Sunday, 16 November 2014

പിഴ

ഭണ്ഡാരത്തി ലിടാനായി-
ട്ടമ്മ തന്നൊരു നാണയം 
കയ്യിൽ വെച്ചപ്പൊഴെന്നുള്ളിൽ 
വന്നു പെട്ടൊരു കൌശലം 

മുൻപെന്നോ വഴിയിൽ നിന്നും 
വീണു കിട്ടിയൊ 'രെട്ടണ'
രാജാവിൻ തലയാം മുദ്ര-
കാരണം മൂല്യ മറ്റതായ് 

സ്വീകരിക്കാത്തൊരീ നാണ്യം 
ദേവനായിക്കൊടുത്തിടാം 
തഞ്ചത്തിൽ, നല്ല തുട്ടാലെ-
യിഞ്ചി മിട്ടായി വാങ്ങിടാം 

കുഞ്ഞനീത്തിയൊടോതീ ഞാൻ 
മിണ്ടല്ലാരോടുമിക്കഥ
സമ്മതിച്ചു ശിരസ്സാട്ടി 
ഇഞ്ചി മിട്ടായി തിന്നുവോൾ 

രണ്ടു നാൾ ചെന്നു,പിന്നീടെൻ 
പെങ്ങളും ഞാനുമായി ഹാ
രണ്ടും മൂന്നും പറഞ്ഞിട്ടു 
തമ്മിൽത്തല്ലു തുടങ്ങവേ 

കള്ളിപ്പെണ്ണു കരഞ്ഞും കൊ-
ണ്ടമ്മയോടു പുലമ്പയായ് 
"കള്ളനാണയ മിട്ടമ്മേ 
ഭണ്ഡാരം തന്നിലാങ്ങള 
ഇഞ്ചി മിട്ടായി വാങ്ങിച്ചു 
തിന്നല്ലോ നല്ല കാശിനാൽ 
ചൊല്ലല്ലാരോടുമെന്നേട്ടൻ
ചൊല്ലിത്തന്നതു, മോർപ്പു ഞാൻ "

അമ്മ കേട്ടു ചൊടിച്ചെന്നെ-
ത്തല്ലാനായോടി വന്നുതേ  
"ദൈവ ദോഷം വരുത്താമോ 
ചെയ്യാനെന്തേ കുബുദ്ധിയാൽ 
അമ്പലത്തിൻ നടയ്ക്കൽ നീ 
കുമ്പിടേണം മറക്കൊലാ 
നല്ല നാണയമിന്നാ, പോയ്‌-
ക്കൊണ്ടിടേണം തെരുക്കനെ   
കൂട്ടത്തിൽ വേണം  പിഴയായ് 
കോട്ടമില്ലാത്ത 'നാലണ' 
ചേട്ടത്തങ്ങൾ മനസ്സീന്നു 
മാറ്റാൻ പ്രാർഥിച്ചു കൊള്ളണം"  

കണ്‍ നിറഞ്ഞു മുഖം താഴ്ത്തി -
യമ്പലത്തിലണഞ്ഞു ഞാൻ 
നാണവുംകെട്ടു കൊണ്ടിട്ടു 
നാണയം രണ്ടു മപ്പൊഴെ 

***************        

  

Saturday, 15 November 2014

നമ്പൂരിശ്ശങ്ക

മൂവന്തിക്കു തുടങ്ങുന്നു 
മൂഷികൻ‌ തന്ടെ ചെയ്തികൾ 
മൂന്നോ നാലോ  ദിനങ്ങളായ്

കുട്ടന്ടെ മുണ്ടു കീറീട്ടും 
കുട്ടിക്കോപ്പുകൾ വെട്ടിയും 
തട്ടിൻ പുറത്തു വാഴുന്നു

അച്ഛന്ടെ പുതുകുപ്പായം 
പിച്ചിച്ചീന്തി നിശാചരൻ
ഒട്ടു വിമ്മിഷ്ടനായച്ഛൻ

അമ്മതന്ടെ മുടിക്കെട്ടും 
വന്നു കണ്ടിച്ചു നിദ്രയിൽ 
കണ്ണീരണിഞ്ഞുപോയമ്മ 

മുത്തശ്ശ്യമ്മ നിവേദിക്കാൻ 
വെച്ച ശർക്കരയൊക്കെയും 
മുക്കിൽ വന്നു ഭുജിച്ചാഖു 

മുത്തശ്ശന്ടെ ചെരിപ്പിന്മേൽ 
പൊത്തു തീർത്തൊരു ഭീകരൻ 
ക്രുദ്ധനായ്ത്തീർന്നു മുത്തശ്ശൻ

ചന്തയിൽ ചെന്നു പിറ്റേന്ന് 
കൊണ്ടുവന്നൊരെലിക്കെണി 
തിന്നാനും വെച്ചു രാത്രിയിൽ 

കാലത്തു കണ്ടു ചെന്നപ്പോൾ 
കേമനൊന്നു കെണിഞ്ഞതായ്
'രാമൻ വന്നിട്ടു കൊന്നീടാം'

കുട്ടൻ കൗതുകമോടെത്തി 
കൂട്ടിൽപ്പെട്ടൊരു മൂഷികൻ‌ 
കൂപ്പുന്നുണ്ടിരു കൈകളും 


" കഷ്ടം! തൊഴുതു നിൽക്കുന്നു
കുട്ടനെപ്പാവമീയെലി 
മുത്തശ്ശാ കൊൽവതെങ്ങനെ ?


കുട്ടൻ ചൊന്നതു കേട്ടപ്പോൾ 
മുത്തശ്ശന്നൊരു വെള്ളിടി !
'കൃത്യത്താൽ പാപമേൽക്കുമോ?'


***************    

   

Tuesday, 11 November 2014

ഒന്നര

അങ്ങേതിൽ നിന്നോടി വന്നൂ  മണിക്കുട്ടി 
അമ്മയോടായിക്കിണുങ്ങി 
"അമ്മിണിയേടത്തി പോലെനിക്കിന്നമ്മേ 
ഒന്നര മുണ്ടുടുക്കേണം "

കുഞ്ഞുമണിക്കൊഞ്ചൽ കേൾക്കേ ചിരിച്ചുകൊ-
ണ്ടമ്മുവോടോതുന്നിതമ്മ
"ഒന്നര ചുറ്റി മുറുക്കുന്നതെങ്ങനി -
'ക്കുഞ്ഞര' തന്നിലെൻ പൊന്നേ 
കുഞ്ഞുടുപ്പിട്ടാലൊതുങ്ങിക്കിടക്കുമോ 
ഒന്നരയെന്ടെ  വെണ്‍ മുത്തേ  
മുണ്ടിൽ തടഞ്ഞു വീണാൽ നിൻടെ തോഴിമാർ 
തമ്മിൽ ചിരിക്കില്ലേ സ്വത്തേ  
അമ്മിണിയേടത്തിക്കൊപ്പം വളർന്നിട്ടു 
മുണ്ടുടുത്തീടാം കുരുന്നേ 
പുള്ളിപ്പാവാടയും ചുറ്റിടാം പോയ്‌ കളി -
യ്ക്കെൻ മണിച്ചെല്ലമേ കുഞ്ഞേ "

അമ്മതൻ നന്മൊഴി കേട്ടപ്പോൾ കണ്മണി 
പിന്നെയും നിന്നു ചിണുങ്ങി
"ഒന്നര ചേരില്ലയെങ്കിലെനി ' യ്ക്കര '
മുണ്ടെങ്കിലും നല്കിടമ്മേ "

*****************

Wednesday, 29 October 2014

സൂതികായോഗം

സൂതികാഗേഹം തന്നി-
ലാണു ഞാൻ പഠനത്തിൻ 
ഭാഗമായൊപ്പം ചേർന്ന 
മറ്റു കൂട്ടുകാരുമായ്
ഏറീടുമാശങ്കയു,
മമ്പരപ്പുമായ് നിൽപ്പൂ 
നോവാൽ കരഞ്ഞീടുമി-
പ്പെണ്ണിന്ടെ ചാരത്തായി   

ആദ്യമായ് മാതാവാകാൻ-
പോകുന്നോൾ,ഞാനോ ജന്മ-
ത്താദ്യമായൊരു സൃഷ്ടി-
സാക്ഷ്യത്തിന്നൊരുങ്ങുവോൾ 
ഈറ്റുനോവിനാലാധി-
പ്പെട്ടോൾക്കു ധൈര്യം നൽകാ-
നേറ്റവളൽപ്പം ധൈര്യ-
മുള്ളത്തിൽ നിറയ്ക്കാത്തോൾ

വേദനയാലാ മുഖം 
വിളർത്തെന്നാലും,നെറ്റി -
മേലവളണിഞ്ഞൊരു 
മാലേയക്കുറിവൃത്തം
ചേണാർന്നു വിളങ്ങുന്നു 
തെല്ലുമേ കോട്ടം തട്ടാ-
തേണാങ്കബിംബം കണ-
ക്കെന്നു ഞാൻ നോക്കിക്കണ്ടു 

"നേരമായ് ഭയംകൂടാ-
തവളെ,സ്സഹായിക്കാൻ 
നേരമായ്"സ്നേഹാർദ്രമാം 
ഗുരു നിർദ്ദേശം കേൾക്കെ 
ഭീതി വിട്ടു ഞാൻ സ്വീക-
രിച്ചിത,ക്കുരുന്നിനെ 
മോദരോമാഞ്ചങ്ങളാ-
ലെന്ടെ കൈകളാൽത്തന്നെ 

ഗർഭഭാരത്തിൽ നിന്നു 
മോചിത,യവൾക്കുഞാ-
നർഭക,തന്നെക്കൊണ്ടു 
കാണിച്ചു സസന്തോഷം
സുസ്മിതം ചേർന്നൂ നവ്യ-
മാതാവിന്നധരത്തിൽ 
സുശ്രവ്യമായി കുഞ്ഞി-
ക്കരച്ചിൽ കർണ്ണങ്ങളിൽ 
***
വർഷങ്ങൾ പോയിട്ടിന്നൊ-
രാതുരാലയത്തിൽ ഞാ-
നുദ്യോഗാർത്‌ഥമായ് ചേർന്നു 
സ്ത്രീ രോഗ വിജ്ഞാനിയായ് 
എത്ര കൈശോരങ്ങളെ 
കൈകളാലെടുത്തു പോ-
ന്നെത്ര ശൈശവങ്ങൾ ത-
ന്നാദ്യരോദനം കേട്ടു !

നോവറിഞ്ഞീടാൻ മാതൃ-
ത്വത്തിൻ നിർവൃതി നേടാൻ
നോവോടെയൊരു നാളി-
ലമ്മയായ്ത്തീർന്നൂ ഞാനും 
സേവനം തുടരുന്നി-
തിപ്പൊഴും കാൽനൂറ്റാണ്ടു 
കാലമായിട്ടും പ്രീതി-
പൂർവമെൻ കർത്തവ്യത്തിൽ 

ഇന്നിപ്പോൾ കാണായെന്ടെ-
യന്തിക ത്തൊരാൾ,ചുണ്ടിൽ 
പുഞ്ചിരി നിറച്ചും കൊ-
ണ്ടെന്നോടു ചോദിക്കയായ് 
"ഒന്നോർക്കാനാമോ ഞങ്ങ-
ളാരെന്നു ചൊല്ലീടാമോ"
തന്മകളൊത്താണെത്തി 
നിൽക്കുന്നീ മാന്യാംഗന


കണ്ടതെന്നാണെന്നു ഞാ-
നോർമ്മിക്കാൻ ശ്രമിക്കവേ
കണ്ടു നെറ്റിമേൽ വൃത്ത-
മൊത്ത ചന്ദനപ്പൊട്ട് 
അന്നൊരു നാൾ ഞാൻ കാണ്‍കെ-
യമ്മയായവളാണീ-
യമ്മയെന്നോർമ്മിക്കവേ 
വിസ്മയം ചേർന്നെന്നുള്ളിൽ

അമ്മതന്നോരം ചേർന്നു 
നിൽക്കുമത്താരുണ്യത്തെ-
യമ്മതൻ വാൽസല്യത്താ-
ലൊട്ടിട നോക്കിക്കണ്ടു 
അന്നെന്ടെ കയ്യിൽ വന്നു-
വീണവൾ വളർന്നിട്ടി-
ന്നമ്മയാകാറായ് !ഓർത്തു -
കുളിർ കോരുന്നൂ ചിത്തം 

സൂതികാഗൃഹം തന്നിൽ 
ചെന്നെത്തി വീണ്ടും വേഗാൽ 
സ്നേഹസാന്ത്വനം ചെയ്തേൻ 
പെറ്റമ്മയെന്നാം വണ്ണം 
ആമോദം നിറഞ്ഞുള്ള 
ഹൃത്തുമാ,യീഭൂവിലേ-
യ്ക്കാനായിച്ചെൻകൈകളാൽ
മറ്റൊരു പെണ്‍കുഞ്ഞിനെ

ഈശ്വരനിയോഗത്തെ-
യോർക്കവേ മോഹിച്ചൂ ഞാ-
നീശ്വരകടാക്ഷമായ് 
ദിവ്യമീ വരം വാങ്ങാൻ 
ചേർക്കണമാരോഗ്യവു-
മായുസ്സുമീക്കുഞ്ഞിന്ടെ 
പേറ്റുനോവുൾക്കൊള്ളാനും 
കുഞ്ഞിനെ കൈക്കൊള്ളാനും 

***************   
       

Saturday, 18 October 2014

ഓണക്കാഴ്ച

ചിങ്ങമാസമായ് തിരു-
വോണത്തിന്നൊരുക്കങ്ങ-
  ളില്ലത്തെ പൈതങ്ങൾക്കു-
മെല്ലാർക്കു മുത്സാഹമായ് 
തുമ്പപ്പൂവിറുക്കുവാ-
നോട്ടമായടിയാത്തി-
പ്പെണ്‍കിടാങ്ങളുമത്ത-
പ്പൂക്കള മിട്ടീടുവാൻ 

ഓണക്കാഴ്ചയും കൊണ്ടു 
നാലുദിക്കിലും നിന്നാ-
യേറെപ്പേർ കുടിയാന്മാർ 
വന്നെത്തുന്നതിൻ മുൻപേ 
"ആരാണിന്നേറ്റം നല്ല 
കാഴ്ചയെത്തിക്കുന്നവ-
ന്നോണസ്സമ്മാനം," ജന്മി 
കൽപ്പിച്ചൂ സകൌശലം 

ആലിൻ ചോട്ടിലും നാലു 
പേരെത്തും 'പാണ്ട്യാലേലും'
വാലിയക്കാരെത്തിച്ചാർ 
അരുളപ്പാടിൻ കൂട്ടം 
ഓരോരുത്തരായ് "ഞാനാ,-
ണെന്ടെ,യാണതികേമ"- 
മീവിധമോർത്തും കൊണ്ടെ-
ത്തീടുന്നു തിടുക്കത്തിൽ 

വന്നൊരാൾ പൊന്നൊത്തുള്ള 
നേന്ത്രപ്പഴത്തിൻ കുല  
രണ്ടെണ്ണം 'കാവിൽ' ചുമ-
ന്നിറക്കീ ചുറുക്കനെ 
പിന്നൊരാൾ മത്തങ്ങകൾ 
മറ്റൊരാൾ പെരുംചേന 
കുമ്പളങ്ങയും ചേമ്പും 
കൊണ്ടുവന്നൊരാൾ നിൽപ്പൂ 

 ചക്കരക്കിഴങ്ങുമായ് 
വന്നെത്തിയൊരുത്തനോ 
ചക്കര തോൽക്കും പൂവൻ-
പഴമായണഞ്ഞൊരാൾ 
തുഷ്ടനായ് തൃക്കണ്‍ പാർത്തു 
കാഴ്ച്ചകളെല്ലാം,കുട്ടി-
ക്കൃഷ്ണൻ വന്നെടുത്തിട്ട-
ത്തെക്കേക്കെട്ടിലെത്തിച്ചാൻ 

ആർക്കു നൽകീടും തമ്പ്രാൻ 
സമ്മാനമെന്നായ് കാത്തി-
ട്ടാൾക്കാരു നിൽപായ് മന-
പ്പറമ്പിന്നരുക്കലായ് 
ചാക്കുവും നീലാണ്ടനും 
കൊച്ചുവും മുഹമ്മദും 
ചാക്കോരു,മാണിക്കനും
കുഞ്ഞനും കുട്ടപ്പനും 

ഒട്ടിടയെല്ലാവരും 
നിൽക്കവേ,പടികട-
ന്നെത്തുന്നു രാമൻ നാട്ടു-
കാർക്കെല്ലാ,മപഹാസ്യൻ 
മുറ്റത്തു പരുങ്ങീട്ടു 
പൂമുഖപ്പടിതന്നിൽ 
  വെച്ചെന്തോ പൊതിക്കെട്ട്,
പിൻവാങ്ങി നിന്നൂ ഭവ്യം 

തമ്പുരാൻ നോക്കേ കാണ്മു 
സ്വർണത്തിൻ കാവൊന്നതിൻ 
രണ്ടുതട്ടിലായ്‌ സ്വർണ്ണ -
വർണ്ണ നാരങ്ങാ ദ്വയം!
ഉള്ളത്തിൽ തോഷം പൂണ്ടു 
കൽപ്പിച്ചൂ "രാമൻ തന്നെ 
സമ്മാന്യൻ "തൃക്കൈ കൊണ്ടു 
നൽകിനാ,നോണപ്പുട 

"ഉണ്ടിട്ടേ പോയീടാവൂ" 
പൊൻകാഴ്ച ,യെടുത്തും കൊ-
ണ്ടുണ്ണുവാനകത്തളം 
തന്നിലേയ്ക്കെഴുന്നള്ളി 
അങ്ങിങ്ങു നിൽപ്പോ ,രിച്ഛാ-
ഭംഗരായ് മടങ്ങവേ 
ഉള്ളം നിറഞ്ഞൂ രാമ - 
   നുമ്മറത്തുന്നും പോന്നു   

ഉച്ചവിശ്രമം ചെയ്തു 
തമ്പുരാൻ മുറുക്കുവാൻ 
വെറ്റിലച്ചെല്ലത്തിനായ് 
പൂമുഖത്തെത്തീടവേ 
മുറ്റത്തെ മാവിൻ ചോട്ടി-
ലപ്പോഴും നിൽപ്പൂ രാമൻ 
മുറ്റുമത്ഭുതം ചേർന്നി-
ട്ടാരാഞ്ഞു നമ്പൂതിരി 

"ഉണ്ടില്ലേ ,ചുറ്റിപ്പറ്റി 
നിൽക്കുവാനെന്തേ,പഴേ-
മുണ്ടൊന്നിനാണോ വീട്ടു-
കാരിക്കു കൊടുത്തീടാൻ ?
ചൊല്ലുവേ,നകായിൽ ചെ-
ന്ന"ദ്ദേഹം ചൊല്കെ ,തെല്ലു-
വല്ലായ്മ ഭാവിച്ചും കൊ-
ണ്ടോതിനാൻ വിനീതനായ് 

"ഒന്നട്യേനുണർത്തിച്ചാൽ 
തിരുവുള്ളക്കേടാകാ 
തന്നതില്ലല്ലോ കാഴ്ച 
യെത്തിച്ച 'പഴംകാവ്'
നൽകുവാൻ തിരുമന-
സ്സായെന്നാൽ കുപ്പാട്ടിലേ-
യ്ക്കങ്ങിവൻ വിടകൊള്ളാം"
വായ്പൊത്തി നിന്നൂ വീരൻ!

***********
( ഒരു പഴംകഥയോട് കടപ്പാട് )
         
പാണ്ട്യാല (പാണ്ടികശാല ) = പീടിക 
       

  

Monday, 13 October 2014

പൊക്കം

 മിച്ചഭൂമിതൻ കേസു-
കെട്ടുമായൊരുനാളി -
ലച്ഛൻ തമ്പുരാൻ ജില്ലാ-
ക്കോടതിയണഞ്ഞപ്പോൾ
അഗ്രാസനത്തിൽ മേവും 
ജഡ്ജിയെക്കാണ്‍കെ ചെറ്റു 
വിസ്മയത്താലേ നിന്ന-
നിൽല്പേറെ നേരം നിന്നു!

ഇല്ലത്തെ പാരമ്പര്യ-
ത്തെങ്ങു കേറ്റക്കാരന്നു 
നന്മകൻ പിറന്നതും 
കേമനായ് വളർന്നതും 
ചൊല്ലിക്കേട്ടതെല്ലാമേ 
വിസ്മൃതമായി ,ഭൂമി-
വല്ലോർക്കും വീതിച്ചതിൻ 
നോവുകൾ നീറ്റീടവേ 

ശുഭ്ര വസ്ത്രവും തോളിൽ 
ചേർന്നൊരീരെഴത്തോർത്തും 
നിത്യക്ഷൌരത്താൽ ശോഭ 
വാച്ചിടും തദാസ്യവും 
കഷ്ടകാലത്താൽ മാറി -
മറിഞ്ഞു ,മുഷിമുണ്ടും 
കുറ്റിത്താടിയും,കോലം-
കെട്ടുപോയുർവീസുരൻ 

എത്രയും പരിക്ഷീണ-
നായ് വന്നുനിൽക്കും വയോ-
വൃദ്ധനാം വിപ്രൻതന്നെ 
കണ്ടതായ് ഭാവിക്കാതെ 
ഉത്തുംഗസ്ഥാനേ നീണ്ടു-
നിവർന്നു ഗംഭീരമാം
മട്ടുമായിരിപ്പായി 
തെല്ലും കൂസലില്ലാതെ 

"നമ്പൂരി കണ്ടോ ഞാനി-
ന്നെത്ര പൊക്കത്തിൽ" പെരും-
ഗർവ്വോടെ,യേമാനുള്ളിൽ 
പുച്ഛിക്കെ, ഭൂദേവനോ
തന്നത്താനോതീ  "തെല്ലും
വേണ്ട വൻപുകൾ,പണ്ടു-
നിന്നേക്കാൾ പൊക്കത്തു ഞാൻ 
കേറ്റി നിൻ പിതാവിനെ " 

(ആരോ പറഞ്ഞുകേട്ട കഥ )

***************  

Friday, 18 July 2014

ഇംഗ്ലീഷ് ചാനൽ

ഏറെയും മുഷിഞ്ഞൊരീ
യേകാന്തസായാഹ്നത്തിൽ 
ടീവിതൻ റിമോട്ടിന്ടെ
 നമ്പറൊന്നമർത്തവെ
ഓടിയെത്തുന്നൂ മൃഗ-
സാമ്രാജ്യ വൈവിദ്ധ്യമാം 
ചേണുറ്റ ദൃശ്യങ്ങളെൻ
 കണ്കൾക്കു വിരുന്നേകാൻ  

കൂട്ടമായ് ചേർന്നും കൊണ്ടാ-
ണേതാനും പെണ്‍ സിംഹങ്ങൾ
കാട്ടുപോത്തിനെക്കൊന്നു 
ദൂരങ്ങളേറെത്താണ്ടി 
തീറ്റയ്ക്കൊരുങ്ങാമെന്നു 
തുഷ്ടി കൊള്ളവേ,ചാരെ-
ക്കാട്ടിൽ നിന്നെത്തിച്ചേർന്നു
 മത്തനായൊരാണ്‍സിംഹം 

അംഗബാഹുല്യംകൊണ്ടു 
ശക്തരാണെന്നാൽപോലു-
മംഗനമാരാം തങ്ങൾ-
ക്കീശനീ ഗുഹാനാഥൻ 
അന്തരംഗത്തിൽ തെല്ലും 
നീരസം കൂടാതെയ-
സ്സിംഹികമാരെല്ലാരും 
പിന്നാക്കം മാറിപ്പോന്നു


വൻപേറും ഭർത്താവിന്ടെ-
യുച്ഛിഷ്ടം ഭക്ഷിക്കാനായ് 
പെണ്‍പിറന്നോരങ്ങിങ്ങു 
കാത്തു നില്പതു കാണ്‍കെ
എന്നിലെ പെണ്ണിന്നുള്ളം 
നൊന്തുപോയ്,മേധാവിത്വ-
മെന്തനാചാരം !വിരൽ 
'ജമ്പിൽ' ചെന്നമർന്നുപോയ് 

മിന്നൽപോൽ കാണാകുന്നു 
പക്ഷികൾ ,മനസ്സിന്ടെ-
യല്ലൽ നീക്കീടാൻ പോരു-
മീദൃശ്യം മനോഹരം 
തന്നിണക്കിളിയൊത്തു
കിന്നരത്തൂവൽക്കാരൻ 
തുന്നാരക്കിളിയെന്ടെ 
കണ്കൾക്കു ഭവിഷ്യനായ് 

കുഞ്ഞുനാരുകൾ,പടു-
മരത്തിൽ ഞാലും ചെറു-
വള്ളികളുണങ്ങിയ 
പാഴില പുൽനാമ്പുകൾ 
ചന്തത്തിൽ,വളഞ്ഞുള്ള 
കൊക്കിനാൽ തുന്നിച്ചേർത്തു 
തഞ്ചത്തിൽ തൂക്കീടുന്നു 
കൂടൊന്നു മരക്കൊമ്പിൽ 

സുന്ദരിയാകും തന്നെ 
പാർപ്പിക്കാ,നരുമയാം 
പൊന്നുമുട്ടകളിട്ടാൽ 
ചൂടേകി വിരിയിക്കാൻ 
കുഞ്ഞുമക്കളെത്തീറ്റി -
പ്പോറ്റുവാൻ കാന്തൻ തീർത്ത 
മഞ്ജുള ഗേഹം കാണാ-
നണഞ്ഞാളന്തർജനം 

ഒന്നാകെ ചുറ്റിക്കണ്ടും 
വാതുക്കൽ തലനൂണ്ടും 
നന്നല്ലയെന്നായ് തൃപ്തി-
പോരാതെച്ചെറുകൊക്കാൽ 
തെല്ലുമേ കൂസാതെയ-
ക്കൂടങ്ങു താഴത്തിട്ടു !
വല്ലഭൻ ,പാവം! പുത്തൻ
കൂടൊരുക്കുന്നൂ വീണ്ടും  

എന്തെന്തു വൈരുദ്ധ്യങ്ങൾ !
ആണായിപ്പിറന്നവർ-
തന്നല്ലോ ഞാൻ കണ്ടൊര-
സ്സിംഹവും പതംഗവും 
ഇല്ലൊരു ഭേദം പെണ്ണു -
മാണുമായ്,മനുഷ്യന്ടെ-
യുള്ളിലാണല്ലോ പാര-
തന്ത്ര്യവും സ്വാതന്ത്ര്യവും.

***************