ശ്രീ ഗുരൂവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 123
25.09.2024ശ്രീലകത്തിന്നൊരുവാശിക്കുടുക്കയായ്
കോണകമില്ലാതെ നില്പുകണ്ണൻ
കാലിൽ തളയുണ്ട് കയ്യിൽവളയുണ്ട്
തോളത്തുപൊന്നിന്റെ കാപ്പുമുണ്ട്
മാറത്തുമുല്ലപ്പൂമൊട്ടിന്റെമാലയ്ക്കു-
ചേരുംപതക്കത്തിൻമാലയുണ്ട്
ഓമൽച്ചെവികളിൽപൂക്കളും,നെറ്റിയിൽ
ഗോപിക്കുറിയുമണിഞ്ഞിട്ടുണ്ട്
നന്മയിൽപ്പീലിക്കുമേലലങ്കാരമായ്
നല്ലോരുമാലയുംചാർത്തീട്ടുണ്ട്
മോളീന്നുതൂങ്ങുന്നതോരണമാലകൾ
ദീപപ്രകാശേതിളങ്ങുന്നുണ്ട്
പൊട്ടിച്ചിരിക്കുന്നകിങ്ങിണികാണുന്നു
കുട്ടന്റെകുഞ്ഞിടംകയ്യിലെന്തേ?
പട്ടുകോണത്തിനുചന്തംതികയാഞ്ഞു
മറ്റൊന്നെടുക്കുവാനമ്മപോയോ?
മുറ്റത്തുനിന്നാരോ*ഭാഷിക്കമൂലമോ
മറ്റേക്കൈകൊണ്ടുമറച്ചതെന്തോ?
പൊട്ടിച്ചിരിയുണ്ട് ചെഞ്ചുണ്ടിൽ,കണ്ണീരാ-
ണിറ്റീടും മൂന്നാലുമുത്തുമുണ്ട്
മണ്ണുവാരിത്തിന്നകുഞ്ഞുവായാൽവിശ്വ-
മമ്മയ്ക്കുമുമ്പിൽതുറന്നുനിന്നോൻ
കുഞ്ഞുവലംകയ്യാലെന്തേയൊളിക്കുന്നു
കണ്ണന്റെമായകളല്ലേയെല്ലാം....!
കൃഷ്ണാ,ഹരേകൃഷ്ണ!കൃഷ്ണാഹരേ,കൃഷ്ണ!
കൃഷ്ണാഹരേകൃഷ്ണ!
മായക്കൃഷ്ണാ
കൃഷ്ണാഹരേ,കൃഷ്ണ!കൃഷ്ണാഹരേ,കൃഷ്ണ!
കൃഷ്ണാഹരേ,കൃഷ്ണ!
വിശ്വരൂപാ...!
*ഭാഷിക്കുക=പരിഹസിക്കുക
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment