വീണ്ടും കുചേലവൃത്തം
പരീക്ഷാഫലം വന്നി-ട്ടൊന്നാമതായെന്മകൾ
തുടർന്നുപഠിപ്പിയ്ക്കാൻ
മാർഗ്ഗമോകാണുന്നില്ല
കയ്യിലില്ലൊരുചില്ലി-
ക്കാശുമേ,യച്ഛന്നയ്യോ!
ശമ്പളംകിട്ടീട്ടാറു-
മാസങ്ങൾകഴിഞ്ഞിപ്പോൾ
ബന്ധുവുണ്ടൊരാളിങ്ങു
കോടീശനെന്നാകിലും
കയ്യൊന്നുകമിഴ്ത്തുവാ-
നൊട്ടുമേയൊരുങ്ങാത്തോൻ
കണ്ടുനോക്കീടാമൊരു
പെൺകുഞ്ഞിൻഭാവിയ്ക്കല്ലേ
ഉള്ളൊന്നുകനിഞ്ഞാലോ
പോകുവാൻ തുനിഞ്ഞുഞാൻ
പുതുതായ് ചായംതേച്ച
മതിലോടുറപ്പിച്ച
നെടുനീളനാം ഗേറ്റു
തുറന്നുകേറീടുമ്പോൾ
ഇറയത്തൊരുചാരു
പീഠത്തിലിരിയ്ക്കയാ-
ണളകാപുരീനാഥ
നെന്നപോലെൻബാന്ധവൻ
"ഇരിയ്ക്കൂ,കണ്ടിട്ടെത്ര
കാലമായ് വിശേഷങ്ങൾ
മുഴുക്കെ ചൊല്ലിത്തരൂ
കേൾക്കട്ടെയൊന്നൊന്നായി "
ആതിഥേയനീവണ്ണം
ചൊല്ലവേപരുങ്ങിക്കൊ
ണ്ടോതിഞാൻ,സ്വരംതാഴ്ത്തി-
യെന്റെ,ദർശനോദ്ദേശം
ചിന്താമഗ്നനായൊട്ടു
നേരമദ്ദേഹംനിന്നു
ചൊല്ലിനാനൊടുവിലായ്
നിർദ്ദോഷഭാവത്തോടെ
"പെങ്ങളേനീയിങ്ങോട്ടു
വന്നതീനേരത്തായി
എന്നുടെകാര്യംതെല്ലു
ഞരുക്കംകൂടുംകാലം"
വിത്തിടാറായീ,കണ്ടം
പൂട്ടണം,പെണ്ണുങ്ങൾക്കു
കൃത്യമായന്നന്നത്തെ
കൂലിയും കൊടുക്കേണം
തെക്കേപ്പറമ്പിൽ തെങ്ങിൻ
കടവാങ്ങണം പിന്നെ
പച്ചച്ചാണകംപൊന്നിൻ
വിലയ്ക്കുവാങ്ങീടണം
തേങ്ങ കക്കുവാനോരോ
ചോരന്മാരെത്തീടുന്നു
വേലികെട്ടണം കമ്പി
മുള്ളാലെയെല്ലാടവും
നീയിപ്പോൾനിന്നിട്ടൊരു
കാര്യവുമില്ലാകുട്ടീ
ഞാനിന്നുവിചാരിച്ചാ
ലൊന്നുമേനടക്കില്ല "
ഇച്ഛാഭംഗവുമായി
തിരിഞ്ഞുനടന്നുഞാ-
നെത്തിയെൻവീട്ടിൽ,കാത്തു
നില്ക്കുന്നൂഗൃഹനാഥൻ
"ഒത്തുകിട്ടിയോ,കാര്യ
മെന്തായി" ചോദിച്ചായാ-
ളുത്തരമിതേവിധം
ചൊല്ലിനേൻ പതുക്കവേ
ഇത്രയും ദാരിദ്ര്യത്തി
ലാണെന്നകാര്യം,പാവ
മച്ചുവേട്ടനെപ്പറ്റി
മുമ്പേയറിഞ്ഞെന്നാകിൽ
മച്ചിലെ കുട്ടിച്ചെമ്പിൽ
റേഷനായ് കിടച്ചതാം
പച്ചരിയിടങ്ങഴി
കൊണ്ടുപോയേനെ,കഷ്ടം!
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment