Saturday, 21 September 2024

 ശ്രീഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 122
21.09.2024


കൊല്ലുവാൻവന്നൊരക്കുംഭീന്ദ്രമസ്തകേ
തുള്ളുകയാണിന്നുകണ്ണൻ പുല്ലാങ്കുഴലല്ലകയ്യിൽചുടുനിണം-
ചിന്തുന്ന കൊമ്പുകളാണേ

വാലിൽപിടിച്ചുലച്ചിന്നാകുവലയ-
പീഡത്തെവീരൻ വധിച്ചു
വീണൊരാ,ദന്തിതൻ മസ്തകേ,കേറീട്ടു
ചാടാനൊരുങ്ങുന്നപോലെ കാണികളെല്ലാംവിറയ്ക്കവേ,പുല്ലെന്ന
ഭാവത്തിലാനനംപൊക്കി
ശ്രീലകത്തിന്നുകളഭേമെനഞ്ഞിട്ടു
ഗോപകുമാരനായ്നില്പൂ

തൃച്ചരണങ്ങളിലല്ലോതിളങ്ങുന്നു
ചിച്ചിലംചൊല്ലും തളകൾ
പട്ടുകസവുപുടവമേൽകിങ്ങിണി
പൊട്ടിച്ചിരിക്കുകയാണോ?

മാറത്തുപൊന്മണിമാലകളോടൊത്തു-
കാണാം വനമാലയൊന്ന്
കൈവള,കേയൂരം,കാതിലെപ്പൂക്കളും
പങ്കജനേത്രനണിഞ്ഞു

ചന്ദനത്തൂമുഖേകാണാംതൊടുകുറി
പൊന്മയിൽപ്പീലി,നിറുകിൽ
പൊന്മുടിമാലയും തോരണമാലയും
കണ്ണനുമോടികൂട്ടുന്നു

മത്തഗജേന്ദ്രവധംചെയ്തുമാതുല-
ചിത്തമുലച്ചുവെന്നാലും
ഭക്തരെക്കാണുവാനുത്സുകനായല്ലോ
മുക്തീപുരത്തിൽ വസിപ്പൂ !

കൃഷ്ണാഹരേ,ജയ!കൃഷ്ണാഹരേ,ജയ!
കൃഷ്ണാഹരേ,മോഹരൂപാ
കൃഷ്ണാഹരേ,ജയ!കൃഷ്ണാഹരേ,ജയ!
കൃഷ്ണാ,മുകിൽവർണ്ണ!കൃഷ്ണാ..

ഗിരിജ ചെമ്മങ്ങാട്ട്

No comments:

Post a Comment