Wednesday, 18 September 2024

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 121
18.09.2024

അമ്പാടിമുറ്റത്തെ മൂവാണ്ടൻമാവിന്റെ
കൊമ്പത്തിരിപ്പാണുകണ്ണൻ
കയ്യിലൊരോടക്കുഴലുണ്ടതൂതീടാൻ
ചുണ്ടോടുചേർത്തിട്ടുമുണ്ട്

കാൽത്തള,കൈവള,തോളത്തുകാപ്പുണ്ട്
മാർത്തട്ടിൽ പൊന്മാലയുണ്ട്
കോണകമുണ്ട്,കിലുങ്ങുന്നകിങ്ങിണി
ചേലിലണിഞ്ഞിട്ടുമുണ്ട്

ഗോപീതിലകങ്ങളുണ്ടുചെവിത്തട്ടിൽ
ഗോപകുമാരനണിഞ്ഞു
മാലേയത്തൂനെറ്റിതന്നിലുമുണ്ടല്ലോ
ശോഭിപ്പൂ ഗോപീതിലകം

പീലികളുണ്ടല്ലോകാർമുടിക്കെട്ടിന്മേൽ
കാനനഹാരങ്ങളുണ്ട്
മേലെവിതാനമായുണ്ടല്ലോമാല്യങ്ങൾ
ദീപാലങ്കാരങ്ങളുണ്ട്

*പണ്ടുകുറൂരമ്മപൂജിച്ച,തന്നുട-
ലിന്നുപൂജിക്കുന്നവിപ്രൻ
വന്നീടുംമേൽശാന്തിയായെന്നറിഞ്ഞിട്ടോ
പുഞ്ചിരിതൂകിയിരിപ്പൂ...!

കൃഷ്ണ!ഹരേകൃഷ്ണ!
കൃഷ്ണ!ഹരേകൃഷ്ണ!
കൃഷ്ണ!ഹരേകൃഷ്ണ!കൃഷ്ണ!
കൃഷ്ണ!ഹരേകൃഷ്ണ!
കൃഷ്ണ!ഹരേകൃഷ്ണ!
കൃഷ്ണ!ഹരേകൃഷ്ണ!കൃഷ്ണ!

ഗിരിജ ചെമ്മങ്ങാട്ട്
*നിയുക്തമേൽശാന്തി വെള്ളറക്കാട്ട് പുതുമന ശ്രീജിത്ത് നമ്പൂതിരി,വേലൂർ
വെങ്ങിലശ്ശേരി കുറൂരമ്മ ശ്രീകൃഷ്ണക്ഷേത്രത്തിലെ മേൽശാന്തിയാണ്.

No comments:

Post a Comment