചൻ എന്നുപറഞ്ഞത് നമുക്ക് കേട്ടില്ലെന്ന് നടിയ്ക്കാം)അപ്പനെക്കുറിച്ച് നാലുവാക്ക് പറയാനപേക്ഷിച്ചപ്പോൾ പ്രഭാകരൻ സാറിന് (അപ്പോഴാണ് നമ്മൾ ഹെഡ്മാസ്റ്ററുടെ പേര് മനസ്സിലാക്കുന്നത്)വിക്ക് വന്നതും അദ്ദേഹം തലചുറ്റിവീഴുന്നതും....ഞാനൊന്ന് സംശയിച്ചു,കോമഡിയായി തുടങ്ങിയത് ട്രാജഡിയാകുമോ എന്ന്!ഒന്നും സംഭവിച്ചില്ല.
പ്രഭാകരൻ സാർ തെറ്റ് സമ്മതിയ്ക്കുന്നു.മറ്റുള്ളവരുടെ ചുണ്ടിൽ നേരിയ ചിരി.(ഉള്ളിൽ പരിഹാസം.. വിജയാഹ്ലാദം...)അതങ്ങനെയാണ്.....ഒരുസ്വേച്ഛാധിപതിയുടെ തോൽവിയിൽ,അടിച്ചമർത്തപ്പെട്ടവർ സന്തോഷിയ്ക്കുമല്ലോ...
'റീത്തില്ലാതെ കുമാരൻനായർ മാസ്റ്ററുടെ വീട്ടിൽ എങ്ങനെ പോകും 'എന്ന ചോദ്യത്തിലുമുണ്ട് ആ പരിഹാസം.
തിരിച്ച് സ്കൂളിലേയ്ക്ക് പോരുമ്പോഴും മിഠായി വിതരണമുണ്ടായി.ഇപ്രാവശ്യം പ്രഭാകരൻ മാഷും വാങ്ങി.യുവാദ്ധ്യാപികയുടെ പിണക്കവും മാറി.(ഇപ്പോൾ അദ്ദേഹം കാമിനിയെ അനുനയിപ്പിയ്ക്കാൻ തിരക്കുകൂട്ടുന്നു...വിവാഹശേഷം തിരിച്ചാവുമോ...അങ്ങനെ ആവാതിരിയ്ക്കട്ടെ എന്ന് ആശിച്ചുപോകുന്നു...കഥാപാത്രങ്ങളാണെങ്കിൽക്കൂടി...)
തിരിച്ചുപോരുമ്പോൾ വീടുപണിയുടെ തിരക്കുള്ള ടീച്ചർക്ക് സഹായിയുടെ ശുഭസന്ദേശം കിട്ടുന്നു...
രാത്രി എല്ലാവരും താന്താങ്ങളുടെ താവളത്തിൽ.
സ്നേഹമയിയായ അമ്മട്ടീച്ചർ മൊബൈലിൽ തോണ്ടിക്കൊണ്ടിരിയ്ക്കുന്ന മകൾക്ക് മാമ്പഴം പൂളിക്കൊടുക്കുന്നു...ഓൺലൈൻ ക്ലാസുകാരി സമാധാനത്തോടെ പഠിപ്പിയ്ക്കുന്നു...
കാലുവേദനയുളള ടീച്ചർ മകനെക്കൊണ്ട് കുഴമ്പിട്ടുതടവിയ്ക്കുന്നു...ഡ്രൈവർ ഉറക്കം സുഖമാവാൻ കുടിയ്ക്കുനീർ വീഴ്ത്തി,അമൃതപാനം ചെയ്യുന്നു.പ്യൂൺ ആർത്തിയോടുകൂടി അത്താഴം കഴിയ്ക്കുന്നു...എല്ലാം ശാന്തം....പ്രഭാകരൻ മാഷ് അന്നത്തെ സംഭവങ്ങളും,അബദ്ധങ്ങളും ഭാര്യയോട് വിവരിയ്ക്കുന്നു...അപ്പോൾ ഒരു ഫോൺകോൾ...അന്തരിച്ച കുമാരൻമാസ്റ്ററുടെ മകന്റെ...!പ്രഭാകരൻമാഷക്ക് അപ്പോഴും വാക്കുകൾ മുറിയുന്നു... മൗനിയാകുന്നു...ഫോണിന്റെ മറുതലയ്ക്കൽ...അപ്പോഴും കാത്തുനില്പ്....!
അവിടെ ചിത്രം പൂർണ്ണമാകുന്നു...
നല്ല കഥ,നല്ല സംഭാഷണം,നല്ല ഛായാഗ്രഹണം...നല്ല സംവിധാനം...അഭിനയം ആണെന്ന് തോന്നിയില്ല.തന്മയത്വം...ഒരിടത്ത്,ജോസഫ് മാസ്റ്ററുടെ മൃതദേഹത്തിനരികിൽ മാത്രം ഒരു ദു:ഖാഭിനയം...അതോ മരിച്ചുകിടക്കുന്നിടത്തുചെന്നാൽ എല്ലാവരിലും ഉണ്ടാകുന്ന ഭാവമാറ്റമോ?മാസ്റ്ററുടെ മകന്റെ അഭിനയം കുറച്ച് കൂടിപ്പോയതോ ഹാസ്യത്തിനുവേണ്ടി
അങ്ങനെ ചെയ്തതോ?എന്തായാലും നല്ല ഒരു കഥവായിച്ച,കണ്ടറിഞ്ഞ അനുഭവം...
അരങ്ങിലും,അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...ഇനിയും പ്രതീക്ഷിയ്ക്കുന്നു...
ഗിരിജ ചെമ്മങ്ങാട്ട്