സതീർത്ഥ്യസംഗമം
ഭഗവാൻശ്രീകൃഷ്ണന്റെ
നാമധേയത്തിലാറു-
ദശകംമുന്നേമമ്മി-
യൂരുള്ളവിദ്യാലയേ
പിറവിയെടുത്തതാ-
മുന്നതകലാലയം
*ഹരികന്യകാപുരി
തന്നിലായ്കാണാമിപ്പോൾ
അന്നത്തെയാദ്യ*ഗണ-വിദ്യാർത്ഥീസുഹൃത്തുക്ക-
ളൊന്നായിച്ചേരുന്നൊരു
യോഗത്തിൽസംബന്ധിയ്ക്കാൻ
വന്നെനിയ്ക്കൊരുഭാഗ്യം
ഓരാതിരിയ്ക്കുന്നേരം
ചെന്നെത്തീമോദത്തോടെ
"പവിഴം റീജൻസി"യിൽ
എത്രയോവർഷങ്ങൾക്കു-ശേഷമായ്കാണുന്നവ-
രത്ഭുതത്തോടേ സ്നേഹ-ഹസ്തദാനങ്ങൾ ചെയ്യേ
ചെറ്റെന്നെൻചിത്തം,ഐതി-ഹാസികമൊരുരംഗേ
എത്തിയോ,സാന്ദീപനീ-
ശിഷ്യരിലെന്താശ്ചര്യം!
തീപ്പെട്ടിക്കോലാൽമീശ-ത്തെല്ലല്പംകറുപ്പിച്ചും
കേശഭാരങ്ങൾചീകി-യൊതുക്കിഗമചേർത്തും
വായ്ക്കുന്നകൗമാരങ്ങ-ളന്നവ,രിന്നിപ്പോളോ
വാർദ്ധക്യം ബാധിച്ചവ-
രുള്ളിലോ യുവാക്കളും!
ഓർമ്മകൾപുതുക്കുന്നു,
വേദിയിൽതാന്താങ്ങൾത-
ന്നോർമ്മകൾസദസ്യരായ്
പങ്കുവയ്ക്കുന്നൂമോദാൽ
തമ്മിൽതമ്മിലായ് വീണ്ടും
ചൊല്ലുന്നൂപലപല
സന്ദർഭം എല്ലാവർക്കും
വളർത്തും കൗതൂഹലം
എത്രയും ലളിതമാ-
മുച്ചഭക്ഷണം,മധു-
രത്തിനായവസാനം
പാലടപ്രഥമനും
സ്നേഹമായ് വിളമ്പീടു-
*മാദ്യാവസാനക്കാരും
ചേതനയ്ക്കിനിയെന്തു-
വേണമിന്നാഘോഷിയ്ക്കാൻ
വിട്ടുപോന്നീടുന്നേര-മെന്നുള്ളിലൊരുനോവും
പോട്ടെ,പിന്നെയുംകൂടാ-മെന്നുള്ളൊരാശ്വാസവും
ഇനിയുംകാണാമെന്ന-
മോഹനസങ്കല്പങ്ങ-
ളിനിയുംവരുംനാളെ
യെന്നുള്ളകിനാവുമായ്...
ഗിരിജ ചെമ്മങ്ങാട്ട്
*ഹരികന്യാപുരം=അരിയന്നൂർ
*ഗണം =ബാച്ച്
*ആദ്യാവസാനക്കാർ=ഭക്ഷണം വിളമ്പുന്നവർ
No comments:
Post a Comment