ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 124
27.09.2024കുട്ടിക്കൊമ്പന്റെമേലാണു
കുട്ടിക്കുറുമ്പനെന്നപോൽ
മുട്ടുകുത്തിയതാനില്പൂ!
കൃഷ്ണനിന്നു,മരുത്പുരേ
കണ്ണനെക്കളഭംകൊണ്ടും
കരിയെച്ചന്ദനത്തിലും
ശ്രീനാഥൻ ഭംഗിയിൽ തീർത്തു
ശ്രീതൂകുന്നവിധത്തിലായ്
നെറുകിൽപീലികാണുന്നു-
ണ്ടതിന്മേൽ മുടിമാലയും
നെറ്റിമേൽഗ്ഗോപിയും,ചെഞ്ചു-
ണ്ടതിലോ മന്ദഹാസവും
ചെവിപ്പൂവും,ഭുജക്കാപ്പും
മാറത്തുവനമാലയും
സ്വർണ്ണമാല്യങ്ങളുംചേർന്നു
നന്ദസൂനുവിളങ്ങിനാൻ
പട്ടുകോണത്തിളക്കത്തിൽ
കാണുന്നൂകുഞ്ഞുകിങ്ങിണി
കയ്യിലെക്കാപ്പുമാമട്ടിൽ
കാലിൽത്തളയുമങ്ങനെ
ഒരുകൈനെഞ്ചുചേർത്തിട്ടു
ഞാനാരാണെന്നുകാട്ടിയും
മറുകയ്യാനതൻമെയ്യിൽ
ബലമായ്ചേർത്തുവെച്ചുമായ്
ശ്രീലകത്തതിമോദത്താൽ
വാഴുംകണ്ണനെവാഴ്ത്തുവാൻ
ശ്രീപാദംതൊഴുവാനായെൻ
മാനസംകൊതികൊൾകയായ്!
കൃഷ്ണ!കൃഷ്ണ!ഹരേകൃഷ്ണ!
കൃഷ്ണ!കൃഷ്ണ!ഹരേഹരേ....
കൃഷ്ണ!കൃഷ്ണ!ഹരേകൃഷ്ണ!
കൃഷ്ണ!പാപവിമോചനാ....
ഗിരിജ ചെമ്മങ്ങാട്ട്