Thursday, 10 August 2023

 കുറ്റബോധം

നാല്പതാണ്ടുകൾ മുമ്പേഞാൻ

കേട്ടതാണീ ചിരിക്കഥ

നാലുമാസം മുമ്പുള്ളി-

ലെഴുതാൻ വന്നൊരാശയം

കുത്തിക്കുറിച്ചിടാനന്നേ

തോന്നാഞ്ഞതു കഷ്ടമായ്

" ഇച്ചമ്മ" കണ്ടുവായിച്ചാ-

ലിഷ്ടപ്പെട്ടു ചിരിച്ചിടും

മക്കളോടൊത്തുചേർന്നിട്ടു

സൂപ്പറെന്നുകമന്റിടും

ബുദ്ധിമോശമിതെന്നോർത്തു

ദു:ഖിക്കുന്നതു നിഷ്ഫലം

ഇത്രവേഗമിഹംവിട്ടു-

പോകുമെന്നോർത്തതില്ലഞാൻ

കുത്തുന്നു കുറ്റബോധത്തിൻ

കൂരമ്പെൻ മനതാരിതിൽ




 

ഈശ്വരൻ വീണ്ടും വന്നാൽ


മങ്ങിക്കത്തീടും നില-
വിളക്കിന്നരികിലാ-
യമ്മിണിയെന്തേ കണ്ണും-
പൂട്ടിവാവുറങ്ങുന്നൂ
കുഞ്ഞുമെയ് നോവില്ലെന്നോ തണുത്തവെറുംനില-
ത്തിങ്ങനെയേറേനേരം
മിണ്ടാതെക്കിടന്നെന്നാൽ
അമ്മയുമേട്ടന്മാരു-
മേട്ടത്തിമാരും കൂടീ-
ട്ടെന്തിനായ് കണ്ണുംചിമ്മി-
ത്തേങ്ങിക്കരഞ്ഞീടുന്നു
എന്തേതെന്നറിയാതെ-
യെന്തുചെയ്യേണ്ടൂവെന്നായ്
മന്ദംമന്ദമായൊരു
മൂലയ്ക്കലൊതുങ്ങീഞാൻ
അങ്ങേയകത്തും നിന്നാ-
ണെന്നു തോന്നീടുന്നൊരു
വിങ്ങിപ്പൊട്ടലോ,കേൾപ്പൂ
ഞാനൊന്നു പങ്ങിച്ചെന്നൂ
കണ്ണനെ മാറിൽച്ചേർത്തു
കണ്ണീരൊലിപ്പിച്ചെന്റെ
കുഞ്ഞമ്മയല്ലോ മനം-
നൊന്തിട്ടു മാഴ്കീടുന്നു
ഖിന്നനായ് നില്പാണുണ്ണി-
യെന്നെക്കാൺകവേ മെല്ലെ-
യന്തികേ വന്നൂ ശോക-
ഭാവത്താൽ മുഖം താഴ്ത്തി
ഉള്ളിലൊന്നുംചേരാത്ത
പാവങ്ങൾ ഞങ്ങൾ ഭയ-
ന്നുമ്മറമുറ്റത്തേയ്ക്ക-
ങ്ങോടിപ്പോയ് തിടുക്കത്തിൽ
ഇന്നലെയന്തിയ്ക്കല്ലേ
ഞങ്ങൾ മൂവരുംചേർന്നു
സന്ധ്യാദീപത്തിൻമുന്നിൽ
കൈകൂപ്പി നാമം ചൊല്ലി
പിന്നെ രാവെത്തേ,മാമ-
മുണ്ടു,പാട്ടുകൾ പാടി
സമ്മോദിച്ചുറങ്ങി,യെ-
ന്തമ്മിണിയുണർന്നില്ല !
അമ്മിണിക്കുരുന്നിനെ
കൈകളിലേന്തീട്ടൊരാ-
ളങ്ങേപ്പറമ്പുംനോക്കീ-
ട്ടെന്തിനോ പോകുന്നേരം
എല്ലാരുമൊന്നായാർത്തു
'വേണ്ടെ' ന്നുതടുത്തപ്പോ-
ളുണ്ണിയും ഞാനും ഭീതി-
പൂണ്ടു,ചേർന്നുനിന്നുപോയ്
രാത്രിയിലമ്മൂമ്മയൊ-
ത്തുറങ്ങാൻ കിടക്കുമ്പോൾ
നേർത്തനാദത്താലാരാ-
"ഞ്ഞമ്മിണിയ്ക്കെന്തേപറ്റി?"
" ഈശ്വരൻകൊണ്ടോയെന്റെ-
തങ്കത്തെ" മുത്തശ്ശിയോ
വാക്കുകൾമുറിഞ്ഞുംകൊ-
ണ്ടോതിനാൾ പതുക്കനേ
പിറ്റേന്നു കാലത്തുണർ-
ന്നപ്പോഴെൻ കുനുനെഞ്ചിൽ
കുറ്റബോധത്തിൻ സൂചി-
മുനകൾ നോവിച്ചീടേ
മുറ്റത്തേയ്ക്കിറങ്ങീഞാ-
നുണ്ണിതൻകയ്യുംപിടി-
ച്ചൊറ്റയ്ക്കു സ്വകാര്യത്തി-
ലീവിധം ചൊല്ലീപിന്നെ
" അമ്മിണിക്കിടാവിനെ-
യീശ്വരൻ കവർന്നപ്പോ-
ളെല്ലാരുമൊന്നായ്ച്ചേർന്നു
വിലപിച്ചീടുന്നേരം
നമ്മൾ രണ്ടുപേർമാത്രം
കണ്ണുനീർപൊഴിച്ചില്ല !
വല്ലാത്തതെറ്റായ്പ്പോയെ-
ന്നറിഞ്ഞീടുന്നൂ കഷ്ടം !
ഒന്നുനാമോർത്തീടേണം
നാളെയെത്തിയീശ്വരൻ
കണ്ണനെയെടുത്തങ്ങു
സ്വന്തമാക്കീടുന്നേരം
എല്ലാരു,മന്നും പൊട്ടി-
ത്തേങ്ങീടുമുറപ്പായും
നമ്മളും നെഞ്ഞുംപൊത്തി-
ക്കേഴണം മറക്കാതെ "
             *************
ഗിരിജ ചെമ്മങ്ങാട്ട്


 വിനോദവിജയം


ഏട്ടാനുജന്മാർ വേളി-

കഴിച്ചകിടാങ്ങളാ-

ണേറ്റവുംരാഗത്തോടെ-

യിണങ്ങിപ്പിണങ്ങുന്നോർ

കൂട്ടംചേർന്നാടിപ്പാടി-

ക്കളിച്ചുരസിക്കുമ്പോൾ

കൂട്ടത്തിൽ മുതിർന്നവൾ-

ക്കുള്ളിൽ വന്നൊരുമോഹം മിഥുനക്കാർമേഘങ്ങൾ

നിർത്താതെപ്പെയ്യുംകാലം

മണലിപ്പുഴയില്ല-

പ്പറമ്പിൽ തലവെയ്ക്കേ

ചെറുവഞ്ചിയിൽക്കേറീ-

ട്ടക്കരേയ്ക്കെത്താനൊരു

കൊതിചൊല്ലിനാൾ തോഴി-

മാരോടു സ്വകാര്യമായ്

ഇതുകേട്ടവാറുത്സാ-

ഹത്തോടെയനീത്തിമാർ

വിരവിൽ പങ്കായവും

കൊണ്ടുയാത്രയ്ക്കായ് നിൽക്കേ

തുഴയാംഞാനെന്നായി-

ട്ടഗ്രജയെത്തുന്നേരം

'"അരുതെ"ന്നൊരാളോതീ

മേലുംകീഴുമോർക്കാതെ

പരിഹാസത്താൽ മൊഴി-

" ഞ്ഞേടത്തി തടിച്ചിയാ-

ണിനികേറിയാൽ പാതി-

യെത്തുമ്പോൾ വള്ളംമുങ്ങും

ഒരുവട്ടമീ ഞങ്ങ-

ളക്കരെപ്പോയീടട്ടേ

തിരികേവന്നാൽസോദ-

രിക്കു തോണിയിൽക്കേറാം"

കൃശഗാത്രികളുന്മാ-

ദിച്ചുപോയിടുന്നേരം

കരയിൽ കേറീട്ടവൾ

ചിന്താമഗ്നയായ് നിന്നൂ

വിരുതത്തികളവ-

രെങ്കിലു,മൊഴുക്കിനാൽ

വലുതായ് ബദ്ധപ്പെട്ടു

തുഴയുന്നതും നോക്കി

ഒരു കൂസലുംകൂടാ-

താ,മലവെള്ളത്തിലേ-

യ്ക്കിരുകൈകളും നീട്ടി-

യൂക്കോടെ നേരെച്ചാടി

മുടി,യുച്ചിയിൽക്കെട്ടി

നനയും ശീലച്ചേലി-

ലിളയോരെത്തുംമുന്നെ-

യക്കരെ നീന്തിക്കേറി

ചിരിയോടാർത്തും മുഖം

കോട്ടി,ക്കൊഞ്ഞനമിട്ടും

വിജയോന്മാദത്തോടെ-

യുച്ചത്തിലവൾ ചൊല്ലി

" പിറവം പാഴൂർപ്പുഴ

നീന്തിക്കടന്നോളോടോ

ചെറുപൈതങ്ങൾ നിങ്ങൾ

പോരിന്നു വന്നീടുന്നൂ ?"

          **************

ഗിരിജ ചെമ്മങ്ങാട്ട് 

പിറവം പാഴൂർപ്പുഴ     

(മൂവാറ്റുപുഴയാറ്)

ശീല അന്തർജ്ജനങ്ങൾ പണ്ട് ധരിച്ചിരുന്ന   രണ്ടുമുണ്ടുകൾചേർന്ന ഇണവസ്ത്രം

 പേടിത്തൊണ്ടി


പണ്ടുഞാൻ ചെറുപ്പത്തിൽ 

പകലൂണിനുശേഷം

ചെന്നങ്ങുവീഴും പായി-

ലന്തംവിട്ടുറങ്ങീടും

പിന്നെപ്പാതിരാവായാൽ

കാലൻകോഴികൾ "പൂവാ"-

നെന്നെ,വന്നുണർത്തുമ്പോ-

ളയ്യയ്യോ വിരണ്ടീടും

രാവൊന്നുതീരാനായി

മോഹിച്ചു കിടക്കുമ്പോ-

ഴീനാംപേച്ചിതൻ കേഴ-

ലുച്ചത്തിൽ കേൾക്കാനാകും

നാരിയൊന്നല്ലോപൂർണ്ണ-

ഗർഭത്താലപമൃത്യു

പൂകിയാലീനാംപേച്ചി-

യാവുമെന്നാണേകേട്ടു

ആരിൽനിന്നറിഞ്ഞതാ-

ണെന്നുഞാനോർക്കുന്നില്ല

തോഴിമാരാകാം നേര-

മ്പോക്കാകാം പൊളിയാകാം

നോവോടെ,ക്കരഞ്ഞീടു-

മേഴയാമൊരുമർത്ത്യ-

മാനിനിപോൽ ആരിലും

ദീനതചേരുംവിധം

ഭീതയായ്,ജപിച്ചീടു-

മർജ്ജുനനാമം പത്തു-

മേകയായ് സ്വരംതാഴ്ത്തി

രാവല്ലേ മിണ്ടീടാമോ

ആരേയുംനോവിക്കാതെ

തീറ്റതേടീടുന്നൊരു

പാവംജീവിയാണെന്നു

ഞാനന്നറിഞ്ഞിട്ടില്ല

പൊട്ടിച്ചക്കികളല്ലോ

കിക്കിക്കീ ചിരിക്കുമ്പോൾ

ഒട്ടുംകേൾക്കാൻവയ്യെന്നായ്

പൊത്തീടും ചെവിരണ്ടും

മുറ്റത്തെമരക്കൊമ്പിൽ

മക്കളെ മാടും മര-

പ്പട്ടിയാണവളെന്നു

ഞാനൊട്ടും ചിന്തിച്ചില്ല

പാടത്തിന്നരികത്തു

മാടവും കെട്ടിപ്പാർക്കും

മാതേവനുണ്ടേ,ഒടി-

വിദ്യയിൽ സമർത്ഥനായ്

പൂതങ്ങളിമ്പാച്ചിക-

ളെല്ലാരും വന്നിട്ടെന്റെ

ചോരയൂറ്റീടും കഷ്ടം!

ഞാനുമക്കൂട്ടം ചേരും

ഉറക്കംവരാതിങ്ങു

കൺചീമ്പിക്കിടക്കവേ

മുഴക്കംകേൾക്കാനാകും

ദൂരെയമ്പലത്തീന്നും

ഉറങ്ങിക്കിടക്കുന്ന

തേവരെയുണർത്തീടാൻ

പുലർച്ചേ നിത്യം വെടി-

പൊട്ടിക്കും വാല്യക്കാരൻ

ശ്രീരാമചന്ദ്രൻ പള്ളി-

യുണർന്നാൽ പേടിച്ചോടും

പ്രേതങ്ങൾ പിശാചുക്ക-

ളെല്ലാരും ബാണംപോലെ

ജാലകം കടന്നെത്തും

കുളിർതെന്നലിൻ സുഖ-

മാവോളംകൊള്ളും ഭയം-

മാറിയൊരാശ്വാസത്തിൽ

രാവിലെക്കുളിച്ചെത്തി-

ച്ചകിരിത്തൊണ്ടാലമ്മ-

യേറുനൽകീടുംവരെ

പോത്തുപോലുറങ്ങീടും

ചാടിയങ്ങെഴുന്നേറ്റു

പാതിയുറക്കപ്പിച്ചി-

ലോടീടും മുക്കേരിയു-

മീർക്കിലുംകൊണ്ടല്ലോഞാൻ

             ****************

ഗിരിജ ചെമ്മങ്ങാട്ട്

Friday, 8 May 2020

ഇരട്ടമധുരം

ഉണ്ടെനിയ്ക്കു യമന്മാരായ്* 
രണ്ടുപേർ കുഞ്ഞുസോദരർ
 മുന്നംവന്നോനന്യേൻ പിന്നെ
 മെല്ലെ വന്നവൻ കുഞ്ഞന്യേൻ 

കയ്യും കാലും വളർന്നീടാ-
നെണ്ണ തേച്ചു കുളുർക്കനെ 
കുഞ്ചിയമ്മ തലോടുന്ന-
കണ്ടു മോദിച്ചിരുന്നു ഞാൻ 

*ചിറ്റശ്ശ്യമ്മയ്ക്കു ചേർന്നുള്ള 
കൂട്ടുകാരി,യടുത്തനാൾ 
പെറ്റെന്നറിഞ്ഞു കണ്ടീടാ-
നിച്ചമ്മയൊത്തു പോയിഞാൻ 

പേറ്റുശയ്യയിൽ മാതാവോ-
ടൊത്തുറങ്ങും കുരുന്നിനെ 
കണ്ടമാത്രയിലുള്ളത്തിൽ
വന്നുചേർന്നൊരു സംശയം 

ഒട്ടു ശങ്കിച്ചുതോണ്ടീട്ടു 
ചോദിച്ചൂ ഞാൻ പതുക്കനെ 
*"ഇച്ചമ്മേ ചൊല്ലു ,കണ്ടില്ല!
മറ്റേക്കുട്ടിയതെങ്ങുപോയ്? "    
                                                                 
                                                                   *******
                                                                                           യമന്മാർ = ഇരട്ടകൾ
                                                                ചിറ്റശ്ശ്യമ്മ ( ഇച്ചമ്മ) =അച്ഛൻടെ അനിയത്തി

Sunday, 3 May 2020

ലോക്ക് ഡൌൺ

എത്രയും സൗഖ്യത്തോടെ വാഴുന്നു ഞാനിന്നിഷ്ട-
ഭക്ഷണം നിത്യം കൃത്യമായ്ത്തന്നെയെത്തീടുന്നു 
വിശ്രമം തണൽമരച്ചോട്ടിൽ രാത്രികൾ സുഖ -
നിദ്രയിലാരും തട്ടിയുണർത്താൻ വന്നീടില്ല 

ഉത്സവങ്ങളോ പൂരം വേലകളൊന്നും പാടി-
ല്ലൊട്ടുമാൾക്കൂട്ടങ്ങളുമാഘോഷങ്ങളുമില്ല 
തിക്കുംതിരക്കിൽ നിന്നിടേണ്ട ചെണ്ടകൾ ചെവി-
പൊട്ടിക്കില്ല,മിട്ടിൻടെവെട്ടം കൺചിമ്മിക്കില്ല 

മസ്തകംതോട്ടിത്തുമ്പാൽകുത്തിപ്പൊക്കില്ലാ,രാവിൽ 
കത്തുന്ന തീവെട്ടികളുറക്കം കെടുത്തില്ല 
പിറ്റേന്നു നെറ്റിപ്പട്ടമഴിച്ചു വീണ്ടുംപുത്ത-
നുത്സവപ്പറമ്പിലേയ്ക്കാട്ടിത്തെളിച്ചീടില്ല 

ഒട്ടുമേ തണ്ണീർ ദാഹംമാറ്റുവാൻ നൽകീടാതെ 
വാട്ടില്ല മദംവറ്റാൻ പട്ടിണിയിട്ടീടില്ല  
ലോക്ക് ഡൗൺ നേടിത്തന്നു സൗഭാഗ്യം ഗജങ്ങൾക്കു-
മൂക്കുവായ് മൂടിക്കെട്ടി മാനുഷർ നിൽക്കുമ്പോഴും

എത്രയുമാശ്വാമാണിക്കാലമെന്നാലുമെൻ
ചിത്തത്തിൽവീണ്ടുംമിഥ്യയാമൊരു മോഹം ബാക്കി
കിട്ടാമുന്തിരിയാണീയാഗ്രഹ,മമരത്തിൻ
കെട്ടൊന്നാരാനും വന്നു പൊട്ടിച്ചു കളഞ്ഞെങ്കിൽ* 

  **************   
                                                        * ബ്രെയ്ക്ക് ദ  ചെയ്ൻ 

Saturday, 15 September 2018

പുഴ വീണ്ടും പുഴയായപ്പോൾ

മഴതോർന്നു വെയിൽവന്നു മലവെള്ളം കടലിലേ-
യ്ക്കൊഴുകിയീ നദി വീണ്ടും പഴയപോലായ് 
പ്രളയങ്ങൾ വന്നുപോയെന്നൊന്നുമറിയാതെ -
യൊഴുകുന്നു പുഴ വീണ്ടുമതിശാന്തയായ് 

മണൽവാരി മണലൂറ്റി നിലയിളക്കുഴികളോ 
പുതുമണൽ വന്നേറെ സമനിലയായ് 
പൊരിവേനൽവറുതിയിൽ ചമയും തുരുത്തുകൾ 
പടുമുളയോടങ്ങൊലിച്ചതാപോയ് 

അരികുകളതിമോഹമോടെ കവർന്നത-
ങ്ങധികാരമോടെ തിരിച്ചെടുത്തു 
പലതരം മാലിന്യമിട്ടതെല്ലാം തെല്ലു-
പരിഹാസമോടെ തിരിച്ചുതന്നു 

                 *************

ഒരുരാവിൽ ഞാനുമെൻ കൂട്ടുകാരുംചേർന്നു 
മണലിൽ മലർന്നു മാനംനോക്കവെ 
അകലെ നൂറായിരം താരകപ്പൂക്കൾതൻ 
മിഴിചിമ്മലുംകണ്ടു കരൾനിറയ്ക്കേ 
പുഴതൻടെയങ്ങേക്കരയ്ക്കലായാൾക്കൂട്ട-
മിടയിലായ് കേൾക്കുന്നൊരാർത്തനാദം 
അരികിലായോളത്തിലാടുന്ന തോണിയിൽ 
കഥയറിഞ്ഞീടുവാൻ ചെന്നുഞങ്ങൾ 
സഭകൂടിനിൽക്കുവോരെങ്ങളെകണ്ടളവി-
ലെവിടെയോ മിന്നൽപോൽ പോയ്മറഞ്ഞു 
മണലിൽ കിടന്നൊരാളുരുളുന്നു നോവുമായ് 
ചുടുചോരയങ്ങിങ്ങു ചിതറിവീണു 
പിടയുന്ന പ്രാണൻടെയരികിലേയ്ക്കായവേ 
പതറാത്ത ഞങ്ങൾ തരിച്ചുനിന്നു 
പതിതൻടെ ചാരത്തു വരിയായൊരഞ്ചാറു 
മണൽനിറച്ചാക്കുണ്ടു വഴിതടഞ്ഞു 

                       *****************