ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 119
13.09.2024അമ്പാടിയുമ്മറത്തൂണിന്റെപിന്നിലായ്
കണ്ണനൊളിച്ചുനിൽക്കുന്നു
അമ്മകാണാതെകുറുമ്പൊന്നുകാട്ടീട്ടു
മെല്ലെന്നുവന്നുനില്പാണോ?
കുഞ്ഞുവലംകാലിലുണ്ടല്ലോകാണുന്നു
മിന്നുന്ന പൊൻതളയല്ലോ
മഞ്ഞക്കസവാടത്തെല്ലതാകാണുന്നു
കിങ്ങിണിപാതിമറഞ്ഞും
മുല്ലമൊട്ടിന്മാലയൊത്തുവനമാല-
യുണ്ടെന്നുതോന്നുന്നുമാറിൽ
ഓടക്കുഴലുണ്ടുകാണ്മൂവലംകയ്യിൽ
തൂണോടുചേർന്നെന്നപോലെ
വേണുവണിക്കയ്യിലല്ലോവളയൊന്നു
കാണുന്നുചന്തത്തിലാഹാ !
കാതിലെപ്പൂവതും,ഗോപിപ്പകുതിയും
പീലിക്കിരീടവുംകാണ്മൂ
ചെഞ്ചൊടിപ്പൂവിൽചിരിയുമൊളിനോട്ടം-തന്നിൽ കുസൃതിയുമായി
പങ്കജനേത്രൻ ഗുരുപുരേവാഴുന്നു
ചെന്നിടാമിന്നുവന്ദിക്കാം
കൃഷ്ണാ,ഹരേകൃഷ്ണ!കൃഷ്ണാ,ഹരേകൃഷ്ണ!
കൃഷ്ണാ,മുകിൽവർണ്ണ!കൃഷ്ണാ
കൃഷ്ണാ,ഹരേകൃഷ്ണ!കൃഷ്ണാഹരേകൃഷ്ണ!
കൃഷ്ണാ,ഗോവിന്ദ!ഗോപാലാ
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment